-->
Hot!

Other News

More news for your entertainment

നീലാകാശത്തിനു താഴെ , പച്ചക്കടലിൽ മുങ്ങി..

അതെ, ഞാനിവളുമായി പ്രണയത്തിലായിരിക്കുന്നു. ആദ്യ നോട്ടത്തിൽ തന്നെയെന്റെ മനസ്സ് കീഴടക്കിയ മേമുട്ടത്തെ വെള്ളാരം ചിറ്റ

     ഇനിയുമവിടെ പോകണം,
     പച്ചക്കുന്ന് കയറണം,
     ഏകാന്തമായി കാറ്റും കൊണ്ടിരിക്കണം,
     ഒരുരാത്രി അവിടെ ഉറങ്ങണം,
     പുലർമഞ്ഞും കൊണ്ടൊരു സൂര്യോദയം
     കാണണം...
 



     വേനലാൽ ചുട്ടുപൊളളുന്ന ഏപ്രിൽ മാസത്തിൽ പോലും തണുത്ത കുളിർ കാറ്റൊഴുകുന്ന മേമുട്ടത്തെ കുന്നുകളിറങ്ങുമ്പോൾ ചിന്തകൾ പലതായിരുന്നു.

ആ നല്ല ഓർമ്മകൾ മനസ്സിൽ വച്ചുകൊണ്ട് ചുരമിറങ്ങി വീണ്ടും ടെക്നോപാർക്കിന്റെ 10ആം നിലയിൽ കർമ്മനിരതനായെങ്കിലും മനസ്സ് മേമുട്ടത്ത് തന്നെയായിരുന്നു. ആ മലമുകളിലെ തണുപ്പിനോളം വരില്ലല്ലോ, ഒരു സെൻട്രലൈസ്ഡ് ഏസിയും. അങ്ങനെ നിനച്ചിരിക്കാതെയൊരു പ്രഭാതത്തിൽ വീണ്ടും ഇവിടേക്ക് എത്തിപ്പെട്ടു.

   ഒരു ഓഗസ്റ്റ്‌ മാസത്തിലാണ് ആദ്യമായി ഞാനിവിടെയെത്തുന്നത്. ഒരു വിവരണത്തിലൂടെ മുജീബിക്കയാണ് ഈ സ്ഥലം പരിചയപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞ പ്രകാരം, ഞങ്ങൾ മൂന്ന് ബൈക്കുകളിലായി 6 പേർ തൊടുപുഴ - മൂലമറ്റം വഴി ഓഫ്‌റോഡ്‌ കയറി ഇവിടെയെത്തി. അന്ന് മേമുട്ടത്തേക്കുളള വഴി കാണിക്കാനായി ഞങ്ങളെ സഹായിച്ചത് മൂലമറ്റം സ്വദേശിയായ, എറണാകുളം St.Alberts കോളേജിൽ എന്നെ ആനിമേഷൻ പഠിപ്പിച്ച RK സാറായിരുന്നു. ഓഫ്‌റോഡ്‌ തുടങ്ങുന്ന സ്ഥലം വരെ സാറും ഞങ്ങളുടെ കൂടെ വന്നു. പോകുന്നതിനു മുൻപ് വഴിയേക്കുറിച്ചു ഒരുപാട് മുന്നറിയിപ്പുകൾ അദ്ദേഹം തന്നു. കൂടെ വരുന്നോയെന്ന ചോദ്യത്തിന്, തമാശയെന്നോണം "നിങ്ങൾ ചെറുപ്പക്കാർ പോയി കീഴടക്കി വാ" എന്ന് പറഞ്ഞു സാർ ഞങ്ങളെ യാത്രയാക്കി.


 വളരെ ആവേശപൂർവ്വം ഞങ്ങളാ വഴിയിലൂടെ മുന്നോട്ട് നീങ്ങി. ഓഫ്റോഡ് തുടങ്ങിയതും ബൈക്കുകൾ തീവ്രഭാവത്തിൽ മുരണ്ടു. വലിയൊരു പേമാരി കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ ആ പാതയിലുടനീളം കാണാമായിരുന്നു. മഴ വെളളം കുത്തിയൊലിച്ച കുഴികൾ നിറഞ്ഞ ആ വഴിയുടെ ഗതിക്കെതിരായി ഞങ്ങൾ ബൈക്കുകൾ ഓടിച്ചു കയറ്റി. പലപ്പോഴും പിന്നിൽ ഇരിക്കുന്നവർ ഇറങ്ങി നടക്കേണ്ടിയും വന്നു. അങ്ങനെ വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ആ കയറ്റം കയറി കഷ്ടപ്പെട്ട് ഒരു 2 കിലോമീറ്റർ മുന്നോട്ട് ചെന്നതും വഴി രണ്ടായി തിരിയുന്നു. വലത്തേക്ക് ഒരു മണ്ണിട്ട വഴി. ഇടത്തേക്ക് ഞങ്ങൾ വന്ന പോലെയുളള ഓഫ്‌റോഡും. എതിലെയാണ് ഞങ്ങള്ക്ക് പോകേണ്ടതെന്നറിയാൻ സമീപത്ത് കണ്ടൊരു വീട്ടിൽ കയറി അന്വേഷിച്ചു. ഈ രണ്ടു വഴി പോയാലും മേമുട്ടത്തെത്താം. അവരുടെ ഭാഷയിൽ വലത്തേക്ക് നല്ല വഴി, ഇടത്തേക്ക് കട്ട വഴി. രണ്ടും ഓഫ്‌റോഡ്‌ തന്നെ. ഏതു വഴി പോകണം ? സംശയമായി...!!! എന്തായാലും ഇറങ്ങി തിരിച്ചു, എങ്കിൽ പിന്നെന്ത് നോക്കാൻ. അങ്ങനെ ഞങ്ങൾ ബുദ്ധിമുട്ടാൻ തന്നെ തീരുമാനിച്ചു. ചേച്ചി പറഞ്ഞ കട്ട വഴിയിലൂടെ മുന്നോട്ട് നീങ്ങി.


