-->
Hot!

ഡൽഹിയിൽ നിന്നും 700 രൂപായിൽ താഴെ യാത്രാ ചിലവിൽ.. എത്തിപ്പെടാൻ കഴിയുന്ന ചില കിടിലൻ സ്ഥലങ്ങളുണ്ട്..

ബഞ്ചാർ വാലി വഴി, ജലോരി പാസ്സിലെ സിരോത്സർ തടാകം. പിന്നെ, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (GHNP) പരിധിയിൽ പെടുന്ന ശാംഹെഡ് ഗ്രാമം. തിർത്താൻ വാലി.. etc etc



സിരോത്സറിലേക്കുള്ള വഴിയിൽ, താഴ്‌വരയിലുള്ള ജിബി ഗ്രാമവും, ഒന്നോ രണ്ടോ വീടുകൾ മാത്രമുള്ള മലമുകളിലെ bhuva - thanthvi എന്ന സ്ഥലവും. മലഞ്ചെരുവിലെ സോജാ ഗ്രാമവുമൊക്കെ കണ്ട് ഒരു കിടിലൻ യാത്ര... ഈ ഭാഗത്തെ എല്ലാ സ്ഥലങ്ങളും കൂടി കാണാൻ ഡൽഹിയിൽ നിന്നും 1000 രൂപയിൽ താഴെ വണ്ടിക്കൂലിയും.. ഞെട്ടിയോ..

Yea.. everything is possible, നമ്മൾ അങ്ങു ഇറങ്ങുക എന്നതാണ് പ്രധാനം... മനസു വച്ചാൽ, എല്ലാവർക്കും സിംപിൾ ആയി ഇത്തരം യാത്രകൾ പോകാൻ കഴിയുന്ന, രീതിയും കൂടി ഈ പോസ്റ്റിന്റെ അവസാനം ഉൾപ്പെടുത്തിയിട്ടുണ്ട്..

ആദ്യമായി മഞ്ഞു കാണാൻ ആഗ്രഹിക്കുന്നവർക്ക്, അല്ലെങ്കിൽ വലിയ തിരക്കും ബഹളങ്ങളുമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനിഷ്ടപ്പെടുന്നവർക്ക് പറ്റിയ...

ഡൽഹിയിൽ നിന്നും മൂന്നോ നാലോ ദിവസങ്ങൾ കൊണ്ടു, പോയി വരാൻ കഴിയുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടുത്തട്ടെ.. ഹിമാചൽ പ്രദേശിന്റെ ഗ്രാമഭംഗി ആസ്വദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതു വഴിയൊന്ന് യാത്ര ചെയ്യാം..

( NB: ടൂറിസ്റ്റ് സ്ഥലങ്ങളല്ല.. over expectations ഒന്നുമില്ലാതെ, വേണം ഇതു വഴിയുള്ള യാത്ര.. )

എല്ലാവർക്കും വലിയ ആഗ്രഹമായിരിക്കും മഞ്ഞു മൂടിക്കിടക്കുന്നത് കാണാനും, അതിലൂടെ നടക്കാനും.. എനിക്കും അതേ പോലെയായിരുന്നു. നേരെ മണാലിയിൽ പോയാൽ ഇഷ്ടം പോലെ മഞ്ഞു കാണാൻ കഴിയുമെങ്കിലും ടൂറിസ്റ്റുകൾ ഇല്ലാത്ത ഒരു സ്ഥലമാണ്, ജീവിതത്തിൽ ആദ്യമായി മഞ്ഞു കാണാനായി ഞാൻ തിരഞ്ഞത്..

അങ്ങനെ, നമ്മുടെ മനസ്സിന് ചേർന്ന സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിൽ രഞ്ജീത് സിങ് എന്ന സുഹൃത്ത് വഴിയാണ് സിരോത്സർ തടാകത്തെ കുറിച്ചറിഞ്ഞത്.

ഹിമാചൽ പ്രദേശിലെ ബഞ്ചാർ - ജിബി ഗ്രാമങ്ങൾ കടന്ന് ജലോരി പാസ്സിന്റെ ഉയരങ്ങളിൽ ഒരു കുഞ്ഞു ക്ഷേത്രവും, മഞ്ഞു മൂടിക്കിടക്കുന്ന ഭൂമിക്ക് നടുവിൽ ഒരു തടാകവും.. അങ്ങനെ ആ വിവര പ്രകാരം ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ അവിടെ പോയി വന്നു..

