-->
Hot!

Other News

More news for your entertainment

ഒരു മുഹബ്ബത്തിന്റെ കഥ പറയുന്ന ഹിമാലയം യാത്ര: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസിലേക്ക് ..




  എന്റെ പ്രണയത്തിന്റെ ഉയരങ്ങളിൽ ഞാൻ കാത്തു വച്ചൊരു സ്വപ്നമുണ്ടായിരുന്നു.. ഇഷ്കിന്റെ മൈലാഞ്ചിയണിഞ്ഞ്, എന്നെയും സ്വപ്നം കണ്ട്, നിക്കാഹിന് തയാറെടുക്കുന്ന എന്റെ പാത്തൂന് ഒരു സമ്മാനം കൊടുക്കണം. ഇതു വരെ ഒരാളും തന്റെ പ്രതിശ്രുത വധുവിന് കൊടുക്കാത്ത സമ്മാനം..

  അങ്ങു ദൂരെ, ചൈനാ അതിർത്തിയിൽ ഒരു ഗ്രാമമുണ്ട്. ഹിമാലയൻ മലനിരകളുടെ ഉച്ചിയിലായി, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസ് സ്ഥിതി ചെയ്യുന്ന ഹിക്കിം ഗ്രാമം..

 എനിക്കവിടെ പോകണം. അവിടുന്ന് അവൾക്കൊരു കത്തെഴുത്തണം. ഇന്ത്യൻ തപാൽ സർവ്വീസ് വഴി, ഇണക്കുരുവിയുടെ കയ്യിലേക്കത് പറന്നിറങ്ങണം. കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സർപ്രൈസ്. ഹൃദയാന്തരത്തിൽ ഒരു കുഞ്ഞു പൂവു പോലെ വിടർന്ന ഈ സ്വപ്നം എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ ഞാൻ യാത്രയ്ക്കു തയാറെടുത്തു..




 പറയാൻ എളുപ്പമാണെങ്കിലും തടസ്സങ്ങൾ പലതുണ്ടായിരുന്നു. പണവും സമയവുമായിരുന്നു പ്രധാന വെല്ലുവിളി. പലതവണ പിന്തിരിയാൻ ഒരുങ്ങിയപ്പോഴും, 'ചിലത് നഷ്ടപ്പെടുത്താതെ ഒന്നും നേടാൻ കഴിയില്ലെന്ന ചിന്ത' എന്നെ വീണ്ടും വീണ്ടും യാത്രയ്ക്കു പ്രേരിപ്പിച്ചു..

 പ്രണയ കഥകളിലെന്നും യാത്രയ്ക്കൊരു സ്ഥാനമുണ്ടായിരുന്നു. ലൈലയെ തേടി തന്റെ കുതിരപ്പുറത്ത് ഭ്രാന്തനായി അലഞ്ഞ ഖൈസിന്റെ കഥകൾ ചെറുപ്പത്തിലേ എന്നിൽ സ്വാധീനം ചെലുത്തിയിരുന്നു. അന്നൊന്നും എനിക്ക് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത, ഒരു കാര്യമായിരുന്നു. പ്രണയവും യാത്രയും സംഗമിക്കുന്ന, ഇത്തരം അലച്ചിൽ..


  കാലം കടന്നു പോയി. പഠനം, ജോലി, തിരക്കുകൾ, യാത്രകൾ... അതിനിടയിൽ കല്യാണ നിശ്ചയവും. ഇന്നിപ്പോ നിക്കാഹുറപ്പിച്ച ഫാത്തിമയെ ഞാൻ പ്രണയിക്കുകയാണ്..


അവൾക്കു വേണ്ടി ഒരു യാത്ര ചെയ്യണമെന്ന ആഗ്രഹത്തിൽ ഞാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ പോയി അവക്കൊരു കത്തെഴുത്തണം. നിലാവുള്ളൊരു രാത്രിയിൽ ചന്ദ്രനെ സാക്ഷിയാക്കി ഞാനിതു മനസ്സിൽ കൊത്തി വച്ചു...


 അങ്ങനെ പലതരം പേടിപ്പെടുത്തലുകളും, നിരുത്സാഹ തൊഴിലാളികളുടെ ആക്രമണവും തരണം ചെയ്തു ഞാൻ യാത്ര തുടങ്ങി ഡൽഹിയിൽ എത്തിയിരിക്കുന്നു.


 കൂട്ടിനൊരു ബാഗും കുറേ സാധനങ്ങളും.. പിന്നെ ഇതിങ്ങനെ കുത്തി കുറിക്കാൻ ഒരു ഡയറിയും പേനയും. ഞാനതിൽ ആദ്യമെഴുതിയ വരികൾ ഇതായിരുന്നു. ഒരു വല്ലാത്ത ഊർജ്ജം തരുന്ന വാക്കുകൾ..


It is not DEATH, most people are afraid of..

It is getting to the end of life, only to realise
That you
          NEVER... TRULY... LIVED...!!!


06/07/2017

സമയം രാത്രി 12:30:

  ഓൾഡ് ഡൽഹിയിലെ ഏതോ തെരുവിലാണിപ്പോ. വിശന്നിട്ടു വയറു കത്തുന്നു. എന്തെങ്കിലും കഴിക്കാൻ നല്ലൊരു ഹോട്ടൽ നോക്കി കുറേ നടന്ന് അവസാനം നിരാശനായി വരുന്ന വഴിയാ.


 തെരുവുനായ്ക്കൾ അലയുന്ന, മുഷിഞ്ഞ ഗന്ധമുള്ള വീഥി. റോഡിനു നടുവിലും, അരികിലും സൈക്കിൾ റിക്ഷകൾ അലക്ഷ്യമായി നിർത്തി ഇട്ടിരിക്കുന്നു. ഒറ്റപെട്ട മൂലകളിൽ കുനിഞ്ഞിരുന്ന് ബീഡി വലിക്കുന്ന ആളുകളുടെ നോട്ടം കണ്ടപ്പോ എന്റെ സിരകളിൽ വല്ലാത്ത ഭീതി പടരുന്നത് ഞാനറിയുന്നു. അവരിലാരോ ഒരാൾ എന്റെ പുറകേ വരുന്നുണ്ടോ എന്ന സംശയത്തിൽ പല തവണ പിന്നിലേക്ക് തിരിഞ്ഞു നോക്കി. അർദ്ധ രാത്രിയുടെ നിശബ്ദതയിൽ സ്വന്തം കാലൊച്ചകൾ പോലും എന്നെ ഭയപ്പെടുത്തുന്നുവോ ?


  എങ്ങും വല്ലാത്ത മൂകത. ഒരു റിക്ഷാവാല വന്നിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ച നിമിഷങ്ങൾ. ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. സുരക്ഷിതമായി റെയിൽവേ സ്റ്റേഷൻ എത്തിയാൽ മതി എന്ന ചിന്തയാണ് മനസ്സിൽ. വലിയൊരു യാത്രയുടെ തുടക്കത്തിൽ തന്നെ മനം മടുപ്പിക്കുന്ന അനുഭവങ്ങളാണല്ലോ പടച്ചോനേ.


 ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ ? റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വഴി റിക്ഷാവാല നിർത്തിയ ആ വലിയ ഹോട്ടലിൽ ഇറങ്ങി മൂക്കു മുട്ടെ തട്ടി ഒരു റൂമെടുത്ത് അവിടെ കിടന്നു സുഖമായി ഉറങ്ങായിരുന്നു. ഇതിപ്പോ ഭക്ഷണവും കിട്ടിയില്ല. ഒരുപാട് നടക്കുകയും ചെയ്തു..


 ചെലവ് പരമാവധി ചുരുക്കിയാലെ ഞാൻ ലക്ഷ്യത്തിൽ എത്തൂ എന്ന ബോധം നന്നായി ഉള്ളതിനാൽ സുഖ സൗകര്യങ്ങളോട് വിട പറയുന്നതിന്റെ തുടക്കമായിരുന്നു ഇത്. അതിനിടെ എന്തു ബുദ്ധിമുട്ടു വന്നാലും നാം സഹിച്ചേ പറ്റൂ. അങ്ങനെ ഓരോന്ന് ആലോചിച്ചു നടന്നു നടന്ന് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലെത്തി. ഭാഗ്യം ഇവിടൊരു തട്ടു കട കാണുന്നു. അരണ്ട വെളിച്ചത്തിൽ, സ്റ്റേഷൻ മതിലിനോട് ചേർന്ന്, പ്ലാസ്റ്റിക് ഷീറ്റു വലിച്ചു കെട്ടിയ ഒരു 'തട്ടു' കട..


  വലിയ വൃത്തിയില്ലെങ്കിലും കഴിക്കാതെ വേറെ വഴിയില്ല. അങ്ങനെ ഇവിടെ ആകെയുള്ള ചപ്പാത്തിയും മീൻകറിയും അകത്താക്കുമ്പോഴാണ് ശ്രദ്ധിച്ചത്. ഞാനിരുന്ന മേശയ്ക്കു താഴെ നിന്നും ഒരു തെരുവുനായ ഇറങ്ങി പോകുന്നു. ഇതു കണ്ടതും പതുക്കെ അവിടുന്ന് എഴുന്നേറ്റ് അവസാനത്തെ മേശയിൽ പോയിരുന്നു കഴിപ്പ് തുടർന്നു. ഇനി നാളെ പുർച്ചെയുള്ള ട്രെയിൻ കയറി 10 മണിയോടെ ചണ്ഡിഗഡ് എത്താതെ കഴിക്കാനൊന്നും കിട്ടില്ലല്ലോ.


  അതിനിടെ വേറൊരു കാര്യം ശ്രദ്ധിച്ചു. ഇടയ്ക്കിടെ കാറ്റു വീശുമ്പോ വല്ലാത്തൊരു മണം വരുന്നു. മുഷിപ്പിക്കുന്ന വാസന. പതുക്കെ വലത്തേക്ക് നോക്കിയപ്പോ ഓക്കാനത്തോട് കൂടി ഞാനത് കണ്ടു. ഒരു മദ്യപാനി കിടന്നു മയങ്ങുകയാണ്. ആ കിടപ്പിൽ  അയാൾ മൂത്രമൊഴിച്ചിരിക്കുന്നു. ആ ദ്രാവകം ഫുട്പാത്തിന്റെ ഓരം പിടിച്ച് ഒഴുകിയൊഴുകി നേരെ എന്റെ നേർക്ക് വരികയാണ്.


 പിന്നെ എങ്ങനെ അവിടുന്ന് എഴുന്നേറ്റ് ഓടി എന്നറിയില്ല. വാങ്ങിയ ഭക്ഷണം പകുതിയും ബാക്കിയാക്കി എങ്ങനെയോ റെയിൽവേ സ്റ്റേഷനെത്തി കുറേ വെള്ളം കുടിച്ചപ്പോഴാണ് സമാധാനമായത്.


 മനസ്സിനെ അസ്വസ്ഥമാക്കുന്ന വേറൊരു കാര്യം കൂടിയുണ്ടായിരുന്നു. ബാഗിന് വല്ലാത്ത കനം തോന്നുന്നു. പാക്ക് ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രയിൽ ഇത് നന്നായി ഇളകി സാധനങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. നല്ലൊരു സ്ഥലം കിട്ടാതെ ഇനിയൊന്നും ചെയ്യാൻ കഴിയില്ല. ഈയവസ്ഥയിലിങ്ങനെ നിൽക്കുമ്പോൾ സ്വപ്നങ്ങളിൽ കണ്ട ഹിമാലയം എന്നിൽ നിന്നും വളരെ അകലെയായി തോന്നുന്നു. അസാധ്യമായ ഒന്നിലേക്ക് വെറുതെ ആവേശത്തിന്റെ പുറത്ത് ഇറങ്ങി വന്നതാണെന്ന തോന്നൽ എന്നെ വല്ലാത്ത വിഷമത്തിൽ എത്തിച്ചു.


  ജനബാഹുല്യം മൂലം നടക്കാൻ പോലും സ്ഥലമില്ലാത്ത, പ്ലാറ്റ്ഫോമിൽ പോലും തെരുവു നായ്ക്കൾ അലഞ്ഞു നടക്കുന്ന ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒരു പഴയ ബെഞ്ചിന്റെ അറ്റത്ത് ഞാനിരുന്നു.


 കുറേ സമയത്തിനു ശേഷം ബെഞ്ചിൽ തന്നെ സ്ഥലം കിട്ടിയപ്പോ കിടന്നു മയങ്ങാൻ ശ്രമിച്ചു. മുഖത്തു പോലും കൊതുകു കടിക്കുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ല. ഇടക്കിടെ പോലീസ് എമാന്മാർ വന്ന് ചെവി പൊട്ടുന്ന ശബ്ദത്തിൽ വിസിലടിക്കുന്നു. താഴെ കിടന്നുറങ്ങുന്നവരെ എഴുന്നേല്പിക്കാനാണ്. തറയിൽ കിടക്കുന്ന നൂറിലധികം ആളുകളെ ഒഴിപ്പിക്കുക എന്ന ശ്രമം വിഫലമാണെങ്കിലും വെറുതേ വിസിൽ അടിച്ചു കൊണ്ടിരിക്കുന്നു..


 അങ്ങനെ ഉറങ്ങാതെ ഉറങ്ങിയ രണ്ടു മണിക്കൂറിനു ശേഷം അലാറം അടിച്ചപ്പോൾ എഴുന്നേറ്റു ട്രെയിൻ കാത്തിരിപ്പായി. നാലു മണിക്ക് വരേണ്ട വണ്ടി 4:10 ആയിട്ടും വരാതായപ്പോ train running status എടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത്. നിലവിൽ ആ ട്രെയിൻ 5 മണിക്കൂർ വൈകിയാണ് ഓടുന്നത്, ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം രാവിലെ 10 മണി. അതായത് എനിക്ക് ചണ്ഡീഗഡ് എത്തേണ്ട സമയം. എന്തു ചെയ്യും ? ആകെ സംശയമായി..


 എന്തായാലും എനിക്കൊരു ലക്ഷ്യമുണ്ട്. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും അതിലേക്ക് ഇറങ്ങിയേ മതിയാവൂ. നെറ്റിൽ നോക്കിയപ്പോ കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുവാൻ തീരുമാനിച്ചു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ കണ്ട മൂന്നര കിലോമീറ്ററിന് ഓട്ടോക്കാർ 250 രൂപ വരെ പറഞ്ഞപ്പോ ഞാൻ നടപ്പ് തുടങ്ങി..


 വീണ്ടും, വിജനമായ തെരുവോരങ്ങളിലൂടെ. ഇത്തവണ എനിക്ക് ഭയം തോന്നിയില്ല. എങ്ങനെയും ആ ട്രെയിൻ പിടിക്കണമെന്ന വാശിയിൽ ഞാൻ മുന്നോട്ട് നീങ്ങുകയാണ്. അങ്ങനെ ഇരുപത്തഞ്ചു മിനിറ്റ് നടപ്പു കൊണ്ട് ന്യൂ ഡൽഹി സ്റ്റേഷനെത്തി. 120 രൂപ ടിക്കറ്റെടുത്തു പ്ലാറ്റ്ഫോമിൽ ചെന്നപ്പോ ഒരു ട്രെയിൻ പോകാൻ റെഡിയായി കിടക്കുന്നു. അതിന്റെ നമ്പർ നെറ്റിൽ അടിച്ചു നോക്കിയപ്പോൾ ചണ്ഡീഗഡിന് മുൻപുള്ള അംബാല വഴി പോകുന്ന വേണ്ടിയാണെന്ന് മനസ്സിലായി. പിന്നെയൊന്നും നോക്കിയില്ല. വരുന്നത് വരട്ടെ എന്ന മട്ടിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പറിൽ കയറി ഒരു ബെർത്തിന്റെ മൂലയിൽ കയറിയിരുന്ന് ഉറക്കമായി. മൂന്നു മണിക്കൂർ സുഖമായ മയക്കം..


 ഉറക്കം കഴിഞ്ഞപ്പോൾ ഞാൻ താഴെയിറങ്ങി പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു..


  എങ്ങും പച്ചപ്പു മാത്രം. പുലരിയിലെ തണുത്ത കാറ്റ് മുഖത്തേക്കടിക്കുമ്പോ വല്ലാത്തൊരു സുഖം തന്നെ. അതേ, ഡൽഹിയുടെ മുഷിപ്പ് കഴിഞ്ഞിരിക്കുന്നു. സുന്ദരമായ ഗ്രാമാന്തരങ്ങളിലൂടെ കുതിച്ചു പായുന്ന ഈ തീവണ്ടിയിൽ ഒരു കുന്ന് സ്വപ്നങ്ങളുമായി ഞാനീ യാത്ര ആസ്വദിക്കുകയാ. ഇഷ്‌കിന്റെ മണമുള്ളൊരു യാത്ര...


  വഴിയിൽ പലതരം വൃക്ഷങ്ങളും നെൽ പാടങ്ങളും കുഞ്ഞു വീടുകളുമുള്ള ഗ്രാമങ്ങൾ കാണുന്നു. അതിനിടയിലൂടെ അരഞ്ഞാണം പോലെ കുഞ്ഞു നടവഴികൾ. അതിലൂടെ നടന്നു നീങ്ങുന്ന ഗ്രാമവാസികൾ, കൂടെ അവരടെ വളർത്തു മൃഗങ്ങൾ. പുറത്തെ ചാറ്റൽ മഴയിൽ മുഖത്തു പതിക്കുന്ന മഴത്തുള്ളികൾ പോലും എന്നോടെന്തോ കഥകൾ പറയുന്നു.


 ഈ ജനൽ കമ്പിയിലൂടെ ഇറ്റുവീഴുന്ന, തണുത്ത മഴത്തുള്ളികൾ കൈയിലേക്ക് പകർന്നു പതിയെ മുഖം തടവിയപ്പോൾ, ഒരു നിമിഷം മനസ്സ് പിന്നിലേക്കു ചലിച്ചു..


 എങ്ങനെയാണ് ഞാനിവിടം വരെയെത്തിയത് ? എല്ലാം ഒരു കിനാവ് പോലെ തോന്നുന്നു..


"എടാ, നമുക്ക് യാത്രകൾ ചെയ്യാനും ആഗ്രഹങ്ങൾ കീഴടക്കാനുമൊക്കെ പണവും സമയവും മാത്രം പോരടാ. അതിലും വലുതാണ് ആരോഗ്യം. അതു പോയിക്കഴിഞ്ഞാൽ പിന്നെ എത്ര പണമുണ്ടെങ്കിലും കാര്യമില്ല..."


 പ്രിയ സുഹൃത്ത് ശബുവിന്റെ ഈ വാക്കുകളാണ് എന്റെയീ സ്വപ്ന സഞ്ചാരത്തിനു വഴിയൊരുക്കിയത്. അന്നു മുതലാണ് ഞാനീ യാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങിയത്.


  വലിയൊരു യാത്ര പോയി വരാൻ സമയം ആവശ്യമാണല്ലോ. അങ്ങനെ അതിനായി ഓഫീസിൽ ലീവ് ചോദിക്കാൻ ടീം ലീഡർ മജ്നു ചേട്ടന്റെ അടുത്തു ചെന്ന്‌ പതുക്കെ കാര്യം പറഞ്ഞു. ഇതു കേട്ടതും മുഖത്തേക്ക് തറപ്പിച്ചൊരു നോട്ടവും നോക്കി ദേഷ്യത്തോടെ/ചിരിച്ചു കൊണ്ട് തോളിൽ തട്ടി എന്നോട് പറഞ്ഞു..


"പോയി വാടാ മക്കളേ, നമുക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യമല്ലേ, നീ പോയി തകർക്കെടാ. എന്റെ ഫുൾ സപ്പോർട്ടും നിനക്കുണ്ട്..."


 ഇവരുടെയൊക്കെ സ്നേഹത്തിനു പകരം കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. എന്തായാലും എല്ലാവരോടും പറഞ്ഞു ഇറങ്ങിത്തിരിച്ചു. ഇനിയിപ്പോ എന്തു വന്നാലും എനിക്ക് ഹിമാലയം കണ്ടേ മതിയാവൂ..


 എങ്ങനെ ?? അറിയില്ല,


ഈ ട്രെയിനിൽ നിന്നിറങ്ങി ചണ്ഡീഗഡ് ചെന്നാൽ ഷിംല ബസ്സ് കിട്ടുമെന്നും, അവിടുന്ന് റെക്കോങ് പിയോയിലേക്ക് പോകാമെന്നും അറിയാം. അതിനപ്പുറം ഹിമാലയം ഒരു ചോദ്യ ചിഹ്നമായി മനസ്സിൽ കിടക്കുന്നു..


  മുഖത്ത് തട്ടുന്ന മഴയുടെ താളം കൂടിയപ്പോൾ ഞാൻ ചിന്തയിൽ നിന്നുണർന്നു. കണ്ണടയിൽ നിറഞ്ഞ മഴത്തുള്ളികൾ തുടച്ചു വീണ്ടും പുറത്തേക്കു നോക്കിയിരുന്നു..


നെൽ വയലുകളും, മറ്റു കൃഷിയിടങ്ങളും, തോടും വരമ്പും വെള്ളക്കെട്ടുകളും പലതരം മരങ്ങളും കാഴ്ചയൊരുക്കിയ ട്രെയിൻ യാത്ര അവസാനിച്ചത് അമ്പാല സ്റ്റേഷനിലായിരുന്നു.


  ഇവിടെയിറങ്ങി ബാഗൊക്കെ ശരിയാക്കി നേടുവീർപ്പിട്ട ശേഷം, ആംഗ്യ ഭാഷയിൽ ആരോടൊക്കെയോ ചോദിച്ചും പിടിച്ചും അവസാനം റെയിൽവേ സ്റ്റേഷനു മുന്നിലുള്ള റോഡിൽ വന്നു നിൽപ്പായി. ഇനി ചണ്ഡീഗഡ് ബസ്സ് പിടിക്കണം.


  ഭാഷയറിയാതെ, ദേശമേതെന്നറിയാതെ, വലിയൊരു മേൽപാലത്തിന്റെ കീഴെ ഞാൻ നിൽക്കുകയാ. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും ദൃതിയിൽ നടക്കുന്ന ആളുകളും കച്ചവടക്കാരും നിറഞ്ഞ ഇവിടെ ഒരെത്തും പിടിയുമില്ലാതെ കുറേ നേരം നിന്നു. ഒരു വണ്ടിയും ചണ്ഡീഗഡ് പോകുന്നില്ല.


   അവസാനം ഞാൻ പലരോടും ചോദിച്ചു. ആർക്കും ഇംഗ്ലീഷ് അറിയില്ല. എനിക്കാണെങ്കിൽ ഹിന്ദിയും, അങ്ങനെ അവസാനം ഒരു പഞ്ചാബി സുഹൃത്ത് എന്റെ ആംഗ്യ ഭാഷാ പ്രയോഗത്തിൽ കാര്യം മനസ്സിലാക്കി ചണ്ഡീഗഡ് ബസ്സ് കിട്ടുന്ന സ്റ്റോപ്പിൽ കൊണ്ടാക്കി. ജീവിതത്തിൽ ആദ്യമായി ഒരു ഊമയുടെ അവസ്‌ഥ അനുഭവിച്ച നിമിഷം.


  ആദ്യം വന്ന ഹരിയാന ഗവണ്മെന്റ് ബസ്സിൽ എങ്ങനെയോ ചാടിക്കയറി 80 രൂപ ടിക്കേറ്റെടുത്ത് കിട്ടിയ കമ്പിയിൽ പിടിച്ചു നിന്നു. വലിയ ഹൈവേയിലൂടെ കുതിച്ചു പായുന്ന ബസ്സിൽ അര മണിക്കൂറിനു ശേഷം സീറ്റ് കിട്ടി..


 വിശാലമായ കൃഷിയിടങ്ങളിൽ നിന്നും പാറി വരുന്ന കുളിർ കാറ്റും കൊണ്ട് ഞാനിരുന്നു. മനസ്സ് പലതരം ചിന്തയിലേക്ക് വീണിരിക്കുന്നു. നിലാവുള്ള ആ രാത്രിയിൽ ഞാൻ കണ്ട കിനാവുകൾ സത്യമാകുമോ ?


അറിയില്ല..


 അങ്ങു ദൂരെ, മലയാള നാട്ടിൽ നിക്കാഹും സ്വപ്നം കണ്ട് കാത്തിരിക്കുന്ന എന്റെ ഫാത്തിമായിൽ നിന്നും ഞാൻ അകലുകയാണല്ലോ പടച്ചോനേ. അപകടങ്ങൾ പതിയിരിക്കുന്ന ഹിമാലയൻ പാതകളിൽ ഞാൻ സഞ്ചരിക്കുന്ന നേരം, ഒരു മലയിടിഞ്ഞാൽ...


 ഇല്ല, പാത്തൂ.. അങ്ങനൊന്നും സംഭവിക്കില്ല. നിന്നിലേക്ക് ഞാൻ തിരിച്ചെത്തിയിരിക്കും.


 ഇഷ്‌കിന്റെ അലയൊടികൾ മനസ്സിൽ ചിറകടിക്കുമ്പോൾ, ഭാവി ജീവിതത്തെ കുറിച്ചു കഥകൾ മെനയുമ്പോൾ, സുന്ദരമായ ചിന്തകൾക്ക് പശ്ചാത്തലമെന്നോണം ഒരു ഗസൽ കേൾക്കുന്നു. എനിക്കു വേണ്ടി ആരോ പാടുന്നൊരു ഗാനം പോലെ അതീ ബസ്സിനുള്ളിൽ അലയടിക്കുന്നു. എന്റെ തോന്നലാണോ ?