  വഴിയെന്നു പറഞ്ഞാൽ ഇതാണ് വഴി. പാറകൾ നിറഞ്ഞ, കാട്ടുചോല പോലൊരു പാത. വലിയ കയറ്റത്തിൽ, ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേക്ക് ചാടിച്ചാടി മൂന്ന് ബൈക്കുകൾ. ആ ചേച്ചി പറഞ്ഞപ്പോൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. വളരെ കഷ്ടപ്പെട്ട് എങ്ങനെയോ കുറേ ഭാഗം പിന്നിട്ടു. കുറച്ചു കഴിഞ്ഞതും ഓഫ്‌റോഡ്‌ വളരെ കഠിനമായി. അഷ്കറിന്റെ ബുളളറ്റ് മുന്നോട്ടോ പിന്നോട്ടോ നീക്കാൻ കഴിയാത്ത അവസ്ഥയിൽ രണ്ടു പാറക്കല്ലുകളിൽ ഉടക്കി നിന്നു. ഈ വഴി തിരഞ്ഞെടുത്ത തീരുമാനം തെറ്റായിപ്പോയി എന്നു തോന്നിയ നിമിഷങ്ങൾ, ഈയൊരു അവസ്ഥയാണെങ്കിൽ എങ്ങനെ ബൈക്കുമായി മുകളിലെത്തും?
ഒരുപാട് ആശിച്ച് ഇവിടെ വരെ വന്നിട്ട് പാതിവഴിയിൽ ഉപേക്ഷിക്കുന്നതെങ്ങനെ..!!! 'കയ്ച്ചിട്ട് ഇറക്കാനും വയ്യ,
മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത. .' ആ അവസ്ഥ ഞങ്ങൾ നന്നായി അനുഭവിച്ചു.

 എന്റെയും അനീഷിന്റെയും പൾസർ എങ്ങനെയും കയറ്റാം എന്നൊരു പ്രതീക്ഷയുണ്ട്. പക്ഷേ ബുള്ളറ്റിന്റെ ഗ്രൗണ്ട് ക്ലീറെൻസ് കുറവായതാണ് പ്രശ്നം. ഇറങ്ങി  നടക്കുന്ന എല്ലാവരും കൂടി സഹായിച്ച് എങ്ങനെയോ അത് തളളിക്കയറ്റി. അവന്റെ പിന്നിലായിരുന്നു ഞാൻ. ബുളളറ്റ് ഇളക്കി മറിച്ച കല്ലുകൾക്കിടയിലൂടെ നീങ്ങിയ ഞാനും പെട്ടു. നിന്നു കറങ്ങിയ പിൻചക്രങ്ങൾ ഒന്ന് വരുതിയിലാക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. മുന്നിൽ പോകുന്ന വണ്ടിയുമായി ഇത് കീഴടക്കാൻ കഴിയില്ല എന്നൊരു തോന്നൽ വന്നപ്പോൾ ഞങ്ങൾ തിരിക്കാൻ തീരുമാനിച്ചു. പക്ഷേ അഷ്‌കർ ഒരു തരത്തിലും അതിനു സമ്മതിക്കുന്നില്ല. അവൻ ഓകെയാണെങ്കിൽ പിന്നെന്താ പ്രശ്നം??  അങ്ങനെ വർദ്ധിച്ച വീര്യത്തോടെ ഞങ്ങളാ സാഹസം പുനരാരംഭിച്ചു.

  ഓഫ്‌റോഡ്‌ റൈഡിങ്ങിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മുന്നോട്ടെടുക്കാൻ അൽപ്പമെങ്കിലും സ്ഥലമുള്ളിടത്തേ വണ്ടി നിർത്താവൂ. കുടുസ്സായ സ്ഥലത്ത് നിർത്തിയാൽ വീണ്ടും എടുക്കുമ്പോൾ ബുദ്ധിമുട്ടാകും. ആദ്യ ഗിയറിൽ പകുതി ക്ലച്ച് താങ്ങി, നിയന്ത്രിത വേഗത്തിൽ, നിന്നും ചരിഞ്ഞും കാലുകുത്തിയും കഷ്ടപ്പെട്ടുളള ഈ റൈഡിംഗ് എനിക്ക് ഏറെയിഷ്ടമാണ്. എന്റെ ബൈക്കിനും ഇപ്പോ ശീലമായി. ഇടക്ക് എവിടെയെങ്കിലും നിന്നു പോയാൽ RPM കൂട്ടുന്നതൊഴിച്ചാൽ, ഒരുവിധം എല്ലാ ഓഫ്‌റോഡുകളും അവൻ 4-6 rpm'ൽ സുഗമമായി കീഴടക്കും. ഇത്തരം വഴികളിൽ ബുളളറ്റ് പോലെയുളള ബൈക്കുകൾ കൊണ്ടു പോകാതിരിക്കുന്നതാണ് നല്ലത്. ഹൈവേയിൽ ഓടിക്കേണ്ട വണ്ടി ഒരു പരിചയവുമില്ലാതെ ഓഫ്‌റോഡിൽ ഇറക്കിയാൽ, കാടിനു നടുവിൽ നിന്ന് പശ്ചാത്തപിക്കേണ്ടി വരും (അനുഭവം ഗുരു)