ഇതേ പോലെ, ആഗ്രഹം പേറി നടക്കുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവർക്ക് ഈ പോസ്റ്റ് ഉപകാരമാവും എന്നു വിശ്വസിക്കുന്നു..
___________________________
എങ്ങനെ കുറഞ്ഞ ചിലവിൽ ഇവിടേക്ക് എത്താം ?

ജിബി ഗ്രാമം : jibhi, Himachal Pradesh

ഡൽഹിയിൽ/ചണ്ഡീഗഡിൽ നിന്നോ മണാലിയിലേക്കുള്ള ലോക്കൽ ബസ്സു പിടിച്ചു ഔട്ട് (AUT) എന്ന സ്ഥലത്തേക്ക് 580/- രൂപയുടെ ടിക്കറ്റെടുക്കുക. ഡൽഹിയിൽ നിന്നും ഏകദേശം 12 മണിക്കൂർ യാത്ര.

( വോൾവോ പിടിച്ചാൽ അത്ര സമയം വരില്ല, പക്ഷേ ചിലവ് അൽപ്പം കൂടും )

ഡൽഹി "ISBT കശ്മീരി ഗേറ്റ്" ബസ്റ്റാന്റിൽ നിന്നും മണാലിക്ക് ബസ്സു കിട്ടും, നേരിട്ട് കിട്ടിയില്ലെങ്കിൽ ആദ്യം വരുന്ന ചണ്ഡീഗഡ് ബസ്സിൽ കയറുക. അവിടുന്ന് എപ്പോഴും മണാലി ബസ്സുണ്ട്.. പരമാവധി വൈകുന്നേരം ഡൽഹിയിൽ നിന്നും കയറുന്ന രീതിയിൽ പ്ലാൻ ചെയ്താൽ നേരം വെളുക്കുമ്പോ "ഔട്ടിൽ" എത്താം..

3 കിലോമീറ്ററോളം നീളമുള്ള ഒരു ടണൽ ഉള്ള സ്ഥലമാണത്. നമുക്ക് ഇറങ്ങേണ്ടത് ആ ടണൽ തുടങ്ങുന്ന ഭാഗത്താണ്. ബസ്സിൽ കയറിയാൽ കണ്ടക്ടറോട് അക്കാര്യം പ്രത്യേകം പറയുക. അല്ലെങ്കിൽ അവസാനിക്കുന്നിടത്തു കൊണ്ടു പോയി നിർത്തും. ( അവിടെയാണ് പ്രധാന സ്റ്റോപ്പ്.. )

അങ്ങനെ ടണലിന്റെ മുന്നിൽ ഇറങ്ങി നേരെ പോകുന്ന റോഡിൽ നിൽക്കുക. 20 മിനിറ്റ് കൂടുമ്പോൾ ബഞ്ചാർ ഗ്രാമത്തിലേക്ക് ബസ്സ്‌ കിട്ടും. ഇരുപത് രൂപാ ടിക്കറ്റ്.

വരുന്ന മറ്റു വണ്ടികൾക്ക് കൈ കാണിച്ചാൽ കുറച്ചൂടെ നേരത്തെ എത്താം. എനിക്ക് ഒരു പിക്കപ്പ് വാനിൽ ലിഫ്റ്റ് കിട്ടിയിരുന്നു.

പച്ചപ്പു നിറഞ്ഞ മാമലകളുടെ താഴ്വരയിലുള്ള ഒരു സ്ഥലമാണ് ബഞ്ചാർ. അവിടുത്തെ ബസ്റ്റാന്റിൽ നിന്നും ജിബിയിലേക്കും ജലോരി പാസ്സിലേക്കും തിർത്താൻ വാലിയിലേക്കുമെല്ലാം ബസ് കിട്ടും..

ഞാൻ ബഞ്ചാറിൽ എത്തുമ്പോ ജലോരി പാസ്സിലേക്കുള്ള ബസ്സ് പോയിരുന്നു. അതു കൊണ്ട് ആദ്യ ദിവസം ജിബി ഗ്രാമം കാണാൻ തീരുമാനിച്ചു ജിബിയിലേക്ക് ബസ്സ് കയറി.. ടിക്കറ്റ് 10 രൂപ..