അല്ല.. അതവനാണ്..


പഴയൊരു പാട്ടും പാടി, കയ്യിലിരിക്കുന്ന ദഫിൽ താളം പിടിച്ച്. ഒരു കുഞ്ഞു പയ്യൻ. ജീവിക്കാൻ വേണ്ടി പാട്ടു പാടുന്നവൻ..


"ഈസേ ലകടീ.. മർത്തെ ലകടീ..

ദേക്കി തമാസാ ലക്കടീ കാ..

ചാന്ത് കേ ചൂനെ... വാലേ നിസാ...

ദേക്കി തമാസാ ലക്കടീ കാ..."

 എന്തൊരു ഫീലാണിത്. യാത്രയ്ക്ക് വല്ലാത്തൊരു താളം ലഭിക്കുന്നത് ഞാനറിയുന്നു. ഹരിയാന റോഡ് വേയ്സിന്റെ പഴയ ബസ്സിനുള്ളിൽ ഏതോ ഹിന്ദി സിനിമയിൽ കണ്ടു മറന്ന കാഴ്ച്ച. എനിക്കു വേണ്ടി, എന്റെ യാത്രയ്ക്കു വേണ്ടി ഒരു പിന്നണി ഗായകൻ. അതും കേട്ട് താളം പിടിക്കുന്ന സഹയാത്രികർ. ഇമ വെട്ടാതെ ഈ നിമിഷം ഞാൻ നെഞ്ചോടു ചേർത്തു..


"ഓ...

ചാന്ത് കേ ചൂനെ... വാലേ നിസാ...
ദേക്കി തമാസാ ലക്കടീ കാ......"

  ശരീരവും മനസ്സും പൂർണ്ണമായും യാത്രയുടെ ലഹരിയിലേക്ക് അലിഞ്ഞിറങ്ങിയ നേരം, വല്ലാത്തൊരു ആത്മവിശ്വാസം എന്നിൽ നിറയുന്നത് ഞാനറിയുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകർന്നു തരാൻ കഴിവുള്ള എന്തോ ഒരു കിസ്മത്ത് അവന്റെയീ പാട്ടിനുള്ളത് പോലെ..


അനന്തമായ ഈ ദുനിയാവിൽ..

ഇശ്ഖിന്റെ ഈരടികൾ പാടി..
മുഹബ്ബത്തിന്റെ മാധുര്യം തേടിയുള്ള യാത്രയിൽ, എന്നോടൊപ്പം ഇവരും കൂടെ നിൽക്കുന്നുവോ ?

 എന്റെ യാത്രാ ലക്ഷ്യം പൂർത്തീകരിക്കുവാൻ ഇവർ ആശീർവദിക്കുന്നുവോ ?


 അറിയില്ല. എന്നാലും എന്റെ മനസ്സിന്റെ തോന്നലുകൾ അതു പോലെയായിരുന്നു. പിന്നീടങ്ങോട്ട് യാത്രയിലെ ഓരോ നിമിഷവും ഞാൻ കൂടുതൽ അനുഭവിക്കുകയായിരുന്നു..


 ആസ്വാദനത്തിന്റെ സകല തലങ്ങളും ആവാഹിച്ച ലോക്കൽ യാത്രയിപ്പോൾ ചണ്ഡീഗഡ് എത്തിയിരിക്കുന്നു. സെക്ഷൻ നാൽപത്തിമൂന്ന് ബസ് സ്റ്റാന്റിലാണ് എനിക്ക് പോകേണ്ടത്. അങ്ങനെ ഒന്നു രണ്ടു പേർ പറഞ്ഞ പ്രകാരം ഒരു ബസ് സ്റ്റോപ്പിൽ ഇറങ്ങി. ഇവിടുന്ന് ബസ് കിട്ടുമെന്നാണ് പറഞ്ഞത്. പക്ഷേ വഴിയോരത്ത് ആളുകളെ കാത്തു കിടക്കുന്ന സൈക്കിൾ റിക്ഷ കണ്ടപ്പോൾ ഒരു മോഹം..


 ബസ്റ്റാന്റ് വരെ 40 പറഞ്ഞെങ്കിലും 30 രൂപയിൽ ഉറപ്പിച്ച ശേഷം രാംപാൽ ഭയ്യയുടെ റിക്ഷയിൽ കയറി യാത്ര തുടരുകയാണ്. ആ ഹരിയാന ബസ്സിൽ നിന്നു കിട്ടിയ താളം എന്റെ യാത്രയെ കൂടുതൽ മനോഹരമാക്കിരിക്കുന്നു. അതു കൈവിടാതെ ഈ സൈക്കിൾ റിക്ഷയിലിരുന്നു ഞാൻ ലോകം കാണുകയാണ്.


 സുന്ദരിയായ നഗരമാണ് ചണ്ഡീഗഡ്. വലിയ തിരക്കില്ലാത്ത വഴിയോരങ്ങൾ. ഇരുവശങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന പലതരം വൃക്ഷങ്ങൾ. വൃത്തിയായി പരിപാലിക്കപ്പെടുന്ന നടപ്പാതകൾ. വന്ദനം സിനിമയിൽ കണ്ടു മറന്ന പോലെയുള്ള മരക്കൂട്ടങ്ങൾ. അതിനിടയിലൂടെ കൈകോർത്തു നടക്കുന്ന യുവ മിഥുനങ്ങൾ..


 ഒരിക്കൽ ഞാനും വരും, ഈ മരക്കൂട്ടത്തിനിടയിൽ. മൈലാഞ്ചിയാണിഞ്ഞ ആ കൈകൾ പിടിച്ചു അവളോടൊപ്പം നടക്കണം. ഈ ദുനിയാവിൽ ഞാൻ കണ്ട കാഴ്ചകൾ കാണിച്ചു കൊടുത്തു വീമ്പിളക്കണം. ഇളം കാറ്റിൽ പാറിപ്പറക്കുന്ന ഈ തളിരിലകൾ ഞങ്ങളുടെ കാൽക്കീഴിൽ വന്നു വീഴണം..


 എന്നെ ജീവിക്കാൻ പഠിപ്പിച്ച യാത്രയും, സ്വപ്നം കാണാൻ പഠിപ്പിച്ച പ്രണയവും കൂടിച്ചേർന്നപ്പോൾ മനസ്സിലെ ചിന്തകൾ കൂടു വിട്ടു പറക്കുകയായിരുന്നു. നടക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന പനിനീർ കിനാവുകൾ.


  യാത്ര തുടരുകയാണ്. സൈക്കിൾ റിക്ഷയുടെ നിശബ്ദതയിൽ രാംപാൽ ഭയ്യയുടെ കിതപ്പ് വേറിട്ടു കേൾക്കുന്നുണ്ട്. പ്രയാസപ്പെട്ടു ചവിട്ടുന്നതിനിടയിലും ചണ്ഡീഗഡ് നഗരത്തെ കുറിച്ച് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു തന്നു കൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും എല്ലാത്തിനും മൂളിക്കൊടുത്തു.


  അങ്ങനെ ബസ്റ്റാന്റിൽ ഇറങ്ങാൻ നേരം, ഈ പ്രായത്തിലും കഷ്ടപ്പെട്ടു ജീവിക്കുന്ന ഇദ്ദേഹത്തോട് വില പേശിയതിൽ വിഷമം തോന്നി 50 രൂപ കൊടുത്തു, നേരെ ബസ്റ്റാന്റിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഷിംലയിലേക്കുള്ള പഞ്ചാബ് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറിയിരുന്നു..


 നല്ലൊരു അസ്സൽ പഞ്ചാബി ഭയ്യ ആയിരുന്നു ഡ്രൈവർ. ഉച്ച വെയിൽ വിടവാങ്ങുന്ന നേരം പാതി ആളുകളെയും വഹിച്ചു കൊണ്ട്, ഈ വാഹനം ഷിംല ലക്ഷ്യമാക്കി കുതിക്കുകയാണ്..


"അരേ... സിമ്-ലാ...   സിമ്-ലാ...

സിമ്-ലാ......."

  ഇടക്ക് നിർത്തുമ്പോൾ പഞ്ചാബി ശൈലിയിൽ ആളുകളെ വിളിച്ചു കയറ്റുന്ന കാഴ്ച്ച വളരെ രസകരമായിരുന്നു. പഞ്ചാബികൾ പൊതുവേ സംഗീതം ഇഷ്ടപ്പെടുന്നവരായതിനാൽ ചിലതൊക്കെ അവരുടെ പ്രത്യേക താളത്തിലാണ് പറയാറ്...


അങ്ങനെ എല്ലാം കണ്ടും കേട്ടും, ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഒരു ധാബയിൽ നിർത്തിയപ്പോഴാണ് എഴുന്നേറ്റത്..


 പതുക്കെ പുറത്തിറങ്ങി പരിസരം വീക്ഷിച്ചു. നമ്മുടെ മൂന്നാർ റോഡു പോലെ തോന്നിയ ചുരത്തിലാണിപ്പോൾ. ഈ ബസിൽ കയറും മുൻപ് ഭക്ഷണം കഴിച്ചതിനാൽ തൽക്കാലം ഒരു നാരങ്ങാ വെള്ളം കുടിച്ചു. മാത്രവുമല്ല നാല് നേരം വെട്ടി വിഴുങ്ങി നടന്നാൽ എന്റെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള പണം ബാക്കിയുണ്ടാവില്ലല്ലോ..


  അങ്ങനെ ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടങ്ങി. ടൂറിസ്റ്റ് ബസ്സുകളും പാണ്ടി ലോറികളും നിറഞ്ഞ റോഡിലൂടെയാണ് യാത്ര. ഷിംലയിലേക്കുള്ള വഴിയോരക്കാഴ്ചകൾ മനോഹമാണ്. ഇടതു വശത്തായി പച്ച പുതച്ച മലനിരകൾ കാണാം. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന മീറ്റർ ഗേജ് റെയിൽപാളവും.


  ഇടതും വലതും മാറി വന്ന കാഴ്ചകളെല്ലാം നമ്മുടെ ഇടുക്കി ഹൈറേഞ്ചിൽ കാണുന്നതു പോലെ തന്നെ. ഹിമാലയൻ റാണിയായ ഷിംലയിലേക്കുള്ള സ്വീകരണം പോലെ, തണുപ്പിന്റെ ആവരണം ബസ്സിനകത്തേക്ക് കടന്നു കയറിയത് വളരെ പെട്ടെന്നായിരുന്നു. അതോടെ ഊരി വച്ചിരുന്ന ജാക്കറ്റും തൊപ്പിയും വച്ചു സുഖമായി ഇരുന്നു..


  അങ്ങനെ അഞ്ചു മണിക്കൂർ നീണ്ട ബസ് യാത്രയ്ക്ക് വിരാമം കുറിച്ചു കൊണ്ട്, ഇപ്പോ ഷിംലയിലേക്ക് എത്തിയിരിക്കുന്നു. വലിയൊരു മലഞ്ചെരിവിൽ പണിത ISBT ബസ്റ്റാന്റിൽ ഇറങ്ങി നേരെ ഇൻഫോർമേഷൻ കൗണ്ടറിൽ ചെന്നു റെക്കോങ് പിയോയിലേക്കുള്ള ബസ് അന്വേഷിച്ചു.


 അൽഹംദുലില്ലാഹ്. ആറേ മുപ്പതിന്റെ ബസിൽ രണ്ടു സീറ്റ് ബാക്കിയുണ്ട്. അപ്പോൾ തന്നെ മുന്നൂറ്റി മുപ്പതു രൂപാ കൊടുത്തു ടിക്കറ്റ് ബുക് ചെയ്ത ശേഷം എന്തെങ്കിലും കഴിക്കാനായി ഒരു കട തേടി നടന്നു..


 ബസ്റ്റാന്റിൽ തന്നെയുള്ള രാംദേവിന്റെ കടയിൽ നിന്ന് ആലു പറാത്ത കഴിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാൻ ഏൽപ്പിച്ച ശേഷം പതിയെ പുറത്തിറങ്ങി. വലിയ തിരക്കില്ലാത്ത ഷിംല ബസ്റ്റാന്റിൽ വലിയൊരു സിംഹവാലൻ കുരങ്ങനെ കണ്ടു. ഒന്നല്ല രണ്ടു പേരുണ്ട്. എന്തായാലും കിട്ടിയ അവസരത്തിന് നല്ല ഫോട്ടോ എടുത്ത ശേഷം പിയോ ബസ്സിനായുള്ള എന്റെ കാത്തിരിപ്പ് തുടരുകയാ..


  ഹിമാചൽ മലനിരകളിലൂടെ ഒരു HRTC ബസ് (Himachal Road Transport corporation) യാത്ര, അതൊരു ആഗ്രഹമാണ്. പണ്ടെങ്ങോ കണ്ട ഒരു യൂട്യൂബ് വീഡിയോ എന്നെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നു. ദുർഘടമായ മലമ്പാതയിലൂടെ നീങ്ങുന്ന HRTC ബസ്. അതിൽ പേടിച്ചിരിക്കുന്ന യാത്രക്കാരും. അന്നത് കണ്ടപ്പോൾ മുതൽ മനസ്സിന്റെ ഉള്ളിൽ കിടന്ന ആഗ്രഹമാണ്. ജോലിയും കൂലിയും ഇല്ലാതെ നടന്ന സമയത്ത് അതെല്ലാം എനിക്ക് നടക്കാത്ത സ്വപ്നങ്ങളായിരുന്നു.


 പക്ഷെ ഞാൻ കണ്ടു, മാനം മുട്ടെ സ്വപ്നങ്ങൾ കണ്ടു. ഒറ്റയ്ക്ക് ഹിമാലയം പോകുന്നതും മഞ്ഞുമലകൾ കാണുന്നതും ടെന്റടിച്ചു കിടക്കുന്നതും കിലോമീറ്ററുകൾ പരന്നു കിടക്കുന്ന പർവ്വത മേഖലയിലൂടെ ഞാൻ ഒറ്റയ്ക്കു നടക്കുന്നതും. എല്ലാം കണ്ടു..


 ആഗ്രഹമുണ്ട് ഇതെല്ലാം നടപ്പിൽ വരുത്താൻ. എങ്ങനെയെന്ന് അറിയില്ല. ഉത്തരേന്ത്യക്കാരായ ചില സഞ്ചാര സുഹൃത്തുക്കൾ കുറിച്ചു തന്ന വിവരം മാത്രം മുന്നിൽ കണ്ട് ഞാനിവിടെ ഷിംലയിൽ വന്നു നിൽക്കുകയാണ്. ദാ എന്റെ മുന്നിൽ കിടക്കുന്ന HRTC ബസ്സിലാണ് ഇന്നത്തെ രാത്രി.


അങ്ങനെ വലിയ ബാഗുമായി അകത്തേക്ക് കയറി. സ്ലീപ്പിങ് ബാഗും, മാറ്റും, അടങ്ങിയ ബാക്ക്പാക്ക് ഡ്രൈവർ സീറ്റിനു പിന്നിൽ വച്ച് ഞാനെന്റെ സീറ്റ് നമ്പർ തേടി ഇരുന്നു. അവിടുന്ന് കൃത്യം ആറു മുപ്പതിന് ഓടി തുടങ്ങിയ ബസ് അര മണിക്കൂറ് കൊണ്ട് ഷിംലയിലെ തിരക്കും ബഹളവും കഴിഞ്ഞു മനോഹരമായ ഹിമാലയൻ പാതയിലേക്ക് കടന്നിരിക്കുന്നു.


  ദേവദാരു മരങ്ങൾ അരങ്ങൊരുക്കിയ വഴിയോരക്കാഴ്ചയും, കോടമഞ്ഞു പുണർന്നു നിൽക്കുന്ന താഴ് വാരങ്ങളും, ഇരുട്ട് വീഴുന്നതിനു മുൻപുള്ള നീല വെളിച്ചത്തിൽ ഒരത്ഭുതമായി ഞാൻ കാണുകയാണ്..


ഈ കാഴ്ചകളും മനസ്സിലെ ആഗ്രഹങ്ങളും കൂടിക്കലർന്ന, പ്രണയാർദ്രമായ ഈ നിമിഷത്തിൽ എല്ലാം മറന്നു ഞാനിരിക്കുകയാ. എന്റെ സ്വപ്നങ്ങൾ തേടിയുള്ള ഈ യാത്രയിൽ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്നു വിചാരിച്ചു പോകുന്നു..


അതേ,

ഇവിടെയും ഞാൻ വന്നിരിക്കും.
നിലാവിന്റെ നീല വെളിച്ചം പോലെ തോന്നിക്കുന്ന സന്ധ്യാനേരം, ദേവദാരു മരങ്ങൾക്കിടയിൽ ഞങ്ങളിരിക്കും..

പണ്ടെങ്ങോ കണ്ടു മറന്നൊരു സ്വപ്നം പോലെ...


_____________________

ബസ്സ് റെക്കോങ് പിയോയിലേക്ക് സഞ്ചരിക്കട്ടെ, ഞാനൊരു സ്വപ്നം കാണുകയാ.. ഇനി നേരം വെളുത്തിട്ട് നമുക്ക് പിയോയിൽ എന്താണുള്ളതെന്നു നോക്കാം...
 ____________________

ഇന്നത്തെ യാത്രയുടെ വീഡിയോ :







               Jabir Dz : 9995259982

മലമുകളിൽ നിന്നൊരു സ്വാതന്ത്ര്യ ദിന സന്ദേശം

 കോടമഞ്ഞു മൂടിയ താഴ് വാരങ്ങളെ സാക്ഷിയാക്കി, മരം കോച്ചുന്ന തണുപ്പ് വകവെക്കാതെ ഞങ്ങൾ അഞ്ചു പേർ ഉറുമ്പിക്കരയുടെ മാറിൽ ത്രിവർണ്ണ പതാകയുയർത്തി..


 തിങ്കളാഴ്ച സന്ധ്യ സമയം ഞങ്ങൾ യാത്ര തുടങ്ങി. ഏന്തയാർ വഴി വെംബ്ലിയുടെ ഉയരങ്ങൾ താണ്ടി...

  പാറക്കല്ലുകൾ തടസ്സം നിൽക്കുന്ന മലമ്പാതയിൽ ഇരുളിനൊപ്പം കോടമഞ്ഞും പടർന്നിരിക്കുന്നു. ഇതിനെയൊന്നും വകവെക്കാതെ നമ്മുടെ റഷീദിക്ക അതി വിദഗ്ദമായി ജീപ്പ് മുകളിലേക്ക് ഓടിക്കുകയാണ്..

ഒരേയൊരു ലക്ഷ്യം മാത്രം..

ഈ മലനിരകളുടെ ഉച്ചിയിൽ ചെല്ലണം. നമ്മുടെ അഭിമാനമായ ത്രിവർണ്ണ പതാക ഉയർത്തി ദേശീയ ഗാനം പാടണം. അതിനു ശേഷം അടുത്ത തലമുറയുടെ നല്ല നാളേക്ക് വേണ്ടി ഒരു പ്രതിജ്ഞയെടുക്കണം. അതു വഴി ഈ യാത്രാ പ്രിയരായ സുഹൃത്തുക്കൾക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ഉൽബോധനം നൽകണം..

 ഈ ദിവസത്തിൽ ബൈക്ക് റാലി നടത്തിയത് കൊണ്ടോ മെസ്സേജുകൾ അയച്ചത് കൊണ്ടോ നമ്മുടെ ഉത്തരവാദിത്തം പൂർത്തിയാവുന്നുണ്ടോ ???

ഇല്ല.. ഒരിക്കലുമില്ല..

മനുഷ്യരെ പോലെ പ്രകൃതിക്കും ഒരു സ്വാതന്ത്ര്യമുണ്ട്. അതിനെ ഇല്ലാതാക്കുന്ന വന നശീകരണം പോലുള്ള വലിയ വിപത്തുകൾക്കെതിരെ ശബ്ദമുയർത്തണം എന്നതായിരുന്നു ഞങ്ങളുടെ ഈ യാത്രയുടെ ലക്ഷ്യം...

അങ്ങനെ കഷ്ടപ്പെട്ട് മുകളിലെത്തി ഭക്ഷണം കഴിച്ചു. രാത്രിയുടെ യാമങ്ങളിൽ കൊടും തണുപ്പും സഹിച്ചു ഞങ്ങളിരുന്നു. ഉറക്കം വന്നവർ അതേ പാറപ്പുറത്തു കിടന്നുറങ്ങി. ഞാനും ഷിയാസിക്കയും 4 മണി വരെ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. എങ്ങനെയും ഒന്നു പ്രഭാതം ആയിരുന്നെങ്കിൽ എന്നു കൊതിച്ചു ഞങ്ങളിരുന്നു...

  അങ്ങനെ കിഴക്കു നിന്നും വെള്ള കീറി തുടങ്ങിയ സമയം ഞങ്ങൾ എഴുന്നേറ്റ് എല്ലാം തയാറാക്കി നിന്നു..

 സൂര്യോദയം കഴിഞ്ഞപ്പോൾ ഉയർത്തിയ ത്രിവർണ്ണ പതാക ഉറുമ്പിക്കരയുടെ ഉയരങ്ങളിൽ പാറിക്കളിക്കുന്ന സമയം അന്തരീക്ഷത്തിൽ ദേശീയ ഗാനത്തിന്റെ ഈരടികൾ മുഴങ്ങുകയാണ്. അതിൽ ലയിച്ചു ഞങ്ങളും..

നമ്മുടെ ദേശീയ പതാകയുടെ പ്രത്യേകതകൾ അറിയാമോ ?

  കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

 നാവിക നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രം. അശോകചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു.

 ദേശീയ പതാകയുടെ അടിയിലായി പച്ച നിറത്തിൽ സൂചിപ്പിക്കുന്ന, പ്രകൃതിയും സസ്യ ലതാതികളുമായുള്ള ബന്ധം ഇന്ന് കുറഞ്ഞു വരുകയാണ്. വൃക്ഷങ്ങൾ വെട്ടപ്പെടുന്നു, വനങ്ങൾ ഇല്ലാതാവുന്നു, ചൂട് കൂടുന്നു, കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ നാടും മാറുമോ ???

നമ്മളാണ് ഇനി എന്തെങ്കിലും ചെയ്യേണ്ടത്. നമ്മുടെ കയ്യിലാണ് ഈ ഭൂമിയിപ്പോൾ...

അടുത്ത തലമുറയ്ക്കായി ഈ ഭൂമിയെ നാം സംരക്ഷിക്കുക...

ഇതാണ് ഇന്നത്തെ ഞങ്ങളുടെ ആഹ്വാനം. ഇതിൽ എന്തെങ്കിലും സത്യമുണ്ടെന്നു ആർക്കെങ്കിലും തോന്നിയാൽ ഞങ്ങളുടെ പ്രയത്നം പൂർത്തീകരിക്കപ്പെട്ടു...

            - ജയ് ഹിന്ദ്
____________________________
ബാക്കി ഈ വീഡിയോ പറയും ..
"മലമുകളിൽ നിന്നും ഒരു സ്വാതന്ത്ര്യ സന്ദേശം.."




SPITI VALLEY: Backpacking Tips

ബസ്സിലും ലിഫ്റ്റടിച്ചും 70km നടന്നും
ഞാൻ ഹിമാലയം കണ്ടു

       spiti backpacking tips



ഒരു informative പോസ്റ്റാണിത്.
ബൈക്കിലല്ലാതെ, പരമാവധി ചെലവ് കുറച്ച് എങ്ങനെ ഹിമാലയം പോകാം ??

ഡൽഹിയിൽ നിന്നും 12 ദിവസം വെറും 4420 രൂപ യാത്രാ ചിലവിൽ + 2500 രൂപ താമസ ചെലവിൽ + ഭക്ഷണ ചിലവിൽ ഞാൻ പോയി വന്നു. റെക്കോങ് പിയോ വഴി ചിത്ഗുൽ ഗ്രാമം, കല്പ, റോഘി ഗ്രാമം, ടാബോ, നാക്കോ വഴി #സ്പിറ്റി_വാലി മുഴുവൻ കണ്ടു.

അതേ, ലേയും ലഡാകും പാങ്ങോങ്ങും മാത്രമല്ലട്ടോ ഹിമാലയം...

നിശബ്ദമായ താഴ്‌വര : സ്പിറ്റി വാലി

_____________
കുറഞ്ഞ ചിലവിൽ സ്പിറ്റി വാലിയിലേക്ക്:
പതിനായിരങ്ങൾ കയ്യിൽ ഇല്ലാത്തതിനാൽ ഹിമാലയമെന്ന ആഗ്രഹം മനസ്സിൽ ഒതുക്കി നടക്കുന്ന എന്റെ കൂട്ടുകാർക്ക് വേണ്ടി ഈ യാത്രയിൽ ഞാൻ ശേഖരിച്ച വിവരങ്ങളാണിവ...

#എല്ലാവർക്കും_പോകാൻ_കഴിയട്ടെ

ഈ വിവരങ്ങളിൽ എന്തു സംശയം ഉണ്ടെങ്കിലും എന്നെ വിളിക്കാം
0999525 9982
    Jabir dz
______________
എല്ലാവരെയും പോലെ കഴിഞ്ഞ രണ്ടു കൊല്ലമായി എനിക്കും ആഗ്രഹമായിരുന്നു ഹിമാലയം പോകാൻ. ആദ്യ ഓപ്ഷൻ ബൈക്ക് തന്നെ ആയിരുന്നു. അങ്ങനെ ഞാൻ കണക്കു കൂട്ടിയപ്പോൾ ഏറ്റവും കുറഞ്ഞത് ഒരു 35,000 രൂപയില്ലാതെ പണി നടക്കില്ല. പിന്നെന്തു ചെയ്യും ??