  അങ്ങനെ ഇല്ലാ വഴിയിലൂടെ ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി, അഥവാ മുകളിലോട്ട്. കുറച്ചങ്ങു ചെന്നപ്പോൾ ആശ്വാസമായി. വഴിയിലെ തടസ്സങ്ങളുടെ തീവ്രത കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഈ നൂറുമീറ്റർ പിന്നിടാനെടുത്തത് ഏകദേശം ഒരു മണിക്കൂറാണ്.  ഇളം തണുപ്പുള്ള ആ താഴ്വരയിലും ഞാൻ വിയർത്തു കുളിച്ചിരിക്കുന്ന കാര്യം മനസ്സിലാക്കിയത് അപ്പോഴാണ്. എങ്ങനെയെങ്കിലും ഇതൊന്ന് കീഴടക്കണമെന്ന വാശിയിൽ എന്തൊക്കെയോ കാണിച്ചതിന്റെ ബാക്കിയാണത്.
 അങ്ങനെ വീണു കിട്ടിയ പ്രതീക്ഷ മുൻനിർത്തി ഞങ്ങൾ യാത്ര പുനരാരംഭിച്ചു. പാമ്പു  പോലെ ചുരുണ്ട് കിടക്കുന്ന ഹെയർപിന്നുകൾ ഓരോന്നും കീഴടക്കുംതോറും ഇടുക്കിയുടെ മനോഹരമായ ദൂരക്കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി. താഴേക്കു നോക്കിയാൽ ഞങ്ങൾ കയറി വന്ന വഴികൾ കാണാമായിരുന്നു. അതിങ്ങനെ കണ്ടപ്പോൾ തോന്നിയ ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യ. . .
  അൽപ്പം കഴിഞ്ഞപ്പോൾ മുന്നിലെ വഴിത്താര കാട്ടുചെടികളാൽ മറഞ്ഞു.  ഞാനായിരുന്നു മുന്നിൽ. ഇളം പച്ച നിറത്തിനിടയിലായി കാണുന്ന മണ്ണിന്റെ ചുവപ്പായിരുന്നു ആകെയുളള പ്രതീക്ഷ. മുന്നോട്ട് പോകാൻ കഴിയുമോ എന്നറിയില്ല, എങ്കിലും പോയല്ലേ പറ്റൂ. ഇത്രയും കഷ്ടപ്പെട്ട് വിയർത്തു കുളിച്ച് ഇവിടെ വരെ കയറി വന്നിട്ട് ഇനിയിപ്പോ തിരിക്കാൻ പറ്റുമോ ?? "എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടു തന്നെ'' എന്ന മുദ്രാവാക്യം മനസ്സിലുച്ചരിച്ച് ഞങ്ങൾ കാട്ടുചെടികൾ വകഞ്ഞു മാറ്റി മുകളിലേക്കുള്ള പ്രയാണം തുടർന്നു.
  ബൈക്കിനേക്കാൾ ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുമേടുകൾക്കിടയിലൂടെ ഏതോ കാലത്തു വെട്ടിത്തെളിച്ച വഴിയുടെ അവശിഷ്ടം കാണാം. ഈയടുത്തൊന്നും ഇതു വഴി വാഹനങ്ങളൊന്നും പോയിട്ടില്ല. ഒരുപക്ഷേ നേരത്തെ താഴെ കണ്ട വലത്തേക്കുള്ള വഴിയായിരിക്കണം മുജീബിക്കയും സംഘവും പോയിട്ടുണ്ടാകുക. ഇതിപ്പോ ഞങ്ങളെങ്ങോട്ടാണ് പോകുന്നതെന്നറിയാതെ മുന്നോട്ട് നീങ്ങും നേരം, വഴിയിൽ ഉണങ്ങിയ ആനപ്പിണ്ടം കൂടി കണ്ടപ്പോൾ ചെറുതായി അങ്കലാപ്പിലായി. എന്തായാലും അടുത്തടുത്തു വരുന്ന ആകാശക്കാഴ്ചയിൽ നിന്നും, ഈ മലയുടെ മുകളിലേക്കിനി അധികം ദൂരമില്ലെന്നു മനസ്സിലായി.

  അങ്ങനെ ഒരുപാട് ബുദ്ധിമുട്ടിയ ഓഫ്റോഡ് റൈഡിനു വിരാമം കുറിച്ചു കൊണ്ട്, ഞങ്ങളാ മലയിടുക്കിലേക്ക് കയറിയെത്തി. പിന്നിട്ട വഴികളിലെ സകല കഷ്ടപ്പാടുകളും ഒറ്റ നിമിഷം കൊണ്ട് മനസ്സിൽ നിന്നു മറയുകയായിരുന്നു. ബൈക്ക് ഒരു വശത്ത് ഒതുക്കി വച്ചിട്ട്, കയറി വന്ന വഴികൾ ഒന്നു കൂടി എത്തി നോക്കി.
 ആ സമയം, കാൽപാദം മുതൽ സന്തോഷത്തിന്റെ ഒരു പെരുപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി. എനിക്ക് മാത്രമല്ല, എല്ലാവർക്കും.
അതെ...!!! ആ ഒരു നിമിഷത്തിൽ എല്ലാം മറന്നു ഞങ്ങൾ തുളളിച്ചാടുകയായിരുന്നു. ശരീരമാസകലം തഴുകിയെത്തിയ കവന്തയിലെ കുളിർകാറ്റ് ഞങ്ങളുടെ ആഘോഷത്തിന് മാറ്റുകൂട്ടി..

