-->
Hot!

Other News

More news for your entertainment

നീലഗിരിയിലെ അത്ഭുതം - അവലാഞ്ചിയിലേക്ക്

  ഊട്ടിയിലേക്ക് ഒറ്റയ്ക്കൊരു റൈഡ് part 2

സമയം 10:45:  അങ്ങനെ പെട്ടെന്നെടുത്ത ആ തീരുമാനത്തിൽ ഞാൻ മഞ്ചൂരിൽ നിന്നും അവലാഞ്ചിയിലേക്ക് ബൈക്ക് തിരിച്ചു...
ആ ഒരു തീരുമാനം ഈ യാത്രയിൽ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുകയായിരുന്നു. ആ നീല തടാകത്തിലെ സൂര്യ രശ്മികളുടെ പ്രതിഫലനം ജീവിതത്തിൽ ഇന്നേ വരെ കണ്ട കാഴ്ചകളിൽ ഏറ്റവും മികച്ചവയിൽ ഒന്നായിരുന്നു...





 മഞ്ഞിടിച്ചിൽ എന്നാണ് അവലാഞ്ചി എന്ന വാക്കിന്റെ അർത്ഥം. 1800കളിൽ ഇവിടെയുണ്ടായ മലയിടിച്ചിൽ കാരണം രൂപപ്പെട്ടതാണ് ഇന്നീ കാണുന്ന സുന്ദരമായ താഴ്വര. അതിനാലാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേരു വീണത്. ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുളള ആ തടാകക്കരയിലേക്ക് സഞ്ചരിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആവേശം രൂപപ്പെട്ടു.

   മഞ്ചൂർ ടൗൺ മുതൽ തുടങ്ങിയ ഹെയർപിൻ വളവുകൾ ഓരോന്നും ആസ്വദിച്ചു തന്നെ ഞാൻ മുന്നോട്ട് നീങ്ങി. വഴിയിലൊരു ഡാമുണ്ട്, കുന്ദ ഡാം. വെളളം കുറവായിരുന്നെങ്കിലും ദൂരെ നിന്നുളള കാഴ്ച്ച സുന്ദരം തന്നെ. അതു തന്നെയാണ് ഇവിടുത്തെ പ്രത്യേകത. കണ്ണിൽ കാണുന്ന എല്ലാ കാഴ്ച്ചകളും ഒന്നിനൊന്നു മെച്ചം. എന്തു രസമായിരുന്നു ആ നിമിഷങ്ങൾ.  പച്ച പുതച്ചൊരു താഴ്വരയിലൂടെ ഇളം വെയിലും കൊണ്ട് ഞാനും എന്റെ ജീവനും മാത്രം.





