-->
Hot!

Other News

More news for your entertainment

കാട്ടുപാതയിലൂടെ..


കാനന ഭംഗി ആവോളം ആസ്വദിച്ചൊരു സവാരി. അതായിരുന്നു കൈതപ്പാറ വഴി ഇടുക്കിക്കുള്ള യാത്ര. നല്ല ഒരു ഓഫ്‌ റോഡ്‌ മാത്രം പ്രതീക്ഷിച്ച്‌ വന്ന ഞങ്ങളു ടെ എല്ലാ വിചാരങ്ങൾക്കും അപ്പുറമായിരുന്നു ആ റൈട്‌. കോരിച്ചൊരിയുന്ന മഴയും, കാഴ്ച്ച വരെ മറക്കുന്ന കോടമഞ്ഞും, മുന്നോട്ടുള്ള യാത്രയെ നിരുത്സാഹപ്പെടുത്തിയ ഗ്രാമവാസികളും, ആ വനയാത്രയെ ജീവിതത്തിൽ മറക്കാനവാത്ത ഒരു അനുഭവമായി മാറ്റുകയായിരുന്നു. അല്ലെങ്കിലും അങ്ങനെയുള്ള അനുഭവങ്ങളാണല്ലോ ഏതൊരു യാത്രയുടെയും ആവേശം.


2014 ജുലായ്‌ 19 ഞായറാഴ്ച്ചയാണു യാത്രയ്ക്കായി തിരഞ്ഞെടുത്തത്‌. അതായത്‌ ചെറിയ പെരുന്നാളിന്റെ പിറ്റേന്ന്. തീയതി ആദ്യമേ തന്നെ ഉറപ്പിച്ചു. പക്ഷേ എവിടേക്കു പോകണം എന്നു തീരുമാനിച്ചില്ലായിരുന്നു. തിരുവനന്തപുരത്തെ ഒരു പുസ്തകമേളയിൽ നിന്നും വാങ്ങിയ 2 യാത്രാ വിവരണ ബുക്കിൽ നിന്നും ഒരുപാട്‌ നല്ല സ്തലങ്ങളെ കുറിച്ച്‌ വായിച്ചത്‌ ഓർമ്മ വന്നു. അതിൽ ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുത്ത്‌ പോകാനായിരുന്നു പ്ലാൻ. ഇടുക്കിയിൽ ഇപ്പോൾ നല്ല തണുപ്പുള്ള കാലവസ്തയാണെന്ന് ആരോ പറഞ്ഞു. അപ്പോ ഇനി എന്താലോചിക്കാൻ, മച്ചാനേ.. ഇടുക്കി ഉറപ്പിക്കാ ല്ലേ.. ?? എല്ലാവർക്കും സമ്മതം. ഇടുക്കി ഡാമിനപ്പുറത്തേക്ക്‌ ഞാനിതുവരെ പോയിട്ടില്ല.  കാൽവേരിമൗണ്ടിനെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌. പോകാനായിട്ട്‌ ഒരുപാട്‌ തവണ ആലോചിച്ചു, പക്ഷേ നടന്നിട്ടില്ല. എന്തായാലും ഇത്തവണ ഞങ്ങൾ ഇടുക്കി തന്നെ ഉറപ്പിച്ചു.

അതിനിടക്കാണു ഫേസ്‌ ബുക്കിൽ രെഞ്ജി കാപ്പൻ ചേട്ടൻ കുറച്ച്‌ ഫോട്ടോസ്‌ ഇടുന്നത്‌. അവർ പോയ ഒരു ഓഫ്‌ റോഡ്‌ യാത്രയുടെ ചിത്രങ്ങൾ. കണ്ടിട്ട്‌ കൊള്ളാം.  ഞാൻ അപ്പോ തന്നെ ആ ഫോട്ടോസ്‌ എല്ലാവർക്കും അയച്ചു. ആ ഫോട്ടോകൾ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ടൂറിസം കടന്നു ചെല്ലാത്ത പ്രദേശം. അതു പോലെയുള്ള വഴി പോകാനാനു എനിക്കിഷ്ടം. അതാവുമ്പോൾ, വ്യൂ പോയിന്റുകളിൽ കറുത്ത സൺ ഗ്ലാസ്സ്‌ വച്ച്‌ 2 ഫോട്ടോ എടുക്കാൻ മാത്രം 'ടൂർ' വരുന്ന ആളുകളുടെ ശല്യം ഉണ്ടാവില്ലല്ലോ. അങ്ങനെ ഈ വഴിയെക്കുറിച്ച്‌ ചോദിച്ചു കൊണ്ടാണു ഞാൻ രെഞ്ജി ചേട്ടനെ പരിചയപ്പെടുന്നത്‌. ആളൊരു കറ കളഞ്ഞ റൈടർ തന്നെ. ചേട്ടന്റെ ചെറിയ കുട്ടിക്ക്‌ വേണ്ടി അവളുടെ തലയ്ക്‌ പാകമാകുന്ന തരത്തിലുള്ള കുഞ്ഞു ഹെൽമറ്റ്‌ വച്ച്‌ കൊടുത്തതും, അതു കണ്ട കേരളാ പോലീസ്‌ കുട്ടിക്ക്‌ സമ്മാനം കൊടുത്തു ചേട്ടനെ അനുമോദിച്ചതും നമ്മൾ പത്രങ്ങളിലൂടെ കണ്ടതാണ്.




എന്തായാലും ഞാൻ അപ്പൊ തന്നെ രെഞ്ജി ചേട്ടനു മെസ്സേജ്‌ അയച്ചു ആ സ്തലം എവിടെയാണെന്നു ചോദിച്ചു. ഉടുമ്പന്നൂരിൽ നിന്നും കൈതപ്പാറ വഴി ഇടുക്കിയിലേക്ക്‌ ഒരു കാട്ടുപാത ഉണ്ടെന്നറിഞ്ഞപ്പോൾ അതു വഴി പോകാനൊരു മോഹം. ആ.. എന്തായാലും പെരുന്നാൾ കഴിയട്ടെ, അതുവരെ സമയമുണ്ടല്ലോ. അപ്പോഴേക്കും ഏതെങ്കിലും സ്തലം ഉറപ്പിക്കാമെന്നു മനസ്സിൽ കരുതി. പക്ഷെ സൂപ്പർ ബൈക്ക്‌  വേഗത്തിലാണല്ലോ ദിവസങ്ങൾ പോകുന്നത്‌. വളരെ പെട്ടെന്നു തന്നെ പെരുന്നാൾ വന്നെത്തി.

 വളരെ സന്തോഷപൂർവ്വം ഞങ്ങൾ പെരുന്നാൾ ആഘോഷിച്ചു. അന്നു രാത്രി ഞാൻ രെഞ്ജി ചേട്ടനെ വിളിച്ചു കൈതപ്പാറയ്ക്കുള്ള കൃത്യമായ വഴി ചോദിച്ചു മനസ്സിലാക്കി. ആ ഫോൺ കോൾ ചെയ്ത സമയം മുതൽ മനസ്സും ശരീരവും പൂർണ്ണമായി യാത്രയ്ക്ക്‌ തയ്യാറായി. എന്നെ കൂടാതെ സാനിബ്‌, ജാസിർ, അഷ്ക്കർ, അനീഷ്‌ എന്നിവരാണു യാത്ര പ്ലാൻ ചെയ്തത്‌. പിന്നെ ജാസിറിന്റെ 5 ഫ്രണ്ട്‌സ്‌ വരുന്നുണ്ടെന്നു പറഞ്ഞു. അതനുസരിച്ച്‌ ഞങ്ങൾ കാര്യങ്ങൾ നീക്കി. പ ക്ഷെ രാത്രി അവർ പിന്മാറി. അവരുടെ നഷ്ടം. ഇത്ര നല്ല ഒരു യാത്ര നഷ്ടപ്പെടുത്തിയല്ലോ. എന്തായാലും ഞങ്ങൾ രാവിലെ 7 മണിക്ക്‌ പോകാൻ ഉറപ്പിച്ചു. ഉറങ്ങുന്നതിനു മുൻപ്‌ ഗൂഗിൾ മാപ്പിൽ നോക്കി വഴിയൊക്കെ ഒന്നു കൂടെ ഉറപ്പ്‌ വരുത്തി.