ഒടുവിൽ ആഹ്ളാദമടങ്ങിയപ്പോൾ എല്ലാവരും ചുറ്റുമുളള കാഴ്ചകളിലേക്ക് മിഴി തുറന്നു. അതിമനോഹരമായ ആ മലയിടുക്കിൽ അപ്പോൾ ഞങ്ങൾ ആറുപേർ മാത്രം, പച്ചപ്പുൽമേടുകളും ചോലവനങ്ങളും ഇടതൂർന്നു നിൽക്കുന്ന ദൂരക്കാഴ്ചയ്ക്കപ്പുറം, മലനിരകളോട് കിന്നാരം പറയുന്ന കോടമഞ്ഞിന്റെ ഒളിച്ചു കളി ഒരു വല്ലാത്ത കാഴ്ച്ച തന്നെയായിരുന്നു. കണ്ണിനും മനസ്സിനും കുളിർമ്മയേകിയ ആ സുന്ദര നിമിഷങ്ങൾ ഞങ്ങൾ ആവോളം ആസ്വദിച്ചു.

  'കവന്ത' എന്നാണീ മലയിടുക്ക് അറിയപ്പെടുന്നത്. 'ഇയ്യോബിന്റെ പുസ്‌തകം' എന്ന സിനിമയിൽ കവന്തയുടെ സൗന്ദര്യം മനോഹരമായി ചിത്രീകരിച്ചത് എല്ലാവരും കണ്ടു മറന്നൊരു കാഴ്ചയാണ് "വിരലിനെന്തു പറ്റി, എന്നു ചോദിച്ചാൽ മൂന്നാറിൽ അലോഷിക്ക് കൈ കൊടുത്തതാ എന്നു പറഞ്ഞാൽ മതി" - ഈ പ്രശസ്തമായ ഡയലോഗ് പറയുന്ന ക്ലൈമാസ് ഷൂട്ട് ചെയ്തത് ഞങ്ങളിപ്പോൾ നിൽക്കുന്ന മലയിടുക്കിൽ വച്ചാണ്. അതിനിടെ കൂട്ടത്തിലെ തമാശക്കാരനായ അനീഷ് അവന്റെ മൊബൈലിൽ 'ബാഹുബലിയിലെ' പാട്ട് ഓണാക്കി കുത്തനെയുള്ള പാറയിൽ അള്ളിപ്പിടിച്ചു മുകളിലേക്കു കയറാൻ തുടങ്ങി. അതു കണ്ടപ്പോൾ ഞാനും ഒരു ശ്രമം നടത്തി. ഇപ്പോഴതെല്ലാം ഓർക്കുമ്പോൾ വീണ്ടും വീണ്ടും അവിടേക്കു തന്നെ പോകാൻ തോന്നുന്നു. അങ്ങനെ കവന്തയിലെ ഫോട്ടോഷൂട്ടിനു ശേഷം ബൈക്കുകൾ മുന്നോട്ടു നീങ്ങി.

 എങ്ങോട്ടാണെന്നറിയാതെ, ആകെയുളള ആ വഴിയിലൂടെ അൽപ്പം ചെന്നതും ഒളിഞ്ഞു കിടന്ന വെള്ളാരം ചിറ്റയുടെ പൂർണ്ണ രൂപം ഞങ്ങൾ കണ്ടു. അതിമനോഹരമായ രണ്ടു മലകൾക്കു നടുവിലായിരുന്നു ഞങ്ങൾ. എവിടേക്കു നോക്കിയാലും ഹരിതവർണ്ണം ചാലിച്ചെഴുതിയ മലഞ്ചെരിവുകളും, ഇടുക്കിയുടെ സ്വന്തം അഹങ്കാരമായ ആ തണുത്ത കാറ്റിൽ ഇളകിയാടുന്ന നീളൻ പുൽച്ചെടികളും. ഇത്ര മനോഹരമായ സ്ഥലം ഇതുവരെ കണ്ടിട്ടില്ലല്ലോടാ.. ഞങ്ങൾ പരസ്പരം പറഞ്ഞു.

  എന്തു രസമായിരുന്നു ആ നിമിഷങ്ങൾ..
  മനസ്സിൽ മറ്റു ചിന്തകളില്ലാതെ..
  മുന്നിലെ കുളിർ കാഴ്ച മാത്രം ആസ്വദിച്ച്..
  മറക്കില്ലൊരിക്കലും. . ഈ നിൽപ്പ്..

  കഷ്ടപ്പാടിന്റെ നെല്ലിപ്പലക കണ്ട ഓഫ്റോഡ് റൈഡ്, ഞങ്ങളുടെ ശരീരത്തിലെ സർവ്വ ഊർജ്ജവും കവർന്നെടുത്തിരുന്നു. അങ്ങനെ അൽപ്പം വെളളമന്വേഷിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി. ടാറിട്ട റോഡ് തുടങ്ങി കുറച്ചങ്ങു ചെന്നപ്പോൾ കണ്ടൊരു വീട്ടിൽ കയറി, നല്ല തണുത്ത വെള്ളം കുടിച്ചു, വീണ്ടും കവന്തയിലേക്ക് തിരികെയെത്തി. ബൈക്കുകൾ അവിടെ ഒതുക്കി വച്ച്, ഞങ്ങൾ ആദ്യം കയറിവന്ന ദിശയിൽ ഇടതു വശത്തുളള മലയുടെ മുകളിലേക്ക് നടത്തം തുടങ്ങി.