  മഞ്ചൂർ പിന്നിട്ട് 24ആം ഹെയർപിൻ വളവ് തിരിഞ്ഞതും ഇടതുവശത്തേക്ക് അവലാഞ്ചി ബോർഡ്‌ കണ്ടു. GPS നോക്കി വഴി ഉറപ്പിച്ച് അവലാഞ്ചി ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. ഇരുവശവും തേയിലത്തോട്ടങ്ങൾ നിറഞ്ഞ പാതയാണിത്. അത്ര മോശമല്ലാത്ത ആ വഴിയിലൂടെ ഏകദേശം 40-60 km/h സ്പീഡിലായിരുന്നു യാത്ര. പെട്ടെന്നൊരു വളവു കഴിഞ്ഞതും റോഡ്‌ നിറഞ്ഞു നില്ക്കുന്നൊരു വെളളക്കെട്ട്. വഴിയരികിലോ, തലയിൽ കുട്ട വച്ച് എന്തോ സാധനങ്ങളുമായി പോകുന്ന രണ്ട് സ്ത്രീകളും. ഞാനാ വേഗതയിൽ വെളളം തെറിപ്പിച്ചാൽ അവരുടെ തലയിലെ കുട്ട മുതൽ കാലു വരെ നനഞ്ഞു കുളിക്കും. എന്തു ചെയ്യും ??
സെക്കന്റുകളിൽ തോന്നിയ യുക്തിയിൽ ഞാൻ റോഡരികിലെ വരമ്പ് വഴി ബൈക്ക് ഓടിച്ചു കയറ്റി. ഒന്നര അടിയോളം ഉയരമുണ്ടതിന്‌. 'ഹാവൂ.. രക്ഷപ്പെട്ടു' എന്ന് തോന്നിയതിനു പിന്നാലെയാണത് കണ്ടത്. വരമ്പ് തീരാൻ പോകുന്നു. എങ്ങനെയോ നിയന്ത്രിച്ച് ബൈക്ക് നിർത്തിയെങ്കിലും ഇടതു കാൽ കുത്തിയത് ഒന്നരയടി താഴ്ച്ചയിലുളള ചെളിക്കുഴിയിലാണ്. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 145 കിലോ വെയിറ്റുളള ബൈക്ക് ഒന്നുയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോൾ ആ വെളളത്തിലേക്ക് ചരിച്ചിട്ടു. കാലു കുത്തിയ ശക്തിയിൽ വെളളം തെറിച്ച് ഞാൻ പകുതി നനഞ്ഞു, കഴുത്തിൽ തൂക്കിയിരുന്ന സൈഡ്ബാഗ്‌ വെളളത്തിൽ വീണു, വസ്ത്രങ്ങളിൽ അഴുക്കായി, ആകെ ശോകം..

  എന്തായാലും ഇതെല്ലാം കണ്ട് വഴിയിൽ നിൽക്കുന്ന ആ ചേച്ചിമാരുടെ നന്ദിയുളള നോട്ടം കണ്ടപ്പോൾ സന്തോഷം തോന്നി. അവർ നനയാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് എനിക്കീ പണി കിട്ടിയതെന്നവർക്ക് മനസ്സിലായിരുന്നു. അവരെനിക്ക് അടുത്തുള്ളൊരു തോട് കാണിച്ചു തന്നു. നല്ല തണുത്ത തെളിനീരൊഴുകുന്ന ആ തോട്ടിലിറങ്ങി വസ്ത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി, ബൈക്കും കഴുകി. എനിക്കെന്റെ ശരീരം പോലെയാണ് ബൈക്കും. അങ്ങനെ അവനേയും കുട്ടപ്പനാക്കി. അങ്ങനെ അവിടുന്ന് വീണ്ടും യാത്ര തുടർന്നു. ദേഹത്തൊക്കെ ചെളി തെറിച്ചെങ്കിലും അതെല്ലാം ഒരു അനുഭവം തന്നെയായിരുന്നു. ആദ്യമേ വെളളം തെറിപ്പിച്ച് നേരെ തന്നെ വന്നിരുന്നെങ്കിൽ ഞാൻ നനയില്ലായിരുന്നു, പക്ഷേ ആ ഒരു കുറ്റബോധം ഇന്നും മനസ്സിൽ അലട്ടിയേനെ. എന്തായാലും സന്തോഷത്തോടെ തന്നെ ഞാൻ മുന്നോട്ട് നീങ്ങി .