Backpacking , അഥവാ..
പക്കാ ലോക്കലായി അങ്ങു പോകുക.
_____________
ഡൽഹിയിൽ നിന്ന് എങ്ങനെ, എങ്ങോട്ട് ??

കേരളത്തിലെ ചില "പ്രമുഖ" ഹിമാലയൻ ലോക്കൽ യാത്രികരോട് ചോദിച്ചപ്പോൾ പലർക്കും വിവരങ്ങൾ പറഞ്ഞു തരാൻ വല്ലാത്ത മടി പോലെ.

ഒരു ഐഡിയുമില്ലാതെ നട്ടം തിരിഞ്ഞു നിന്ന എനിക്ക് വഴിത്തിരിവായത്, നമ്മുടെ സഞ്ചാരി അംഗവും ഹിമാലയൻ റൈഡറുമായ nabeel ഭായിയെ വിളിച്ചു കാര്യം പറഞ്ഞതാണ്. ആ ഒറ്റ ഫോണിൽ ഈ യാത്രയ്ക്കായുള്ള മുഴുവൻ ഊർജ്ജവും പകർന്നു തന്നു സ്പിറ്റി വാലി suggest ചെയ്ത നബീൽ ഇക്ക All India backpackers ന്റെ ഒരു കൂട്ടായ്മയിൽ എന്നെ അംഗമാക്കി.

 അവിടുന്ന് പിന്നെ തീരുമാനങ്ങൾ പലതും മാറി മറിഞ്ഞു. എന്നെ അറിയാത്ത ആ സുഹൃത്തുക്കൾ മത്സരിച്ചു എനിക്കായി ഈ യാത്രാ പ്ലാൻ തയാറാക്കി തന്നു. റെക്കോങ് പിയോ, ടാബോ, നാക്കോ, ധങ്കർ, ലാലുങ്, ലാങ്സ, ഹിക്കിം, കാസ..... എന്നിങ്ങനെ ജീവിതത്തിൽ ഇന്നേ വരെ ഞാൻ കേട്ടിട്ടില്ലാത്ത പല സ്ഥലങ്ങളുടെയും പേരും താമസ ഡീറ്റൈൽസും വരെ പറഞ്ഞു തന്ന് എന്നെ സഹായിച്ചു.
_______________________

അങ്ങനെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ബസ്സിലും ലിഫ്റ്റടിച്ചും 70 കിലോമീറ്ററോളം നടന്നും ഞാനെന്റെ യാത്ര പൂർത്തിയാക്കി.

വിശദമായ യാത്രാ വിവരണം എഴുതും മുമ്പ് ഇത് തയാറാക്കുന്നത്, പലരും ഈ സീസണിൽ സ്പിറ്റി വാലി പോകാൻ ഉദ്ദേശിക്കുന്നുണ്ട് എന്നറിഞ്ഞു. അവർക്ക് ഇതൊരു സഹായമാകണം. എന്റെ യാത്രയിൽ ശേഖരിച്ചതും backpackers കൂട്ടുകാർ പകർന്നു തന്നതുമായ വിലപ്പെട്ട വിവരങ്ങൾ കൂട്ടുകാർക്ക് പങ്കുവെക്കട്ടെ... എല്ലാവർക്കും പോകാൻ കഴിയണം.. :)

______________________

#spiti #സ്പിറ്റി



സ്പിറ്റി വാലിയിലേക്ക് 2 വഴി എത്താം.

1) ഡൽഹി - ഷിംല - റെക്കോങ് പിയോ - നാക്കോ - ടാബോ - കാസ

2) ഡൽഹി - മണാലി - കാസ

Backpackers ടീം suggest ചെയ്ത പ്രകാരം ഷിംല വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്.



ഞാൻ പോയ വഴികളും ചെലവും:

day1
____________________
ഡൽഹിയിൽ നിന്നും ചണ്ഡീഗഡ് ട്രെയിൻ : 120 /-

ചണ്ഡീഗഡ് - ഷിംല ബസ്സ് എപ്പോഴും ഉണ്ട്. ഏകദേശം 4-5 മണിക്കൂർ : 170/-



___________1____________
Reckong Pio

ഷിംലയിൽ നിന്നും റെക്കോങ് പിയോയിലേക്ക് ദിവസം ഒരു HRTC (Himachal Road Transport Corporation) ബസ് ഉള്ളൂ.
ടിക്കറ്റ് 330/- രൂപ
shimla- Recong pio : 244 km

വൈകിട്ട് 6:30 നു പുറപ്പെടുന്ന ബസ്സ് പിറ്റേന്ന് വെളുപ്പിന് 3-4 മണിയോടെ പിയോയിൽ എത്തും. അപ്പൊ ഈ ബസ്സ് പിടിച്ചാൽ ഒരു രാത്രി താമസ ചിലവ് ലാഭം. സീറ്റ് ഓൺലൈനായി ബുക് ചെയ്താൽ റിസ്‌കില്ല, ഞാൻ ഷിംലയിൽ ചെന്ന് എടുക്കാൻ നേരം 2 സീറ്റെ ഒഴിവുണ്ടായിരുന്നുള്ളൂ. ഇരിക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ ഈ യാത്ര വളരെ ബുദ്ധിമുട്ടാകും. വലിയ ചുരങ്ങളിലൂടെ അതിവേഗം ചലിക്കുന്ന ഈ ബസ്സിൽ നിന്നു യാത്ര ചെയ്യുന്ന കാര്യം ആലോചിക്കാൻ വയ്യ

ഈ ബസ്സ് റെക്കോങ് പിയോയിൽ നിന്നും കാസ റൂട്ടിൽ കണക്ട് ചെയ്യുന്നു. അപ്പൊ പിയോയിൽ സമയം ചിലവഴിക്കാതെ നേരെ സ്പിറ്റി വാലിയിലേക്ക് പോകാനാണ് പ്ലാനെങ്കിൽ ഈ ബസ്സ് റെക്കോങ് പിയോ എത്തും മുമ്പ് കണ്ടക്ടർ വന്ന് കാസയ്ക്ക് പോകുന്നവരുടെ ലിസ്റ്റെടുക്കും. അപ്പോ പറഞ്ഞാൽ അതേ സീറ്റ് കിട്ടും..

3:30 നു പിയോയിൽ എത്തുന്ന ബസ്സും ഡ്രൈവറും കണ്ടക്ടറും മാറി വേറെ വണ്ടി ഇടും. പിന്നീട് 7 മണിക്ക് പുറപ്പെടുന്ന വണ്ടിയിൽ നേരത്തെ ഇരുന്ന അതേ സീറ്റ് നമ്പറിൽ യാത്ര തുടരാം..




day2
_________2__________
ചിത്ഗുൽ ഗ്രാമം : chithkul village



റെക്കോങ് പിയോയിൽ നിന്നും എല്ലാ ദിവസവും രാവിലെ 9:30'ന് ചിത്ഗുൽ ഗ്രാമത്തിലേക്ക് ബസ്സുണ്ട്..
ടിക്കറ്റ് : 120 രൂപ
Recong pio - chuthkul : 65 km (4-5 hrs)

ബാസ്‌പാ നദിയുടെ ഓരം പറ്റി കർച്ചം പാസ്സ് വഴി അപകടകരമായ ഒരു യാത്ര. ഏകദേശം 1 മണിക്ക് sangla യിലും 2:30 ഓടെ ചിത്ഗുലിലും എത്തുന്ന ബസ്സ് അരമണിക്കൂറിനു ശേഷം തിരിച്ചു പിയോയിലേക്ക് യാത്ര തിരിക്കും..

അന്ന് ചിത്ഗുലിൽ താമസിക്കുകയാണെങ്കിൽ പിറ്റേന്ന് രാവിലെ 6 മണിക്ക് ഒരു പ്രൈവറ്റ് ബസ്സുണ്ട്, പിയോയിലേക്ക്.

ടിക്കറ്റ് 100 രൂപ

ചിത്ഗുൽ ഗ്രാമത്തിൽ നിരവധി ഹോംസ്റ്റേകൾ ലഭ്യമാണ്. ( റൂം എടുക്കും മുമ്പ്‌ നന്നായി ബാർഗെയ്ൻ ചെയ്യുക ). ബാസ്‌പാ നദിയുടെ ചാരെ മഞ്ഞു മലകളും കണ്ട് ടെന്റ് സ്റ്റേ ചെയ്യാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.

089882 10475
094187 01460
094597 74783

സ്വന്തം ടെന്റ് കയ്യിലുണ്ടെങ്കിൽ ആൾക്ക് 150 രൂപ കൊടുത്താൽ അവരുടെ അടുത്തായി പിച്ച് ചെയ്യാം. ഗുണം : രാത്രി ഭക്ഷണം അവിടെ ലഭ്യമാണ്, മൊബൈൽ / പവർ ബാങ്ക് ചാർജ് ചെയ്യാം..



Available network : BSNL only

note : പിയോയിൽ നിന്നു ചിത്ഗുലിലേക്ക് പോകുമ്പോ വലതു വശത്തു ഇരിക്കുക (driver side).  തിരിച്ചു വരുമ്പോ ഇടതു വശത്തും.

(ഗ്രാമത്തിൽ നിന്നു നോക്കിയാൽ ബാസ്‌പാ നദിയുടെ കുറുകെ ഒരു പാലം കാണാം, അതു കടന്ന് അപ്പുറത്തേക്ക് ഒരു നടപ്പ് മറക്കരുത്, വെറുതെയാവില്ല... )



day3
_________3___________
കല്പ : kalpa
റോഘി ഗ്രാമം : Roghi village

രാവിലെ 6 മണിക്കുള്ള ചിത്ഗുൽ - പിയോ ബസ്സിൽ കയറി റെക്കോങ് പിയോയിൽ എത്തി. റെക്കോങ് പിയോയിൽ നിന്നും കൽപ്പയിലേക്ക് എപ്പോഴും ബസ്സുണ്ട്.

(പിയോ ബസ്റ്റാന്റിൽ നിന്ന് ഏതെങ്കിലും ബസ്സ് പിടിച്ചു മെയിൻ റോഡിൽ വന്ന് കല്പ ബസ്സിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കുക )

ടിക്കറ്റ് : 15 രൂപ
max ഇരുപതു മിനിറ്റ് യാത്ര

ഇടതു വശത്തായി കിന്നർ കൈലാസ മലനിരകളും കണ്ടു കൊണ്ട് കൽപ്പയിലെത്താം. ബസ്സിറങ്ങി അല്പം മുകളിലേക്കു നടന്നാൽ കല്പ ഗ്രാമത്തിന്റെ ഭംഗി കാണാം.

കൽപ്പയിൽ നിന്നും റോഘി ഗ്രാമത്തിലേക്ക് 5 കിലോമീറ്ററുണ്ട്. 2 മണിക്കൂർ ഇടവിട്ട് ബസ്സുണ്ടെന്നു പറയുന്നു.. എങ്കിലും പരമാവധി നടക്കാൻ ശ്രമിക്കുക. (കാരണമറിയാൻ പോസ്റ്റിനോടൊപ്പം ചേർത്ത ഫോട്ടോ കാണുക )

കൽപ്പയിൽ നിന്ന് റോഘിയിലേക്ക് നടന്നാൽ ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി തിരിച്ചു പോരാം..

അന്ന് റെക്കോങ് പിയോയിൽ തിരിച്ചെത്തിയാൽ ബസ്റ്റാന്റിനോട് ചേർന്ന് കുറഞ്ഞ ചിലവിൽ താമസം ലഭ്യമാണ്..

ഡോർമിറ്ററി : 100/- രൂപ
094590 88448

സാമാന്യം നല്ല റൂം : 250-300 രൂപ
094595 23100

എത്ര ക്ഷീണമുണ്ടെങ്കിലും പിയോയിൽ രാവിലെ 5 മണിക്ക് അലാറം വച്ച് എഴുന്നേൽക്കുക. 7 മണിക്കുള്ള കാസ ബസ്സിൽ സീറ്റ് കിട്ടണമെങ്കിൽ 6 മണിക്കെങ്കിലും ബസ്റ്റാന്റിൽ പോയി ടിക്കറ്റെടുക്കണം..

(എല്ലാ HRTC ബസ്റ്റാന്റുകളിലും നേരത്തെ/തലേന്നു പൈസ കൊടുത്തു സീറ്റ് റിസർവ്വ് ചെയ്യാവുന്നതാണ്, ഈ ബസ്സിൽ തലേന്നത്തെ ബുക്കിങ് ഇല്ല )
Recong pio : All mobile networks available (jio also )




day4
__________4___________
നാക്കോ : Nako
Recong pio - Nako : 103kms

റെക്കോങ് പിയോയിൽ നിന്നും 7 മണിയുടെ കാസ ബസ്സിൽ കയറിയാൽ 11:30 ഓടെ നാക്കോ എത്തും. പർവത നിരയിലെ അതിമനോഹരമായൊരു ഹിമാലയൻ ഗ്രാമമാണിത്. കഴിയുമെങ്കിൽ ഒരു ദിവസം നാക്കോയിൽ താമസിക്കുക (എന്റെ യാത്രയിൽ എനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടം, നാക്കോയിലെ സ്റ്റേ. കാരണം ഞാൻ താബോയിലേക്ക് യാത്ര തുടരാൻ തീരുമാനിച്ചു. സത്യം പറഞ്ഞാൽ നാക്കോയാണ് കൂടുതൽ ഭംഗി )

നാക്കോയിലെ ചെലവ് കുറഞ്ഞ ഹോംസ്റ്റേക്കായി

094594 80784
094597 88644
Dormitory : 100/-
Thakur kangri dhaba, near nako bustop

നാക്കോയിൽ ഒരു ദിവസം ചിലവഴിച്ചാൽ പിറ്റേന്ന് 11 മണിയോടെ വരുന്ന കാസ ബസ്സിൽ മുന്നോട്ട് യാത്ര തുടരാം

(ലിഫ്റ്റടിക്കാൻ തയാറാണെങ്കിൽ നേരത്തെ എഴുന്നേറ്റു റോഡിൽ നിൽക്കുക, നാക്കോ ധാബയിൽ എല്ലാ വണ്ടികളും നിർത്തും. ഏതെങ്കിലും ഒരു വണ്ടിയിൽ ഒരു സീറ്റ് കിട്ടും.. ഉറപ്പ്, യാത്രികർ എല്ലാവരും സഹായ മനഃസ്ഥിതി ഉള്ളവരാണ് )

പിയോയിൽ നിന്ന് നാക്കോയിലേക്കുള്ള വഴിയിൽ ബസ്സിന്റെ ഇടതു വശത്തിരിക്കുക, സത് ലജ് നദിയുടെ അരികിലൂടെ ഭീതിജനകമായ/മനോഹരമായ ഒരു ബസ് യാത്ര ആസ്വദിക്കാം..
Nako - Available network : BSNL only





____________5_______________
താബോ : Tabo

റെക്കോങ് പിയോയിൽ നിന്നും ഞാൻ താബോ ടിക്കറ്റെടുത്തു. 220 രൂപ

പച്ചപ്പു നിറഞ്ഞ പർവ്വതങ്ങൾ , മാറി അപകടകരമായ പാറകൾ നിറഞ്ഞ വഴികൾ താണ്ടി പൂ (pooh) ഗ്രാമവും കടന്ന് സത് ലജ് നദിയെ സാക്ഷിയാക്കി നേരെ നാക്കോ (Nako) വഴി താബോയിലേക്ക് 9 മണിക്കൂർ ബസ് യാത്ര. 7 മണിക്ക് പിയോയിൽ നിന്ന് പുറപ്പെടുന്ന ബസ്സ് വൈകിട്ട് നാലു മണിയോടെ താബോയിൽ എത്തുന്നു. ഈ ഓട്ടത്തിലാണ് പരമാവധി ആൾട്ടിറ്റൂട് കയറുന്നത്..

( AMS അസുഖ ഭീതിയുള്ളവർ ധാരാളം വെള്ളം കുടിക്കുക. ഈ കയറ്റത്തിൽ ഓക്സിജൻ കുറയുന്നത് നന്നായി ഫീൽ ചെയ്യും. ചെറിയ തലവേദന പോലെയും..
so..
വെള്ളം കുടിക്കുക..
വെള്ളം കുടിക്കുക..
വെള്ളം കുടിക്കുക.. )

1000 വർഷം പഴക്കമുള്ള ബുദ്ധ മോണാസ്റ്ററിയാണ് പ്രധാനമായും കാണാനുള്ളത്. സന്യാസിമാർ തപസ്സു ചെയ്യാൻ ഉപയോഗിച്ചിരുന്ന ഗുഹകളും കാണാം..

താബോയിൽ താമസത്തിനായി
094189 84340
089881 07473
ഡോർമിറ്ററി : 100/-
സാമാന്യം നല്ല റൂം : 350-400
(താബോ മൊണാസ്റ്ററി)

പിയോയിൽ നിന്ന് താബോയിലേക്കുള്ള വഴിയിൽ ബസ്സിന്റെ ഇടതു വശത്തിരിക്കുക, സത് ലജ് നദിയുടെ അരികിലൂടെ ഭീതിജനകമായ/മനോഹരമായ ഒരു ബസ് യാത്ര ആസ്വദിക്കാം..
Tabo - Available network : BSNL only





__________6___________

താബോ എത്തുന്നതിനു മുൻപ് വലത്തോട്ടു തിരിഞ്ഞ് അര മണിക്കൂർ സഞ്ചരിച്ചാൽ GEU mummy സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. വർഷങ്ങളായി കേടു കൂടാതെ ഇരിക്കുന്ന ഒരു ബുദ്ധ സന്യാസിയുടെ മമ്മി കാണാം. (ഞാനീ യാത്രയിൽ പോയില്ല)



__________7____________
ധങ്കർ മൊണാസ്റ്ററി : dhankar monastery

സ്പിറ്റി വാലിയുടെ മനോഹരമായ കാഴ്ചകൾ ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത് ധങ്കറിലേക്കുള്ള വഴിയിലാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. താബോയിൽ നിന്നും കാസയിലേക്കുള്ള വഴിയിൽ ഷിച്ചലിങ് (Shichling) എന്ന സ്ഥലത്തിറങ്ങി 8 കിലോമീറ്റർ മുകളിലേക്ക് സഞ്ചരിച്ചാൽ ധങ്കർ എത്താം. അവിടം വരെ ബസ്സില്ല. ഷിച്ചലിങ്ങിൽ നിന്ന് ലിഫ്റ്റടിച്ചോ നടന്നോ എത്താവുന്നതാണ്..
____________
അതല്ലെങ്കിൽ കാസയിൽ നിന്ന് ഒരു സ്കൂട്ടർ/ബൈക്ക് വാടകയ്ക്ക് എടുത്താൽ ധങ്കറും 10 കിലോമീറ്റർ അപ്പുറമുള്ള ലാലുങ് ഗ്രാമവും കാണാവുന്നതാണ്, ഞാനങ്ങനെയാണ് കണ്ടത്
_____________
dhankar താമസത്തിന്
ഡോർമിറ്ററി: 200/-
094186 46578
094188 17761
(dhankar monastery)
Dhankar : Available network : BSNL (few places)





my day5
_____________8________________
കാസ : kaza

താബോയിൽ നിന്നും ദിവസവും രാവിലെ 8:30നും 9:30 നും ഇടയ്ക്ക് കാസയിലേക്കുള്ള ബസ്സ് വരും (കൃത്യമായ ഒരു സമയം പറയാൻ കഴിയില്ല, ചുരുക്കം പറഞ്ഞാൽ 8:30 മുതൽ സ്റ്റോപ്പിൽ വേണം)

താബോ - കാസ ടിക്കറ്റ് : 50/-
Tabo - kaza : 48 kms
9 മണിക്കു പുറപ്പെടുന്ന വണ്ടി ഉച്ചയോടെ കാസയിലെത്തും..

(ടാബോ - കാസ ബസ്സിൽ പരമാവധി മുൻ സീറ്റിൽ ഇരിക്കാൻ നോക്കുക, ഇടതു വശത്താണ് കാഴ്ചകൾ കൂടുതലും. സ്പിറ്റി വാലിയുടെ വശ്യത ഈ ബസ് യാത്രയിൽ ഒപ്പിയെടുക്കാം )

കാസ ഒരു ചെറിയ ടൗൺ ആണ്. അത്യാവശ്യം വേണ്ടുന്ന എല്ലാ സാധനങ്ങളും അവിടെ കിട്ടും. നല്ല ഹോട്ടലുകൾ, താമസം.

കാസയിലെ രാജുവിന്റെ കഫേയിൽ ചെന്നാൽ നമുക്ക് wifi ഉപയോഗിച്ചു പുറം ലോകവുമായി ബന്ധം പുലർത്താം
raju : 094598 24350

3 ബൈക്ക് റെന്റൽ ഷോപ്പുകളാണ് പ്രധാനമായും ഉള്ളത്.

1. Spiti Expedition
Keisang : 089880 80416

2 . KD studio
KD : 094599 80873

( in both, tell my reference. they will adjust )

3. Himalayan Cafe

ഒറ്റയ്ക്കാണ് യാത്രയെങ്കിൽ സ്കൂട്ടർ എടുക്കുന്നതാണ് നല്ലത്. 650-750/- നിരക്കിൽ വണ്ടി എടുത്ത് 250/- രൂപ പെട്രോൾ അടിച്ചാൽ കാണാറുള്ളത് മുഴുവൻ കാണാം. കുറച്ചൂടെ ആർഭാടം വേണ്ടുന്നവർക്ക് ബുള്ളറ്റെടുക്കാം , 1300-1500/-
KAZA: Available network : BSNL only





my 5th day continues
______________9_________________
മുദ് ഗ്രാമം, പിൻ വാലി
(much village, pin valley)

സ്പിറ്റി വാലിയിൽ പോകുന്നവർ മുദ് ഗ്രാമം ഒഴിവാക്കിയാൽ സ്പിറ്റിയുടെ മനോഹാരിതയിലെ ഒരു 35% നിങ്ങൾ കാണുന്നില്ല എന്നർത്ഥം..
( ചിത്രങ്ങൾ കാണുക )

കാസയിൽ നിന്നും ദിവസവും വൈകിട്ട് 4 മണിക്ക് മുദ് ഗ്രാമത്തിലേക്ക് ബസ്സുണ്ട്.
(3:15ന് എങ്കിലും വന്ന് സീറ്റ് പിടിക്കണം, ഇടതു വശത്താണ് കാഴ്ചകൾ കൂടുതലും )

കാസ - മുദ് ഗ്രാമം : ടിക്കറ്റ് 82/-
Kaza - Mudh village : 50kms

താമസത്തിന് :
താര ഹോം സ്റ്റേ : റൂം 300/- രൂപ
089880 62293
094184 41453
094184 27660

താര റെസ്റ്റോറന്റിൽ നല്ല ഭക്ഷണം ലഭിക്കുന്നതാണ്..

പിന്നെ,
ഗ്രാമത്തിൽ തന്നെയുള്ള ഒരു അപ്പൂപ്പന് 150 രൂപ കൊടുത്താൽ മനോഹരമായൊരു സ്ഥലത്ത് ടെന്റടിക്കാം, അവിടെയുള്ള ആരോട് ചോദിച്ചാലും സ്ഥലം പറഞ്ഞു തരും. ഗുണം, അടുത്തു തന്നെ  താര ഹോട്ടലുണ്ട്.

 അതല്ലെങ്കിൽ ഗ്രാമത്തിൽ നിന്നു താഴേക്കു നോക്കിയാൽ പിൻ വാലി നദിയുടെ കുറുകെ ഒരു തൂക്കുപാലം കാണാം. അതു കടന്ന് മുകളിലേക്ക് 20 മിനിറ്റ് നടന്നാൽ വിശാലമായ പുൽമൈതാനമെത്തും. ഇഷ്ടമുള്ള സ്ഥലത്ത് ടെന്റടിക്കാം.
 (ഭക്ഷണം ഉണ്ടാക്കുകയോ കയ്യിൽ കരുതുകയോ ചെയ്യുക)

Mobile network is not available in Mud village. അത്യാവശ്യം ഫോൺ വിളിക്കണമെങ്കിൽ താര ഹോംസ്റ്റെയിൽ സാറ്റലൈറ്റ് ഫോണുണ്ട്.






6th day
__________10___________
പിൻ പാർവ്വതി & ബാബ പാസ്സ്
pin parvathi & baba pass

അതിമനോഹരമായ ഈ രണ്ടു ട്രെക്കിങ് റൂട്ടുകളുടെയും തുടക്കം മുദ് ഗ്രാമത്തിൽ നിന്നാണ്. പിൻ പാർവ്വതി 6 ദിവസവും ബാബാ പാസ്സ് 5 ദിവസവും നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങ് ആണ്. ഗ്രാമത്തിൽ നിന്ന് ആരെയെങ്കിലും ഗൈഡ് ആയി വിളിച്ചാൽ ധൈര്യമായി പോകാം.