നേരം വെളുത്തപ്പോൾ വേറൊരു പ്രശ്‌നം. അനീഷിന്റെ ബൈക്കിൽ അവൻ ഒറ്റയ്‌ക്കാണു. അവനു കൂട്ടിനു ഒരാളെ ഒപ്പിക്കണം. അങ്ങനെ എല്ലാവർക്കും അറിയാവുന്ന ആസിഫിനെ ഉറക്കത്തിൽ നിന്നു പൊക്കിയെടുത്തു. അവസാനം 8 30 ഓടെ ഞങ്ങൾ യാത്ര തുടങ്ങി. ഓഫ്‌റോഡ്‌ യാത്രയാണല്ലോ, അതു കൊണ്ട്‌ ആദ്യം തന്നെ ബൈക്കിന്റെ എയർ ചെക്ക്‌ ചെയ്തു.

 വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെന്നു ഉറപ്പ്‌ വരുത്തി. വയറിന്റെ ഒരു സന്തോഷത്തിനായിട്ട്‌ മൂവാറ്റുപുഴയിൽ നിന്നു ലഘു ഭക്ഷണം കഴിച്ചു.
അവിടെ വച്ച്‌ രെഞ്ജി ചേട്ടനെ വിളിച്ചു വഴി ഒന്നുകൂടി ഉറപ്പിച്ചു. ഉടുംമ്പന്നൂരിൽ നിന്നും ഞങ്ങൾ പോകാൻ തീരുമാനിച്ച വഴിക്ക്‌ ഒരു 4 കിലോമീറ്റർ എത്തുമ്പോൾ ഒരു ചപ്പാത്ത്‌ ഉണ്ട്‌. നല്ല മഴയാണെങ്കിൽ ആറ്റിൽ വെള്ളം നിറയും. അങ്ങനെയാണെങ്കിൽ അതു വഴിയുള്ള യാത്ര നടക്കില്ലെന്നു ചേട്ടൻ പറഞ്ഞപ്പോൾ തന്നെ ആകാശത്ത്‌ നല്ലൊരു മഴയുടെ എല്ലാ ലക്ഷണവും കാണാമായിരുന്നു. മേഘമേ.. നീ വർഷിക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. അങ്ങനെ പോകാൻ പറ്റാതെ വന്നാൽ തിരിച്ച്‌ ഉടുമ്പന്നൂർ വന്ന് പാറമട വഴി ഇടുക്കിക്ക്‌ പോകാം. പക്ഷെ ഓഫ്‌റോഡ്‌ യാത്ര നഷ്ടമാവും. എന്തായാലും മഴയ്ക്ക്‌ മുൻപേ ചപ്പാത്ത്‌ കടക്കാനായി ഞങ്ങൾ സ്പീഡ്‌ നന്നായി കൂട്ടി. ഫലമോ.. കിട്ടി.. സർക്കാരിനു ഞങ്ങൾടെ വക 600 രൂപ. അതെ, നേരെ ചെന്നു ചാടിയത്‌ കാമറയുമായി നിൽക്കുന്ന പോലിസ്‌ ഏമാന്മാരുടെ മുന്നിലേക്ക്‌. ഞാനും അഷ്കറും കണ്ട ഭാവം നടിക്കാതെ മുന്നോട്ട്‌ ഓടിച്ചു. പക്ഷെ അനീഷിനു നിർത്തേണ്ടി വന്നു. പോലിസുകാർക്ക്‌ മനസ്സിലായി, 3 ബൈക്കും ഒരേ ടീം ആണെന്ന്. അങ്ങനെ ഞങ്ങൾക്കും തിരിക്കേണ്ടി വന്നു. ബൈക്കിനു അനുവദിച്ച വേഗപരിധി 50 ആണത്രെ. ഫുട്‌പാത്ത്‌ കച്ചവടക്കാരനെപ്പോലെ SI ആദ്യം 1000 രൂപ പറഞ്ഞു. പിന്നെ കുറച്ച്‌ ഒരു ബൈക്കിനു 300 എന്ന നിരക്കിൽ സാറുമാർ വിലപേശിക്കൊണ്ടേയിരുന്നു. അവസാനം അതു കുറച്ച്‌ 2 ബൈക്കിനു ഫൈൻ അടച്ചാൽ മതിയെന്നു പറഞ്ഞു. പിന്നെ അധികം സംസാരിക്കാൻ നിന്നില്ല. രൂപ 600 കൊടുത്ത്‌ വേഗം തന്നെ അവിടുന്നു രക്ഷപ്പെട്ടു. അങ്ങനെ തൊടുപുഴ എത്തി. അവിടെ നിന്നു ഉടുംമ്പന്നൂർ റോഡിൽ കയറി അൽപ ദൂരം കഴിഞ്ഞതും അതാ വീണ്ടും റോഡിൽ കൊള്ളയടി. മുൻപിൽ പോയ കാറിന്റെ മറ പിടിച്ച്‌ ഞാൻ കടന്നു കയറി. പക്ഷെ അനീഷിനെയും അഷ്കറിനെയും വീണ്ടും പൊക്കി. അദ്യം അടച്ച രസീത്‌ കാണിച്ച്‌ അനീഷ്‌ രക്ഷപ്പെട്ടു. അഷ്കറിന്റെ റിയർവ്യൂ മിറർ ഇല്ലാത്ത കാരണം പറഞ്ഞ്‌ രൂപ100 ഈടാക്കി. അങ്ങനെ എല്ലാം കഴിഞ്ഞ്‌ 10 30 ഓടെ ഞങ്ങൾ ഉടുമ്പന്നൂരിലെത്തി. ഒട്ടും സമയം കളയാതെ വഴി ചോദിച്ച്‌ മനസ്സിലാക്കി, ചപ്പാത്ത്‌ ലക്ഷ്യമാക്കി കുതിച്ചു. അവിടെ പെയ്ത്‌ തോർന്ന മഴയിൽ ചപ്പാത്ത്‌ കവിഞ്ഞിട്ടുണ്ടാകുമോ എന്ന നേരിയ പേടിയുമുണ്ടായിരുന്നു


ഏകദേശം 5 മിനിറ്റ്‌ കഴിഞ്ഞതും റോഡിന്റെ നിറം കറുപ്പിൽ നിന്നും മണ്ണിന്റെ ഇളം ചുവപ്പായി തുടങ്ങി. കുറച്ചങ്ങ്‌ ചെന്നതും വഴി 2 ആയി പോകുന്നു. ഞങ്ങൾ ആദ്യം വലത്തേക്ക്‌ ഏകദേശം 1 കിലോമീറ്റർ പോയതും എന്തോ ഭാഗ്യത്തിനു ഒരു സ്ത്രീയെ ആ വഴിയിൽ കണ്ടു. അവരോടുള്ള അന്വേഷണത്തിൽ മനസ്സിലായി, നേരത്തെ ഇടത്തോട്ടായിരുന്നു പോകേണ്ടത്‌. നേരെ പോയാൽ മലേഞ്ഞി വഴി എങ്ങോട്ടോ പോകാം. കൂടാതെ ആ വഴി കാട്ടാനയുടെ ശല്യം പതിവാണെന്നും അറിയാൻ കഴിഞ്ഞു.