ടൂറിസ്റ്റുകളുടെ തിരക്കില്ലാത്ത ഒരു കുഞ്ഞു ഗ്രാമമാണ് ജിബി. അവിടുത്തെ ആളുകളോട് സംസാരിച്ചപ്പോ ഒരു വെള്ളച്ചാട്ടത്തെ കുറിച്ചു അറിഞ്ഞു. അങ്ങനെ പോയി നോക്കിയപ്പോ വലിയ രസം തോന്നിയില്ല..

മുകളിലേക്ക് നടന്നു കയറി കാഴ്ചകൾ കാണാൻ വഴിയുണ്ടോ എന്ന് നന്നായി അന്വേഷിച്ചപ്പോഴാണ് ഭുവാ ഗ്രാമത്തെ കുറിച്ചറിഞ്ഞത്..ജിബിയിൽ നിന്നും മുകളിലേക്ക് ഒരു മണിക്കൂർ നടപ്പുണ്ട്.

ഇവിടേക്ക് പോകേണ്ട വഴി ഒരുപാട് തപ്പിയ ശേഷമാണ് കണ്ടു പിടിച്ചത്.. അതിപ്പോ പറയുകയാണെങ്കിൽ, ജിബി വെള്ളച്ചാട്ടം എത്തുന്നതിന് 50 മീറ്റർ മുൻപായി റോഡിന് വലതു വശത്ത്, മുകളിലേക്ക് ഒരു നടപ്പ് വഴിയുണ്ട്.

അടയാളം പറയാനാണെങ്കിൽ ഒരു വാട്ടർ പൈപ്പിന് സമീപമാണ് കോണ്ക്രീറ്റിട്ട ഈ വഴി.. ( ആ വഴിയുടെ അടയാളം അറിയാനായി, "പോകുന്നു എന്ന ഉറപ്പുണ്ടെങ്കിൽ മാത്രം, യാത്ര തുടങ്ങിയ ശേഷം വിളിക്കുക" 9995259982  )

അതിലേ നേരെ കയറിയാൽ കുത്തനെ പടവുകളാണ്. ദേവദാരു മരങ്ങൾക്കിടയിലൂടെ ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന സ്റ്റെപ്പുകൾ കയറും തോറും ജിബിയുടെ മനോഹര കാഴ്ചകൾ കാണാൻ തുടങ്ങും. ഏകദേശം മുകളിൽ എത്തുമ്പോഴേക്കും അപ്പുറത്തെ മലകളും, ജലോരി പാസ്സിലേക്കുള്ള റോഡിലുള്ള ഭുവാ ഗ്രാമവുമൊക്കെ ഒരേ ലെവലിൽ കാണാം..

ഞാൻ പോയപ്പോൾ, വഴിയിൽ വച്ച് ഭുവാ ഗ്രാമത്തിലെ ഒരു അപ്പൂപ്പനെ കണ്ടു, അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിൽ കയറി. മലയുടെ മുകളിലെ ചരിവിൽ മരം കൊണ്ടു നിർമിച്ച ഒരു കുഞ്ഞു വീട്. അവിടുന്നുള്ള കാഴ്ചകൾ വിവരിക്കാൻ കഴിയില്ല. അത്ര മനോഹരമാണ്..

മഞ്ഞു മൂടി കിടക്കുന്ന ജലോരി പാസ്സിന്റെ ഉയരങ്ങളും അവിടെ നിന്ന് അപ്പൂപ്പൻ എനിക്കു കാണിച്ചു തന്നു..

എന്തായാലും, ബഞ്ചാർ ഗ്രാമത്തിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ചെല്ലാമെന്ന് പ്ലാൻ ചെയ്തിരുന്നതിനാൽ അന്ന് വൈകിട്ടോടെ മലയിറങ്ങി.. കുറച്ചൂടെ സമയം ഉണ്ടായിരുന്നെങ്കിൽ ഭുവാ ഗ്രാമത്തിൽ നിന്നും thanthvi യിലേക്ക് നടന്നേനെ..