 ഒരു ദിവസം മുദ് ഗ്രാമത്തിൽ ചെലവഴിക്കാൻ മാറ്റി വച്ചാൽ ഈ രണ്ടു ട്രെക്കിങ് റൂട്ടുകളുടെയും ബേസ് ക്യാമ്പ് വരെ പോയി വരാം. ഗ്രാമത്തിൽ നിന്നു കാണുന്ന പുഴയുടെ കുറുകെ കെട്ടിയിരിക്കുന്ന തൂക്കുപാലം കടന്ന് നേരെ കാണുന്ന, കൃത്യമായി അറിയാൻ കഴിയുന്ന നട വഴിയിലൂടെ നേരെ പോയാൽ മതി. സ്വപ്നത്തിലെന്ന പോലെ തോന്നുന്ന വിജനമായ താഴ്വാരങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം സമ്മാനിക്കുമെന്നതിൽ സംശയമില്ല (ചിത്രങ്ങൾ കാണുക)

പിൻ പാർവ്വതി / ബാബാ പാസ്സ് ട്രെക്കിങ് പോകാൻ താല്പര്യമുണ്ടെങ്കിൽ മുദ് ഗ്രാമത്തിലെ പ്രേം എന്ന പയ്യന് whatsup ചെയ്യുക
0945 984 7492
അവൻ സഹായിക്കും.. കേരളത്തിൽ നിന്നാണെന്ന് പ്രത്യേകം പറയുക..

(എന്റെ ആറാം ദിവസം പ്രേമിന്റെയും കൂട്ടരുടെയും കൂടെയായിരുന്നു. ഒരു ദിവസം 24 km ട്രെക്ക് ചെയ്ത് വൈകുന്നേരത്തോടെ മുദ് ഗ്രാമത്തിൽ തിരിച്ചെത്തി )






8th day
___________11_____________

മുദ് ഗ്രാമം - കാസ

കാസയിൽ നിന്നും വൈകിട്ട് ഗ്രാമത്തിലേക്ക് വരുന്ന ആ ബസ്സ് അന്നവിടെ കിടക്കും. പിറ്റേന്ന് രാവിലെ 6 മണിക്ക് തിരിച്ചു കാസയിലേക്ക് പുറപ്പെടും.

ടിക്കറ്റ് : 82/- രൂപ

ഒരു കാര്യം ഓർക്കുക. ഈ ബസ് പോയാൽ പിന്നെ അന്ന് ഗ്രാമത്തിൽ നിന്ന് പുറത്തു കടക്കൽ ബുദ്ധിമുട്ടാണ്. 7 മണിയോടെ ഒരു പിക്കപ്പ് വാൻ പോയിക്കഴിഞ്ഞാൽ പിന്നെ വേറെ വാഹനം കിട്ടാൻ ഒരു സാധ്യതയുമില്ല.

കാസയിൽ വന്ന് മേൽപറഞ്ഞ ഏതെങ്കിലും ഒരു ഷോപ്പിൽ ബന്ധപ്പെട്ട് ഒരു സ്കൂട്ടർ/ബുള്ളറ്റ് എടുക്കുക

 (നേരത്തെ വിളിച്ചു പറഞ്ഞില്ലെങ്കിൽ വണ്ടി കിട്ടാൻ സാധ്യതയില്ല)

കാസയിലെ ബൈക് റെന്റൽ contacts മുകളിലുണ്ട് :)






_____________12______________
കീ മൊണാസ്റ്ററി - key monastery
kaza - key : 15 kms

സ്പിറ്റി വാലിയിലെ ഏറ്റവും വലിയ മോണാസ്റ്ററിയാണ് കീ. ചിതൽ പുറ്റുകൾ പോലെ തോന്നിക്കുന്ന മലയിലെ നിർമ്മാണ രീതി മനോഹരമാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം..

താമസം :
ഡോർമിറ്ററി : 250/- (wth meals)
094188 41170

Available network : BSNL only





______________13______________

കിബ്ബർ ഗ്രാമം : kibber village & monastery

key - kibber : 6.5 kms

പഴയ ഒരു മോണസ്റ്ററിയും 200 ഓളം ആളുകൾ താമസിക്കുന്ന ഒരു ഗ്രാമവും അടങ്ങുന്നതാണ് കിബ്ബർ.  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തൂക്കുപാലം പണി കിബ്ബറിൽ പുരോഗമിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് കാസയിൽ നിന്നും കീ വഴി കിബ്ബറിലേക്ക് HRTC ബസ്സുണ്ട്..

താമസത്തിനായി അനേകം ഹോം സ്റ്റേകൾ ലഭ്യമാണ്.. കിബ്ബറിൽ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ട്രെക്കിങ് പാതകളുമുണ്ട്..






____________14_______________

ലാങ്സ ഗ്രാമം : Langza village
kaza - Langza : 14 kms

കൊല്ലത്തിൽ 4-5 മാസം മഞ്ഞിനടിയിലാവുന്ന ലാങ്സ ഗ്രാമം. കാസയിൽ നിന്ന് കിബ്ബർ റൂട്ടിൽ 2 കിലോമീറ്റർ വന്ന ശേഷം ഒരു കമാനം കഴിഞ്ഞ ഉടനെ വലത്തെക്കുള്ള വഴി. 14,0000 അടി ഉയരത്തിലേക്ക് വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന വഴി മനോഹരവും അപകടകരവുമാണ്. സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം. (കാഴ്ചകൾ ചിത്രത്തിൽ )

താമസം :
ലാങ്സ ഗ്രാമത്തിൽ കാണുന്ന വലിയ ബുദ്ധ പ്രതിമയുടെ താഴെയാണ് ഹോം സ്റ്റേകൾ..

Banjara Camps : 400-500
094185 37689

Phan Dhey Home stay: 500-600
094186 20454
094595 40364
( പൈസ അല്പം കൂടിയെന്ന് ആദ്യം തോന്നിയെങ്കിലും മനസ്സു നിറഞ്ഞാണ് അവിടുന്ന് ഇറങ്ങിയത്. എത്ര ഗസ്റ്റുകൾ ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ഒരു ഹാളിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ടിബറ്റൻ ആദിത്യ മര്യാദയുടെ കാണാപ്പുറങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു.. )

ലങ്സായിൽ മൊബൈൽ network ഇല്ല..

ഇവിടെ വരുന്നവർ വന്ന പാടെ റൂമിൽ കയറി ഇരുന്നാൽ AMS (acute mountain sickness) വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പരമാവധി വെള്ളം കുടിക്കുക. ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തു നിന്ന് നല്ല രീതിയിൽ ശ്വാസോച്ഛാസം എടുക്കുക. ഈ ഭാഗങ്ങളിൽ ഓക്സിജന്റെ അളവ് കുറവാണ്. ഒരു കാരണവശാലും പുക വലിക്കാതിരിക്കുക. ശ്വാസ തടസ്സം ഉള്ളവർ ഇവിടെ നിന്ന് പുകവലിച്ചാൽ മരണം വരെ സംഭവിച്ചേക്കാം..






___________15______________
ഹിക്കിം ഗ്രാമം : hikkim village
Langza - hikkim : 7.6 km

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത് ഹിക്കിം ഗ്രാമത്തിലാണ്. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഈ പോസ്റ്റോഫീസ് ഒരു കുടിലിലാണ് പ്രവർത്തിക്കുന്നത്..

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് സ്റ്റേഷൻ എന്ന റെക്കോർഡും ഹിക്കിമിനു സ്വന്തം..

സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഗ്രാമം..

മൊബൈൽ network ഇല്ല






_________16_____________
കോമിക് ഗ്രാമം : komic village
hikkim - komic : 3.3 kms

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ ഗ്രാമം. പുരാതനമായ ഒരു മൊണാസ്റ്ററിയും കാണാം. അവിടെ താമസ സൗകര്യം ലഭ്യമാണ്.

സ്പിറ്റി യാത്രികർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടം..

മൊബൈൽ network ഇല്ല





______________17_______________

ഡെമുൾ ഗ്രാമം : demul village

കോമിക്കിൽ നിന്ന് ഒരു ദിവസം ട്രെക്ക് ചെയ്താൽ ഡെമുൾ ഗ്രാമത്തിലെത്താം. ഹിമാലയൻ മലനിരകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന അവിടെ എണ്ണപ്പെട്ട വീടുകളെ ഒള്ളൂ. ഹോം സ്റ്റേകൾ ലഭ്യമാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ശ്രമിക്കാം. താരതമ്യേന ബുദ്ധിമുട്ടില്ലാത്ത നടപ്പാണ്.
( ഓക്സിജൻ കുറവ് ഒഴിച്ചാൽ )

ഒരു ദിവസം ഡെമുളിൽ താമസിച്ചു പിറ്റേന്ന് നടന്നാൽ ലാലുങ് എന്ന കുഞ്ഞു ഗ്രാമത്തിലെത്താം. സ്പിറ്റിയിലെ സുവർണ മൊണാസ്റ്ററി സ്ഥിതി ചെയ്യുന്നത് ലാലുങ്ങിലാണ്. അവിടെയും ഹോം സ്റ്റേകൾ ലഭ്യമാണ്. ലാലുങ്കിൽ ഒരു ദിവസം താമസിച്ചു പിറ്റേന്ന് ധങ്കർ മോണസ്റ്ററിയിലേക്ക് (നേരത്തെ പറഞ്ഞ) നടക്കാം..

KOMIC - DEMUL
DEMUL - LALLUNG
LALLUNG - DHANKAR

3 ദിവസത്തെ ട്രെക്കാണിത്. ഒരു പെർമിഷന്റെയും ആവശ്യമില്ല. ഹിമാലയൻ മലനിരകളിൽ സാഹസിക ട്രെക്കിങ് താല്പര്യമുള്ളവർ ശ്രമിക്കുക..




_____________18______________

കോമിക് കണ്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചു കാസയിലേക്ക് പോകാൻ ലാങ്സായിൽ തിരിച്ചു പോകേണ്ട ആവശ്യമില്ല. ഹികിം ഗ്രാമത്തിൽ നിന്ന് നേരിട്ടൊരു വഴിയുണ്ട്. 12 കിലോമീറ്റർ. സ്പിറ്റി വാലിയുടെ മനം മയക്കുന്ന കാഴ്ചകൾ ഈ വഴിയിൽ കാണാം. ഒരു കാരണവശാലും ഫോട്ടോ എടുക്കാനായി റോഡിന്റെ വശങ്ങളിൽ വണ്ടി നിർത്തരുത്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അരികുകളാണ് ആ വഴിയിൽ
 (ടാക്‌സി ഡ്രൈവറുടെ ഉപദേശം)




_________________19_________________

ചന്ദ്രതാൽ തടാകം : Chandratal lake
kaza - Chandratal : 99 km

സ്പിറ്റി യാത്രയിലെ ഏറ്റവും ആകർഷകമായ കാഴ്ച. യാതൊരു കാരണവശാലും നഷ്ടമാക്കരുത്.. (ചിത്രങ്ങൾ കാണുക)

കാസയിൽ നിന്നും എല്ലാ ദിവസവും രാവിലെ 4:30ന് മണാലി ബസ്സുണ്ട്. അതിൽ കയറി 130/- രൂപ ടിക്കറ്റെടുത്താൽ 9 മണിക്ക് ബത്തൽ (batal) എന്ന സ്ഥലത്തിറങ്ങാം. ഏറ്റവും അപകടം പിടിച്ച കുൻസും പാസിറങ്ങിയുള്ള ബസ് യാത്ര ആരിലും ഭീതി ഉളവാക്കും..
______
ഈ ബസ്സിൽ സീറ്റ് കിട്ടാനായി തലേന്ന് വൈകിട്ട് 5 മണിക്ക് കാസ സ്റ്റാൻഡിൽ ചെല്ലുക. ബസ് വന്ന ഉടനെ പിറ്റേന്നതെക്കുള്ള റീസെർവഷൻ ആരംഭിക്കും. എങ്ങനെയും ഇടിച്ചു കേറി ടിക്കറ്റ് മേടിക്കുക. ഇല്ലെങ്കിൽ രാവിലെ ഖേദിക്കേണ്ടി വരും. വളരെ മോശം റോഡിൽ (റോഡില്ല എന്നു വേണേൽ പറയാം ) നിന്നു യാത്ര ചെയ്യൽ വളരെ ബുദ്ധിമുട്ടാണ്.

  In case സീറ്റ് കിട്ടിയില്ലെങ്കിൽ ഇടത്തുവശത്തായി മുന്നിൽ നിന്ന് രണ്ടാമത്തെ സീറ്റിൽ എങ്ങനെയും കേറി ഇരിക്കുക. (seat no: 2 & 3 ) അത് രണ്ടും Handicaped യാത്രക്കാർക്ക് വേണ്ടിയുള്ള സീറ്റാണ്. അതിരാവിലെ ആ ബസ്സിൽ അങ്ങനെ ആരും ഇല്ലെങ്കിൽ ഭാഗ്യം (എനിക്കാ ഭാഗ്യം ഉണ്ടായിരുന്നു )...

കണ്ടക്ടർ വന്നു എങ്ങോട്ടാ എന്നു ചോദിച്ചാൽ ആദ്യം കുളു എന്നു മാത്രം പറയുക. അല്ലെങ്കിൽ നമ്മളെ എഴുന്നേൽപ്പിച്ചു നിർത്തി, നിൽക്കുന്ന കുളു യാത്രക്കാരെ അവിടെ ഇരുത്തും.. ഇനി ആരേലും വന്ന് ആ സീറ്റും പോയാൽ വേറെ ആൾ വരും മുൻപ് ബസ്സിന്റെ എൻജിനിൽ ഇടം കണ്ടെത്തുക...
________

ബത്തലിൽ ഇറങ്ങിയാൽ ചന്ദ്രതാൽ തടാകത്തിലേക്ക് പോകുന്ന ഏതെങ്കിലും വണ്ടിയിൽ ലിഫ്റ്റ് കിട്ടിയേക്കാം. അവിടെ ആകെ രണ്ടു ധാബയാണുള്ളത്. അതിൽ പ്രധാനമായുള്ള ചാച്ചാജിയുടെ ധാബയിൽ ചെന്ന് അദ്ദേഹത്തോട് കാര്യം പറയുക. ഏതേലും വണ്ടിയിൽ അദ്ദേഹം ഏർപ്പാടാക്കി തരും. 100% sure. അദ്ദേഹത്തിന്റെ മകൻ TENZIN ചന്ദ്രതാൽ തടാകത്തിൽ ക്യാമ്പ് നടത്തുന്നുണ്ട്. അപ്പൊ 11 മണിയുടെ കാസ ബസ്സ് വന്നാൽ അതിൽ വരുന്ന യാത്രക്കാരെയും തൂക്കി TENZIN തന്റെ പിക്കപ്പിൽ ചന്ദ്രതാലിലേക്ക് പോകും. മറ്റു വാഹനങ്ങൾ കിട്ടിയില്ലെങ്കിൽ അതു വരെ കാത്തിരിക്കുക (ചാച്ചാജിയോട് പറഞ്ഞെങ്കിൽ മാത്രമേ ഇതു നടക്കൂ. ) tensin ഇങ്ങനെ പോകുന്ന കാര്യം അറിയില്ലായിരുന്നു. കുറേ നേരം കാത്തിരുന്ന മുഷിഞ്ഞ ഞാനും വേറെ 2 പേരും നടന്നു. 14 കിലോമീറ്റർ, 4 മണിക്കൂർ..

ശരീരം ഫിറ്റല്ലെങ്കിൽ യാതൊരു കാരണവശാലും നടക്കാൻ തുനിയരുത്. ഹൈ ആൾറ്റിറ്റുഡിൽ ബാക്ക്പാക്കും തൂക്കി നടന്ന അവസ്‌ഥ ഭീകരമായിരുന്നു.

but.. we did it :)

ഇനി നടക്കാനാണെങ്കിൽ നേരത്തെ പറഞ്ഞ kunzum പാസ് തുടങ്ങുന്ന സ്ഥലത്ത് ഒരു ബുദ്ധ ക്ഷേത്രമുണ്ട്. കണ്ടക്ടറോട് ചോദിച്ചിട്ട് അവിടെയിറങ്ങുക. അവിടുന്ന് ചന്ദ്രതാൽ തടാകത്തിലേക്ക് ട്രെക്കിങ് റൂട്ടുണ്ട്. 8 കിലോമീറ്റർ, 3 മണിക്കൂർ downhil ട്രെക്ക്. ബത്തലിൽ ചെന്നു നടക്കുന്നതിൽ എത്രയോ ഭേദം..

ചന്ദ്രതാൽ തടാകത്തിനു സമീപം ക്യാമ്പിംഗ് അനുവദിക്കില്ല. തടാകം എത്തുന്നതിന് 3.5 കിലോമീറ്റർ മുൻപ് ഒരുപാട് ക്യാമ്പുകൾ കാണാം.

നേരത്തെ പറഞ്ഞ tensin'ന്റെ ക്യാമ്പിലാണ് താരതമ്യേന rate കുറവ്.
500/- (പേശണം)
089883 13473 : Mr Tenzin

 ( സ്വന്തം ടെന്റടിക്കാൻ എവിടെയായാലും 300 രൂപ കൊടുക്കണം )

ടെന്റ് സെറ്റാക്കിയ ശേഷം ചന്ദ്രതാലിലേക്ക് നടക്കണം. ഹോ.. ഒരു വല്ലാത്ത നടപ്പു തന്നെ, ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടിയ നടപ്പായിരുന്നു അത്. എങ്കിലും തടാകത്തിന്റെ കാഴ്ചകൾ കാണുമ്പോ അനുഭവിച്ച കഷ്ടപ്പാടുകൾ എങ്ങോ മറയും. തടാകത്തിൽ പോയാൽ സൂര്യൻ മറയും മുന്നേ തിരിച്ചു നടക്കാൻ ശ്രമിക്കുക. അസ്തമയം കഴിഞ്ഞ ഉടനെ കഠിനമായ തണുപ്പ് തുടങ്ങുകയും കൈകാലുകൾ മരവിക്കുകയും ചെയ്യും..

Backpacking ആയിട്ടാണ് പോകുന്നതെങ്കിൽ tenzin ന്റെ കൂടെ തന്നെ താമസിക്കുക. തലേന്നു തന്നെ പറഞ്ഞാൽ പുള്ളി രാവിലെ നമുക്ക് പോകാൻ ഏതേലും വണ്ടിയിൽ സീറ്റ് റെഡിയാക്കി തരും.. അതല്ലെങ്കിൽ സ്വന്തം പിക്കപ്പ് വാനിൽ tensin ബത്തലിലേക്ക് വരുമ്പോൾ ലിഫ്റ്റ് തരും ..

രാവിലെ 9 മണിക്കാണ് കാസയിൽ നിന്നു വരുന്ന മണാലി ബസ്സ് എത്തുന്നത്. അപ്പൊ ക്യാമ്പിൽ 5 മണിക്കു തന്നെ എഴുന്നേൽക്കുക..

(ഇനി ആ ബസ്സ് പോയാലും പ്രശ്നമില്ല. ആ വഴിക്ക് വരുന്ന ഏതേലും വണ്ടിയിൽ കൈ കാണിച്ചു നേരെ മണാലി, അല്ലെങ്കിൽ മണാലി വഴിയിൽ ചെന്നു മുട്ടുന്ന ഗ്രാംഫു (gramphu) കയറുക...

ഗ്രാംഫുവിൽ നിന്ന് മണാലിക്ക് തുരുതുരാ വാഹനങ്ങൾ പോകുന്നു (ബസ്സും ഉണ്ട് )

______________

മണാലിയിൽ നിന്ന് തിരിച്ചു ഡൽഹി...
______________





ഡൽഹിയിൽ നിന്നും എനിക്ക് വന്ന ചിലവ് :

വണ്ടിക്കൂലി : 4420/- രൂപ
താമസം : 2500/- രൂപ
(4 ദിവസം ടെന്റടിച്ചു, പരമാവധി പൈസ കുറഞ്ഞ റൂമുകൾ എടുത്തു )
+ ഭക്ഷണം

അപ്പൊ എങ്ങനാ കൂട്ടുകാരെ,
പോകുവല്ലേ ???
ബാഗ് പാക്ക് ചെയ്തോളൂ. നോക്കി നിൽക്കാൻ സമയമില്ല. സ്പിറ്റി വാലി നിങ്ങളെ കാത്തിരിക്കുന്നു.......

_____________________________

കുറച്ചു Backpacking ടിപ്സ്.


1- ഒരു ഡയറി വാങ്ങി യാത്രയ്ക്ക് അത്യാവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതി വക്കുക (അത്യാവശ്യമുള്ളത് മാത്രം) .. പോകാനിറങ്ങുന്ന അവസാന നിമിഷം എന്തെങ്കിലും മറന്നിട്ടുണ്ടോ എന്നു നോക്കാൻ ഇതിലും നല്ല വഴിയില്ല..
________________________

2- സ്മാർട്ഫോണിനെ പൂർണ്ണമായും ആശ്രയിക്കാതിരിക്കുക. മേൽ പറഞ്ഞ ഡയറിയിൽ, പോകാണുദ്ദേശിക്കുന്ന സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ, അറിയാവുന്ന ബസ് സമയങ്ങൾ തുടങ്ങിയവ എഴുതി വക്കുക. മൊബൈലിൽ ഗൂഗിൾ മാപ്പ് ഉണ്ടെങ്കിലും, ഒരു ബേസിക് മാപ്പ് ഡയറിയിൽ വരച്ചു വക്കുക. ( യാത്രയ്ക്കിടെ എന്തേലും ആശ്രദ്ധയാൽ ഒന്നു താഴെ വീണാലോ, വെള്ളം നനഞ്ഞാലോ തീരാവുന്നതെ ഉള്ളൂ സ്മാർട്ഫോൺ )

യാത്രയിലെ ഓരോ ദിവസത്തെയും കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ അന്നത്തെ ഡേറ്റിൽ എഴുതി വക്കുക. പിന്നീടത് വായിക്കുമ്പോൾ ആ സ്ഥലത്തു വീണ്ടും പോയ ഫീലാണ്..
________________________

3- ഒരുപാട് സാധനങ്ങൾ കൊണ്ടു പോകുന്നുണ്ടെങ്കിൽ തോളിനു ഭാരം വരാത്ത രീതിയിലുള്ള (Rucksack) ഒരു ബാഗ് വാങ്ങുക. 2000 രൂപ മുതൽ അത്തരം ബാഗുകൾ ഓൺലൈനായി ലഭ്യമാണ്. തോളിൽ ഭാരം വരാതെ അരക്കെട്ടിൽ കനം ബാലൻസ് ആവുന്ന തരത്തിലാണ് ഇവയുടെ രൂപകൽപ്പന.

 ബസ്സ്, ലിഫ്റ്റ്, നടപ്പ്. ഈ ഉദ്ദേശത്തിൽ പോകുന്ന ആൾക്ക്, ബാഗിന് ഭാരം കൂടിയാൽ നടപ്പ് ഒരു ബാധ്യതയാവുകയും യാത്ര അലങ്കോലമാവുകയും ചെയ്യും..
________________________

4- മേൽ പറഞ്ഞ പോലെയുള്ള ബാഗുകളിൽ സാധനങ്ങൾ പാക്കു ചെയ്യുമ്പോൾ ചുമ്മാ വാരി വലിച്ചു നിറക്കാതിരിക്കുക. കൃത്യമായി വെയിറ്റ് ബാലൻസ് ചെയ്ത് ബാഗ് റെഡിയാക്കിയാൽ ഒരു 15 കിലോ ഭാരമൊക്കെ ഒട്ടും അയാസപ്പെടാതെ തോളിലിട്ടു നടക്കാൻ കഴിയും. ഇതേ സാധനങ്ങൾ വാരി വലിച്ചു നിറച്ചപ്പോൾ ഇരട്ടി ഭാരമായാണ് അനുഭവപ്പെട്ടത്. എപ്പോഴും പാക്കു ചെയ്യുമ്പോൾ നമ്മുടെ കപ്പാസിറ്റിയുടെ 2 കിലോ കുറച്ചു ചെയ്യുക. ഒരുപാട് നടക്കേണ്ട അവസ്ഥ വരുമ്പോൾ 2 ലിറ്റർ വെള്ളത്തിനുള്ള സ്പേസ് ആണിത്.
________________________

5 - ഒരു ചെറിയ oneside ബാഗ് കരുതുക. ഡയറി പേന, പവർബാങ്ക് & ചാർജർ,  മുതലായവ ഇതിലിടുക. HRTC ബസ്സുകളിൽ പലപ്പോഴും വലിയ ബാഗ് മുകളിലെ കാരിയറിൽ കെട്ടി വെക്കേണ്ടി വരും, അപ്പൊ ഇത്തരം യാത്രകളിൽ ഒരു ചെറിയ ബാഗ് അത്യാവശ്യം തന്നെ. (ക്യാമറ ബാഗ് കയ്യിലുള്ളവർക്ക് അതുപയോഗിക്കാം )
________________________

6 - കഴിയുമെങ്കിൽ ഒരു ടെന്റ് കയ്യിൽ കരുതുക. സ്ലീപ്പിങ് ബാഗും. എവിടെ കിടക്കുമെന്ന ടെന്ഷനില്ലാതെ യാത്ര ചെയ്യാം. ബസ്റ്റാന്റിലും മറ്റും കിടക്കേണ്ട അവസ്‌ഥ വന്നാൽ സ്ലീപ്പിങ് ബാഗ് വിരിച്ച് ബാഗും അതിനുള്ളിൽ അഡ്ജസ്റ് ചെയ്തു വച്ചു സുഖമായി കിടന്നുറങ്ങാം.
________________________

7 - സിബ്ബ് ഉള്ള പോക്കറ്റോടു കൂടിയ തെർമൽ ജാക്കറ്റ് വാങ്ങുക.

ഗുണം : പേഴ്‌സ്, മൊബൈൽ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ ജാക്കറ്റിന്റെ പോകറ്റിലിട്ടു സിബ്ബടച്ചാൽ ഒരു പരിധി വരെ സുരക്ഷിതമാണ്.. ( ട്രെക്കിങ്ങിനിടെ അത്യാവശ്യം വേണ്ടി വരുന്ന ഗുളികകൾ, ഓക്സിജൻ inhaler, ചോക്ലേറ്റ് etc ഇതിലിടാം )

പിന്നെ ഏറ്റവും പ്രധാന ഗുണം.