 എന്തായാലും അ ചേച്ചിയോട്‌ നന്ദി പറഞ്ഞ്‌ ഞങ്ങൾ നേരത്തേ പറഞ്ഞ വഴിയിലൂടെ ചപ്പാത്ത്‌ ലക്ഷ്യമാക്കി മുന്നോട്ട്‌ നീങ്ങി. ഏകദേശം 30km/h സ്പീടിൽ പോകാൻ കഴിയുന്ന ആ വഴിയുടെ ഇരു വശവുമുള്ള മരങ്ങളും കാട്ടു ചെടികളും ഞങ്ങളെ തന്നെ ഉറ്റു നോക്കുന്ന പോലെ തോന്നി. അവരുടെ ശാന്തത നശിപ്പിക്കുന്ന ശബ്ദമായിരുന്നു അഷ്കറിന്റെ ബുള്ളറ്റിനു. എന്തായാലും കാനന  ഭംഗിക്ക്‌ കോട്ടം വരുത്തുന്ന പ്ലാസ്റ്റിക്ക്‌ ബോട്ടിലുകളും കവറുകളും ഈ യാത്രയിൽ പരമാവധി ഉപേക്ഷിച്ചിരുന്നു. അങ്ങനെ അധികം വൈകാതെ തന്നെ ആ കാനന കവാടത്തി ലേക്ക്‌ ഞങ്ങൾ എത്തിച്ചേർന്നു.

മനോഹരമായ ഒരു ആറും അതിനു കുറുകെ ഒരു ചപ്പാത്തും. ഹാവൂ, ആശ്വാസം. കാര്യമായ മഴ പെയ്യാതിരുന്നത്‌ കൊണ്ട്‌ ചപ്പാത്തിലൂടെ അപ്പുറം കടക്കാൻ കഴിയും. ഞങ്ങൾ ചപ്പാത്തിന്റെ ഒത്ത നടുക്ക്‌ ബൈക്കുകൾ നിർത്തി ഫോട്ടോ ഷൂട്ട്‌ തുടങ്ങി. ഈ വഴി സഞ്ചാരികൾ കുറവാണെന്ന് ചപ്പാത്തിനു താഴെ നിന്നു മീൻ പിടിക്കുന്നവരുടെ നോട്ടത്തിൽ നിന്നു ഞങ്ങൾക്ക്‌ മനസ്സിലായി. ഇവർ ഇതെന്താ വെള്ളം കണ്ടിട്ടില്ലേ എന്ന മട്ടിൽ കുറച്ച്‌ നേരം നോക്കിയ ശേഷം അവർ അവരുടെ പണി തുടർന്നു.








         ഏകദേശം അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. അപ്പോഴേക്കും ആകാശം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. മുത്തുമണികൾ  പോലെ മഴത്തുള്ളികൾ മുഖത്ത്‌  പതിക്കാൻ തുടങ്ങിയ പ്പോഴും ആർക്കും ഒരു പരിഭവവുമില്ല. കാരണം, ചപ്പാത്ത്‌ കടന്നു കിട്ടിയല്ലോ. ഇനി എത്ര വേണേലും പെയ്‌തോട്ടെ.

 എന്തായാലും മഴ കനക്കും മുൻപേ കുറച്ച്‌ കൂടി നല്ല ഫോട്ടോസ്‌ എടുത്ത ശേഷം എല്ലാവരും ബൈക്കിൽ കയറി.
ഈ യാത്രയിലെ ആവേശകരമായ രണ്ടാം ഘട്ടം. കൈതപ്പാറയെക്കുറിച്ച്‌ രെഞ്ജി ചേട്ടനിൽ നിന്നും കിട്ടിയ വിവരങ്ങളും ഫോട്ടോകളുമല്ലാതെ ഒരു കാര്യങ്ങളും ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു. അത്‌ കൊണ്ട്‌ തന്നെ യാതൊരു പ്രതീക്ഷയുമില്ലാതെയായിരുന്നു യാത്ര. അതായിരിക്കാം ഞങ്ങൾക്ക്‌ ഈ ദിവസം മറക്കാനാവാത്ത ഒരു അനുഭവമായി മാറാൻ കാരണം. അങ്ങനെ ഞങ്ങൾ ചപ്പാത്തും കടന്ന് ആ കാനന വാതിലിലൂടെ യാത്ര പുനരാരംഭിച്ചു. എതിരേ വന്ന ഒരു ജീപ്പുകാരനോട്‌ ഞങ്ങൾ വഴി എങ്ങനുണ്ടെന്നും എത്ര സമയത്തിനുള്ളിൽ മുകളിൽ എത്താൻ കഴിയുമെന്നുമൊക്കെ ചോദിച്ചറിഞ്ഞു. ബൈക്കിലായത്‌ കൊണ്ട്‌ സൂക്ഷിക്കണം, നല്ല മഴ കാണും, എവിടെയും അധികം നിർത്തരുത്‌ എന്നൊക്കെ അയാൾ പറഞ്ഞപ്പോൾ എല്ലാവരുടേയും മനസ്സിൽ വരാനിരിക്കുന്ന വഴിയെപ്പറ്റി എന്തെന്നില്ലാത്ത ഒരു ആകാംക്ഷ രൂപപ്പെട്ടു.
      അയാളോട്‌ നന്ദി പറഞ്ഞ്‌ ഞങ്ങൾ മുന്നോട്ടുള്ള യാത്ര തുടർന്നു. പെയ്ത്‌ തോർന്ന മഴയിൽ വഴിയിപ്പോൾ ചുവന്ന നിറത്തിൽ നല്ല സുന്ദരിയായിരിക്കുന്നു. ഇരു വശവും കാട്ടു ചെടികളും തഴച്ച്‌ വളരാൻ തയാറെടുക്കുന്ന ചെറുമരങ്ങളും. അധികം ആയാസപ്പെടാതെ ഞങ്ങൾ ഒരു 10 മിനിറ്റ്‌ അങ്ങനെ പോയി. വഴിയിലിപ്പോൾ മഴ വെള്ളച്ചാലുകൾ രൂപപ്പെട്ട്‌ തുടങ്ങി. സൂക്ഷിച്ച്‌ ബ്രേക്ക്‌ പിടിച്ചില്ലെങ്കിൽ ബൈക്‌ തെന്നി മറിയുന്ന അവസ്ത. അധികം വൈകാതെ തന്നെ മഴയും തുടങ്ങി. വെള്ളം നനയാതിരിക്കാൻ മൊബൈലുകളും ക്യാമറയുമെല്ലാം ബാഗിലായത്‌ കൊണ്ട്‌ ഒരുപാട്‌ നല്ല ഫോട്ടോകൾ നഷ്ടമായി. അതിനിടെ വഴിയുടെ സ്വഭാവം മാറി തുടങ്ങുന്ന കാഴ്ച്ച വളരെ മനോഹരമായിരുന്നു. ചുവന്ന പാതയിപ്പോൾ ഉരുളൻ കല്ലുകൾ നിറഞ്ഞ അസ്സൽ കാട്ടുവഴിയായി മാറി. എങ്കിലും കുലുങ്ങിക്കുലുങ്ങിയുള്ള ആ പോക്കിനു വല്ലാത്ത ഒരു സുഖം തന്നെ. മഴ കനത്തതോടെ കണ്ണിനും മനസ്സിനും കുളിർമ്മയേകിക്കൊണ്ട്‌ മൂടൽ മഞ്ഞും വരവായി. ആ നിമിഷങ്ങൾ പറഞ്ഞറിയിക്കാൻ എനിക്ക്‌ വാക്കുകളില്ല, കാരണം അതനുഭവിച്ച്‌ തന്നെ അറിയണം.
    ഞങ്ങളിപ്പോൾ സാമാന്യം നല്ല ഉയരത്തിലെത്തിക്കഴിഞ്ഞു. വഴിയുടെ ഒരു വശം കാടിന്റെ പച്ചപ്പും മറുവശം വലിയ താഴ്ച്ചയും. ഓരോ വളവു കഴിയും തോറും അതിങ്ങനെ ഇരുവശവും മാറിമാറി വന്നു. ഇടയ്ക്ക്‌ മഴയൊന്നു ശക്തി കുറഞ്ഞപ്പോൾ ഞാൻ ബൈക്ക്‌ നിർത്തി മൊബൈൽ എടുത്തു. സത്യം പറഞ്ഞാൽ ഒരു കുട എടുക്കാതിരുന്നതാണു ഈ യാത്രയിലെ ഞങ്ങളുടെ ഏറ്റവും വലിയ നഷ്ടം. കുട പിടിച്ച്‌ നിന്നെങ്കിലും കുറേ നല്ല ഫോട്ടോകൾ എടുക്കാമായിരുന്നു. എന്തായാലും ആ മഴയത്ത്‌ നിന്ന് എങ്ങനെയോ കുറേ ഫോട്ടോസ്‌ എടുത്തു.