  വഴി മോശമായിക്കൊണ്ടിരിക്കുന്നു. ഇടതൂർന്നു നിൽക്കുന്ന മരങ്ങള്ക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ വലതുവശത്തായി തടാകത്തിന്റെ ചില ഭാഗങ്ങൾ കണ്ടു തുടങ്ങി. മുന്നോട്ട് ചെല്ലും തോറും എനിക്ക് സംശയമായി, ഇതു തന്നെയാണോ വഴി ? കാരണം, അതു പോലെയായിരുന്നു ആ അന്തരീക്ഷം. തിങ്ങി നിൽക്കുന്ന മരങ്ങള്ക്കിടയിലൂടെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴി. എന്തായാലും എത്തുന്നിടത്ത് എത്തട്ടെ എന്ന വിചാരത്തിൽ ഞാൻ മുന്നോട്ട് നീങ്ങി. ഒരു വളവ് കഴിഞ്ഞപ്പോൾ അതാ മുന്നിൽ രണ്ടു റൈഡേർസ്. അവരും വഴിയിതാണോയെന്ന സംശയത്തിൽ നിൽക്കുകയാണ്. തിരുച്ചിറപ്പള്ളിയിൽ നിന്ന് വന്ന അരുണും അക്ഷയ്'യും ആയിരുന്നു അത്. അവിടുന്ന് ഞങ്ങൾ പരസ്പരം സംസാരിച്ച് മുന്നോട്ട് യാത്ര തുടർന്നു. അവലാഞ്ചി ഇകോ-ടൂറിസം ഓഫീസിന്റെ മുന്നിലാണ് ആ വഴി ചെന്നു നിന്നത്.

  അവിടെ ബൈക്ക് പാർക്കു ചെയ്ത് മുന്നോട്ട് നടക്കുമ്പോൾ ഒരാൾ വന്ന് പരിചയപ്പെട്ടു. KL-07 കണ്ട് വന്നതാണ്. നമ്മുടെ അതേ മനസ്സുളള തനി മലയാളി. പേര് അജിത്‌ ചന്ദ്രൻ, ബാംഗ്ളൂരിൽ നിന്നാണ് വരവ്. കൂട്ടിനു അഭിഷേക് സെങ്കാർ എന്ന ഉത്തർപ്രദേശുകാരനും. മീശ പിരിച്ച്, താടിയും മുടിയും നീട്ടി വളർത്തി , നീണ്ട ജുബ്ബയും ചെറിയൊരു വട്ടക്കണ്ണടയും വച്ചൊരു സഞ്ചാരി. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടതിനു ശേഷം അവലാഞ്ചിയിലേക്കുളള പാസ്സിനായി കൗണ്ടറിൽ സമീപിച്ചു. ഒരാള്ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ എല്ലാ വണ്ടികളും പോയിരിക്കുകയാണ്. ഇനി തിരിച്ച് വരുന്ന മുറയ്ക്കെ പാസ്സ് തരാൻ പറ്റൂ എന്ന മറുപടിയാണവിടുന്ന് കിട്ടിയത്. ആ സമയം 40'ഓളം ആളുകളാണവിടെ രണ്ടു മണിക്കൂർ നീണ്ട സവാരിക്കായി കാത്തു നിൽക്കുന്നത്. അതിനിടയിൽ പുതിയൊരു കൂട്ടും കിട്ടി. പോണ്ടിച്ചേരിയിൽ നിന്നും ബൈക്കിൽ ഒറ്റയ്ക്ക് വന്ന ഗൗതം. ഞങ്ങൾ മൂന്നു പേർക്കും പാസ്സ് എടുക്കാനായി ഗൗതമിനെ ഏൽപ്പിച്ച് വിശ്രമിക്കാനായി ഇരുന്നു. സമയം ചെല്ലും തോറും ആളുകളുടെ പ്രവാഹം കൂടി വരുന്നു. അവിടെയങ്ങനെ സംസാരിച്ച് ഇരിക്കുന്നതിനിടയിൽ എവിടുന്നോ നല്ലൊരു സംഗീതം കേട്ടു തുടങ്ങി. കഴുത്തിൽ തൂക്കിയിട്ടൊരു bletooth musicplayer'ൽ അഭിഷേക് ഭായ് ആസ്വദിക്കുന്നതായിരുന്നു അത്. പാസ്സിനായി ഇരുന്ന് മടുത്ത വേളയിൽ ആ ശബ്ദം വളരെ ആശ്വാസം പകർന്നു.