പരമാവധി രണ്ടു ബനിയനുമായിട്ടാണല്ലോ നമ്മൾ പോകുന്നത്. അപ്പൊ ഈ വസ്ത്രങ്ങൾ എപ്പോഴും അലക്കാൻ കഴിയില്ല. അപ്പോ പബ്ലിക് ട്രാൻസ്പോർട്ടുകളിൽ യാത്ര ചെയ്യുമ്പോൾ ഈ വസ്ത്രങ്ങളുടെ മുഷിപ്പിൽ നിന്ന് തെർമൽ ജാക്കറ്റ് നമ്മെ രക്ഷിക്കും. ഇത്തരം ജാക്കറ്റിന് മുഷിഞ്ഞ ഗന്ധം ഉണ്ടാവുകയില്ല .. മടക്ക യാത്രയിൽ ഈ ജാക്കറ്റ് മാത്രമിട്ടാണ് ഞാൻ വന്നത്..

( യാതൊരു കാരണവശാലും തുണി കൊണ്ടുള്ള, മുഷിയുന്ന ജാക്കറ്റ് കൊണ്ടു പോകരുത്. അവസാനം അതും കൂടി കൊണ്ടു നടക്കൽ ഒരു ബാധ്യതയാവും )
________________________

8 -  അനാവശ്യമായി പ്ലാസ്റ്റിക് ബോട്ടിലുകൾ വാങ്ങി കൂട്ടാതിരിക്കുക..

വിദേശികളിൽ നിന്നാണ് ഞാനിത് പഠിച്ചത്.

 യാത്രയിൽ, എപ്പോഴും കുടിക്കാനായി കുപ്പിവെള്ളതെയാണ് ഞാൻ ആശ്രയിച്ചിരുന്നത്. ഒരു ബോട്ടിൽഫ്ലാസ്‌ക്ക് ബാഗിൽ ഉണ്ടായിരുന്നെങ്കിലും ചൂടുവെളളം പിടിക്കാൻ മാത്രമേ അതെടുത്തുള്ളൂ.

 ചന്ദ്രതാൽ തടകത്തിലേക്കുള്ള നടപ്പിൽ പരിചയപ്പെട്ട ജർമനിക്കാരനായ ലൂക്കാസാണ് എനിക്കീ കാര്യം മനസ്സിലാക്കി തന്നത്. യാത്രയിലുടനീളം എത്ര ബോട്ടിലുകൾ വാങ്ങി എന്നറിയില്ല. എന്നാലും അവസാനം കയ്യിലുള്ള ഒരെണ്ണമൊഴിച്ചു ബാക്കി എല്ലാം ഭൂമിക്കു ഭാരമായി കഴിഞ്ഞു (വേസ്റ്റ് ബിന്നിൽ ആയാലും )

അപ്പോ, അതൊഴിവാക്കാൻ വെള്ളം കുടിക്കാനായി മാത്രം കനം കുറഞ്ഞ, കയ്യിൽ പിടിച്ചു നടക്കാൻ കഴിയുന്ന ഒരു ബോട്ടിൽ വാങ്ങുക. വെള്ളം നിറയ്ക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം നിറച്ച് അതു കുടിക്കുക.

 steripen എന്ന UV water purifier ഉപയോഗിച്ച്‌ വെള്ളം അണു വിമുക്തമാക്കിയാണ് ലൂക്കാസ് കുടിക്കുന്നത്. steripen ഓണ്ലൈനിൽ വാങ്ങാൻ കിട്ടും..

കൂടാതെ, നമ്മുടെ നാട്ടിലെ സാധാ ഇഞ്ചി മുറിച്ചു ചെറിയ കഷണം കുപ്പിയിലിട്ടാൽ ശരീരത്തിന് ഉപയോഗപ്രദമായ എന്തൊക്കെയോ ഔഷധ ഗുണങ്ങൾ ലഭിക്കുമെന്നും ലൂക്കാസ് പറഞ്ഞറിഞ്ഞു. കഠിനമായ ട്രെക്കിങ്ങിനിടെ ഇഞ്ചിയിട്ട വെള്ളം കുടിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു.
________________________

9- പതിനഞ്ച്‌ രൂപയുടെ ചെറിയ ഓട്ട്സ് പാക്കറ്റ് മാർക്കറ്റിൽ ലഭ്യമാണ്. അത് കുറച്ചു മേടിക്കുക. കനം കുറഞ്ഞ ചെറിയൊരു പാത്രവും കരുതുക.

ഗുണം : ടെന്റടിക്കേണ്ട അവസ്‌ഥയിലോ, രാത്രിയിൽ വിശന്നാലോ, യാത്രയിൽ ശാരീരികമായ അസ്വസ്ഥതകൾ വന്നാലോ, വെറും 2 മിനിറ്റു കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ആരോഗ്യപ്രദമായ ഭക്ഷണം. എവിടുന്നേലും അൽപ്പം ചൂടുവെള്ളം ഒപ്പിക്കേണ്ട പണിയെ ഉള്ളൂ..
________________________

10- ഒരു തൊപ്പി, ഷാൾ എന്നിവ കയ്യിൽ കരുതാൻ മറക്കരുതേ, വെയിലിൽ നിന്ന് തൊപ്പിയും വൈകുന്നേരത്തെ കടുത്ത തണുപ്പിൽ നിന്നു ഷാളും നമ്മെ സംരക്ഷിക്കും.. കൂടാതെ HRTC ബസ്സുകൾ കൂടുതലും രാവിലെയാണ് പുറപ്പെടുന്നത്. പുലർച്ചെയുള്ള യാത്രകളിൽ മുഖത്തേക്ക് നേരെ അടിക്കുന്ന തണുത്ത കാറ്റ് തലവേദന ഉണ്ടാക്കാൻ സാധ്യതയുണ്ട്. അപ്പൊ ഷാൾ ചുറ്റി മുഖം മറക്കുക..
________________________

11 - കഴിയുമെങ്കിൽ waterproof ഷൂ..

ഒരു സാധാരണ ഷൂ ഇട്ടാണ് ഞാൻ പോകാൻ തീരുമാനിച്ചത്. അവസാന ദിവസം കൂട്ടുകാരൻ ഷിജു സഹായിച്ചു നല്ലൊരു ഷൂ വാങ്ങി (Quechua waterproof ). പിൻ വാലിയിലും ചന്ദ്രതാലിലുമൊക്കെ പലതരം water ക്രോസിങ്ങുകളിൽ അൽപ്പം പോലും വെള്ളം അകത്തു കയറാതെ ഇതു സംരക്ഷിച്ചു. സാധാ ഷൂ ആയിരുന്നേൽ സോക്‌സടക്കം നനഞ്ഞു ചണ്ടിയായേനെ.
________________________

 പിന്നെ സോക്സ്‌. പോകുന്നതിനു മുൻപ് യാത്രികനായ Hussain Nellikkal ഇക്കാടെ ഒരു ഉപദേശം ഉണ്ടായിരുന്നു. കുറേ ലോക്കൽ സോക്സ്‌ വാങ്ങാൻ. ഒരു ദിവസം ഉപയോഗിക്കുക, കളയുക.. പക്ഷേ എന്റെ കയ്യിൽ ഒരാഴ്ച ഇട്ടാൽ പോലും മണം വരാത്ത കുറെ സോക്കസുണ്ടായിരുന്നു. അതിനാൽ വാങ്ങിയില്ല..

പക്ഷേ യാത്രയിൽ socksകൾക്ക് മണം വന്നു. കഴുകിയിട്ടു ഉണങ്ങുന്നുമില്ല. നല്ലതായതിനാൽ കളയാനും തോന്നുന്നില്ല. അപ്പൊ ഇനി മുതൽ ഞാനൊന്നു തീരുമാനിച്ചു...

ഇനി പോകുമ്പോൾ local സോക്സ്‌ വാങ്ങുക. ഉപയോഗിച്ച ശേഷം കളയുക..
________________________

CAMPING

കേരളത്തെ അപേക്ഷിച്ച് ഹിമാചൽ പ്രദേശിൽ ക്യാമ്പിംഗ് വളരെ സുരക്ഷിതമാണ്. തണുപ്പ് മാത്രമാണ് വലിയ വെല്ലുവിളി. പക്ഷേ പേടിക്കാൻ ഒന്നുമില്ല.

സ്ലീപ്പിങ് ബാഗ്
സ്ലീപ്പിങ് മാറ്റ്
( ബാഗിനുള്ളിൽ വിരിക്കുക)

ചെറിയ gloves
3 layer ഡ്രസ്
2 സോക്സ്
ഒരു monkey ക്യാപ് / ഷാൾ

എന്നിവ ഉണ്ടെങ്കിൽ തണുപ്പ് സീറോ ഡിഗ്രി പോയാലും ഒരു കുഴപ്പവുമില്ലാതെ ഉറങ്ങാൻ കഴിയും (ചന്ദ്രതാലിൽ തണുപ്പ് -4 വരെ പോയിരുന്നു )

ടെന്റ് പിച്ച് ചെയ്തു കഴിഞ്ഞാൽ പരമാവധി ഡോർ അടച്ചിടാൻ ശ്രമിക്കുക. Quechua യുടെ ടെന്റായിരുന്നു കയ്യിൽ. കടുത്ത തണുപ്പുള്ള അന്തരീക്ഷത്തിൽ, ടെന്റ് close ചെയ്ത് അര മണിക്കൂറിനുള്ളിൽ അകത്ത് തണുപ്പ് കുറയുന്നതായി അനുഭവപ്പെട്ടിരുന്നു. അപ്പൊ, രാത്രി എന്തെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങിയാൽ ഉടൻ തന്നെ അടച്ചു വക്കുക. തണുപ്പ് മാത്രമല്ല, ഇഴ ജന്തുക്കൾ കയാറുവാനുള്ള സാധ്യതയും ഒഴിവാകും.
_________________________

11 - phone tips

BSNL സിം കൈ വശം വക്കുക. നന്നായി ചാർജ് നിൽക്കുന്ന സാധാ ഫോണിൽ ആ സിമിടുക. smartphone പരമാവധി flight മോഡിൽ ഇടുക. ക്യാമറ ഉപയോഗിക്കാനും മറ്റും കൂടുതൽ ബാറ്ററി ബാക്കപ്പ് കിട്ടും..
________________________

Telegram App download ചെയ്യുക.
ഇതൊരു നല്ല cloud സ്റ്റോറേജ് ആണെന്ന് എത്ര പേർക്കറിയാം ??
ടെലിഗ്രാമിൽ നമുക്ക് നമ്മുടെ നമ്പറിലേക്ക് തന്നെ മെസ്സേജയക്കാം. അതായത്..

ID കാർഡുകൾ, അത്യാവശ്യം വിവരങ്ങൾ, ട്രെയിൻ / വിമാന ടിക്കറ്റുകളുടെ കോപ്പി. പോകുന്ന സ്ഥലങ്ങളിലെ അവശ്യ ഡീറ്റൈൽസ് എന്നിവ നമുക്കു തന്നെ മെസ്സേജയച്ചിടുക. പിന്നീട് മൊബൈൽ ഫ്ലൈറ്റ് മോഡിൽ ആയാലും വളരെ പെട്ടെന്ന് തന്നെ ഇവ എടുക്കാവുന്നതാണ്. ആക്കൗണ്ട് ഡിലീറ്റ് ആയിപ്പോയാലും ഈ ഡാറ്റാസ് നമുക്ക് വീണ്ടെടുക്കാം..
________________________

Couch surfing എന്ന app download ചെയ്ത് ലോഗിൻ ചെയ്യുക. യാത്രികർക്ക് വേണ്ടിയുള്ള International കൂട്ടായ്‌മ ആണിത്. നമ്മൾ പോകാണുദ്ദേശിക്കുന്ന സ്ഥലം സെർച്ച് ചെയ്താൽ ആ ഭാഗത്ത് നമുക്ക് ഒരു രാത്രി താമസിക്കാൻ അവസരം ഒരുക്കുന്ന ആളുകൾ കാണും. യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ couch surfing'ന്റെ സാധ്യത പരമാവതി ഉപയോഗിക്കുക.
________________________

Google Map ൽ നമ്മൾ പോകാണുദ്ദേശിക്കുന്ന സ്ഥലത്തിന്റെ offline areas ഡൌൺലോഡ് ചെയ്തു വക്കുക. യാത്രയിൽ smartphone കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഉപകാരം ഇതായിരുന്നു.

 ഗൂഗിൾ മാപ്പ് ഓഫ്‌ലൈനിൽ walking directions ലഭ്യമല്ലായിരുന്നു. അതു സംസാരിച്ചപ്പോൾ ലൂക്കാസ് പറഞ്ഞറിഞ്ഞതാണ് "Maps Me" എന്ന app. നടപ്പു വഴി പോലും വ്യക്തമല്ലാത്ത ഹിമാലയൻ പർവതത്തിൽ പോലും കൃത്യമായ വഴിയും അൾറ്റിട്യൂടും ലൂകാസിന്റെ ഫോണിൽ കാണുന്നുണ്ടായിരുന്നു. അപ്പോ download ചെയ്തോളൂ.. : Maps Me
________________________

യൂട്യൂബിൽ കേറി : Bamboo flute relaxing music, അല്ലെങ്കിൽ ഇഷ്ടമുള്ള meditation musics ഡൌൺലോഡ് ചെയ്യുക. ഒറ്റയ്ക്ക് എവിടേലും ചെന്നിരുന്ന് അതൊന്നു കേട്ടു നോക്കണം. വല്ലാത്ത ഫീലാ.. പറയാൻ വാക്കില്ല...
________________________

കഴിയുമെങ്കിൽ കുറച്ചു പൈസ Paytm wallet പോലെയുള്ള online wallet ൽ ഇട്ടു വക്കുക. പേഴ്സും ATM കാർഡും കളഞ്ഞു പോയ അവസ്‌ഥ വന്നാൽ, തിരിച്ചു വരാണെങ്കിലും ഉപകരിക്കും.
________________________

സോളാർ പവർ ബാങ്ക് കയ്യിലുണ്ടെങ്കിൽ മൊബൈൽ/ക്യാമറ charging എളുപ്പത്തിൽ  നടക്കും. ഇത്തരം പവർ ബാങ്ക് ഉപയോഗിച്ചാണ് നേരത്തെ പറഞ്ഞ ലൂക്കാസിന്റെ യാത്ര.

_______________________

അത്യാവശ്യം കയ്യിൽ വക്കേണ്ട മരുന്നുകൾ :
( ഡോക്ടറായ യാത്രികൻ, പ്രിയ സുഹൃത്ത് Babz Sager പറഞ്ഞു തന്ന വിവരങ്ങൾ )

Diamox 500 tablet :
Acute Mountain Sickness (AMS) ഭീതിയുള്ളവർ, ആൾറ്റിട്യൂട് കയറും മുൻപ് രാവിലെയും രാത്രിയും ഭക്ഷണത്തിന് ശേഷം പകുതി കഴിക്കുക. AMS ബാധിച്ചു കഴിഞ്ഞാൽ ഇത് കഴിച്ചിട്ട് കാര്യമില്ല.

തലവേദനയ്ക്കുള്ള ഗുളിക

50ml Oxygen Inhaler :
ഓക്സിജൻ കുറവുള്ള പ്രദേശങ്ങളിൽ ശ്വാസ തടസ്സം നേരിട്ടാൽ, നന്നായി കുലുക്കി 2 പഫ് പുറത്തേക്ക് അടിച്ചു കളഞ്ഞ ശേഷം ഉപയോഗിക്കുക (നമുക്ക് ഉപയോഗം വന്നില്ലെങ്കിലും ഒരുപക്ഷേ കൂടെ യാത്ര ചെയ്യുന്ന ആർക്കെങ്കിലും ഉപകരപ്പെട്ടേക്കാം)

Vicks (ബോഡി പെയിൻ )
ആദ്യമായി ഇത്രയും ദിവസം ബാക്ക്പാക്ക് ഇടുമ്പോൾ ആദ്യ ദിവസങ്ങളിൽ ചെറിയ കഴുത്ത് വേദന വരാൻ സാധ്യതയുണ്ട്. അപ്പൊ ഉപകാരപ്പെടും, പിന്നെ ട്രെക്കിങ്ങിനു ശേഷം കാലുകളിലും..

voveron 100 regular

(ശരീരവേദന, സഹിക്കാൻ കഴിയില്ലെങ്കിൽ മാത്രം ഭക്ഷണത്തിന് ശേഷം രാത്രിയിൽ ഒന്ന് )

sanitiser :
എല്ലാ സ്ഥലങ്ങളിലും നമുക്ക് ഭക്ഷണം കഴിക്കാൻ നേരം വൃത്തിയായി കൈ കഴുകാൻ സാധിച്ചു എന്നു വരില്ല. അപ്പൊ ഉപയോഗപ്രദം. ( ഞാനിതു വാങ്ങാൻ മറന്നു പോയിരുന്നു )

________________________
പിന്നെ,
ഹിമാലയത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന,
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി :

"ഒറ്റയ്ക്കോ ?? അങ്ങോട്ടോ ??
ഒന്നൂടെ ആലോചിച്ചിട്ട് പോരെ ??
അപകടം പിടിച്ച യാത്രയാണ്..."

യാത്രയ്ക്ക് മുൻപ് ഇങ്ങനെയുള്ള -ve ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുക. എനിക്കും കിട്ടിയിരുന്നു കുറെ "ഉപദേശം". അതിന്റെ ടെൻഷനും ഉണ്ടായിരുന്നു. പക്ഷെ പോയി വന്നപ്പോൾ മനസ്സിലായി...

"മനസ്സു വച്ചാൽ, ആർക്കും ലോക്കലായി, എളുപ്പത്തിൽ പോയി വരാവുന്ന സ്വപ്ന ഭൂമിയാണ് ഹിമാലയം...
ഒരു തവണ പോയി വന്നാൽ വീണ്ടും വീണ്ടും വിളിക്കുന്ന എന്തോ ഒരു ഫീലിംഗ് അവിടെ ഒളിഞ്ഞിരിക്കുന്നു...."

അപ്പൊ എങ്ങനാ...
പോകുവല്ലേ      ????

ബാഗ് പാക്ക് ചെയ്തോളൂ.

For any doubts : 9995259982 jabir

ഏന്തയാറിനു മേലെ: ഉറുമ്പിക്കര മലയിലെ രാത്രി.

ഒരിക്കൽ.. ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ഞങ്ങൾ നാലുപേർ മല കയറി. പർവ്വതങ്ങൾ നിഴലേകുന്ന ഏന്തയാറെന്ന ഗ്രാമവും കടന്ന് വടക്കേമല വഴി ഉറുമ്പിക്കരയുടെ ഉയരങ്ങളിലേക്ക്...

പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല,
എവിടേലും കേറിയെത്തണം..
നഗരങ്ങളുടെ തിരക്കുകളും
ശബ്ദ കോലാഹലങ്ങളുമില്ലാതെ
മാനം നോക്കി കിടക്കണം..

നക്ഷത്രങ്ങൾ മിന്നി തുടങ്ങുമ്പോൾ
ഏകാന്തമായി ഇരുന്ന് പ്രാർത്ഥിക്കണം..
ഉറക്കം വരുമ്പോൾ അതേ പാറപ്പുറത്ത് കിടന്നുറങ്ങണം. പുലരിയിലെ സൂര്യോദയം കാണണം. ആ ചുവന്ന വെളിച്ചത്തിൽ എല്ലാം മറന്ന് നിൽക്കണം..

ഇവന്മാർക്ക് വട്ടാണോ എന്നു ചോദിച്ചാൽ ഞങ്ങൾ ചിരിക്കും.. കാരണം, അവർക്കറിയില്ലല്ലോ, രാത്രിയുടെ യാമങ്ങളിൽ ഒറ്റയ്ക്ക് നിശബ്ദമായി ഇരിക്കുമ്പോൾ കിട്ടുന്ന അനുഭൂതി..

താഴെയും മുകളിലും ഒരേ പോലെ നക്ഷത്രങ്ങൾ കണ്ടിട്ടുണ്ടോ ??

ഇല്ലെങ്കിൽ കാണണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം. രാത്രിയുടെ യാമങ്ങളിൽ ഏകാന്തമായി ഇങ്ങനെയിരിക്കണം. ജീവിതത്തിലാദ്യമായി, പാതിരാവിന്റെ പൂർണ്ണ സൗന്ദര്യം ഞാനറിയുകയാ. ഏന്തയാറിന്റെ മേലെ. ഉറുമ്പിക്കരയുടെ മാറിലിരുന്ന്..

ഇപ്പോ.. ഇവിടെയീ പാറപ്പുറത്തിരിക്കുമ്പോ എനിക്ക് കാണാം. അങ്ങു താഴെയുള്ള മലയോര ഗ്രാമങ്ങളിലെ  നുറുങ്ങു വെളിച്ചങ്ങൾ. അവയെ ഞങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ എന്നു വിളിക്കുന്നു. മനുഷ്യ നിർമ്മിതമായ ഭൂമിയിലെ നക്ഷത്രങ്ങൾക്ക് ഇവിടെയിരുന്നു നോക്കിയാൽ ഇളം മഞ്ഞ നിറമാ. കൂടാതെ വല്ലപ്പോഴും മാത്രം താഴെ ദൂരെ, ഉറുമ്പിനെ പോലെ അനങ്ങുന്ന നക്ഷത്രങ്ങളെയും കാണാം. ഭൂമിയിലെ വാൽ നക്ഷത്രങ്ങൾ, അതായത് വാഹനങ്ങൾ. 

മഞ്ഞും കൊണ്ടിങ്ങനെ ഇരിക്കുമ്പോ ഭൂമിയെ രണ്ടു പകുതിയായി കാണുന്നുണ്ട്. ആകാശവും ഭൂമിയും കൂട്ടിമുട്ടുന്ന ആ വരയ്ക്കൊപ്പം ഉയരത്തിലാണ് ഞങ്ങളിപ്പോൾ. സത്യം പറഞ്ഞാൽ താഴേക്കുള്ള പകുതി പേടിപ്പിക്കുന്ന കറുപ്പ് നിറത്തിൽ കാണുന്നു. ഇടയിൽ അവിടവിടെയായി നുറുങ്ങു വെളിച്ചങ്ങളും. മുകളിലെ പകുതിയാ കാണാൻ രസം..

അതിനു നല്ല നീല നിറമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??

വിശ്വാസമില്ലെങ്കിൽ,
ഒരു രാത്രി ഉയരത്തിൽ ഇങ്ങനെയിരിക്കണം..
ഈ അത്ഭുതങ്ങൾ അനുഭവിച്ചറിയണം..

___________________

 ഏന്തയാർ: കിഴക്കൻ മലനിരകളുടെ താഴ്‌വരയിലെ ഈ ഗ്രാമത്തെ കുറിച്ച് എത്ര പേർക്കറിയാം ?

വടക്കേമല, തെക്കേമല, പോത്തൻമല, ഉറുമ്പിക്കര മല, മുതുകോര മല ഇങ്ങനെ ചുറ്റുപാടും തലയുയർത്തി നിൽക്കുന്ന എത്രയെത്ര മലകൾ. മണിമലയാറും പുല്ലകയാറും സംഗമിക്കുന്ന, ഇടുക്കി ജില്ലയിലെ മുണ്ടക്കയത്ത് നിന്നും 12 കിലോമീറ്റർ അകത്തേക്ക് സഞ്ചരിച്ചാൽ ഏന്തയാറെത്താം. എറണാകുളത്തു നിന്നും വർഷങ്ങളായി 3 ബസ്സുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട്. 

പുറമേ നിന്ന് നോക്കിയാൽ ടൂറിസമോ മറ്റു ശല്യങ്ങളോ കടന്നു വരാത്ത ഒരു സാധാരണ ഗ്രാമം മാത്രം. എന്നാൽ ഉള്ളറിഞ്ഞാലോ, കാഴ്ചകളുടെ കലവറയാണിവിടം. നാലു ഭാഗവും മലനിരകൾ. ഇടുക്കിയേയും കോട്ടയത്തെയും വേർതിരിച്ചു കൊണ്ട് വെള്ളാരം കല്ലുകൾ തഴുകിയൊഴുകുന്ന പുല്ലകയാർ, ഉറുമ്പിക്കര മലയിൽ നിന്നും ഉത്ഭവിക്കുന്ന പാപ്പാനിത്തോട്, നനഞ്ഞു വഴുതി കിടക്കുന്ന പാപ്പാനിത്തോട് വഴി മുകളിലേക്കു കയറിയാൽ ചെങ്കുത്തായ ഉയരങ്ങൾ. പാറക്കെട്ടുകളിൽ തല്ലിത്തലോടി താഴേക്ക് പതിക്കുന്ന മൂന്ന് നെടുനീളൻ വെള്ളച്ചാട്ടങ്ങൾ. 