 ഞങ്ങൾ അവിടെ നിർത്തിയ കാര്യം മുൻപിൽ പോയ അനീഷും ആസിഫും അറിഞ്ഞില്ലെന്നു തോന്നുന്നു. അത്‌ കൊണ്ട്‌ വേഗം തന്നെ ഞങ്ങൾ ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു. ഒന്നുരണ്ടു വളവു കഴിഞ്ഞിട്ടും അവന്മാരെ കാണാനില്ല. ഞങ്ങളെ കണ്ടില്ലെങ്കിൽ അവർ ബൈക്ക്‌ നിർത്താറുള്ളതാണു. ഇതെന്തു പറ്റി എന്ന ആലോചനയിൽ മുന്നോട്ട്‌ പോകുമ്പോൾ അവന്മാരതാ ബൈക്ക്‌ നിലം തൊടാതെ പറപ്പിച്ച്‌ എതിർ ദിശയിൽ നിന്നും വരുന്നു. "അളിയാാാ.. സീൻ ആയി.. പോകാൻ പറ്റില്ല.. ആനയിറങ്ങി.. തിരിച്ച്‌ വിട്ടോടാ" എന്നുറക്കെ പറയുകയും ചെയ്ത്‌ കൊണ്ട്‌ അവന്മാർ താഴേക്ക്‌ പോയി. എന്താണു സംഭവിച്ചതെന്നു ഞങ്ങൾ നാലു പേർക്കും മനസ്സിലായില്ല. എന്ത്‌ ചെയ്യണമെന്നും സംശയമായി പ്പോയി. അവന്മാരെ വിളിക്കാനാണെങ്കിൽ മൊബൈലിനു റേഞ്ചുമില്ല. നിരാശയോ ടെ ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. അപ്പോഴതാ ഒരു വളവിനപ്പുറത്ത്‌ നിന്നു അവന്മാർ രണ്ടും ചിരിക്കുന്നു. ഞങ്ങളെ പറ്റിക്കാനായി അനീഷ്‌ ഒപ്പിച്ച വേലയായിരുന്നു അത്‌. അവൻ അല്ലേലും അങ്ങനെയാണു. എപ്പോഴും എന്തെങ്കിലുമൊക്കെ തമാശ കാണിക്കുന്ന പ്രകൃതം. സത്യം പറഞ്ഞാൽ ഞങ്ങൾ ഒന്നു വിരണ്ടു. ഇനി ആനയെങ്ങാനും വന്നാൽ എന്തു ചെയ്യുമെന്നതിനെ കുറിച്ചായി പിന്നീടങ്ങോട്ടുള്ള സംസാരം. ബൈക്ക്‌ വഴിയിലിട്ട്‌ ഓടണമെന്നാ ഒരാളുടെ അഭിപ്രായം. പക്ഷെ ഓടിയിട്ട്‌ കാര്യമില്ല മച്ചാനേ.. ആനയ്ക്ക്‌ കാട്ടിൽ സ്റ്റാർട്ടിംഗ്‌ 40km/h സ്പീഡിൽ ഓടാൻ കഴിയുമെന്ന് വേറൊരാൾ. അത്‌ കേട്ടപ്പൊൾ ഉള്ളൊന്നു പിടച്ചു. കാരണം ഞങ്ങളിപ്പോൾ പോകുന്ന വേഗത വെറും 10km/h മാത്രമാണ്‌. കരിവീരൻ വന്നാൽ ബൈക്ക്‌ തിരിച്ചിട്ടും കാര്യമില്ലെന്നർത്ഥം. കാരണം പാറക്കല്ലുകൾ നിറഞ്ഞ ആ വഴിയിലൂടെ അതിൽ കൂടുതൽ വേഗത്തിൽ പോകാൻ കഴിയില്ല. എന്തായാലും ഉള്ള അറിവ്‌ വച്ച്‌ ഞാൻ പറഞ്ഞു, ആനയെ മുന്നിൽ കണ്ടാൽ ബൈക്കുകൾ ഓഫ്‌ ചെയ്ത്‌ അനങ്ങാതെ നിൽക്കണം. നമ്മുടെ ഭാഗത്ത്‌ നിന്നും പ്രകോപനമൊന്നുമില്ലെങ്കിൽ അത്‌ അതിന്റെ പാട്ടിനു പൊയ്‌ക്കോളുമെന്ന്. എൻ.എ.നസീറിക്കയുടെ എഴുത്തുകൾ വായിച്ചുള്ള അറിവാ. നമ്മളെ പോലെ തന്നെ കാട്ടിലെ ജീവികളും അവരവരു ടെ ആവശ്യങ്ങൾക്ക്‌ പോകുന്നു. അതിനിടയിൽ നമ്മൾ അവർക്ക്‌ ഒരു ശല്യമായാൽ മാത്രമേ അവ നമ്മെ അക്രമിക്കൂ. ഹാ.. ഇതൊക്കെ പറഞ്ഞു കൊണ്ട്‌ ആ മഞ്ഞും മഴയും ആസ്വദിച്ച്‌ തന്നെ ഞങ്ങൾ മുന്നോട്ട്‌ നീങ്ങി.

ഈ വഴി പോകുമ്പോൾ എനിക്ക്‌ തോന്നിയ ഒരു കാര്യമുണ്ട്‌. ഇവിടെയുള്ള വൃക്ഷങ്ങൾക്കെല്ലാം എ ന്തോ ഒരു പ്ര ത്യേകത പോലെ. കാലാധിക്യത്താൽ തഴച്ച്‌ വളർന്ന ശിഖരങ്ങളും വേരുകളുമൊക്കെ കണ്ടാൽ എന്തോ ഒരു പേടിപ്പെടുത്തുന്ന ഫീൽ. ഇത്തരം എത്രയോ കാഴ്ച്ചകൾ ക്യാമറയിലാക്കാൻ കഴിയാതെ പോയതിൽ വലിയ വിഷമം തോന്നി. കാരണം ആ പെരുമഴയത്ത്‌ അത്‌ അസാധ്യമായിരുന്നു. എന്തായാലും മഴക്കാലം കഴിഞ്ഞ്‌ ഒരു തവണ കൂടി ഈ വഴി വരണമെന്ന് മനസ്സിൽ ഉറപ്പിച്ചു.  അതിനിടെ വിചിത്ര രൂപത്തിലുള്ള പല മരങ്ങളും റോഡിനിരുവശവും കോടമഞ്ഞിൽ കുളിച്ച്‌ നിൽക്കുന്ന കാഴ്ച്ച അതി മനോഹരമായിരുന്നു. ഇടയ്ക്ക്‌ ചെറുതായൊന്നു മഴ കുറഞ്ഞപ്പോൾ വലിയൊരു മരത്തിനു കീഴെ നിന്ന് കുറച്ച്‌ ഫോട്ടോസ്‌ എടുത്തു. ക്യാമറ ഹെൽമറ്റിനുള്ളിൽ വച്ചാണ്‌ അതെല്ലാം പകർത്തിയത്‌. അത്‌ എന്ത്‌ ഇനമാണെന്നറിയില്ല, നിറയെ വേരുകളും കൗതുകകരമായ ഷിഖരങ്ങളുമുള്ള ഒരു കട വൃക്ഷം. അധികം വണ്ണമില്ലാത്ത വേരുകളാണെങ്കിലും അവ എന്റെ തലയേക്കാൾ ഉയരത്തിൽ പടർന്ന് നിൽക്കുന്നു.