( ഇനി അവിടെ പോകുന്നവർ തന്തവി ഗ്രാമവും കണ്ടേ ഇറങ്ങാവൂ... എനിക്ക് നഷ്ടമായത് നിങ്ങൾക്ക് മിസ്സാവരുത്.. )

ഈ സ്ഥലങ്ങൾ കണ്ട ശേഷം ഒന്നുകിൽ സുരക്ഷിതമായ സ്ഥലം കണ്ടെത്തി ക്യാമ്പ് ചെയ്യുകയോ, താഴേക്ക് ഇറങ്ങി ജിബിയിൽ താമസിക്കുകയോ ചെയ്യാം. ഹോം സ്റ്റേ, ക്യാമ്പിംഗ് അടക്കം അനേകം താമസ സൗകര്യങ്ങൾ ഉള്ള സ്ഥലമാണ് ജിബി..

Idea network ഇല്ല.. ജിയോ ഉണ്ട്..

ജലോരി പാസ്സും സിരോത്സർ തടാകവും
_________________________________

ബഞ്ചാറിൽ നിന്നും രാവിലെ 9 മണിക്ക് ജലോരി പാസ്സിലേക്കുള്ള ബസ്സുണ്ട്. ഈ വണ്ടി ഏകദേശം 9 15 ഓടെ ജിബിയിൽ എത്തിയേക്കാം..

അതിമനോഹരമായ കാഴ്ചകളിലേക്കാണ് ഈ യാത്ര. വളവുകളും കയറ്റങ്ങളും കയറി ജലോരി പാസ്സിന്റെ ഉയരങ്ങളിലേക്ക്.. ഈ യാത്രയിൽ ബസ്സിന്റെ വലതു ഭാഗത്ത് ഇരിക്കുക..

( ജലോരി പാസ്സിൽ മഞ്ഞു വീഴ്ച്ചയുള്ള ചില ദിവസങ്ങളിൽ ഈ ബസ്സ് ഓടാറില്ല. അങ്ങനെയെങ്കിൽ ബഞ്ചാറിൽ നിന്ന് എന്തെങ്കിലും വണ്ടി പിടിച്ചാലേ പോകാൻ കഴിയൂ.. )

വഴിയിൽ സോജാ എന്നൊരു ഗ്രാമമുണ്ട്. സമയമുള്ളവർക്ക് ഒരു ദിവസം അവിടെ താമസിക്കാം.. ( ഞാൻ ഫാമിലി ആയിട്ട് പോകാൻ ലിസ്റ്റ് ചെയ്ത ഒരു സ്ഥലമാണ് സോജാ )

ഒരു മലയുടെ ചരിവിൽ കുറച്ചു വീടുകൾ മാത്രമുള്ള കുഞ്ഞു ഗ്രാമം. അവിടെ നിന്നു നോക്കിയാൽ നേരത്തെ കയറിയ ഭുവാ മല കാണാം.. വല്ലാത്തൊരു സൈലൻസ് അനുഭവപ്പെട്ട സ്ഥലമാണ് സോജാ..

എങ്ങോട്ടു നോക്കിയാലും മനോഹരമായ കാഴ്ചകൾ. ദേവദാരു മരങ്ങൾ നിറഞ്ഞ താഴ്വരകൾ. താഴേക്ക് തട്ടു തട്ടായി കിടക്കുന്ന കൃഷിയിടങ്ങൾ. അങ്ങനെ മനസ്സിന് ഇഷ്ടപ്പെട്ട ഒരുപാട് സംഗതികൾ കാണാൻ കഴിഞ്ഞു.. അവിടുന്ന്..

സോജാ കടന്നു വീണ്ടും മുകളിലേക്കു കയറും തോറും മഞ്ഞിന്റെ മേലാപ്പണിഞ്ഞ ജലോരി പാസ്സ് കണ്ടു തുടങ്ങും. ദേവദാരു മരങ്ങൾ നിറഞ്ഞ വഴികളിലൂടെ മുകളിലേക്ക് ചെല്ലും തോറും, അവിടവിടായി മഞ്ഞു വീണു കിടക്കുന്ന കാഴ്ചയും...

യാത്രയുടെ അവസാന ഭാഗം ആകുമ്പോഴേക്കും പൂർണമായും മഞ്ഞു വീണു കിടക്കുന്ന വഴിയോരങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം ചെറുതല്ല.. ആദ്യമായി മഞ്ഞു കാണാൻ തിരഞ്ഞെടുത്ത സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമായി..

ജലോരി പാസ്സിൽ ബസ്സിറങ്ങിയ ശേഷം, ഇടതു വശത്തേക്ക് 5 കിലോമീറ്റർ നടപ്പുണ്ട് സിരോത്സർ തടാകത്തിലേക്ക്.. അവിടെ ആരോടെങ്കിലും ചോദിച്ചാൽ വഴി പറഞ്ഞു തരും..