  വെംബ്ലി അല്ലെങ്കിൽ വടക്കേമല വഴി ഉറുമ്പിക്കരയിലേക്കും- വല്യന്ത വഴി വാഗമണിലേക്കും - പ്ലാപ്പള്ളി വഴിയും - ഇളംകാട് ടോപ്പ് വഴി മൂപ്പൻ മലയിലേക്കും നല്ല കിടിലൻ ഓഫ്‌റോഡുകൾ.
  ഇളംകാട് വല്യന്ത വഴി വാഗമണിലെ കോലാഹലമേട് - കുരിശുമല ഭാഗത്തേക്കും, പ്ലാപള്ളിയിൽ നിന്ന് മുതുകോര മലയിലേക്കുമെല്ലാം ട്രെക്കിങ് പാതകൾ. കൂടാതെ നന്നായി ബുദ്ധിമുട്ടാൻ തയാറുള്ളവർക്ക് മൂപ്പൻ മല വഴി കരിന്തരുവി, ഉപ്പുകുളം റിസർവോയർ ദിശയിലേക്ക് കിഴുക്കാം തൂക്കായ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കയറിയെത്താം. ഏന്തയാറിന്റെയും പരിസരങ്ങളുടെയും വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത അത്രയുണ്ട്..
  പ്രഭാത മഴ കണ്ടു കൊണ്ട്, തണുപ്പകറ്റാൻ ചൂടൻ കട്ടൻകാപ്പിയും ഊതി ഉമ്മയുടെ വീടിന്റെ വരാന്തയിലിരിക്കുമ്പോഴൊക്കെ പലവട്ടം ആലോചിച്ചതാണ്. ഈ നാടിനെ കുറിച്ചൊന്നു എഴുതണമെന്ന്. ഒരുപാട് തവണ മനസ്സ് വേണ്ടെന്നു പറഞ്ഞു. ഒരുപക്ഷേ എന്റെ മനസ്സിലെ സ്വാർത്ഥതയേക്കാൾ ഉപരി മീശപ്പുലിമലയ്ക്ക് സംഭവിച്ച, ഇപ്പോൾ ഉളുപ്പുണിക്കും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും ആവർത്തിക്കപ്പെടുമോയെന്ന ഭയം ഈ എഴുത്തിനെ വീണ്ടും വൈകിച്ചു.

ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലോ. എന്തായാലും ചില ട്രെക്കിങ് മാഫിയകൾ ഏന്തയാറിനെ നന്നായി ചൂഷണം ചെയ്യുന്നത് കാണുമ്പോൾ പറയാതിരിക്കാൻ കഴിയുന്നില്ല. മേൽപ്പറഞ്ഞ ഒരു സ്ഥലത്തും യാതൊരു വിധ പെർമിഷന്റെയും ആവശ്യമില്ല. വഴി കാണിക്കാൻ ആളുണ്ടെങ്കിൽ ആർക്കും പോകാം.  പുറം നാട്ടുകാരോടുള്ള അപരിചിതത്വം പ്രകടിപ്പിക്കാറുള്ള ഏന്തയാറുകാരോട്, ഈഗോ കളഞ്ഞ് ഒന്നടുത്തു നോക്കിയാൽ ഹൈറേഞ്ചുകാരന്റെ സ്നേഹം എന്തെന്നറിയാം. 
ഏന്തയാറിലൂടെ കടന്നു പോകുന്ന ഓരോ യാത്രികനും ഈ നാടിനെ കുറിച്ചറിയണം. 

"എൻ തായാർ" - അഥവാ എന്റെ അമ്മ.

"ചരിത്രങ്ങൾ അറിഞ്ഞാൽ അനുഭവങ്ങൾക്ക് ശക്തി കൂടും.."

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം:

കാലവർഷം കനിഞ്ഞനുഗ്രഹിച്ച നമ്മുടെ നാട്. ഏലവും കാപ്പിയും കുരുമുളകും, അങ്ങനെ എണ്ണിയാൽ തീരാത്ത കേരളത്തിന്റെ അമൂല്യ സമ്പത്തു തേടി സായിപ്പന്മാർ പലരും വന്നു പോയിക്കൊണ്ടിരുന്നു. അതിനിടെ അയർലണ്ടിൽ നിന്നൊരു മനുഷ്യൻ വന്നു. ജോൺ ജോസഫ് മർഫി. അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. അയാളന്ന്‌ നേരെ പോയത് ഒരു കാട്ടു പ്രദേശത്തേക്കാണ്. പുല്ലകയാർ പതഞ്ഞൊഴുകുന്ന, സഹ്യപർവ്വതങ്ങളുടെ താഴ്‌വരയായ ഇന്നത്തെ 'ഏന്തയാറിലേക്ക്'.

മഴ പെയ്താൽ കോടമഞ്ഞിറങ്ങുന്ന, മണ്ണിന്റെ ഗന്ധമുള്ള കാട്ടുപ്രദേശം. അവിടുത്തെ കച്ചവട സാധ്യതകൾ മനസ്സിലാക്കിയ മർഫി സായിപ്പ് 1904ൽ പൂഞ്ഞാർ തമ്പുരാക്കന്മാരിൽ നിന്നും വനഭൂമി പാട്ടത്തിനെടുത്ത് സ്വന്തമായി റബ്ബർ എസ്റ്റേറ്റ് തുറന്നു. വാണിജ്യാടിസ്ഥാനത്തിൽ തുറന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റബ്ബർ എസ്റ്റേറ്റായിരുന്നു അത്. 

ചെറുപ്പത്തിലേ മരണപ്പെട്ട തന്റെ അമ്മയുടെ ഓർമ്മയ്ക്കായി മർഫി ആ ഭൂമിയെ "എൻ തായാർ" അഥവാ എന്റെ അമ്മ എന്ന പേരു വിളിച്ചു. അതാണ് പിന്നീട് ഏന്തയാറായത്. റബ്ബർ എസ്റ്റേറ്റും ക്രീപ്പ് ഫാക്ടറിയും മറ്റ്‌ സംരംഭങ്ങളും വഴി ജോലിയായും സഹായമായും നാട്ടുകാർക്ക് മുഴുവൻ ഉപകാരിയായിരുന്ന മർഫി 1920കളിൽ തന്റെ കീഴിലെ ജോലിക്കാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ അതിശയിപ്പിക്കുന്ന തായിരുന്നു. അവർക്കായി വീടുകളും ആശുപത്രിയും പണിതു നൽകിയ മർഫി പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അക്കാലത്ത് നടപ്പിൽ വരുത്തിയിരുന്നു.

അങ്ങനെ മർഫിയുടെ കമ്പനിയിലെ ജോലിക്കായി മധ്യ തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നുമൊക്കെ ആളുകൾ ഏന്തയാറിലേക്ക് കുടിയേറിപ്പാർത്തു. നമ്മുടെ കൊച്ചു കേരളത്തിലെ ആരോരുമാറിയാത്ത ഈ പ്രദേശത്തെ ജന്മനാടു പോലെ സ്നേഹിച്ച അയാൾക്ക് പിന്നീടൊരു തിരിച്ചു പോക്കുണ്ടായില്ല. 1960'ൽ പ്ലാപ്പള്ളിയിലെ ഒരു മൂലയിൽ അടക്കം ചെയ്യപ്പെട്ട നല്ലവനായ ആ സായിപ്പിന്റെ ചരിത്രങ്ങളും അതേ കല്ലറയിൽ മൂടപ്പെട്ടു.

ഈ വിവരങ്ങളെല്ലാം ഏന്തയാറുകാരിൽ നിന്നും വാമൊഴിയായി അറിഞ്ഞവയാണ്. മർഫിയുടെ കഥകൾ പറഞ്ഞാൽ ഈ എഴുത്ത് മതിയാകാതെ വരും, അതുകൊണ്ടിനി നമുക്ക് യാത്രയിലേക്കു വരാം. ജീവിതത്തിലെ വലിയൊരാഗ്രഹമാണ് ഇന്ന് നിറവേറാൻ പോകുന്നത്. അതെ, എനിക്കേറ്റവും പ്രിയപ്പെട്ട ആ മലമുകളിൽ ഒരു രാത്രി ആസ്വദിക്കാൻ പോകുകയാണ്..

ഏന്തായാറിൽ നിന്നും കുത്തനെ മുകളിലേക്കാണ് യാത്ര. സാക്ഷാൽ ഉറുമ്പിക്കരയിലേക്ക്. പണ്ട് ചെറുപ്പത്തിൽ ഒരു സ്കൂളവധിക്കാലത്ത് ഉമ്മയുടെ വീട്ടിൽ നിൽക്കുമ്പോൾ: മാമയുടെ വർക്ഷോപ്പിൽ ജീപ്പ് നന്നാക്കാൻ വന്ന ഒരു ചേട്ടനാണ് ജീവിതത്തിൽ ആദ്യമായി ഉറുമ്പിക്കരയെ കുറിച്ച് എന്നോട് പറഞ്ഞു തന്നത്. മുറ്റത്തു നിന്നാൽ കാണുന്ന വലിയ മലകൾ ചൂണ്ടിക്കാട്ടി, ഈ ജീപ്പുമായി മാമൻ അവിടെയൊക്കെ പോകാറുണ്ടെന്നും, മോൻ വലുതായിട്ട് അവിടെ കൊണ്ടു പോകാമെന്നും വാക്കു തന്ന ആ മനുഷ്യനെ പിന്നീട് ഞാൻ കണ്ടിട്ടില്ല..

അന്ന് മുതൽ ഇന്നു വരെ ആ ഭൂമിയോടുള്ള ആവേശം തെല്ലും കെട്ടടങ്ങിയിട്ടില്ല. പല തവണ പോയിട്ടുണ്ടെങ്കിലും ഒരു രാത്രി അവിടെ ഉറങ്ങാനായി. ഞങ്ങളിന്നു പോകുകയാണ്. ഒരു ചിരകാല സ്വപ്നത്തിന്റെ ആവിഷ്കാരത്തിനായി..

എന്തു തടസ്സവും നേരിടാൻ പ്രാപ്തരായ നാലു പേരുടെ ടീം : സാനിബ്, ജാസിർ, ആസിഫ്, പിന്നെ ഞാനും..

സമയം 4:45

  ഏന്തയാർ കഴിഞ്ഞതും കയറ്റം തുടങ്ങിയിരുന്നു. വടക്കേമല കഴിഞ്ഞതോടെ റോഡും മോശം. എങ്കിലും വളരെ വേഗത്തിൽ തന്നെ ആ കയറ്റങ്ങൾ ഓടിച്ചു കൊണ്ടേയിരുന്നു. സന്ധ്യയ്ക്ക് മുന്നേ മുകളിലെത്തണം. കാരണം, ബൈക്ക് പോകുന്ന പാതയിൽ നിന്നും നടന്നും പാറയിൽ പിടിച്ചു കയറിയുമൊക്കെ വേണം ലക്ഷ്യസ്ഥാനം കാണാൻ. ഇരുട്ടായാൽ കോടമഞ്ഞിറങ്ങും, പിന്നെ ഒന്നും കാണാനും കഴിയില്ല. അങ്ങനെ ബൈക്കുകൾ ദൃതിയിൽ മുന്നോട്ടു കുതിക്കുകയാ..

വഴിയിൽ അതിമനോഹരമായ ഒരു കാഴ്ച്ച ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുടുസ്സു വഴിയുടെ വലതു വശത്തായി വള്ളിപ്പടർപ്പുകളാൽ മൂടപ്പെട്ട ഒരു പ്രദേശം. വൈകുന്നേരത്തെ സ്വർണ്ണ പ്രകാശത്തിൽ അവ പൂർവ്വാധികം ഭംഗിയോടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. എത്ര തിരക്കുണ്ടെങ്കിലും ഇത്തരം കാഴ്ച്ച കണ്ടാൽ പിന്നെ പോകാൻ മനസ്സനുവദിക്കുമോ ?

ചില യാത്രകൾ ഇങ്ങനെയാണ്, മനസ്സിൽ പോലും ആലോചിക്കാത്ത പല കാര്യങ്ങളും അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കും. അത്തരത്തിലൊരു നിമിഷമായിരുന്നു ഇത്. അങ്ങനെ, വീണു കിട്ടിയ അവസരം ഞങ്ങൾ നന്നായി മുതലെടുത്തു. ഇന്നേവരെ ഞാൻ എടുത്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടൊരു ഫോട്ടോയും ഇവിടുന്ന് ലഭിച്ചു.

  വീണ്ടും ഉയരങ്ങളിലേക്ക് യാത്ര തുടരുന്നു. മുന്നോട്ടു ചെല്ലും തോറും വഴി കൂടുതൽ മോശമായി തുടങ്ങി. 100% റിസ്കി ഓഫ്‌റോഡ്. പക്ഷേ വിശ്രമിക്കാൻ സമയമില്ലായിരുന്നു. അങ്ങനെ വളരെ കഷ്ടപ്പെട്ട്, ഞങ്ങളാ മലമടക്കുകൾ കയറിക്കൊണ്ടേയിരുന്നു. കുറേയങ്ങ് ചെല്ലുമ്പോ വഴിയിലൊരു തേയില ഫാക്ടറി കാണാം. ബ്രിട്ടീഷുകാരുടെ സമയത്തു പണി കഴിപ്പിച്ചതാണെന്നു പറയുന്നു. മുൻപ് ഒരുപാട് തവണ ഈ ഫാക്ടറിയും പരിസരവും നടന്ന് കണ്ടിട്ടുണ്ട്. ഇന്നിപ്പോ സമയം കുറവായതിനാൽ ഞങ്ങൾ അവിടുന്ന് വേഗം മുന്നോട്ടു ചലിച്ചു.

  വലത്തുവശത്തായി കണ്ടുകൊണ്ടിരുന്ന മലനിരകൾ ഞങ്ങളെക്കാൾ താഴേക്കു പൊയ്ക്കൊണ്ടിരിക്കുന്നു. അതിനുമപ്പുറം ചക്രവാളത്തിലേക്ക് ഊളിയിടുന്ന സന്ധ്യാസൂര്യൻ നിറം മാറി തുടങ്ങുന്ന കാഴ്ച അതിമനോഹരമായിരുന്നു. ബൈക്ക് നിർത്തി അവ നന്നായി ആസ്വദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, സമയം 6 മണിയോടടുക്കുന്നു. ഇനി വൈകിയാൽ എല്ലാം തകിടം മറിയും. രാത്രിയായാൽ പിന്നെ ഇതു വഴി തിരിച്ചു വരവും ബുദ്ധിമുട്ടാകും. അങ്ങനെ നിർത്തി ഒരു ഫോട്ടോ എടുത്ത ശേഷം മുന്നോട്ടുള്ള കുതിപ്പ് തുടർന്നു..
 വഴിയുടെ അവസ്ഥ പരിതാപകരം തന്നെ. ഫോർ വീൽ ജീപ്പുകൾ കഷ്ടിച്ച് കയറിപ്പോകുന്ന മലമ്പാതയിലൂടെ ഞങ്ങൾ ബൈക്കുകൾ ഓടിച്ചു കയറ്റുകയാ. അസ്തമയത്തിന്‌ മുന്നേ അവിടെയെത്തണമെന്ന അതിയായ ആഗ്രഹം മനസ്സിൽ ഉള്ളതിനാൽ വഴിയിലെ പാറകൾ ഒരു പ്രശ്നമേ അല്ലായിരുന്നു. ഉറുമ്പിക്കര എത്താറായതും, കൈകാലുകൾ വേദനിച്ചു തുടങ്ങിയിരിക്കുന്നു. ഓഫ്‌റോഡ് യാത്രകൾ അങ്ങനെയാണ്. യന്ത്ര സഹായത്തോടൊപ്പം നമ്മളും ബുദ്ധിമുട്ടണം, എന്നാലേ വണ്ടി മുന്നോട്ടു നീങ്ങൂ. അൽപ്പ സമയം പോലും വിശ്രമിക്കാതെ എങ്ങനെയോ മുന്നോട്ടുള്ള യുദ്ധം തുടർന്നു.
 അങ്ങനെ ഒരു മണിക്കൂറിലധികം നീണ്ട കഠിന പ്രയത്നത്തിനു ശേഷം ഉറുമ്പിക്കരയുടെ ഉച്ചിയിലേക്ക് അടുത്തു തുടങ്ങി. സാനിബും ഞാനുമായിരുന്നു മുന്നിൽ. വെറുതേ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവന്മാരെ കാണാനില്ല. അങ്ങനെ 15 മിനിട്ടോളം കാത്തുനിന്ന ശേഷമാണ് അവന്മാരെത്തിയത്.
നേരത്തെ വന്നു പരിചയമുള്ളതിനാൽ ബൈക്ക് വെക്കേണ്ട സ്ഥലം എനിക്കറിയായിരുന്നു. അങ്ങനെ അവിടെ ബൈക്കുകൾ ഒതുക്കി വച്ച്, ടെന്റും ബാഗുകളും കയ്യിലെടുത്തു വേഗത്തിൽ ലക്ഷ്യത്തിലേക്കു കുതിച്ചു.

കോടമഞ്ഞിറങ്ങി തുടങ്ങിയിരിക്കുന്നു. ബൈക്ക് വച്ച സ്ഥലത്തു നിന്ന് ഇടത്തേക്ക് പുല്ലുകൾ വകഞ്ഞു മാറ്റി നടന്നു. മുൻപ് വന്നപ്പോൾ ഇവിടെയീ ചെടികളൊന്നും ഇല്ലായിരുന്നല്ലോ. എനിക്കും ചെറിയ സംശയമായി. സത്യത്തിൽ, അവിടുന്ന് മുന്നോട്ടുള്ള വഴി തേടി അൽപ്പം ചുറ്റിപ്പോയി. സന്ധ്യ ആയതു കൊണ്ട് ചെറിയ പേടിയും ഉണ്ടായിരുന്നു. ഒരു വലിയ പാറയാണ് ലക്ഷ്യം. അതിനപ്പുറം അഗാധമായ കൊക്കയും. ഇരുട്ടായാൽ തപ്പിത്തടഞ്ഞു വല്ല സ്ഥലത്തും വീണാലത് മതി. അങ്ങനെ അവസാനം ഈ പാറയിലേക്കുള്ള വഴി മനസ്സിലായി. ആദ്യം ഞാനാണ് കയറിയത്. പിന്നാലെ എല്ലാവരേയും വലിച്ചു കയറ്റി.
  അത്രയും നേരത്തെ ഞങ്ങളുടെ കഷ്ടപ്പാട് മുഴുവൻ പാറമേൽ നിന്നപ്പോൾ കണ്ട കാഴ്ച്ചയിൽ മറക്കുകയായിരുന്നു. പക്ഷെ നോക്കി നിൽക്കാൻ സമയമില്ല. എത്രയും വേഗം ടെന്റ് നിവർത്തണം. അതിശക്തിയായി വീശിയടിക്കുന്ന കാറ്റിൽ അവിടെ ടെന്റടിക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു വശം നിവർത്തുമ്പോ മറുവശം പൊങ്ങും. അങ്ങനെ വളരെ കഷ്ടപ്പെട്ട് തന്നെയാ ടെന്റ് എങ്ങനെയോ നിവർത്തി ബാഗുകളും മറ്റു സാധനങ്ങളും, പിന്നെ ജാസിറിനെയും അതിനുള്ളിൽ ഇരുത്തി. അല്ലെങ്കിൽ ചിലപ്പോ എല്ലാം പറന്നു പോകും. അത്ര ശക്തിയിലായിരുന്നു കാറ്റ്.

നിവർത്തിയ ടെന്റിന്റെ വള്ളികൾ കെട്ടുന്ന തത്രപ്പാടിനിടെ ചുറ്റുപാടും ഇരുട്ട് പരന്നത് ശ്രദ്ധിച്ചില്ലായിരുന്നു. സുഖകരമായൊരു തണുപ്പിന്റെ ആവരണം ഞങ്ങളെയാകെ മൂടി തുടങ്ങി. ആസ്വദിച്ചിരിക്കാൻ സമയമില്ല, കൂടുതൽ ഇരുൾ വീഴും മുന്നേ താഴെ നിന്ന് ഓരോരുത്തരും ഓരോ കല്ലു വീതം കൊണ്ടുവന്നു ടെന്റിന്റെ സുരക്ഷ ഉറപ്പാക്കണം. എല്ലാവരും ഒരുമിച്ച് ഇറങ്ങിയാൽ ടെന്റ് പറന്നു പോകുമെന്ന ഭയത്താൽ ആദ്യം ഞാനും അസിഫും ഇറങ്ങി. താഴെയിറങ്ങിയപ്പോൾ ഒരു അരുവിയുടെ ശബ്ദം കേൾക്കാം. അങ്ങനെ ആ വെള്ളവും ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
 പാപ്പാനിപ്പുഴയുടെ ഉത്ഭവ സ്ഥാനത്തു നിന്നൊഴുകുന്ന ചെറിയ തോടായിരുന്നു അത്. സന്ധ്യാ സമയത്ത്, കൊടും തണുപ്പിൽ ഈ വെള്ളമെടുത്ത് മുഖത്തൊഴിച്ച സുഖമുണ്ടല്ലോ. എന്റെ സാറേ.. കുറച്ചു നേരത്തേക്ക് വല്ലാത്തൊരു ആനന്ദത്താൽ വെള്ളത്തിൽ കാലിട്ടങ്ങനെ ഇരുന്നു. പാദങ്ങളിൽ കുഞ്ഞു മീനുകൾ വന്നു കൊത്തുന്നത് വല്ലാത്തൊരു രസമായി തോന്നി. അങ്ങനെ ഹെഡ്‍ലാംബിന്റെ വെളിച്ചത്തിൽ ഞങ്ങൾ ആവോളം വെള്ളം കുടിച്ച്, തണുത്ത വെള്ളത്തിൽ വുളൂ എടുത്ത് തിരിച്ചു നടന്നു. വലിയ രണ്ടു കല്ലുകളും ചുമന്ന് നേരെ പാറ മുകളിലേക്ക്. കല്ല് മുകളിൽ കയറ്റാൻ സാനിബ് സഹായിച്ചു. അങ്ങനെ ഞങ്ങളെ രണ്ടു പേരെയും ടെന്റിൽ ഇരുത്തി ശേഷം സാനിബും ജാസിറും താഴേക്കു പോയി.

ഞങ്ങളിരിക്കുന്ന പാറയിൽ നിന്നുള്ള കാഴ്ച്ച എന്തു മാത്രം സുന്ദരമാണെന്ന് ഇപ്പോഴാ ശ്രദ്ധിക്കുന്നത്. താഴെ നിന്ന് ചെറുതായി കേൾക്കുന്ന അവന്മാരുടെ സംസാരമൊഴിച്ചാൽ പരിപൂർണ്ണ നിശബ്ദമായ അന്തരീക്ഷം. ഇടയ്ക്കിടെ ശക്തിയായി വീശിയടിക്കുന്ന കാറ്റിൽ ഉലയുന്ന ടെന്റിൽ നിന്നിറങ്ങാതെ, തല മാത്രം പുറത്തേക്കിട്ടു ഞാനിരുന്നു. ഈ സമയം കോടമഞ്ഞിന്റെ മൂടൽ ഉള്ളതിനാൽ ആകാശത്തേക്ക് നോക്കിയപ്പോ ഒന്നും വ്യക്തമാകുന്നില്ല. താഴെ അവ്യക്തമായി ചില വെളിച്ചങ്ങൾ കാണാം. അവന്മാരൊന്നു വേഗം വന്നിരുന്നെങ്കിൽ, എത്രയും വേഗം ടെന്റ് കെട്ടി, നിസ്കരിച്ച ശേഷം പുറത്തിറങ്ങി കയ്യും വിരിച്ചു നിൽക്കാമായിരുന്നു..

അങ്ങനെ കല്ലുകളുമായി സാനിബും ജാസിറും വന്നു. ടെന്റ് നാലു ഭാഗവും വലിച്ചു കെട്ടിയ ശേഷം നിസ്കരിക്കാനായി മുസല്ല വിരിച്ചു. കടുത്ത തണുപ്പിൽ വിറയാർന്ന കൈകൾ വാനിലേക്കുയർത്തി തക്ബീർ വിളിച്ചു നിസ്കരിച്ചപ്പോൾ ശരീരവും ആത്മാവും വേർപെട്ടിറങ്ങുന്ന അവസ്ഥയായിരുന്നു. നിസ്കാരത്തിനു ശേഷം ചുറ്റുപാടും കണ്ണോടിച്ചപ്പോൾ അന്തരീക്ഷം കൂടുതൽ തെളിഞ്ഞതായി മനസ്സിലായി. ആകാശത്തു നക്ഷത്രങ്ങൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. അടിയിൽ താഴ് വാരങ്ങളിലെ വെളിച്ചങ്ങളും..

വിശപ്പിന്റെ വിളിയാളം തുടങ്ങിയപ്പോൾ പാറപ്പുറത്ത് വട്ടമിട്ടിരുന്നു കയ്യിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു. ശേഷം ഞങ്ങളുടേത് മാത്രമായ കുശല സംഭാഷണങ്ങളും ചിരിയും തമാശയും പിന്നെ പല പ്രണയ കഥകളും അങ്ങനെ എല്ലാം മറന്ന് ഞങ്ങളിരുന്നു. ജീവിതത്തിൽ എന്നെന്നേക്കും ഓർക്കാനൊരു രാത്രി. മറക്കില്ല, മറക്കാനാവില്ല.. ഈ നിമിഷങ്ങൾ..
  ഇപ്പൊ എല്ലാവരും അവരവരുടെ ചിന്തകളിലേക്കു തിരിഞ്ഞു. ജാസിറും സാനിബും പാറയിൽ തല വച്ചു കിടക്കുന്നു. ആസിഫ് നല്ലൊരു പാട്ടും വച്ച് ദൂരേക്ക് നോക്കി ഇരിക്കുകയാ. അങ്ങനെ ഞാനും എന്റേതു മാത്രമായ സ്വപ്നങ്ങളിലേക്ക് മനസ്സിനെ തിരിച്ചു വിട്ടു..