 വലിയൊരു കാറ്റു വീശിയതിനു പിന്നാലെ മഴ വീണ്ടും കനത്തതോടെ ഞങ്ങൾ വീണ്ടും ബൈക്ക്‌ ഓണാക്കി. ഫോട്ടോ എടുക്കുന്നതിൽ തടസം നേരിട്ടതൊഴിച്ചാൽ മഴ ഒരിക്കലും ഞങ്ങളെ അലോസരപ്പെടുത്തിയില്ല. ഈ സമയം കൊണ്ട്‌ പ്രകൃതിയു ടെ പല ഭാവമാറ്റങ്ങളും ഞങ്ങൾ കൺ കുളിർക്കെ കണ്ടു. പാറക്കല്ലുകൾ നിറഞ്ഞ, കുത്തനെയുള്ള കയറ്റത്തോടു കൂടെയുള്ള ഹെയർപിൻ വളവുകൾ എത്രയെണ്ണം കയറിയെന്ന് അറിയില്ല. ഉയരം കൂടും തോറും റോഡിനു കുറുകെ വെള്ളച്ചാലുകൾ രൂപപ്പെട്ടിരിക്കുന്നു. തട്ടു തട്ടായി കയറിപ്പോകുന്ന റോഡ്‌ മുറിച്ച്‌ കടന്ന് അവ താഴേക്ക്‌ പോകുകയാണ്‌. ബൈക്കിൽ അവ മുറിച്ച്‌ കടക്കൽ ആയാസകരമാണ്‌. കാരണം എത്ര ആഴമുണ്ടെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലല്ലോ. മഴവെള്ളം കുത്തിയൊലിച്ച്‌ അവ കറുത്ത നിറത്തിലാണ്‌ ഒഴുകുന്നത്‌. ബുള്ളറ്റിന്റെ സൈലൻസർ താഴ്‌ന്നിരിക്കുന്നത്‌ കൊണ്ട്‌ അഷ്കറിനോട്‌ മുന്നിൽ പോകണ്ടാ എന്നു പറഞ്ഞു. വലിയ കുഴിയാണെങ്കിൽ പണി പാളും. പരീക്ഷണത്തിനു നിയോഗിച്ചത്‌ എന്റെ പൾസർ ആണ്‌. ഞാനവനെ മുന്നിൽ ഓടിച്ചു. വെള്ളച്ചാലുകളിലൂടെ അവൻ കുതിച്ചു കയറി. ഓഫ്‌ റോഡ്‌ റൈഡുകളിൽ ഒരിക്കലും അവൻ പിന്നാക്കം നിന്നിട്ടില്ല. മുട്ടോളം താഴ്ച്ചയുള്ള പല കുഴികളും താണ്ടി ഏകദേശം ഒരു മണിയോട്‌ കൂടി ഞങ്ങൾ കൈതപ്പാറയിൽ എത്തിച്ചേർന്നു. "കൈതപ്പാറ ഗ്രാമങ്ങളിലേക്ക്‌ സ്വാഗതം" എന്ന ബോർഡ്‌ ഞങ്ങളെ വരവേറ്റു. അതിനു  വലതു വശത്തായി ഫോറസ്റ്റ്‌ അധികൃതരുടെ അടഞ്ഞു കിടക്കുന്ന ഒരു കെട്ടിടം കണ്ടു. അതിന്റെ വരാന്തയിൽ കയറി ഞങ്ങൾ ഒന്നു വിശ്രമിച്ചു. നനഞ്ഞ വസ്ത്രങ്ങളെല്ലാം അഴിച്ച്‌ പിഴിഞ്ഞ്‌ ഏകദേശം അര മണിക്കൂറോളം അവിടെ ചിലവഴിച്ചു.




            അവിടെ വച്ചാണു ഞങ്ങളുടെ കൂട്ടത്തിൽ പുതിയൊരാളെ കാണുന്നത്‌. കാട്ടിലെ രക്തക്കുടിയൻ അട്ട. ഏതോ ഒരാളുടെ വസ്ത്രത്തിലൂടെ കയറുന്ന അവനെ കണ്ടതും എല്ലാവരും തിടുക്കത്തിൽ അവിടെ നിന്നും പുറപ്പെടാനുള്ള തയാറെടുപ്പിലായി. അപ്പോൾ അതു വഴി ഒരു ജീപ്പ്‌ വന്നു. അതിൽ ആ പ്രദേശവാസികളായ 5 പേരും ക്യാമറയുമായി വന്ന രണ്ട്‌ ചെറുപ്പക്കാരുമുണ്ടായിരുന്നു. ഞങ്ങൾക്ക്‌ പോകേണ്ട വഴിയേക്കുറിച്ചവരോട്‌ ചോദിച്ചപ്പോൾ ഒട്ടും രസകരമല്ലാത്ത മറുപടിയാണു ലഭിച്ചത്‌. "അതു വഴിയുള്ള യാത്ര അത്ര സുരക്ഷിതമല്ല മക്കളെ. കഴിഞ്ഞ ആഴ്ച്ച ആ വഴിയിൽ ഒറ്റയാന്റെ ആക്രമണം ഉണ്ടായിരുന്നു. നിങ്ങൾ ഇതു വരെ വന്ന പോലെയുള്ള വഴിയല്ല ഇനിയങ്ങോട്ട്‌". പരിചയ സമ്പന്നനായ ആ ഡ്രൈവർ ഇങ്ങനെ പറയുമ്പോൾ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഇനിയിപ്പോ എന്ത്‌ ചെയ്യും. ഇവിടം വരെ കഷ്ടപ്പെട്ട്‌ വന്നിട്ട്‌ ഇനി തിരിച്ച്‌ പോകാൻ മനസ്സനുവദിക്കുന്നില്ല. അതാലോചിച്ച്‌ നിൽക്കുമ്പോഴാണ്‌ അയാൾ ഇതു കൂടെ പറഞ്ഞത്‌. "ഇനി നിങ്ങൾക്ക്‌ ഇന്ന് ഇതു വഴി തിരിച്ച്‌ പോകാൻ പറ്റില്ല. ഞങ്ങൾ കടന്ന് വന്നപ്പോൾ ചപ്പാത്ത്‌ നിറഞ്ഞിരുന്നു. ഇത്ര മഴ പെയ്ത സ്ഥിതിക്ക്‌ ഇന്നിനി ചപ്പാത്തി ലെ വെള്ളമിറങ്ങുമെന്ന് തോന്നുന്നില്ല.. ഇവിടെ ഒരു പള്ളിയുണ്ട്‌. തൽക്കാലം ഇന്നവിടെ അന്തിയുറങ്ങിയിട്ട് നാളെ പോകാം... അതാ നല്ലത്‌...." ഇതു കൂടി കേട്ടതും ഇനിയെന്ത്‌ ചെയ്യണമെന്ന അവസ്ഥയായി. എന്തായാലും അവർ പറഞ്ഞ കാര്യങ്ങൾ ഞാൻ വന്ന് എല്ലാവരോടും പറഞ്ഞു. ആനയിറങ്ങിയ കാര്യം കേട്ടപ്പോൾ തന്നെ എല്ലാവർക്കും ഒരു തരം ഭയം പിടിപെട്ടു. എന്തായാലും പേടിച്ച്‌ പിന്മാറാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. മുന്നോട്ട്‌ പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ പടച്ചവനെ മനസ്സിൽ ധ്യാനിച്ച്‌ ബിസ്‌മി ചൊല്ലി ഞാൻ ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട്‌ നീങ്ങി. വഴിയോരത്ത്‌ ചെറിയ വീടുകൾ കാണാം, അതിൽ വലിയ ജീവിതം നയിക്കുന്ന കൈതപ്പാറ നിവാസികൾ. അവർക്ക്‌ മാത്രമായി ഒരു ചെറിയ കട, അവരുടേത്‌ മാത്രമായി ഒരു പള്ളി. ഇടക്കിടെ ഇവിടേക്ക്‌ വന്നു പോകുന്ന ജീപ്പുകൾ വഴിയാണു ഇവർ പുറംലോകവുമായി ബന്ധം പുലർത്തുന്നത്‌. അവിടുന്ന് കുറച്ചങ്ങോട്ട്‌ ചെന്നതും വഴി രണ്ടായി പോകുന്നു. ഒരു ഉദ്ധേശം വച്ച്‌ ഞങ്ങൾ വലത്തേക്ക്‌ തിരിച്ചു. വഴി വളരെ മോശമായ അവസ്ഥ. ഒരു 10 മിനിറ്റ്‌ അങ്ങനെ മു ന്നോട്ട്‌ പോയപ്പോൾ എല്ലാവർക്കും സംശയം. ഇതൊരു വഴിയാണോ..?? കാരണം അത്ര 'നല്ല' രസമായിരുന്നു അതു വഴിയുള്ള യാത്ര. മുന്നോട്ട്‌ ചെല്ലും തോറും വഴിയിലെ കല്ലുകളുടെ വലിപ്പം കൂടി വരുന്നു. അങ്ങനെ സംശയമായപ്പോൾ എന്റെ ഫോൺ എടുത്തു ജി.പി.എസ്‌ ഓണാക്കി നോക്കി. ഈ കാട്ടു വഴിയും ഗൂഗിളിനറിയാം. വീട്ടിൽ നിന്നിറങ്ങിയപ്പോൾ തന്നെ മാപ്പിൽ വഴി സെറ്റ് ചെയ്ത് വെച്ചിരുന്നത് ഭാഗ്യം.  എന്തായാലും ഒരു കാര്യം ഉറപ്പായി. ഈ വഴിക്കൊരവസാനമുണ്ട്‌. ഗൂഗിൾ പറയുന്ന പ്രകാരം, മണിയാറംകുടി എന്ന സ്ഥലത്തേക്കാണീ വഴി. പേരു കേട്ടിട്ട്‌ ഏതോ ആദിവാസി ഗ്രാമത്തിന്റേത്‌ പോലെയുണ്ട്‌. എന്തായാലും പോയി നോക്കാം ബാക്കി അപ്പോളല്ലേ, എന്ന ചിന്തയിൽ നിൽക്കുമ്പോഴാണൊരു കാര്യം ശ്രദ്ദിച്ചത്‌. രക്തം കുടിക്കാനായി കാലിലൂടെ ആർത്തി പിടിച്ച്‌ കയറി വരുന്ന അട്ടകൾ. എല്ലാവരുടെയും ദേഹത്തേക്ക്‌ അവ ഇരച്ച്‌ കയറുന്നു. പെട്ടെന്ന് എല്ലാം കുടഞ്ഞ്‌ കളഞ്ഞ്‌ അവിടുന്ന് വണ്ടി വിട്ടു. മുന്നോട്ട്‌ പോകും തോറും കാടിന്റെ വന്യത കൂടിക്കൂടി വരുന്നു. പരിചിതമല്ലാത്ത മറ്റു പല ശബ്ദങ്ങളും കേൾക്കുന്നുണ്ട്‌.