  റൈഡിന്റെ ക്ഷീണത്തിൽ വേച്ചു വേച്ച് എങ്ങനെയോ മുകളിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ, ഇത്രയും നേരം കണ്ടതൊന്നും ഒരു കാഴ്ചയേ അല്ലെന്നൊരു തോന്നൽ. അതെ, ആ മലയുടെ മുകളിൽ നിന്നുളള വ്യൂ തികച്ചും വ്യത്യസ്തമായിരുന്നു. മുകളിൽ ആകാശവും, താഴെ പച്ചപ്പും മാത്രം. കാൽ ചവിട്ടി നിൽക്കുന്ന മണ്ണിനു ചുവപ്പ് നിറമായിരുന്നു.

 നീലാകാശത്തിനു താഴെ, പച്ചക്കടലിൽ മുങ്ങി, ചുവന്ന ഭൂമിയിൽ നിൽക്കുന്ന ആ ഫീലുണ്ടല്ലോ.. അതൊരൊന്നന്നര അനുഭവമാ. അവിടെ കണ്ട കാഴ്ചകളും അനുഭവങ്ങളും മുഴുവനായി വിവരിക്കാൻ എഴുത്തു കൊണ്ട് സാധ്യമല്ല. അതനുഭവിച്ചറിയണം...

  അവിടെ നിന്നു ദൂരേക്കു നോക്കിയാൽ ഇടുക്കി ഡാമിന്റെ ദൂരക്കാഴ്ച കാണാമായിരുന്നു. ഇടയ്ക്കിടെ കോടമഞ്ഞു വന്ന് ആ കാഴ്ച്ച മറക്കും. ഞങ്ങളപ്പോൾ നിൽക്കുന്ന മലയ്ക്ക് ചുറ്റും നോക്കിയാൽ, നോക്കെത്താ ദൂരത്തോളം പച്ചപ്പു മാത്രം. പല തരം മലനിരകൾ ഒരേ നിറത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. അവയിൽ ഏറ്റവും സൗന്ദര്യം വെള്ളാരം ചിറ്റയ്ക്കായിരുന്നു. ഞങ്ങൾ കയറിയതിന്റെ വലതു വശത്തായിരുന്നു ആ മല. അതിനു മുകളിലും കയറി, അപ്പുറം കാണണമെന്ന മോഹം മനസ്സിലുണ്ടായിരുന്നെങ്കിലും മറ്റുളളവരുടെ വാക്കു മാനിച്ച് അന്നവിടുന്നു തിരിച്ചിറങ്ങി. വിട പറയും നേരം വീണ്ടും വീണ്ടും അവളെ തിരിഞ്ഞു നോക്കിക്കൊണ്ടായിരുന്നു യാത്ര. മനസ്സില്ലാ മനസ്സോടെ, അവിടുന്ന് ആ ടാറിട്ട വഴി നേരെ വന്ന് ആരോടൊക്കെയോ ചോദിച്ചങ്ങനെ വാഗമൺ-പുള്ളിക്കാനം റോഡിലെ ചോറ്റുപാറയിലെത്തി, കാഞ്ഞാർ - തൊടുപുഴ വഴി ആലുവയിലേക്ക്..





  ഒരിക്കൽ വെള്ളാരം ചിറ്റയുടെ മുകളിൽ കയറണമെന്ന ആഗ്രഹം മനസ്സിലിട്ടു നടക്കുമ്പോഴാണ് 'വാണ്ടർലസ്റ്റ്' കൂട്ടുകാർ വാഗമൺ ഭാഗത്തേക്ക് ഗ്രൂപ്പ് റൈഡ് വക്കുന്നത്. ഏന്തയാറും, പരിസര പ്രദേശങ്ങളും.. മനോഹരമായൊരു സ്ഥലത്തു ക്യാമ്പിങ്ങുമൊക്കെയായൊരുന്നു പദ്ധതി. വഴി കാണിക്കാനായി എന്നെയും വിളിച്ചു. അന്ന് ചില സാങ്കേതിക തടസ്സങ്ങൾ മൂലം പ്ളാൻ തെറ്റിയെങ്കിലും, പ്രതീക്ഷിച്ചതിലും ഭംഗിയായി മറക്കാനാവാത്തൊരു ക്യാമ്പിംഗ് നടത്തി. രണ്ടാം ദിവസം ഞാനവരെയും തെളിച്ചു കൊണ്ട് മേമുട്ടത്തേക്കു വന്നു. ആദ്യം അടുത്തു തന്നെയുളള കപ്പക്കാനം തുരങ്കവും കണ്ട് വൈകുന്നേരമായപ്പോൾ ഞങ്ങൾ കവന്തയിലെത്തി.

 താഴെ നിന്ന് അധികം സമയം കളയാതെ എല്ലാവരെയും കൂട്ടി വെള്ളാരം ചിറ്റയെന്ന പച്ചക്കുന്നിനു മുകളിലേക്കു നടപ്പു തുടങ്ങി. കുത്തനെയുള്ള കയറ്റം ആവേശത്തോടെ നടന്നു കയറും തോറും പുതിയ പുതിയ കാഴ്ചകൾ കണ്ണിൽ തെളിയുകയായിരുന്നു. ആദ്യം വന്നപ്പോൾ കയറിയ മലയുടെ നേരെ എതിർ വശത്തേക്കായിരുന്നു ഇത്തവണത്തെ കയറ്റം. ആദ്യം എളുപ്പമെന്നു തോന്നിയെങ്കിലും ഒരുവിധത്തിൽ ബുദ്ധിമുട്ടിയാണ് കയറിയെത്തിയത്.