   അങ്ങനെ രണ്ടു മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങള്ക്ക് പാസ് ലഭിച്ചു.  അതുമായി ഫോറസ്റ്റ് ഡിപാർട്ട്മെന്റിന്റെ മിനി ബസിലേക്ക് കയറാൻ നേരം ഓഫീസറുടെ കർശന നിർദ്ദേശം, വലിയ ബാഗ്‌ കൈവശം കരുതാൻ അനുവദിക്കില്ലത്രേ. ഞങ്ങളീ ബാഗ്‌ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ മറുപടിയൊന്നും ഉണ്ടായില്ല. എന്തായാലും അജിത്ത് ഭായിയോട് സീറ്റ്‌ പിടിക്കാൻ പറഞ്ഞ് ഞാനും ഗൗതമും ബാഗ്‌ എവിടെയെങ്കിലും വെക്കാനായി ഓടി. സഫാരിക്കായി വരുന്നവർക്ക് സുരക്ഷിതമായി സാധനങ്ങൾ സൂക്ഷിക്കാനുളള ഒരു സൗകര്യവും അവിടില്ലായിരുന്നു. അവസാനം മനസ്സില്ലാ മനസ്സോടെ ആ കെട്ടിടത്തിന്റെ അകത്ത് ഒരു കസേരയുടെ അടിയിലായി ബാഗും ഹെൽമറ്റും ഒതുക്കി വച്ച് ഞങ്ങൾ വന്ന് വണ്ടിയിൽ കയറി.



    വണ്ടിയങ്ങനെ നിരങ്ങി നിരങ്ങി കാട്ടുവഴിയിലേക്കിറങ്ങി. ആ സമയം മുതൽ മറ്റു സംസാരങ്ങളെല്ലാം നിർത്തി കണ്ണും കാതും പുറത്തെ കാഴ്ച്ചകളിലേക്ക് തിരിച്ചു വച്ചു. പതിനൊന്ന് മണിക്കൂർ നീണ്ട ബൈക്ക് റൈഡിന്റെ ക്ഷീണമത്രയും ആ വനയാത്രയിൽ അലിഞ്ഞില്ലാതായി. തിങ്ങി നിൽക്കുന്ന മരങ്ങള്ക്കിടയിലൂടെയുളള ഓഫ്‌റോഡ്‌ യാത്രയിൽ ഈ വാഹനത്തിന്റെ ശബ്ദം ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നിപ്പോയി.

  കോളിഫ്ളവർ ഷോല എന്ന വ്യൂ പോയിന്റിലാണ് ആദ്യം വണ്ടി നിർത്തിയത്. അവിടെ നിന്ന് താഴേക്ക് നോക്കിയാൽ ചോലമരങ്ങൾ തിങ്ങി നിറഞ്ഞൊരു താഴ്വാരം കാണാം. നീലഗിരിയിലെ ഏറ്റവും വലിയ ചോലവനങ്ങളിൽ ഒന്നാണിത്. ഇരുപത് മീറ്ററോളം ഉയരമുണ്ട് ഓരോ മരത്തിനും. മുകളിൽ നിന്നുളള കാഴ്ച്ചയിൽ അവ കോളിഫ്ളവർ പോലെ ഇരിക്കുന്നു. അതിനാലാവാം ഈ പേരു വീണത്.





 ഒരു തരി പോലും സൂര്യപ്രകാശം അകത്ത് വീഴാത്ത ആ താഴ്വരയിൽ ഏതെങ്കിലും വഴി എത്തിപ്പെടാനാകുമോ എന്ന ചോദ്യത്തിനു ഒരു ചിരിയായിരുന്നു ആ ബസ്‌ ഡ്രൈവറുടെ മറുപടി. അവിടേക്ക് പ്രവേശനമില്ല. പിന്നെ ഫോറസ്റ്റിൽ പരിചയത്തിന് ആളുണ്ടെങ്കിൽ അയാളുടെ റിസ്കിൽ പോകാം. പക്ഷെ, മേലുദ്യോഗസ്ഥന്മാർ കണ്ടാൽ അയാളുടെ പണി പോകും. കൂടാതെ 10,000 രൂപ വരെ പിഴയും ഒടുക്കേണ്ടി വരുമത്രേ. എന്തായാലും ആ പ്രകൃതീവിസ്മയം ദൂരെ നിന്നു ആവോളം ആസ്വദിച്ച ശേഷം റോഡിൽ തന്നെയുളള തെളിനീർച്ചാലിൽ നിന്നും മുഖം കഴുകി വീണ്ടും വണ്ടിയിൽ കയറി. വയറ്റിൽ വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു. എന്തായാലും ഇനി രണ്ടു മണിക്കൂർ കഴിയണം തിരിച്ചെത്താൻ.