ഒരു വളവ്‌ കഴിഞ്ഞതും അതാ വഴിയിൽ ചൂട്‌ പറക്കുന്ന ആനപ്പിണ്ടം. അത്‌ കണ്ടാലറിയാൽ ഒരാനയേ പോയിട്ടുള്ളു. നേരത്തേ ജീപ്പ്‌ ഡ്രൈവർ പറഞ്ഞ ഒറ്റയാന്റെ കാര്യം ഓർമ്മ വന്നു. എല്ലാവരും പേടിച്ചിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ വളരേ പതുക്കെയാണ്‌ പോകുന്നത്‌. ഇരു വശത്ത്‌ നിന്നും കാട്ടു ചെടികൾ വഴിയിലേക്ക്‌ ചാടി നിൽക്കുന്നത്‌ കാരണം ഒരു 10 മീറ്ററിനപ്പുറത്തേക്ക്‌ കാണാൻ സാധിക്കുന്നില്ല. പോരാത്തതിന്‌ നല്ല മഴയും മഞ്ഞും.

 സമയം 3 മണി യോടടുത്തപ്പോൾ നാട്ടിൽ ഒരു 6 മണിയായ അവസ്ഥ.

ഓരോ വളവിനപ്പുറവും എന്തോ ഒന്ന് ഞങ്ങളെ കാത്തിരിക്കുന്ന ഫീൽ. അതൊരു വല്ലാത്ത അവസ്ഥ തന്നെ. അഡ്വഞ്ചർ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ഞങ്ങളന്ന് മനസ്സിലാക്കി. ഒരുപാട്‌ ഓഫ്‌ റോഡുകൾ പരീക്ഷിച്ചിട്ടുണ്ട്‌. എന്നാൽ ഇത്‌ വരെ ഒരു യാത്രയിലും ഇത്തരം ഒരു പേടി എനിക്ക്‌ തോന്നിയിട്ടില്ല. എങ്ങനെയെങ്കിലും കാട്ടിൽ നിന്നും പുറത്തിറങ്ങിയാൽ മതിയെന്ന് വരെ തോന്നിപ്പോയി. ബൈക്കുള്ളത്‌ കൊണ്ടാണ്‌, ട്രക്കിംഗ്‌ ആണെങ്കിൽ പ്രശ്നമില്ല. കാടിന്റെ വന്യത ആസ്വദിച്ചങ്ങനെ നടക്കാൻ എനിക്ക്‌ വളരേയിഷ്ടമാണ്‌. ഇതിപ്പോ ബൈക്കുമായി ആനയുടെ മുന്നിലെങ്ങാനും പെട്ടാലുള്ള അവസ്ഥ.. ഹോ .. ആലോചിക്കാൻ വയ്യ. അങ്ങനെ പേടിച്ച്‌ പോകുന്നതിനിടയിൽ ഒരാൾക്ക്‌ യൂറിൻ പാസ്‌ ചെയ്യണം. പക്ഷെ അവിടെ ബൈക്ക്‌ നിർത്താൻ എല്ലാവർക്കും പേടി. അവനോട്‌ കുറച്ച്‌ കൂടി ക്ഷമിക്കാൻ പറഞ്ഞു ഞങ്ങൾ മുന്നോട്ട്‌ നീങ്ങി. അതു വരെ മുന്നിൽ ബുള്ളറ്റ്‌ ഓടിച്ചിരുന്ന സാനിബ്‌ പതിയെ പിന്നിലേക്ക്‌ വലിഞ്ഞു. മുന്നിൽ പോകാനവനു പേടി. കാരണമായി തമാശ രൂപേണ പറഞ്ഞു, ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ ആന വരുമെന്ന്. അപ്പൊ ഒരു ചോദ്യം.. നീ പിന്നിൽ വരുമ്പോഴെന്താ വണ്ടി ഓഫാക്കിയാണോ വരുന്നതെന്ന്. അങ്ങനെ ഞാൻ മുന്നിലായി. വഴിയിലതാ വീണ്ടും ആനപ്പിണ്ടം, കൂടാതെ ഒരു വശത്ത്‌ കാട്ടുചെടികൾ വകഞ്ഞ്‌ മാറ്റി ആന കടന്നു പോയതിന്റെ അടയാളവും. മഴയിപ്പോൾ കുറഞ്ഞിരിക്കുന്നു. കുറച്ചങ്ങ്‌ ചെന്നപ്പോൾ എന്തോ ഒരു പ്രത്യേക ഗന്ധം അനുഭവപ്പെട്ടു. ഏതോ ഒരു മൃഗത്തിന്റേതാണെന്നു മനസ്സിലായി. അതും കൂടിയായപ്പോൾ ഞങ്ങൾ ഭീതിയുടെ പാരമ്യത്തിലെത്തി. പിന്നീടങ്ങോട്ട്‌ ഒരു വെപ്രാള പാച്ചിലായിരുന്നു. വലിയ ഉരുളൻ കല്ലുകളും പാറയും നിറഞ്ഞ ആ വഴിയിലൂടെ എങ്ങനെയോ ചാടിച്ചാടി തുറസ്സായ ഒരു സ്തലത്തെത്തി. ഹാവൂ, എല്ലാവർക്കും ആശ്വാസമായി. കാടിന്റെ ഇരുട്ടിൽ നിന്നും ഞങ്ങളിപ്പോൾ ഒരു പുൽമേട്ടിലെത്തിയിരിക്കുന്നു.