   അതീവ സുന്ദരമായ മൊട്ടക്കുന്നുകളും, മനോഹരമായ കാഴ്ചകളും ഈ മലയ്ക്കപ്പുറം ഒളിച്ചിരിക്കുകയായിരുന്നു. ഏപ്രിൽ മാസമായിട്ടു പോലും മേമുറ്റത്തെ തണുത്ത സായാഹ്നക്കാറ്റ് ഏവരുടെയും മനം മയക്കി.  നേരത്തേ കയറിയ മലയിലെ കാഴ്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇവിടെ നിന്ന് നോക്കുമ്പോൾ. അങ്ങനെ സുന്ദരിയായ വെള്ളാരം ചിറ്റയുടെ മുകളിലൂടെ ഞങ്ങൾ നടന്നു. ഒരേ മനസ്സുള്ള പത്തു കൂട്ടുകാർ. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ മാനസികമായി എല്ലാവരും ഒന്നായിക്കഴിഞ്ഞിരുന്നു. മതി വരുവോളം മേമുട്ടത്തെ പച്ചക്കടൽ ആസ്വദിച്ച ശേഷം, ഈ നിമിഷങ്ങൾ ജീവിതത്തിൽ എപ്പോഴും ഓർക്കാനായി അൽപ്പ സമയം മാറ്റി വച്ചു.

 പല സ്ഥലങ്ങളിലും പരീക്ഷിച്ച് വിജയിച്ചൊരു കാര്യമാണ്. എല്ലാവർക്കും ഞാനത് പറഞ്ഞു കൊടുത്തു. ഒരാളുടെ കാഴ്ചയിൽ മറ്റൊരാൾ പെടാത്ത വിധം, പല സ്ഥലത്തായി... ഒന്നും സംസാരിക്കാതെ.. പൂർണ നിശബ്ദരായി... ശാന്തമായി ഇരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ആദ്യമൊക്കെ തൻസി സംസാരിച്ചു ശ്രദ്ധ കളഞ്ഞുവെങ്കിലും പതിയെ ആ ഫീൽ എല്ലാവരും മനസ്സിലാക്കി.

  അങ്ങനെയിരുന്നപ്പോൾ, ആദ്യം കണ്മുന്നിലെ മനോഹര കാഴ്ചകളിലായിരുന്നു ശ്രദ്ധ. പതിയെ പതിയെ.. പ്രകൃതിയുടെ മായാ ലോകത്തേക്ക് ഞങ്ങൾ ആഴ്ന്നിറങ്ങുകയായിരുന്നു.
  അങ്ങു ദൂരെ നിന്നും, സാധാരണ നമ്മൾ ശ്രദ്ധിക്കാത്ത പല ശബ്ദങ്ങളും കേട്ടു തുടങ്ങിയിരിക്കുന്നു. സുഖമുള്ളൊരു തണുപ്പുമായി ഞങ്ങളെ തഴുകിയ ആ കാറ്റിനു പോലും വല്ലാത്തൊരു ഗന്ധമുണ്ടായിരുന്നു. കാറ്റിൽ ഇളകിയാടുന്ന പുൽനാമ്പുകളുടെ ശബ്ദം പോലും വേർതിരിച്ചറിയാൻ കഴിഞ്ഞു. ശരീരത്തിൽ നിന്നും വേർപെട്ടിറങ്ങുന്ന അവസ്ഥ. Natural meditation. ഒരു dolby atmos'നും തരാൻ കഴിയാത്ത ശബ്ദ വിസ്മയങ്ങൾ ഞങ്ങളെ അത്ഭുതത്തിലാഴ്ത്തി.

 10 മിനിറ്റിനു ശേഷ എല്ലാവരെയും ഉണർത്തി. ടീമിനു മൊത്തത്തിൽ ആ ഫീൽ കിട്ടിയിരിക്കുന്നു. ഇനി ജീവിതത്തിൽ ഒരിക്കലും ഈ നിമിഷങ്ങൾ മറക്കാൻ കഴിയില്ല. ഇനി മറന്നാലും,  ഒറ്റ നിമിഷം മിണ്ടാതെ കണ്ണടച്ചിരുന്നാൽ ഇതെല്ലാം മനസ്സിൽ തെളിയും. ഇപ്പോൾ ഇതെഴുതുമ്പോൾ ആ മലമുകളിൽ ഇരിക്കുന്ന അതേ അനുഭവം. കാരണം, ഒന്നും മിണ്ടാതെ.. ശാന്തമായി.. ഇരുന്ന ആ നിമിഷങ്ങൾ മനസ്സിൽ നന്നായി പതിഞ്ഞിരിക്കുന്നു. അതിനി മായില്ല. ഒരിക്കലും. . .

 അങ്ങനെ, അന്ന് എല്ലാവരുടെയും സമ്മതപ്രകാരം, പണ്ട് ഞങ്ങൾ കയറി വന്ന ഓഫ്റോഡിലൂടെ മൂലമറ്റത്തേക്ക് തിരിച്ചിറങ്ങി. കയറിവന്ന ബുദ്ധിമുട്ടില്ലായിരുന്നു ഇറങ്ങാൻ. അന്ന് ഞങ്ങൾ കയറാനായി ഒരു മണിക്കൂറോളം കഷ്ടപ്പെട്ട ആ നൂറു മീറ്റർ ഭാഗത്ത്, ഉരുൾ പൊട്ടൽ മൂലം കല്ലും മണ്ണും വന്നടിഞ്ഞിരുന്നു. അതിനാൽ അന്നത്തെ വലിയ പാറകളെല്ലാം മൂടിപ്പോയിരിക്കുന്നു. എല്ലാവരെയും നിയന്ത്രിച്ച് ഇറക്കുന്നതിനിടയിൽ എങ്ങനെയോ എന്റെ നിയന്ത്രണം പോയി, ആദ്യമായി ഒരു ഓഫ്‌റോഡിൽ ബൈക്കൊന്നു മറിഞ്ഞു. അങ്ങനെ വിവിധ തരത്തിലുളള അനുഭവങ്ങളും കുറേ നല്ല കൂട്ടുകാരേയും സമ്മാനിച്ച് ആ ദിവസവും കടന്നു പോയി.