 (photo  - google)

 അടുത്തതായി വണ്ടി നിർത്തിയത് ഭവാനി നദിയുടെ ഉത്ഭവ സ്ഥാനത്തായിരുന്നു. അവിടെയൊരു ക്ഷേത്രവും കാണാം. ചെറിയൊരു പാറക്കെട്ടിന്റെ അടിയിൽ നിന്നും ഉത്ഭവിക്കുന്ന നീരുറവ വലിയൊരു നദിയായി രൂപപ്പെട്ട് കാതങ്ങൾ താണ്ടി കാവേരി നദിയിൽ ചെന്നലിയും. എത്രയോ ജീവജാലങ്ങളുടെ ആവാസ വ്യവസ്ത്ഥ ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനെല്ലാം കാരണമായ ഉറവയുടെ സമീപം പ്രപഞ്ചത്തിലെ അത്ഭുതങ്ങളോർത്തങ്ങനെ നിന്നു.


അവിടുന്നൽപ്പം ദൂരെയായി വലിയൊരു കിണർ കണ്ടു. അവിടെ എന്തിനൊരു കിണർ എന്നന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, പണ്ട് ബ്രിട്ടീഷുകാർ നിർമിച്ചതാണെന്നാണ്. തടാകത്തിൽ നിന്നും വെളളം കൊണ്ടുപോകാൻ ഭൂമിക്കടിയിലൂടെ 10 കിലോമീറ്റർ നീളത്തിലുളള ടണൽ ഉണ്ടാക്കിയത്രേ. അതിന്റെ എയർഹോളാണീ കിണർ. എന്തായാലും പ്രകൃതീ ഭംഗിക്ക് യാതൊരു കോട്ടവും തട്ടാതെയായിരുന്നു അവരുടെ നിർമ്മാണമത്രയും. അങ്ങനെ സുന്ദരമായ ആ സ്ഥലത്ത് നിന്നും വീണ്ടും യാത്രയാരംഭിച്ചു.


  വഴിക്കിരുവശവും മനോഹരമായ പുൽമേടുകളും അരുവികളും കണ്ടു തുടങ്ങി. ഇടതുവശത്തായി ദൂരെ ഒരു വെളളച്ചാട്ടം കാണാം. ഉയരം കുറഞ്ഞ ചോലക്കാടുകൾ നിറഞ്ഞൊരു താഴ്വരയിൽ ചെറിയൊരു പാറക്കെട്ടും, അതിൽ നിന്ന് താഴേക്ക് പതിക്കുന്ന വെളളവും. അതിമനോഹരമായ ആ ദൃശ്യം കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ നോക്കിയിരുന്നു.

 ചെറിയൊരു തോടിന്റെ വലുപ്പത്തിൽ ഭവാനി നദി ഒഴുകി തുടങ്ങിയിരിക്കുന്നു. ഇടതു വശത്ത്‌ കാണുന്ന കാഴ്ച്ചകളിലേക്ക് കണ്ണോടിച്ചാൽ വേറെ എവിടെയും കാണാത്തൊരു മനോഹാരിത ദർശിക്കാം. ഈ കാണുന്ന പുൽമേടുകൾക്കും ചോലമരങ്ങൾക്കുമപ്പുറം കാണാൻ പോകുന്ന കാഴ്ചകൾ എന്തായിരിക്കുമെന്ന ആകാംക്ഷ എല്ലാവരുടെയും മുഖത്ത് ദൃശ്യമായിരുന്നു.