 അതു വരെ പിടിച്ച്‌ വച്ചിരുന്ന ശ്വാസം നേരെ വിട്ട്‌ അര മണിക്കൂറോളം അവിടെ നിർത്തി വിശ്രമിച്ചു. ഒരു നൂറു മീറ്റർ ചുറ്റളവിലിപ്പൊൾ മരങ്ങളൊന്നുമില്ല. അങ്ങ്‌ ദൂരേക്ക്‌ നോക്കിയാൽ ഏതോ മലനിരകൾ കാണാം. ഇടുക്കിയു ടെ വന സൗന്ദര്യം നുകർന്നങ്ങനെ അവിടെ നിന്നു.



പക്ഷേ അവിടെയും അട്ടകൾക്ക്‌ ഒരു കുറവുമില്ല. ഒരു സ്തലത്ത്‌ സ്ഥിരമായി നിൽക്കാനവറ്റകൾ സമ്മതിക്കില്ല. വരുന്ന വഴിയിൽ വച്ച്‌ അവ എല്ലാവരുടെയും ദേഹത്തും ബൈക്കുകളിലും കയറിക്കൂടിയിരുന്നു. അതെല്ലാം തട്ടിക്കുടഞ്ഞ്‌ കളഞ്ഞ്‌ ഷൂ അഴിച്ച്‌ സോക്സിനുള്ളിലെ അട്ടകളെയും പിഴുതെറിഞ്ഞു. ഇനി എത്ര സഞ്ചരിക്കണമെന്ന് ഒരെത്തും പിടിയുമില്ല. ജി.പി.എസ്‌ ഓണാക്കിയപ്പൊൾ ആശ്വാസമായി. 75% കാട്ടുവഴി പിന്നിട്ടിരിക്കുന്നു. അധികം സമയം കളയാതെ അവിടുന്ന് ഞങ്ങൾ മുന്നോട്ട്‌ നീങ്ങി. പിന്നീടങ്ങോട്ട്‌ കാടിന്റെ സ്വഭാവം മാറി. കുത്തനെയുള്ള കയറ്റങ്ങളും ഹെയർപിൻ വളവുകളും കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ചുറ്റും നല്ല ഉയരത്തിലുള്ള മരങ്ങൾ ഒരുപാടുള്ള നിരപ്പായ വനം.




 നേരത്തേ വന്നത്‌ വച്ച്‌ നോക്കിയാൽ വഴിയും അൽപ്പം നന്നായി. ഇപ്പോൾ പാറകളില്ല. വലിയ ഉരുളൻ കല്ലുകളിലൂ ടെ ഞങ്ങൾ മുന്നോട്ട്‌ നീങ്ങി. മഴയിപ്പൊൾ തോർന്നിരിക്കുന്നു. ഇടക്ക്‌ സുരക്ഷിതമെന്നു തോന്നിയ ഒരു സ്തലത്ത്‌ ബൈക്കുകൾ നിർത്തി ചെറിയൊരു ഫോട്ടോഷൂട്ട്‌  ഈ യാത്രയിൽ ഒരുപാട്‌ ഫോട്ടോകൾ നഷ്ടമായി. കാരണം ഇടക്ക്‌ എവിടെയും ബൈക്ക്‌ നിർത്താൻ കഴിഞ്ഞില്ലല്ലോ.. അവിടെ മഴ നിന്നപ്പോഴും മരങ്ങൾ പെയ്യുന്നുണ്ടായിരുന്നു. നല്ല ഉയരത്തിൽ തഴച്ച്‌ വളർന്നിരിക്കുന്ന വൃക്ഷങ്ങൾക്ക്‌ നടുവിൽ ഞങ്ങൾ 6 പേർ, 3 ബൈക്കുകൾ, പിന്നെ കുറേ അട്ടകളും. വനയാത്രകളിൽ അട്ടകൾ ഒരു ശല്യം തന്നെ. പക്ഷെ പേടിക്കാനൊന്നുമില്ല. കുറേ കഴിയുമ്പോൾ അവറ്റകൾ തനിയേ വിട്ട്‌ പൊയ്‌ക്കോളും.






അധികം വൈകാതെ ബൈക്ക്‌ വീണ്ടും സ്റ്റാർട്ട്‌ ചെയ്തു. മുന്നോട്ട്‌ പോകുംതോറും കാടിന്റെ വന്യത കുറഞ്ഞ്‌ വരുന്നതായി അനുഭവപ്പെട്ടു. അൽപ്പം കഴിഞ്ഞതും ഒരാൾ ഒരു സഞ്ചിയുമായി എതിരേ നടന്ന് വരുന്നു. ഹാവൂ.. ഒരു ഞങ്ങളല്ലാതെ വേറൊരു മനുഷ്യജീവിയെ കണ്ടപ്പോൾ എന്തൊരാശ്വാസം. അയാളോടുള്ള അന്വേഷണത്തിൽ ഇനി 2 കിലോമീറ്റർ കൂടി പോയാൽ കാടിറങ്ങാമെന്ന് മനസ്സിലായി. ഈ കാട്ടിലൂടെ അയാളെങ്ങോട്ട്‌ പോകുകയാണാവോ എന്നാലോചിച്ച്‌ ഞങ്ങൾ മുന്നോട്ട്‌ നീങ്ങി. പിന്നിട്ട വഴികളും നിമിഷങ്ങളും ആലോചിക്കുമ്പോൾ ഭീതി തോന്നുന്നെങ്കിലും ആ വനത്തെ ഞാൻ ഉള്ളിന്റെയുള്ളിൽ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്നു. 6-7 മണിക്കൂർ സമയം കൊണ്ട്‌ വിവിധ തരത്തിലുള്ള അനുഭവങ്ങൾ സമ്മാനിച്ച പ്രകൃതീ വിസ്മയം. എന്തായാലും ട്രക്കിങ്ങിനായി ഒരു തവണ കൂടി ഇവിടെ വരണമെന്ന് മനസ്സിലുറപ്പിച്ച്‌ ഞാൻ വണ്ടിയോടിച്ചു. ഒരു 15 മിനിറ്റിനു ശേഷം ഞങ്ങൾ ടാറിട്ട റോഡിലെത്തി. കാടുവഴി ഇറങ്ങി വരുന്ന ഞങ്ങളെ കണ്ട്‌ പലരും അത്ഭുതത്തോടെ നോക്കുന്നത്‌ കണ്ടു. ആദ്യം കണ്ട ഒരു  ചെറിയ കടയിൽ നിർത്തി വെള്ളവും മറ്റു പലഹാരങ്ങളും കഴിച്ചു. ആ പരിസരത്ത്‌ താമസിക്കുന്ന ജോഷി ച്ചേട്ടനും ജോസേട്ടനും വന്ന് പരിചയപ്പെട്ടു. വാഴത്തോപ്പ്‌ എന്ന സ്ഥലമായിരുന്നു അത്‌. ബൈക്കുകൾ കണ്ട്‌ ജോഷിച്ചേട്ടന്റെ മകൻ കുഞ്ഞാപ്പുവും ഓടിയെത്തി. ജോസേട്ടൻ ചോദിച്ചു, നിങ്ങൾ വരുന്ന വഴിക്ക്‌ ആനയെ കണ്ടൊയെന്ന്. പുള്ളിക്കാരൻ കാട്ടിലുണ്ടായിരുന്നു. അൽപ്പം മുൻപ്‌ ഇറങ്ങി വന്നപ്പോൾ പുല്ലുമേട്ടിൽ ആനയെ കണ്ടെന്ന് പറഞ്ഞു. ഈ പറഞ്ഞ സ്ഥലം ഏതാണെന്ന് ചോദിച്ചപ്പോളാണു മനസ്സിലായത്‌, ഞങ്ങൾ സുരക്ഷിതമെന്ന് കരുതി വിശ്രമിച്ച ആ തുറസ്സായ ഭാഗമാണ്‌ പുല്ലുമേട്‌. വനത്തിനുള്ളിൽ നല്ല കാറ്റും മഴയുമുള്ളപ്പോൾ ആന പുല്ലുമേട്ടിൽ വരുമത്രെ. വൻമരങ്ങൾ കട പുഴകി വീഴുന്നത്‌ പേടിച്ചായിരിക്കണം. എന്തായാലും ജോസേട്ടൻ പറഞ്ഞ സമയം വച്ച്‌ നോക്കിയാൽ ഞങ്ങൾ വരുന്നതിന്റെ അൽപ്പം മുൻപ്‌ വരെ അവിടെ ആനയുണ്ടായിരുന്നു. ഹോ.. ആ സമയത്ത്‌ ഞങ്ങളുടെ മനസ്സിൽ ഇങ്ങനൊരു ഭീതിയേ ഇല്ലായിരുന്നു. എന്തായാലും കാടിനെക്കുറിച്ച്‌ ഒരുപാട്‌ കാര്യങ്ങൾ അവരോട്‌ ചോദിച്ച്‌ മനസ്സിലാക്കി. മഴക്കാലം കഴിഞ്ഞിട്ട്‌ ഒന്നു കൂടി ചെല്ലാൻ ക്ഷണിച്ച്‌ നമ്പറും തന്നു ജോഷിച്ചേട്ടൻ. കാടിനകത്ത്‌ ഒരുപാട്‌ അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടല്ലോ. അത്‌ കാണാൻ ആ കാടിനെ അറിയുന്ന ഒരാളുടെ സഹായം കിട്ടുമെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. പിന്നെ ജോസേട്ടൻ ചെറിയൊരു സിനിമാ നടൻ കൂടിയാ. ഇടുക്കി ഗോൾഡ്‌ ചിത്രത്തിൽ കഞ്ചാവ്‌ തോട്ടത്തിൽ പെടുന്ന രവീന്ദ്രന്റെ ഡിസ്‌കോ ഡാൻസ്‌ കഴിഞ്ഞ്‌ പ്രത്യക്ഷപ്പെടുന്ന തോട്ടം തൊഴിലാളിയായി വേഷമിട്ടിരുന്നു. ആ സിനിമയിൽ ആന ജീപ്പ്‌ ആക്രമിക്കുന്ന ഭാഗം ഷൂട്ട്‌ ചെയ്തത്‌ ഞങ്ങൾ കടന്ന് വന്ന വഴിയിൽ വച്ചാണെന്നും അറിയാൻ കഴിഞ്ഞു.