 കുറച്ചു ദിവസങ്ങൾക്കു ശേഷം, ഒരു പുലർകാലവേളയിൽ വീണ്ടും അവിടെയെത്തിപ്പെട്ടു. പാൽക്കടൽ പോലെ ഞങ്ങൾക്കു മുന്നിൽ മറ തീർത്ത കോടമഞ്ഞിനെ വകഞ്ഞു മാറ്റി, വെള്ളാരം ചിറ്റയുടെ മാറിലേക്കൊരു ബൈക്ക് യാത്ര.
  ഒരു ദിവസം രാത്രി സാനിബ് പറഞ്ഞു. നമുക്കെങ്ങോട്ടെങ്കിലും പോയാലോ ? അങ്ങനെ പെട്ടെന്നെടുത്ത തീരുമാനത്തിൽ വെളുപ്പിന് നാലു മണിക്ക് ഞങ്ങളിറങ്ങി. ആദ്യം മൂന്നാർ റോഡ് പിടിച്ചെങ്കിലും പുലരിയിലെ വെള്ളാരംചിറ്റയെ കാണണമെന്ന ആഗ്രഹം മൂലം, നേരെ മേമുട്ടത്തേക്കു തിരിച്ചു. അതിരാവിലെ പുള്ളിക്കാനത്ത് വന്ന് ഒരു ചൂടൻ കട്ടൻ ചായയും കുടിച്ച്, ചോറ്റുപാറ വഴി  മേമുട്ടത്തെത്തി.

 ഇത്തവണ വെള്ളാരം ചിറ്റയുടെ മുകളിലേക്കു ബൈക്കോടിച്ചു കയറാനായിരുന്നു തീരുമാനം. മേമുട്ടത്തെ ക്രിസ്ത്യൻ പള്ളിയുടെ അരികു വഴി ചെറിയൊരു ഓഫ്റോഡ് കയറിച്ചെന്നത് മൂടൽ മഞ്ഞു നിറഞ്ഞ കുന്നിൻ മുകളിലേക്കായിരുന്നു. ഫ്രണ്ട് ഫെയറിങ്ങുള്ള RS200 ബൈക്ക് മുകളിലേക്ക് കയറുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ, കല്ലും മണ്ണും നിറഞ്ഞ ആ കയറ്റം അവൻ പുല്ലു പോലെ കീഴടക്കി.
    കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന പച്ചക്കുന്നിലൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി. ആ സമയത്ത്, നേരത്തെ ഇവിടെ കണ്ട ദൂരക്കാഴ്ചകളൊന്നും കാണാനില്ലായിരുന്നു. മഞ്ഞു മൂലം ഒരു 10 മീറ്ററിനപ്പുറത്തേക്ക് ഒന്നും വ്യക്തമായില്ല. എന്തായാലും, മുന്നിൽ കണ്ട വഴിത്താരയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. അധികം വൈകാതെ, രണ്ടാമത്തെ സന്ദർശനത്തിൽ കയറിയ കുന്നിൻ മുകളിലെത്തിയതായി മനസ്സിലായി. അപ്പോഴാണ്, വെള്ളാരം ചിറ്റയുടെ ദിശയെക്കുറിച്ച് ഒരു ബോധം വന്നത്. അതിനിടെ സാനിബിന്റെ നിർദേശപ്രകാരം വേറെയൊരു കലാപരിപാടിയും ചെയ്തു. ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ചെറിയൊരു വീഡിയോ റെക്കോർഡിങ്ങ്. വെറുതേ ഒരു പരീക്ഷണം. അങ്ങനെ സംസാരിച്ചും ഇടക്കിടക്ക് വീഡിയോസ് എടുത്തും, ആ മലമുകളിലെ പുലരിയിലെ തണുപ്പിന്റെ രസം ആസ്വദിച്ചറിഞ്ഞു.

  ആരോരുമറിയാതെ..
  ഒരു പുലർകാലവേളയിൽ..
  വെള്ളാരം ചിറ്റയുടെ മാറിൽ..
  ഞങ്ങളിരുന്നു..

  അതെ, മഞ്ഞു മാറാനുള്ള കാത്തിരിപ്പാണ്. നനവാർന്ന പുല്ലുകൾക്കിടയിൽ ഇറ്റു വീഴുന്ന ഓരോ വെള്ളത്തുള്ളിയും കൈക്കുള്ളിലാക്കി, നിശബ്ദമായി ഇരിക്കും നേരം, കവിളുകളിൽ തലോടിയുണർത്തുന്ന കാറ്റിനു പോലും കഥകൾ പറയാനുണ്ടായിരുന്നു..

  കാതോർത്തപ്പോൾ അവ പറഞ്ഞു തുടങ്ങി..
  ഒരു ചൂളം വിളിയായി..
  കൈകാലുകളിൽ തഴുകുന്ന പുൽനാമ്പുകളായി..

  കാറ്റിനോടു കൂട്ടുകൂടിയ പുൽച്ചെടികൾ,
  തിരമാല കണക്കെ നൃത്തമാടുകയായിരുന്നു..