  അങ്ങനെ അവസാനം ലക്കിടിയെന്ന ആ സുന്ദരമായ തീരത്തേക്ക് എത്തിച്ചേർന്നു. ആകാശത്തിനു താഴെ ചോലക്കാടുകളും പുൽമേടുകളും ഇടകലർന്നു നിൽക്കുന്ന ചെറിയ മലകളും അതിനോട് ചേർന്ന് മാനത്തെ നീലിമയെ വെല്ലുന്ന നിറവുമായൊരു തടാകവും. ജലനിരപ്പിൽ നിന്നു നോക്കിയാൽ വെളളത്തിൽ സൂര്യരശ്മികൾ പ്രതിഫലിക്കുന്ന കാഴ്ച്ച മറക്കാനാവാത്ത ഒരനുഭവം തന്നെ.


നീലഗിരിയിലെ ഇളം തണുപ്പും കാറ്റും കൊണ്ട് കുറേ സമയം ആ തടാകത്തിലേക്ക് കണ്ണും നട്ടിരുന്നു. അവിടുന്ന് അൽപ്പം മുകളിലേക്ക് കയറിയാൽ പൈൻ മരങ്ങൾ നിറഞ്ഞൊരു കുന്നിൽ കയറാം. അവിടെ നിന്ന് കുറേ ഫോട്ടോസ് എടുത്തു.



വീണ്ടും താഴെയിറങ്ങി തടാകത്തിലേക്ക് നോക്കിയിരുന്നു. വെളളത്തിൽ കിടക്കുന്ന വജ്രം പോലെ തോന്നിക്കുന്ന പ്രകാശ രശ്മികൾ കാറ്റടിക്കുമ്പോൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.



.ആ സുന്ദര തീരത്ത് ചിലവഴിച്ച അരമണിക്കൂർ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു


  അങ്ങനെ ആ സഫാരിക്ക് ശേഷം ഏകദേശം 4 മണിയോടെ ഞങ്ങൾ കയറിയ സ്ഥലത്ത് വന്നിറങ്ങി. ഭാഗ്യത്തിന് ബാഗുകൾ അവിടെ തന്നെ ഉണ്ടായിരുന്നു. അടുത്തത് ഇനിയെങ്ങോട്ടെന്ന് അപ്പോഴാണ്‌ ആലോചിക്കുന്നത്. എന്തായാലും ആദ്യം ഭക്ഷണം കഴിക്കണം അതിനായി ഞങ്ങൾ നാലുപേരും ഒരുമിച്ച് ഊട്ടിയിലേക്ക് ബൈക്കോടിച്ചു.




 എമറാൾഡ് വഴി വീണ്ടും ഹെയർപിൻ വളവുകളിലേക്കിറങ്ങി. പച്ച പുതച്ച നീലഗിരി താഴ്വരകൾ താണ്ടി അര മണിക്കൂറിനുളളിൽ ഊട്ടിയിലെത്തി. ആദ്യം കണ്ടൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.

  അജിത്ത് ഭായിയും കൂട്ടുകാരനും എമറാള്ഡ് തടാകത്തിന്റെ കരയിൽ ടെന്റ് അടിച്ചാണ് രാത്രി താമസം. തലേന്ന് രാത്രിയിൽ സഹിക്കാനാവാത്ത തണുപ്പായിരുന്നുവത്രേ. എന്തായാലും ഇവരെ പരിചയപ്പെട്ടത് മൂലം ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ലഡാക്കിൽ രണ്ടു തവണ പോയിട്ടുളള അജിത്‌ ഭായ് അദ്ധേഹത്തിന്റെ യാത്രാ അനുഭവങ്ങൾ പങ്കു വച്ചു. മഞ്ഞിൽ ബൈക്ക് 360 ഡിഗ്രി കറങ്ങുന്നതും, ഹിമാലയൻ മലനിരകളിലെ അപകടകരമായ Shooting stones'നെ പറ്റിയും, ലഡാക്കിലെ magnetic hill'നെ കുറിച്ചൊക്കെ വിവരിച്ചു. അങ്ങനെ അവസാനം അവിടുന്ന് ഞങ്ങൾ പരസ്പരം കൈ കൊടുത്ത് പിരിഞ്ഞു. ഗൗതം റൂം ബുക്ക്‌ ചെയ്തിട്ടില്ലായിരുന്നു. ഞാൻ പോകുന്ന ഊട്ടി യൂത്ത് ഹോസ്റ്റലിൽ റൂം ഉണ്ടെങ്കിൽ നോക്കാമെന്ന് കരുതി ഞങ്ങളങ്ങോട്ട് തിരിച്ചു.