പണ്ട്, കുട്ടിക്കാലത്ത് മാമച്ചിയുടെ വർക് ഷോപ്പിനു മുന്നിൽ നിന്ന് ആകാശത്തേക്കു നോക്കി സ്വപ്നം കാണുമായിരുന്നു. ഏന്തയാറിനു മുകളിലായി കാണുന്ന മാമലകൾക്ക് മുകളിൽ എന്തായിരിക്കും എന്നായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ സംശയം. എന്നെങ്കിലും ഒരു ദിവസം അതിനു മുകളിൽ കയറി നിൽക്കണമെന്നും ഒരുപാട് കൊതിച്ചിരുന്നു. ഇന്നിപ്പോ ഈ പർവ്വതങ്ങൾ കീഴടക്കാനുള്ള അതിയായ ആഗ്രഹത്തിന് പിന്നിൽ ഏന്തയാറിലെ ആ അവധിക്കാലങ്ങൾ തന്നെയായിരുന്നു പ്രചോദനം.

സമയം കടന്നു പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഇവിടുന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നില്ല. ഈ കാഴ്ചകൾ. പിന്നീട് എത്ര വില കൊടുത്താലും കിട്ടാത്ത,

"ഇപ്പോഴത്തെ ഈ നിമിഷങ്ങൾ"
ഇതിപ്പോ എങ്ങനെയാ ഞാൻ പറയുക..!!

താഴെയും മുകളിലും ഒരേ പോലെ നക്ഷത്രങ്ങൾ കണ്ടിട്ടുണ്ടോ ??

ഇല്ലെങ്കിൽ കാണണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം. രാത്രിയുടെ യാമങ്ങളിൽ ഏകാന്തമായി ഇങ്ങനെയിരിക്കണം. ജീവിതത്തിലാദ്യമായി, പാതിരാവിന്റെ പൂർണ്ണ സൗന്ദര്യം ഞാനറിയുകയാ.

ഇപ്പോ.. ഇവിടെയീ പാറപ്പുറത്തിരിക്കുമ്പോ എനിക്ക് കാണാം. അങ്ങു താഴെയുള്ള മലയോര ഗ്രാമങ്ങളിലെ  നുറുങ്ങു വെളിച്ചങ്ങൾ. അവയെ ഞങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ എന്നു വിളിക്കുന്നു. മനുഷ്യ നിർമ്മിതമായ ഭൂമിയിലെ നക്ഷത്രങ്ങൾക്ക് ഇവിടെയിരുന്നു നോക്കിയാൽ ഇളം മഞ്ഞ നിറമാ. കൂടാതെ വല്ലപ്പോഴും മാത്രം താഴെ ദൂരെ, ഉറുമ്പിനെ പോലെ അനങ്ങുന്ന നക്ഷത്രങ്ങളെയും കാണാം. ഭൂമിയിലെ വാൽ നക്ഷത്രങ്ങൾ, അതായത് വാഹനങ്ങൾ.

എന്നാൽ മുകളിലേക്കു നോക്കിയാലോ. കടുംനീല നിറം തോന്നിക്കുന്ന ആകാശത്ത് നിറയെ മിന്നുന്ന താരങ്ങളും. ഇവിടെയിരുന്ന് നോക്കുമ്പോ ആകാശത്തെ നക്ഷത്രങ്ങൾക്കാണ് വലിപ്പം കൂടുതൽ. അവയാണ് എന്റെ അടുത്ത് നിൽക്കുന്നതെന്നൊരു തോന്നൽ.

  എന്തു രസമാണീ കാഴ്ച്ച, മേഘങ്ങളുടെ മറവില്ലാതെ നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ഈ മഹാത്‌ഭുതം എന്റെ കണ്മുന്നിലിങ്ങനെ വിശാലമായി പരന്നു കിടക്കുന്നു. yes, i am the happiest man in the world.. കൈകൾ രണ്ടും വിരിച്ചു പിടിച്ച്‌, തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി. ഏറെ നേരമിങ്ങനെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോ, അവ എന്റെ അടുത്തേക്ക് വരുന്ന പോലെ. എന്റെ തോന്നാലാവാം. പക്ഷെ അവ അനങ്ങുന്നു. ഞാൻ അവയ്ക്കിടയിലൂടെ സഞ്ചരിക്കുന്ന പോലെ ഒരു ഫീൽ. ഇരിപ്പ് ഇങ്ങനൊരു സ്ഥലത്തായതിനാൽ താഴേക്കു നോക്കിയാൽ ഞാൻ ആകാശത്ത് നിലകൊള്ളുന്ന അവസ്ഥ.

  ഇവിടെ മഞ്ഞും കൊണ്ടിങ്ങനെ ഇരിക്കുമ്പോ, ഭൂമിയെ രണ്ടു പകുതിയായി, വ്യക്തമായി കാണാം. ആകാശവും ഭൂമിയും കൂട്ടിമുട്ടുന്ന, ആ വരയ്ക്കൊപ്പം ഉയരത്തിലാണ് ഞങ്ങളിപ്പോൾ. സത്യം പറഞ്ഞാൽ താഴേക്കുള്ള പകുതി പേടിപ്പിക്കുന്ന കറുപ്പ് നിറത്തിൽ കാണുന്നു. ഇടയിൽ അവിടവിടെയായി നുറുങ്ങു വെളിച്ചങ്ങളും. മുകളിലെ പകുതിയാ കാണാൻ രസം. അതിനു നല്ല നീല നിറമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ??

വിശ്വാസമില്ലെങ്കിൽ,
ഒരു രാത്രി ഉയരത്തിൽ ഇങ്ങനെയിരിക്കണം..
ഈ അത്ഭുതങ്ങൾ അനുഭവിച്ചറിയണം..

അതെ.. ഭൂമിയുടെ മുകൾ പകുതിക്ക് രാത്രിയിൽ കടും നീല നിറമാ. അതിനു മാറ്റു കൂട്ടാൻ നക്ഷത്രങ്ങളും. മേഘങ്ങളില്ലാതെ, നക്ഷത്രങ്ങൾ മാത്രം നിറഞ്ഞൊരു വാനം കാണാൻ എന്താ ഭംഗി. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതിയാണിത്.

അങ്ങനെ മുകളിൽ ഒരു തടസ്സവുമില്ലാതെ, നക്ഷത്രങ്ങളെ നോക്കി കഥകൾ മെനഞ്ഞു..

സമയം ചെല്ലും തോറും തണുപ്പ് കൂടി വരുന്നുണ്ട്. ഇടയ്ക്കിടെ ശക്തിയായി കാറ്റടിക്കുമ്പോ താടിയെല്ലുകൾ കൂട്ടിയിടിക്കുമ്പോഴും കൈമുട്ടുകൾ വയറിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അൽപ്പം പിന്നിലേക്ക് ചരിഞ്ഞു പാറയിൽ തലവെച്ചു മുകളിലേക്ക് നോക്കി കിടന്നപ്പോ അവയുടെ ഇടയിലായി ആ മുഖം കാണുന്നു. എന്റെ മനസ്സിന്റെ സങ്കല്പങ്ങളിൽ, ഞാൻ കടഞ്ഞ മിഴികൾ. അവ എന്നോട് സംസാരിക്കുകയാ.. ഞാൻ തിരിച്ചും..

വിശ്വാസം വരുന്നില്ല അല്ലേ, എനിക്കും ആദ്യം വിശ്വാസമില്ലായിരുന്നു. ഏതൊരു കാര്യവും, അനുഭവിക്കുമ്പോഴാണ് പഠിക്കുക. അതെ, ഞാൻ അനുഭവിച്ചു.. ഒന്നല്ല.. പലവട്ടം.. പിന്നീടൊരിക്കൽ കൂടി ഇവിടെ വരണം. തോളോട് തോൾ ചേർന്ന്, മാനം നോക്കി കിടക്കണം. അന്നു ഞാൻ പറയും, പണ്ടിങ്ങനെ ആകാശം നോക്കി സംസാരിച്ച കഥകൾ..

എന്റെ സ്വപ്നങ്ങൾക്ക് ചിറകു തിരയുന്ന ഈ നിമിഷങ്ങളിൽ, രാത്രിയുടെ മനോഹരമായ പശ്ചാത്തല സംഗീതം കാതിലൊരു താളമായി തൊടുന്നത് ഞാനറിയുന്നു. എങ്ങനെ ഞാനിത് പറയും? അറിയില്ല. ഒരു വാക്കിനാലും വിവരിക്കാനാവില്ല ഈ താളം. അങ്ങു ദൂരെ നിന്നാണത് കേൾക്കുന്നത്. പക്ഷികളെ കുറിച്ചുള്ള വിജ്ഞാനം കുറവായതിനാൽ എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. രാവിൽ ഉണർന്നിരിക്കുന്ന ആ കിളിയും എന്നെ പോലെ ഈ നിമിഷങ്ങൾ ആസ്വദിക്കുകയാണോ. അതിന്റെ ഇണക്കിളിയുടെ ഓർമ്മകൾ ഈ രാവിലും അതിനെ പാട്ടു പാടാൻ പ്രേരിപ്പിക്കുന്നുണ്ടാവാം.

ഹൃദയാന്തരങ്ങളെ നേർപ്പിക്കുന്ന..
നിമിഷങ്ങളെ വിലപ്പെട്ടതാക്കുന്ന..
പ്രണയം, പാതിരാവിന്റെ മറവിൽ ഈ പാറപ്പുറത്തിങ്ങനെ ഇരിക്കും നേരം, ഓർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ. അതിനു കൂട്ടായി രാത്രിയിലെ ഈ സംഗീതവും..

ഇങ്ങനെ അൽപ്പ നേരം ചെവി കൂർപ്പിച്ചതു കൊണ്ടാവാം, മറ്റു പല ശബ്ദങ്ങളും കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ മുഖം കഴുകിയ അരുവിയിലെ വെള്ളം പാറകളിൽ തട്ടിത്തടയുന്ന നാദം കാതിനു വല്ലാത്തൊരു സുഖം തന്നെ. കൂടാതെ ദൂരെയേതോ താഴ്‌വരയിൽ ചീവീടുകൾ കൂട്ടത്തോടെ പാട്ടുപാടുന്നത് പോലും എനിക്കറിയാൻ കഴിയുന്നു.

  ഇതു വരെ ഞാനിരുന്ന ദിശയിൽ നിന്നും നേരെ തിരിഞ്ഞു പിന്നിലേക്കൊന്നു തിരിഞ്ഞിരുന്നു, ഇങ്ങനെ നേരെ നോക്കുമ്പോ പാറക്കെട്ടുകൾ ആകാശത്തെ തൊടുന്ന മനോഹരമായ ദൃശ്യം കണ്മുന്നിൽ. വാനത്തിന്റെ നീല നിറത്തെ കവരുന്ന കറുത്ത നിറമുള്ള മുനമ്പുകൾ. അതിങ്ങനെ നോക്കിയിരിക്കും നേരം പുക പോലെ കോടമഞ്ഞു വന്നു ഈ കാഴ്ചകൾ മറച്ചു.

ഇപ്പോ ഞാനിരിക്കുന്ന പാറയ്ക്കു താഴെ നിന്ന് വിചിത്രമായ ഒരു നാദം കേൾക്കുന്ന പോലെ. വെറും തോന്നലാണോ ?? അല്ല, കേൾക്കുന്നുണ്ട്. അങ്ങനെ വീണ്ടും തിരിഞ്ഞിരുന്നു. മൂങ്ങയുടേത് പോലെ തോന്നിയ ഈ പുതിയ ശബ്ദവും രാത്രിയുടെ നിശബ്ദതയിൽ വല്ലാത്തൊരു രസം തന്നെയായിരുന്നു.

ഒന്നു കൂടി കിടക്കാൻ തോന്നിയപ്പോ ഞാൻ കിടന്നു, മാനം നോക്കി തന്നെ. ആകാശത്തിലെ അത്ഭുതങ്ങൾ എത്ര കണ്ടിട്ടും അങ്ങ് മതിയാവുന്നില്ല. അതു മാത്രമല്ല, ഇവിടെയിങ്ങനെ കിടക്കുമ്പോ മനസ്സു കാലിയാവുന്നത് പോലെ തോന്നുന്നു. അതെ, ഉള്ളിലെ വിചാരങ്ങളെല്ലാം ഞാൻ മറന്നു പോകുന്നു, കണ്ണ് തുറന്നാൽ എന്തു കാണുന്നുവോ അതു മാത്രമേ മനസ്സിലും ഉള്ളൂ..

ജീവിതം മുഴുവൻ ഈയൊരു നിലയിൽ ജീവിക്കാൻ കഴിഞ്ഞാൽ അവനായിരിക്കും ഈ ലോകത്തെ ഏറ്റവും സന്തോഷവാൻ..
നമ്മുടെ മനസ്സിന്റെ ചില ചിന്തകൾ മാറ്റിവച്ചാൽ ജീവിതം എത്രത്തോളം സുന്ദരമാകുമെന്ന് എന്നെ പഠിപ്പിച്ചത് യാത്രകളാണ്. ഇപ്പോ, ഇവിടെ എന്ത് ഞാൻ അനുഭവിക്കുന്നുവോ, അത് മുഴുവൻ എനിക്ക് സ്വന്തം.. മറിച്ചു ഇപ്പൊ ആവശ്യമില്ലാത്ത പലതും ആലോചിച്ചു ഈ നിമിഷം കളഞ്ഞാൽ അതെന്റെ വലിയ നഷ്ടം..

സമയം കുറെ കഴിഞ്ഞിരിക്കുന്നു..
കണ്ണടയിൽ മഞ്ഞു വന്നിരുന്ന് കാഴ്ചകൾ മറച്ചു തുടങ്ങി..

പതുക്കെ എഴുന്നേറ്റു,
പതിരാത്രിയിലെ തണുപ്പിൽ ശരീരത്തിലാകെ ഈർപ്പം നിറഞ്ഞിരിക്കുന്നു.. മനം മയക്കിയ ആകാശക്കാഴ്ചയിൽ പരിസരം മറന്നതിന്റെ ബാക്കിയാണത്. തിരിഞ്ഞു ടെന്റിലേക്കു നോക്കിയപ്പോൾ ബാക്കി മൂന്നു പേരും നല്ല ഉറക്കമാണ്. എനിക്കെന്തോ, ഇപ്പോ ഉറക്കം വരുന്നില്ല..

സമയം നോക്കി,
രണ്ടര കഴിഞ്ഞിരിക്കുന്നു:

ഈ കാഴ്ചകൾ കണ്ട് ഇവിടെയിരുന്നും കിടന്നും നേരം പോയതറിഞ്ഞില്ല. എഴുന്നേറ്റു നിന്നപ്പോൾ തണുത്തിട്ടു താടിയെല്ലുകൾ കൂട്ടിയിടിക്കുന്നു, പോരാത്തതിന് അതിശക്തിയായ കാറ്റും. നോക്കി നിന്നില്ലെങ്കിൽ അഗാധമായ ആഴങ്ങളിലേക്ക് എന്നെയും കൊണ്ടാ കാറ്റു പോകും. എന്തായാലും നല്ലൊരു ടെന്റ് തന്നെ വാങ്ങിയത് കാര്യമായി. അല്ലെങ്കിലീ കാറ്റിൽ എല്ലാം പറന്നു പോയേനെ.

അവന്മാരെ ഉണർത്താതെ, ടെന്റിനുള്ളിൽ നിന്നും അൽപ്പം വെള്ളമെടുത്ത് കുടിച്ചു.

സമയം നോക്കി,
രണ്ടര കഴിഞ്ഞിരിക്കുന്നു:

ഈ കാഴ്ചകൾ കണ്ട് ഇവിടെയിരുന്നും കിടന്നും നേരം പോയതറിഞ്ഞില്ല. എഴുന്നേറ്റു നിന്നപ്പോൾ തണുത്തിട്ടു താടിയെല്ലുകൾ കൂട്ടിയിടിക്കുന്നു, പോരാത്തതിന് അതിശക്തിയായ കാറ്റും. നോക്കി നിന്നില്ലെങ്കിൽ അഗാധമായ ആഴങ്ങളിലേക്ക് എന്നെയും കൊണ്ടാ കാറ്റു പോകും. എന്തായാലും നല്ലൊരു ടെന്റ് തന്നെ വാങ്ങിയത് കാര്യമായി. അല്ലെങ്കിലീ കാറ്റിൽ എല്ലാം പറന്നു പോയേനെ.

 അവന്മാരെ ഉണർത്താതെ, ടെന്റിനുള്ളിൽ നിന്നും അൽപ്പം വെള്ളമെടുത്ത് കുടിച്ചു. സത്യം പറഞ്ഞാൽ ഇന്നലെ വൈകുന്നേരം ഞാനും സാനിബും ജാസിറും ഒരു പതിവ് സംഭാഷണത്തിലായിരുന്നു. സാനിബിനോട് ഞാൻ പറഞ്ഞു,

ഡാ.. എന്തായാലും മനസ്സ് കൊണ്ട് ആഗ്രഹിച്ചു, നമുക്കങ്ങു പോയാലോ ??

"അതിന് ടെന്റ് എവിടുന്നാടാ ജാബീ.."

ശരിയാ, നമ്മുടെ കയ്യിൽ ടെന്റില്ലാല്ലേ. ഒരെണ്ണം വാങ്ങിയാലോ ?

"ക്യാഷ് എവിടുന്നാ.." - ജാസിർ

"ഒരു പണി ചെയ്യാം, ആസിഫിനെ പൊക്കാം. അപ്പൊ നാലു പേരായി, ഒരാൾ 1000 ഇട്ട് ടെന്റ് വാങ്ങാം.." ഞാൻ പറഞ്ഞു..

അങ്ങനെ 10 മിനിറ്റു കൊണ്ട് തീരുമാനിച്ചു, നേരെ കളമശ്ശേരി ഡെക്കാതെലോണിൽ പോയി നല്ലൊരു ടെന്റ് വാങ്ങി. ഒറ്റ നിമിഷത്തെ തീരുമാനത്തിൽ ഞങ്ങളപ്പോൾ ടെന്റ് മുതലാളിമാരായിരിക്കുന്നു.

"അപ്പോ.. പറഞ്ഞ പോലെ രാവിലെ 5 മണി"

അങ്ങനെ ഇന്നലെ രാത്രി ഞങ്ങൾ പിരിയും നേരം, എവിടെയെങ്കിലും വന്നു ടെന്റടിക്കണം എന്നതിലുപരി വലിയ പ്രതീക്ഷകൾ ഒന്നും തന്നെയില്ലായിരുന്നു. ഈ ദിവസം ഒരു യാത്ര നേരത്തെ തീരുമാനിച്ചിരുന്നു. കണ്ണൂരുള്ള ശബുവും അഫ്സലും ടെന്റുകളുമായി വരാമെന്നൊക്കെ പറഞ്ഞു ഉറപ്പിച്ചു, അവസാനം എന്തോ അത്യാവശ്യം കാരണം അവർ പിൻവാങ്ങി. ഒരുപക്ഷേ അവർ വന്നിരുന്നെകിൽ ഞങ്ങളീ ടെന്റ് വാങ്ങില്ലായിരുന്നു. എന്തായാലും നന്നായി.

"നാമൊരു കാര്യം അതിയായി ആഗ്രഹിച്ചാൽ അവ നമ്മെ തേടി വരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നത്തെ ഈ അനുഭവം..."

  അങ്ങനെ ആലുവയിൽ നിന്ന് ഞങ്ങൾ തൊടുപുഴ വഴി വാഗമൺ ഭാഗത്തേക്ക് നീങ്ങി. നിർത്താൻ തോന്നിയാൽ നിർത്തിയും ഇറങ്ങിയും മറ്റും പതുക്കെ വാഗമൺ എത്തി. ഇനി നേരെ കോലാഹലമേട്ടിലോട്ട്. മാനസികമായി ഒരുപാട് അടുപ്പമുള്ള സ്ഥലമാണ്. ചെറുപ്പം മുതൽ എനിക്ക് സുപരിചിതമാണിവിടം. ഞങ്ങളങ്ങനെ നേരെ തങ്ങൾ പാറയിൽ വന്ന് ഷെയ്ഖ് ഫരീദുദ്ധീൻ ഔലിയയുടെ ഹൽറത്തിലേക്ക് യാസീൻ ഓതി.

  അവിടുന്ന് എങ്ങോട്ടെന്നില്ലാതെ നടപ്പ് തുടങ്ങി. അതേ മലനിരയിലുള്ള ഒരു പർവ്വതമായിരുന്നു ലക്ഷ്യം. തടസ്സമായി മുന്നിൽ കണ്ടതെല്ലാം ഞങ്ങൾ വഴികളാക്കുകയായിരുന്നു. പുൽക്കാടുകളും പാറക്കെട്ടുകളും കടന്ന് മുകളിലേക്ക് നടക്കും തോറും ഞങ്ങൾ കണ്ട ആ ലക്ഷ്യം അകന്നു കൊണ്ടേയിരുന്നു. ഒന്നു കഴിഞ്ഞാൽ മറ്റൊരു മല. അതു കഴിഞ്ഞാൽ മറ്റൊന്ന്. ഇരുവശവും അതിമനോഹരമായ കാഴ്ചകളും കണ്ടു നടക്കും നേരം ഉയരവും ബുദ്ധിമുട്ടുകളും ഞങ്ങൾക്കൊരു പ്രശ്നമേ അല്ലായിരുന്നു.

 നല്ലൊരു ഭാഗത്തെത്തിയപ്പോൾ ഞങ്ങളവിടെ ഇരുന്നു. വല്ലാത്തൊരു സുഖം തന്നെയായിരുന്നു ആ ഇരിപ്പ്. ചുറ്റും വിരുന്നൊരുക്കിയ വിശാലമായ കാഴ്ച്ചകൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു ആനന്ദം പകർന്നു. അങ്ങനെ അവിടെയിരുന്ന് പ്രകൃതിയിലെ മനോഹരമായ മായക്കാഴ്ചകൾ ക്യാമറയിൽ പകർത്തിയ ശേഷം വീണ്ടും നടപ്പ് തുടങ്ങി. അവസാനം കയറൽ അസാധ്യമെന്നു കയറിയ ഒരു പാറക്കെട്ടു കൂടി കയറിയപ്പോൾ വീണ്ടും മുന്നിൽ നാലഞ്ചു മലകൾ. ഇനി പോകണോ എന്ന സംശയത്തിൽ ജാസിർ അവിടെയിരുന്നപ്പോഴും, ഞാനും സാനിബും ആസിഫും നടക്കുകയായിരുന്നു.

 എങ്ങനെയെങ്കിലും ഇതിന്റെ ഉച്ചിയിൽ കയറണം, അവിടെയിരുന്ന് ഭൂമി കാണണം. താഴെയിരുന്നു കാണാനല്ല, മുകളിലിരിക്കാനാണ് ഞങ്ങൾക്കിഷ്ടം. ആ ഒരു ആഗ്രഹം മാത്രം മനസ്സിലിട്ടു നടക്കുകയാണ്. അൽപ്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ജാസിർ പിന്നിൽ ദൂരെ ആ പാറയിൽ കണ്ണടച്ചിരിക്കുന്നു. അവനവിടെ ആസ്വദിച്ചിരിക്കട്ടെ എന്ന് പറഞ്ഞു ഞങ്ങൾ മുന്നോട്ടു തന്നെ നടന്നു. പല പാറയിടുക്കുകളിലും ഓടി വന്നു ചാടേണ്ടതായും വന്നു. കാലൊന്നു പിഴച്ചാൽ, ഒരുപക്ഷേ മരണമായിരിക്കും ശിക്ഷ. ചില  വിടവുകളിലൂടെ താഴേക്ക് നോക്കിയാൽ കാൽപാദത്തിനു നേരെ താഴെയായി വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകൾ കാണാം. സ്ഥലം കണ്ട് ആവേശം മൂത്ത് പരിസരം മറന്നാൽ, നേരെ ചെന്ന് പതിക്കുന്നത് ആ മൊട്ടക്കുന്നുകളിലായിരിക്കും. എന്തായാലും ഓരോ ബുദ്ധിമുട്ടുകളും ഞങ്ങൾ യുക്തിപൂർവ്വം പിന്നിട്ടു. നടക്കാൻ പറ്റുന്നിടം വരെ നടക്കും എന്ന് ഉറച്ചു വിശ്വസിച്ച മൂന്നു പേർക്ക് എന്ത് പാറയിടുക്ക്, എന്ത് തടസ്സങ്ങൾ. ഓരോ തടസ്സങ്ങളും ഓരോ പാഠങ്ങളാണ്. എങ്ങനെയത് തരണം ചെയ്യണമെന്നുള്ള വെല്ലുവിളികൾ. അതെല്ലാം മറികടന്നു ഞങ്ങളും.

 അവസാനം ഞങ്ങളാ മുനമ്പിൽ കയറിയെത്തി താഴേക്കു നോക്കി. അതിമനോഹരം ഈ ലോകം. ഈ ലോകത്തിപ്പോൾ ഞങ്ങൾ മാത്രം. ബാക്കിയുള്ള ഓരോ പുൽനാമ്പു പോലും ഞങ്ങൾക്ക് താഴെയായി കഴിഞ്ഞിരിക്കുന്നു. കാഴ്ച്ചയിൽ ഇനി ഞങ്ങൾക്ക് മേലെ നീലാകാശം മാത്രം. അൽപ്പ നേരം അത്ഭുതം അടക്കാനാവാതെ അവിടെ നിന്നു പോകുകയായിരുന്നു.