      അങ്ങനെ സംസാരിച്ച്‌ നിൽക്കുന്നതിനിടയിൽ വസ്ത്രത്തിൽ വീണ്ടും അട്ടയെ കണ്ടു. ഉടൻ തന്നെ കടയിൽ നിന്നും അൽപ്പം ഉപ്പുവെള്ളം വാങ്ങി അടുത്തു കണ്ട ഒരു ഒഴിഞ്ഞ മുറിയിൽ കയറി മേൽ വസ്ത്രങ്ങൾ അഴിച്ച്‌ ദേഹത്തിരുന്ന അട്ടകളെയെല്ലാം തട്ടിക്കളഞ്ഞു. ഞങ്ങളുടെ പരിഭ്രാന്തി കണ്ടിട്ട്‌ കുഞ്ഞാപ്പുവിനു കൗതുകം. അവൻ പൂവിറുക്കുന്ന ലാഖവത്തിലാണ്‌ അട്ടയെ എടുക്കുന്നത്‌. എന്തായാലും അധികം വൈകാതെ തന്നെ അവരോട്‌ യാത്ര പറഞ്ഞ്‌ ഞങ്ങൾ കാൽവേരി മൗണ്ട്‌ ലക്ഷ്യമാക്കി യാത്ര പുനരാരംഭിച്ചു. വഴിയിൽ കണ്ട ഒരാളോട്‌ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, കുളമാവ്‌ വഴി പോകണമെന്ന്. അങ്ങനെ അടുത്ത ജങ്ക്ഷനായ പൈനാവിൽ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ കുളമാവ്‌ എത്തിയ ശേഷമാണ്‌ മനസ്സിലായത്‌ ഞങ്ങൾക്ക്‌ പൈനാവിൽ നിന്നും ഇടത്തോട്ടായിരുന്നു പോകേണ്ടിയിരുന്നതെന്ന്. എന്തായാലും ഒരായുസ്സ്‌ മുഴുവൻ ഓർമ്മയിൽ വെക്കാവുന്ന അനുഭവം തന്ന കൈതപ്പാറ വനം കയറിയിറങ്ങിയത്‌ കൊണ്ട്‌ ടൂറിസ്റ്റ്‌ സ്ഥലമായ കാൽവേരി മൗണ്ടിൽ ഇനി പോകേണ്ടെന്ന് വച്ചു. കാരണം ആ വനയാത്രയുടെ ത്രില്ലിൽ നിന്നും ഞങ്ങൾ വിട്ടുമാറിയില്ലായിരുന്നു.



കുളമാവ്‌ ഡാമിൽ വണ്ടി നിർത്തി ഒന്നു നടന്ന് കണ്ടു. ഫോട്ടോഗ്രഫി അനുവദിനീയമല്ലാത്തത്‌ കൊണ്ട്‌ ക്യാമറ തൊട്ടില്ല. പിന്നീട്‌ അതു വഴി നേരേ തൊടുപുഴ റോഡിൽ നാടുകാണി വ്യൂ പോയിന്റിൽ നിർത്തി കുറേ സമയം അവിടെ ചിലവഴിച്ചു.



 പാറയുടെ മുകളിൽ അങ്ങനെ ഇരുന്നു താഴേക്ക്‌ നോക്കിയാൽ മൂലമറ്റം പവർ ഹൗസും അങ്ങ്‌ ദൂരെയായി മലങ്കര ഡാമും കാണാം.






 മഞ്ഞില്ലാത്ത സമയത്ത്‌ നാടുകാണിയിൽ നിന്നു നോക്കിയാൽ കൊച്ചി കാണാം എന്ന ഒരു റിപ്പോർട്ട്‌ യാത്രാ മാഗസിനിൽ വായിച്ചിട്ടുണ്ട്‌. അതെങ്ങനെ സാധ്യമാകും എന്ന് എനിക്ക്‌ എത്ര നോക്കിയിട്ടും മനസ്സിലായില്ല. 130 കിലോമീറ്റർ അകലെയുള്ള കൊച്ചിയിലെ സന്ധ്യാദീപങ്ങൾ കാണാൻ കഴിയുമത്രെ. അന്നത്തെ മൂടൽ മഞ്ഞ്‌ കാരണം ഞങ്ങൾക്ക്‌ ദൂരക്കാഴ്ച്ചകൾ വ്യക്തമല്ലായിരുന്നു. ഏകദേശം 6:30 മണിയോട്‌ കൂടി ഞങ്ങൾ ഇടുക്കിയുടെ മലമടക്കുകളോട്‌ യാത്ര പറഞ്ഞു ബൈക്കുകൾ സ്റ്റാർട്ട്‌ ചെയ്തു. അവിടുന്ന് തൊടുപുഴ വരെ ബൈക്കുകളുടെ ഊഴമായിരുന്നു. ഹൈ ആർ.പി.എമ്മിൽ കോർണ്ണറിംഗ്‌ ചെയ്ത്‌ മോട്ടോ ജി.പി സ്റ്റൈലിൽ ഞൊടിയിട കൊണ്ട്‌ തൊടുപുഴയെത്തി. അവിടുന്ന് പെരുമ്പാവൂർ വഴി വീട്ടിലേക്ക്‌ വച്ച്‌ പിടിച്ചു. വീട്ടിലെത്തി ഭക്ഷണം കഴിച്ചു,അന്നെടുത്ത ഫോട്ടോസ്‌ നോക്കിയങ്ങനെ കിടന്നപ്പോഴും വിചിത്ര വൃക്ഷങ്ങൾ നിറഞ്ഞ കൈതപ്പാറ വനം തന്നെയായിരുന്നു മനസ്സിൽ. എത്രകാലം കഴിഞ്ഞാലും പച്ച നിറമുള്ളൊരോർമ്മയായി ഈ ദിവസം മനസ്സിൽ നിലനിൽക്കും..