  അവിടെയൊരു Mountain cycling ക്യാമ്പ്‌ നടക്കുന്നതിനാൽ എല്ലാം ഫുൾ ആയിരുന്നു. അങ്ങനെ ഗൗതമും യാത്ര പറഞ്ഞു. ഞാൻ വീണ്ടും ഒറ്റയ്ക്കായി. ബാഗെല്ലാം റൂമിൽ ഒതുക്കി വച്ച് ഞാനൊന്ന് പുറത്തേക്കിറങ്ങി. ജൂബിലി ഹിൽസിനു താഴെയുളള വലിയൊരു ഹോട്ടലിലെ നമസ്കാര മുറി കണ്ടെത്തി അന്നത്തെ നിസ്കാരങ്ങലെല്ലാം നിർവ്വഹിച്ചു. അതിനു ശേഷം ചെറുതായിട്ടൊന്നു കറങ്ങിയ ശേഷം ഭക്ഷണം കഴിച്ച് വീണ്ടും റൂമിലേക്ക് തിരിച്ചു. രാത്രി 9 മണി ആയതും പുറത്തെ തണുപ്പ് അസഹനീയമായി. ചെറിയ ഫോൺ കോളുകൾ ചെയ്ത ശേഷം ഡോർമിറ്ററിയിൽ വന്നു കിടന്നു. ആ സമയം അവിടെയുണ്ടായിരുന്ന സൈക്ലിംഗ് ടീമിലെ ഒരു മലയാളിയെ പരിചയപ്പെട്ടു. കൊല്ലം സ്വദേശി ലക്ഷ്മികാന്ത്. അല്ലേലും എവിടെ ചെന്നാലും അവിടെ മലയാളികൾ ഉണ്ടല്ലോ. എന്തായാലും പരിചയപ്പെടലിനു ശേഷം ഞാൻ ഉറങ്ങാനായി കിടന്നു. മസിനഗുടിയാണ് നാളത്തെ ലക്ഷ്യം, പറ്റിയാൽ കൂനൂർ വെല്ലിങ്ട്ടൺ ലേക്കിലും... അങ്ങനെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു
_________
Nb - അവലാഞ്ചി. ഊട്ടിയിൽ നിന്നും 26 Km.. ഇവിടേക്ക് പോകുകയാണെങ്കിൽ 9 മണിക്ക് എത്താൻ ശ്രമിക്കുക, 10 മണി കഴിഞ്ഞാൽ സഫാരിക്കുളള പാസ് കിട്ടാൻ ബുദ്ധിമുട്ടാകും. എന്തായാലും പോയി വന്നാൽ കൂട്ടുകാരോടൊക്കെ നെഞ്ചും വിരിച്ചു നിന്ന് ചോദിക്കാം:
 "അവലാഞ്ചിയിലെ നീല തടാകം മിന്നിത്തിളങ്ങുന്നത് കണ്ടിട്ടുണ്ടോ...???"
എന്ന് . . :)
_________

ഊട്ടിയിലേക്ക് ഒറ്റയ്ക്കൊരു റൈഡ്
part 01 - http://sancharangal.blogspot.in/2016/02/blog-post_21.html