  ആയിരിപ്പിൽ രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. അങ്ങനെ ഏകദേശം 10 മണിയോടെ മഞ്ഞു തെളിയാൻ തുടങ്ങി. ജീവിതത്തിൽ അതു വരെ കണ്ടതിൽ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലായിരുന്നു ആ കാഴ്ചയുടെ സ്ഥാനം. മൂടൽ മഞ്ഞിനാൽ മൂടപ്പെട്ട മനോഹരമായ ആ ഭൂപ്രദേശം അതിന്റെ യഥാർത്ഥ രൂപം വെളിവാക്കുകയായിരുന്നു. വെളുത്ത പുകമറയ്ക്കുള്ളിൽ പച്ചപ്പ് തെളിഞ്ഞു വരുന്ന കാഴ്ച്ച കണ്ണിൽ ഇപ്പോഴും തെളിയുന്നു.
   ഏകാന്തമായൊരു മലമുകളിൽ. .
   പ്രകൃതിയുടെ മായാജാലവും കണ്ട്. .
   കയ്യും വിരിച്ചങ്ങനെ നിന്നു. .

   മറക്കാനാവുമോ ഈ അനുഭവങ്ങൾ . .
   ഇല്ല, മറക്കാനെനിക്ക് കഴിയില്ല. .
   അത്രമാത്രം ഞാനീ നിമിഷത്തെ ഇഷ്ടപ്പെടുന്നു. .

 എത്ര പെട്ടെന്നാണ് അന്തരീക്ഷം തെളിഞ്ഞത്. ഒരു 5 മിനിറ്റു കൊണ്ട് വെളുത്ത അവസ്ഥയിൽ നിന്നും വെള്ളാരം ചിറ്റയുടെ തനതായ പച്ചപ്പിലേക്കു മാറപ്പെട്ടു. എന്തു രസമായിരുന്നു ആ നിമിഷങ്ങൾ. VFX നെ പോലും തോൽപ്പിക്കുന്ന രീതിയിൽ, ആ വെളുത്ത പുക ഞങ്ങളെയും കടന്ന് അടുത്ത കുന്നുകളിലേക്കു യാത്രയായി.

  ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഈ മനോഹര നിമിഷങ്ങൾ ഞങ്ങൾ ആവോളം ആസ്വദിച്ചു. ഒരുപാട് മനോഹരമായ ഫോട്ടോകളും അവിടുന്ന് ലഭിച്ചു. കോടമഞ്ഞു ഞങ്ങളെ തഴുകി നടന്നെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നു സാനിബ് പറഞ്ഞപ്പോൾ, തെളിവിനായി കുറെ വീഡിയോകളും എടുത്തു. മഞ്ഞു പൂർണ്ണമായും മാറിയപ്പോൾ സമയം 11 മണി കഴിഞ്ഞു. അങ്ങനെ നിറഞ്ഞ മനസ്സോടെ, എക്കാലവും ഓർക്കാവുന്ന ഓർമ്മകളുമായി അന്നവിടുന്ന് മലയിറങ്ങി..

  അധികമാരും പോകാത്ത വഴികളിലൂടെ..
  മനുഷ്യന്റെ കടന്നാക്രമണം ചെല്ലാത്ത..
  മാനസികമായ എന്തോ അടുപ്പം തോന്നിക്കുന്ന..
  എത്രയോ സ്ഥലങ്ങളിൽ പോയിരിക്കുന്നു..

ഇനി ചെല്ലുമ്പോഴും എല്ലാം അതേ ഭംഗിയിൽ കാണണമെന്ന ആഗ്രഹമുള്ളതിനാൽ ഷെയർ ചെയ്യാത്ത എത്രയോ സങ്കേതങ്ങൾ..
അതിലൊന്നായിരുന്നു മേമുട്ടം. അതിനാലാണ് ഒരു കൊല്ലമായിട്ടും ആരോടും ഒന്നും പറയാതിരുന്നത്.  പക്ഷേ. . .
മൂന്നാം തവണ പോയപ്പോൾ വിഷമകരമായ ഒരു കാര്യം കണ്ടു. വിശാലമായ കുന്നിൻ മുകളിൽ പ്രകൃതിയുടേതല്ലാത്ത വസ്തു. ഒരു പ്ലാസ്റ്റിക് കുപ്പി.

 "ഇനി എത്ര നാൾ ഈ പച്ചക്കുന്നുകൾ ???"

എന്ന വലിയ ചോദ്യത്തിന്റെ ചെറിയൊരുത്തരമായിരുന്നു അത്. മീശപ്പുലിമലയ്ക്കു സംഭവിച്ചത് മേമുട്ടത്തു വരാതിരിക്കട്ടെ. . .
ഇന്നീ കാണുന്ന കുന്നും മലകളും, നമ്മൾ ഉണ്ടാക്കിയതല്ലല്ലോ. . അപ്പോ പിന്നെ അവ നശിപ്പിക്കാൻ നമുക്കെന്തവകാശം...????

എത്ര നാൾ കഴിഞ്ഞാലും ഈ പ്രകൃതീ വിസ്മയം ഇതേ പടി കാണാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആ കുപ്പിയും കയ്യിലെടുത്തു, അന്ന് ഞങ്ങൾ വിടവാങ്ങി. . .

  ഞാനിനിയും വരും. .
  വെള്ളാരം ചിറ്റയുടെ സൗന്ദര്യം നുകരണം. .
  നിശബ്ദമായി അവിടെയിരിക്കണം. .
  നീലാകാശത്തിൻ താഴെ. .
  പച്ചക്കടലിൽ മുങ്ങി . .
  ചുവന്ന ഭൂമിയിൽ കിടന്നുറങ്ങാനായി. .