"അതെ,   താഴെ നിന്നു കൊതിക്കാനല്ല...
മുകളിൽ നിന്ന് കാണാനാ ഇഷ്ടം"

നീലാകാശത്തെ തൊട്ട് നിന്നു കൊണ്ട് ഭൂമിയെ കാണണം. ഈ ഭൂമിയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഒരുപാട് നന്ദി പറഞ്ഞ നിമിഷങ്ങൾ. നമ്മുടെ കുറ്റവും കുറവുകളും മറന്നു കളഞ്ഞ നിമിഷങ്ങൾ. ഇവിടെയിങ്ങനെ നിൽക്കുമ്പോൾ ഞങ്ങളാണ്, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ എന്നോർത്ത് അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ.

മറക്കില്ലൊരിക്കലും,
വാനമേ നിൻ ചാരുതയും
ഈ ഭൂമി തൻ വശ്യതയും..

അങ്ങനെ അത്ഭുതം അടങ്ങിയ ശേഷം താഴെയുള്ള കാഴ്ചകളിലേക്ക് കണ്ണോടിച്ചു. കിലോമീറ്ററുകൾ താഴെയായി പച്ചപുതച്ച താഴ്‌വര. അത് ഞങ്ങൾ കയറിയ മലനിരകളുടെ ചുവടുഭാഗം മാത്രം. അതിനപ്പുറം ഏന്തയാറിലേക്കുള്ള ഓഫ്‌റോഡ് കാണാം. ആ റോഡിനപ്പുറം വീണ്ടും അഗാധമായ താഴ്ച്ച. സൂക്ഷിച്ചു നോക്കിയാൽ അങ്ങു താഴെ, അവ്യക്തമായി ഒരു വെള്ള കെട്ടിടം കാണാം. അതാണ് ഏന്തയാർ JJ മർഫി സ്കൂൾ. അങ്ങോട്ടാണ് നമുക്ക് പോകേണ്ടതെന്നു ഞാനവർക്ക് കാണിച്ചു കൊടുത്തു. അങ്ങനെ എല്ലാം ആസ്വദിച്ച് ഏറെ നേരം ഞങ്ങളവിടെ നിന്നു. പ്രകൃതിയുടെ 360 ഡിഗ്രി കാഴ്ചകൾ അവിടെ നിന്നു കാണൽ ഒരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. കൂട്ടിനു തണുത്ത കാറ്റും.

"ഡാ...."

വിളി കേട്ട് തിരിഞ്ഞു നോക്കി, സാനിബാണ്.
:എന്താടാ ??

-ടെന്റ് സേഫ് ആണോ, നല്ല സൗണ്ട് കേൾക്കുന്നു അളിയാ, പേടിയാകുന്നു. ഇത് നമ്മളെയും കൊണ്ട് താഴേക്ക് പോകുമോ ???

പിന്നിട്ട വഴികൾ ഓർത്തിരിക്കുന്നതിനിടയിൽ അവനിതു പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു.
ടെന്റിന്റെ അവസ്ഥ നോക്കാനായി ഞങ്ങൾ ചുറ്റും നടന്നു നോക്കി. പടച്ചോനേ.. ആ കാഴ്ച കണ്ടു ഞങ്ങൾ രണ്ടും ഒരുപോലെ ഞെട്ടി. നേരത്തേ സേഫ്റ്റിക്കായി വലിച്ചു കെട്ടിയ കല്ലുകളിൽ ഒരെണ്ണം ശക്തമായ കാറ്റിൽ നിരങ്ങി, പാറയുടെ ഒരു വശത്തേക്ക് നീങ്ങിയിരിക്കുന്നു. ഈയവസ്ഥയിൽ ഇനി കിടക്കുന്നത് ബുദ്ധിയല്ല.

 അങ്ങനെ എല്ലാവരും എഴുന്നേറ്റു. എന്തു ചെയ്യും? ആലോചനയായി. അങ്ങനെ അവസാനം ഞാനും ഉറക്കച്ചടവോടെ ആസിഫും, രാത്രിമഞ്ഞിൽ നനഞ്ഞു കിടക്കുന്ന ഈ പാറയിൽ നിന്ന് നിരങ്ങി താഴെയിറങ്ങി പറ്റിയ കല്ലു തേടി നടപ്പു തുടങ്ങി. ഇവിടെ നല്ല മഞ്ഞുണ്ട്. തലയിൽ ഹെഡ്ലൈറ്റുണ്ടെങ്കിലും ഒന്നും കാണാൻ വയ്യ. അരപ്പൊക്കത്തിൽ നിൽക്കുന്ന പുൽച്ചെടികൾ വകഞ്ഞു മാറ്റി എങ്ങനെയോ താഴെയെത്തി. വലിയ രണ്ടു കല്ലുകൾ ചുമലിലേന്തി തിരിച്ചു നടന്നു. മുകളിൽ പാറയിൽ നിന്ന് സാനിബ് ടോർച്ചടിച്ചു സിഗ്നൽ തരുന്നുണ്ട്. ആ വെളിച്ചം ലക്ഷ്യം വെച്ച് ഞങ്ങളും, കൂരിരുട്ടിൽ എങ്ങനെയോ തപ്പിത്തടഞ്ഞു പാറയുടെ താഴെയെത്തി. വളരെ കഷ്ടപ്പെട്ട് രണ്ടു കല്ലും മുകളിൽ കയറ്റിയ ശേഷം നാലുഭാഗവും സുരക്ഷിതമായി വലിച്ചു കെട്ടി.

 കുറച്ചു വെള്ളമെടുത്ത് കുടിച്ച ശേഷം അൽപ്പം മയങ്ങാനായി ടെന്റിൽ പ്രവേശിച്ചു. എന്തായാലും സൂര്യനുദിക്കും മുന്നേ എഴുന്നേൽക്കണം. മഞ്ഞു കാരണം ഉദയം കാണാൻ പറ്റുമോ എന്നറിയില്ല. എങ്കിലും എന്തെങ്കിലും കാഴ്ച കാണാതിരിക്കില്ല എന്ന വിശ്വാസത്തിൽ വന്നു കിടന്നു. ടെന്റിൽ തൂക്കിയിരുന്ന റാന്തൽ മോഡൽ ലൈറ്റിൽ നോക്കി കിടക്കും നേരം ഈയൊരു ദിവസം അനുഭവിച്ച കാര്യങ്ങൾ മനസ്സിൽ വന്നു നിറഞ്ഞു.

  വാഗമണ്ണിൽ ഞങ്ങൾ കയറിയ ആ പേരറിയാ മലയിൽ നിന്നിറങ്ങിയതും, അവിടുന്ന് വല്യന്ത വഴി ഓഫ്‌റോഡ് ഇറങ്ങി എന്തയാർ വന്നതും, ഉമ്മയുടെ വീട്ടിൽ കയറി ഭക്ഷണം കഴിച്ചതും, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. അതെ, സ്വപ്നം പോലെയൊരു ദിനം. അതങ്ങനെയാണ്, ചിലപ്പോൾ നമ്മൾക്ക് തോന്നുന്ന ചില തീരുമാനങ്ങൾ. അവ നമ്മെ വിചാരങ്ങൾക്കും അപ്പുറം എത്തിക്കും. അല്ലെങ്കിൽ ഇന്നലെ രാത്രി HMTയിൽ സൊറ പറഞ്ഞിരുന്ന ഞങ്ങൾ ഇന്നിപ്പോ ഇവിടെ ഇങ്ങനൊരു സുന്ദരമായ അന്തരീക്ഷത്തിൽ, ഈ ഉറുമ്പിക്കര മലയിൽ കിടന്നുറങ്ങുമായിരുന്നോ ??

സമയം 5:30  -

  ശക്തിയായി കാറ്റടിക്കുന്നത് കേട്ടാണ് ഉറക്കമുണർന്നത്. ചാടിയെണീറ്റു വേഗം ടെന്റിന്റെ സിബ്ബ് വലിച്ചു തുറന്ന് പുറത്തിറങ്ങി. ഹാവൂ....!! എന്താ തണുപ്പ്. കൈകാലുകൾ വിറച്ചിട്ടു നിൽക്കാൻ വയ്യ. ഇരുട്ടാണെങ്കിലും താഴെ കോടമൂടിക്കിടക്കുന്നത് കാണുന്നുണ്ട്. സൂര്യോദയം കാണണേയെന്ന ആഗ്രഹവും മനസ്സിലിട്ടു വേഗം തന്നെ താഴെ പോയി ശുദ്ധി വരുത്തി സുബ്ഹി നിസ്കരിച്ചു. അങ്ങ് കിഴക്കു നിന്നും ആ മഹാത്ഭുതത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതും എല്ലാവരെയും കുലുക്കി എഴുന്നേൽപ്പിച്ചു.

 എന്തു മനോഹരമായ നിമിഷങ്ങൾ. കോടമഞ്ഞിന്റെ മേലാപ്പണിഞ്ഞ താഴ്‌വാരങ്ങൾ സുന്ദരമായ നിദ്രയിലായിരിക്കണം. ഇരുട്ടിന്റെ നീലിമയിൽ നിന്നും പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ വരാൻ പോകുന്നത് സന്തോഷത്തോടെ ഞങ്ങൾ മനസ്സിലാക്കി. മഞ്ഞിന്റെ പുതപ്പിനു നിറം മാറിത്തുടങ്ങുന്നു. സുഖകരമായ തണുപ്പും കൊണ്ട്, ഇവിടെയീ മലമുകളിൽ നിൽക്കുമ്പോ ലോകം ഒരത്ഭുതമായി മുന്നിൽ തെളിയുന്നു.

 എന്തു രസമാണീ കാഴ്ച്ച. ജീവിതത്തിൽ ഒരുവട്ടമെങ്കിലും ഇതൊക്കെ കാണണം. ഭൂമിയിലെ അത്ഭുതങ്ങൾ വായിച്ചറിയുന്നതിനേക്കാൾ സുന്ദരമാണ് കണ്ടറിയൽ. ഇവിടെയിപ്പോ ഞങ്ങൾ കൺ നിറയെ കാണുകയാ. മൂടിക്കിടക്കുന്ന കോടമഞ്ഞിന്റെ നിറം വെള്ളയിൽ നിന്ന് ഇളംചുവപ്പാകുന്ന കാഴ്ച. ഇതിങ്ങനെ നോക്കി നിൽക്കാൻ വല്ലാത്ത രസമാ. നിമിഷങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ഈ അത്ഭുതം അതിവേഗം ക്യാമറയിലാക്കി. ഞങ്ങളുടെ പിന്നിൽ നിന്നാണ് സൂര്യനുദിക്കുന്നത്. അതിനാൽ താഴ് വാരങ്ങളിൽ സൂര്യപ്രകാശം വന്നു പതിക്കുന്ന കാഴ്ച്ച വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.

 പിന്നിലെ മലകളുടെ നിഴൽ മുന്നിലെ കോടമഞ്ഞിൽ തെളിഞ്ഞു കണ്ടു തുടങ്ങി. അതെ, ആ മലയ്ക്കപ്പുറത്തു നിന്നും സൂര്യനുദിക്കുകയാണ്. ഇതു വരെ കണ്ട ഉദയക്കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായി പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് ഞങ്ങളീ അത്ഭുതം ആസ്വദിക്കുകയാ. എന്തു പറഞ്ഞു വിവരിച്ചാലും, ഞങ്ങളീ കാണുന്ന കാഴ്ചയ്ക്ക് പകരമാവില്ല. ഒരു രാത്രി ഏകാന്തമായി ആസ്വദിക്കാനായി മാത്രം വന്ന ഞങ്ങൾക്കാദ്യം വാനലോകത്തെ അത്ഭുതങ്ങൾ കാണിച്ചു തന്നു. പിന്നെയിപ്പോ സൂര്യോദയത്തിന്റെ വ്യത്യസ്ത കാഴ്ചയും. വലിയ പ്രതീക്ഷകളൊന്നും മനസ്സിൽ വയ്ക്കാതെ ഉറുമ്പിക്കര കാണാൻ വന്ന ഞങ്ങളുടെ കണ്മുന്നിൽ കാഴ്ചകളുടെ തീരാ വസന്തം നിറഞ്ഞു കവിയുകയാ.

അതെ,
"എന്തെങ്കിലും കാര്യം നമ്മൾ അതിയായി ആഗ്രഹിച്ചാൽ..
ഈ ലോകം മുഴുവനും നമ്മുടെ കൂടെ നിൽക്കും..."

പുലർ മഞ്ഞു മൂടിയ കൂട്ടിക്കലും ഏന്തയാറും പരിസര പ്രദേശങ്ങളും പ്രഭാത വെയിലിന് വഴി മാറുന്ന മനോഹര കാഴ്ച്ച, കിലോമീറ്ററുകൾ മുകളിൽ നിന്ന് ഞങ്ങൾ കാണുന്നു. വിവരണാതീതമായ ഈ നിമിഷങ്ങൾ എങ്ങനെയാ ഞാൻ പറയുക. അറിയില്ല.. ഈ സുഖമുള്ള തണുപ്പും, ശരീരത്തെ വിറപ്പിക്കുന്ന കാറ്റും, പുലരിയിലെ കിളികളുടെ ശബ്ദങ്ങളും, ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതം ഞാനിപ്പോ അനുഭവിക്കുകയാണ്. അൽപ്പ നേരം താഴേക്ക് നോക്കിയിങ്ങനെ നിന്നു. കണ്ണിൽ കണ്ടതൊന്നും ഒരിക്കലും മറക്കാതിരിക്കാനുള്ള സൂത്രപ്പണി.

  നിശബ്ദമായ അന്തരീക്ഷത്തിൽ കാതുകൾ തുറന്നു വച്ചു കണ്ണിൽ കാണുന്നത് മാത്രം നോക്കി നിൽക്കുമ്പോ, ശരീരത്തിന്റെ മുഴുവൻ ആസ്വാദനവും ഈ ഒരു നിമിഷത്തേക്ക് കടന്നു വന്നിരിക്കുന്നു. അതെ ഞാനറിയുകയാണ്. ഈ തണുത്ത കാറ്റിന്റെ മണം. പിൻ കഴുത്തിൽ മൃദുവായി തൊടുന്ന ഇളം വെയിലിന്റെ ചൂട്. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന സഹ്യപർവ്വത നിരകൾ. അവയ്ക്കു താഴെ അങ്ങിങ്ങായി, മായാനൊരുങ്ങുന്ന മഞ്ഞു കണങ്ങൾ. ഇടക്കിടെ ശക്തിയായി വീശിയടിക്കുന്ന കാറ്റിന്റെ നേർത്ത ചൂളം വിളി. ഇതെല്ലാം കാണാനും അനുഭവിക്കാനും കഴിഞ്ഞ ഞാനെത്ര ഭാഗ്യവാൻ. ജീവിതത്തോട് വിരക്തി തോന്നുന്നു എന്നു പറയുന്നവരോടെനിക്ക് സഹതാപം തോന്നാറുണ്ട്.

ഒരിക്കലെങ്കിലും......!!
ഒരിക്കലെങ്കിലും അവരീ കാഴ്ചയൊക്കെ കണ്ടിരുന്നെങ്കിൽ അങ്ങനെ പറയില്ലായിരുന്നു സുന്ദരമായ ഈ ലോകത്ത് ജീവിക്കാൻ ലഭിക്കുന്ന ഓരോ നിമിഷവും "ജീവിക്കുക"..

ഭൂതകാലം മറക്കുക, ഭാവി ആലോചിച്ച് ആശങ്കപ്പെട്ട് വർത്തമാനം നഷ്ടപ്പെടുത്താതിരിക്കുക. പണ്ടൊക്കെ യാത്രകൾ ഞാനിതു പോലെ ആസ്വദിക്കാറില്ലയിരുന്നു. കൂടുതൽ സമയവും സംസാരവും ഫോട്ടോ എടുക്കലും മറ്റുമായി ചിലവഴിക്കും. പിന്നീട് വീട്ടിൽ വന്നു കഴിയുമ്പോൾ ആകെ ഒരു കുറ്റബോധം തോന്നും. ആ നിമിഷങ്ങൾ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ എന്നോർത്തു കൊണ്ട്. എന്നാൽ ഇപ്പോ ഞാനീ നിൽക്കുന്ന പോലെ നിന്ന ഒരു യാത്രയും ഇന്നേ വരെ മറന്നിട്ടില്ല. മനസ്സിലെ മറ്റെല്ലാ ചിന്തകളും മാറ്റി നിന്നു നോക്കൂ.. ഒരിക്കലും മാഞ്ഞു പോകില്ല, ആ നിമിഷങ്ങൾ..

  ഇവിടെയിപ്പോ സൂര്യൻ ഉദിച്ചു പൊങ്ങി തുടങ്ങി. തണുത്തു വിറച്ച ശരീരത്തിൽ ഉദയകിരണങ്ങൾ സ്പർശിച്ചപ്പോൾ വല്ലാത്ത സുഖം തോന്നുന്നു. താഴേക്കു നോക്കിയപ്പോ, മഞ്ഞു മേലാപ്പുകൾ തെളിയാൻ തുടങ്ങുന്ന കാഴ്ച്ച കാണാം. ഈ ഒരവസ്ഥയിൽ കൂടുതൽ ദൃശ്യങ്ങൾ കാണാനായി വേഗം തന്നെ ടെന്റ് മടക്കി ഞങ്ങൾ പാറയുടെ താഴെയിറങ്ങി.

 ഇവിടുന്നങ്ങോട്ട് പുൽക്കാടുകളും വള്ളിപ്പടർപ്പുകളും തിരിച്ചു വരാനുള്ള അടയാളമാക്കി നടക്കുകയാണ്. ഇരുമുലച്ചി കല്ലിനു നടുവിലെ ആ വ്യൂ കാണാനായി. വലിയ പാറകൾക്കിടയിലൂടെ മരക്കൊമ്പുകളിൽ പിടിച്ചു, ശരീരം വളച്ചു, ഊർന്നിറങ്ങിയിങ്ങനെ വടക്കേ ചരിവു വഴി ഇരുമുലച്ചി കല്ലിന്റെ നടുവിലേക്ക്.

ഇരുവശവും ഉയർന്നു നിൽക്കുന്ന വലിയ പാറകൾക്ക് ആരാണാവോ ഈ പേരു കൊടുത്തത്. എന്തായാലും കല്ലുകൾക്കു നടുവിലെ പാറയിടുക്കിൽ അൽപ്പ നേരം നിശബ്ദമായി ഇരുന്ന് ഈ നിമിഷങ്ങൾ മനസ്സിൽ കോറിയിട്ടു. കണ്ണിൽ കാണുന്ന കാഴ്ചകളും കാതിൽ കേൾക്കുന്ന ശബ്ദങ്ങളും മാത്രം അനുഭവിച്ചു കൊണ്ട്. ഒരുതരം നാച്ചുറൽ മെഡിറ്റേഷൻ. അങ്ങനെ, ഇരുമുലച്ചി കല്ലിന്റെ നടുവിൽ താഴേക്ക് കാലിട്ടിരുന്നു പ്രകൃതിയിലെ മായക്കാഴ്ചകൾ നെഞ്ചോട് ചേർത്ത് മിഴികളടച്ചു. മുഖത്ത് മൃദുവായി സ്പർശിക്കുന്ന കാറ്റ് എന്നോടെന്തോ പറയുന്ന പോലെ തോന്നിയപ്പോൾ പതിയെ കണ്ണു തുറന്നു. വീണ്ടും അടച്ചു, കാറ്റു വന്നു വിളിച്ചപ്പോൾ തുറന്നു.. അങ്ങനെ കുറെ നേരം കണ്ണടച്ചും തുറന്നും ഈ നിമിഷങ്ങൾ വളരെ പ്രിയപ്പെട്ടതാക്കി..

  മനസ്സ് ആഗ്രഹിച്ച നേരം വരെ ആയിരിപ്പ് തുടർന്ന ശേഷം പതുക്കെ എഴുന്നേറ്റു തിരിഞ്ഞു നടന്നു. അവിടുന്ന് വേറൊരു വഴി താഴെയിറങ്ങിയ ഞങ്ങൾ അരുവിയിലെത്തി വെള്ളം കുടിച്ചു ഉഷാറായി. അവിടുന്ന് ഞാനും ആസിഫും പാപ്പാനിത്തോടിന്റെ ഉത്ഭവം തേടി കുറെ മുകളിലേക്കൊരു പ്രഭാത നടത്തം നടന്നു. പ്രകൃതി പൊതിഞ്ഞു കെട്ടിയ വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി, മുട്ടോളം വെള്ളത്തിൽ വീണും, നനയാതിരിക്കാൻ പാറകളിൽ ബാലൻസ് ചെയ്തും മുന്നോട്ടു നീങ്ങി.  മുകളിലെ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം വല്ലാത്തൊരു രസം തന്നെയാ കേട്ടോ. പല വലിപ്പത്തിലുള്ള പാറക്കല്ലുകളിൽ തഴുകി താഴേക്ക് പോകുന്ന അരുവിയുടെ ശബ്ദവും പുലരിയിലെ കിളിനാദങ്ങളും എല്ലാം കൂടി നല്ല രസം. കുറെ നടന്നു. എവിടെയും എത്തുന്നില്ല. അവസാനം നല്ല ആഴം തോന്നിയ ഒരു ഇടുക്ക് കണ്ടപ്പോൾ ഞങ്ങൾ നടപ്പ് നിർത്തി. ഉദ്ദേശിച്ച പോലെയല്ല, നല്ല സമയമെടുക്കും. നേരം കുറെ കഴിഞ്ഞിട്ടും ഞങ്ങളെ കണ്ടില്ലെങ്കിൽ അവന്മാർ ടെൻഷൻ ആയാലോ എന്നോർത്തു ഞങ്ങൾ തിരിച്ചു നടന്നു. പിന്നീടൊരിക്കൽ അത് കാണുമെന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട്..

സമയം 10 മണി ആയി :

  ഒരായുസ്സു മുഴുവൻ ഓർക്കാൻ കുറെ അനുഭവങ്ങൾ തന്ന ഉറുമ്പിക്കരയോട് വിട പറയാൻ സമയമായിരിക്കുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ പതുക്കെ ബൈക്കുകൾ ഓണാക്കി വന്ന വഴി താഴേക്കിറങ്ങി തുടങ്ങി. ഇടയ്ക്കിടെ തിരിഞ്ഞു നോക്കുമ്പോ ആ കല്ലുകൾ കാണാം. അവസാനമായി കണ്ണടച്ചിരുന്ന ആ പാറയിടുക്ക്. ദുർഘടമായ ഈ വഴിയിലൂടെ ഓരോ വളവു തിരിയുമ്പോഴും ഇരുമുലച്ചി കല്ല് ഞങ്ങളിൽ നിന്നും അകന്നു കൊണ്ടേയിരുന്നു.

 ഓഫ്‌റോഡിലൂടെ സാവധാനം എങ്ങനെയോ ഉരുണ്ടു നിരങ്ങി താഴേക്കിറങ്ങിയ ഞങ്ങൾ വന്നതിൽ നിന്ന് വ്യത്യസ്തമായി വെംബ്ലി വഴിയിലേക്ക് തിരിഞ്ഞു. പാപ്പാനി വെള്ളച്ചാട്ടമാണ് ലക്ഷ്യം. ഒരുപാട് തവണ വന്ന പരിചയത്താൽ ആ ഭാഗത്ത് വഴിയരികിൽ ബൈക്കുകൾ ഒതുക്കി വച്ച് തോട്ടത്തിലൂടെ കുത്തനെ കുറേ താഴേക്കു നടന്ന് അവിടെയെത്തി. ഇവിടുത്തെ പ്രധാന മൂന്നു വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. ഇതും, താഴെ വളവിലുള്ള വേറൊന്നും, പിന്നെ വെള്ളപ്പാറ എന്ന നെടുനീളൻ വെള്ളച്ചാട്ടവും. കൂടാതെ മഴക്കാലത്ത് അങ്ങിങ്ങായി കാണുന്ന ചെറു ചാട്ടങ്ങളുമുണ്ട്. പല തവണ വന്നും പരിസരവാസികളോട് അന്വേഷിച്ചുമൊക്കെയാണ് ഇവയെല്ലാം കണ്ടെത്തിയത്.

 അങ്ങനെ മനോഹരമായ പാപ്പാനിച്ചാട്ടത്തിൽ ഒരു നാച്ചുറൽ ബോഡി മസാജിംഗും കഴിഞ്ഞ ശേഷം തിരികെ ഏന്തയാർ വന്ന് ഉമ്മയുടെ വീട്ടിൽ കയറി ഭക്ഷണം കഴിച്ച ശേഷം, കൈപ്പള്ളി - പൂഞ്ഞാർ - ഈരാറ്റുപേട്ട വഴി തിരിച്ചു വീട്ടിലേക്കു യാത്രയായി. ഉള്ളിന്റെയുള്ളിൽ എന്നെന്നും ഓർക്കാൻ കുറേ ഓർമ്മകൾ തന്ന യാത്ര കഴിഞ്ഞിരിക്കുന്നു..

വാഗമണ്ണും വല്യന്തയും,
നക്ഷത്രങ്ങൾ വിരുന്നൊരുക്കിയ രാത്രിയും..
സൂര്യോദയം ഒരത്ഭുതമായി മാറിയ പ്രഭാതവും..

അങ്ങനെ ഒരു പ്രതീക്ഷയും വെക്കാതെ തെണ്ടാനിറങ്ങിയ ഞങ്ങൾക്ക് അനുഭവങ്ങളുടെ വസന്തമൊരുക്കിയ ദിനരാത്രങ്ങൾ..

ഒരിക്കൽ കൂടി ഞാൻ വരും,
കാടുകൾ വകഞ്ഞു മാറ്റി ആ കയ്യും പിടിച്ച്..

"ആകാശത്തെ അത്ഭുതങ്ങളും സൂര്യന്റെ ഉദയവും കാണിച്ചു കൊടുക്കാനായി...."

____________jabir_dz____________