താരതമ്യേന എളുപ്പത്തിൽ നടക്കാൻ കഴിയുന്ന വഴിയാണ്. ഇവിടെ കൂട്ടിന് വേറെ ആളുകളെയും കാണാൻ കഴിയും. പലതരം കാഴ്ചകൾ കണ്ടു നടന്നു നടന്ന് അവസാനം എത്തുന്നത് മഞ്ഞിനാൽ മൂടപ്പെട്ട പ്രദേശത്തേക്കാണ്..

ആദ്യമായി മഞ്ഞിൽ കാൽ ചവിട്ടിയ സിരോത്സർ പരിസരം, മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഭൂമി... <3

ആ നടപ്പ് ചെന്നവസാനികുന്നത് മനോഹരമായ സിരോത്സർ തടാകത്തിലാണ്. അതിന്റെ ചുറ്റുമുള്ള നടവഴിയിലൂടെ മുഴുവൻ നടന്നു കാണാം. തടാകത്തിന്റെ മുകളിലേക്ക് മഞ്ഞിലൂടെ നമുക്ക് ഇഷ്ടമുള്ള അത്രയും ഹൈക്ക് ചെയ്യാം.

മനുഷ്യരുടെ കാൽപാദങ്ങൾ പതിയാത്ത ഫ്രഷ് മഞ്ഞിലൂടെ ആവുന്ന അത്രയും എൻജോയ് ചെയ്യാം..

വിന്റർ സമയങ്ങളിൽ ഇവിടെ പോയാൽ പരമാവധി വൈകിട്ട് 3 മണിക്കെങ്കിലും തിരിച്ചു ജലോരി പാസ്സിൽ എത്താൻ ശ്രമിക്കണം.. കാരണം, സ്‌നോഫോൾ തുടങ്ങിയാൽ പിന്നെ റോഡ് ബ്ലോക്കാവും..

ജലോരിയിൽ നിന്നും ബഞ്ചാറിലേക്ക് വൈകിട്ട് ഒരു ബസ്സുണ്ടെന്നാണ് അറിഞ്ഞത്. ( പോകുന്ന വഴി തന്നെ സമയം കൃത്യമായി അന്വേഷിച്ച് അറിഞ്ഞ ശേഷം പോകുക.. )

അങ്ങനെ ആ ബസ്സിൽ തിരികെ വന്നു ജിബിയിലോ ബഞ്ചാറിലോ താമസിക്കാം.

Mobile network വളരെ കുറവാണ്. ഇടയ്ക്ക് കിട്ടും..
____________________
Another option from jalori pass :

 ജലോരി പാസ്സിൽ നിന്നും നേരെ നർകന്ത എന്ന സ്ഥലത്തേക്ക് വല്ല വണ്ടിയും കിട്ടുമോ എന്നന്വേഷിക്കാം.. കിട്ടുമെങ്കിൽ,

ഷിംല - റെക്കോങ് പിയോ റൂട്ടിൽ പോയി കയറാം. നർകന്തയിലെ ഹാട്ടൂ പീക്ക് കാണാം. ഒന്നുകിൽ റെക്കോങ് പിയോ ഭാഗത്തേക്ക് യാത്ര ചെയ്ത് ആ ഭാഗം explore ചെയ്യാം..

അല്ലെങ്കിൽ കുഫ്രി ഏരിയ ഒക്കെ കണ്ടു ഷിംലയിലേക്ക് യാത്ര തിരിക്കാം. അവിടുന്ന് ടോയ് ട്രെയിൻ പിടിച്ചു കൽക്ക എന്ന സ്ഥലം വഴിയോ / ബസ്സിൽ ചണ്ഡീഗഡ് വഴിയോ തിരിച്ചു വരാം...
____________________
Usual plan : ജലോരിയിൽ നിന്നും താഴെ ബഞ്ചാർ വരിക, then..

തിർത്താൻ വാലി..

ബഞ്ചാർ ബസ് സ്റ്റാൻഡിൽ നിന്നും തിർത്താൻ വാലിയിലേക്ക് ബസ്സുകളുണ്ട്. മനോഹരമായ കാഴ്ചകൾ ഉള്ള സ്ഥലമാണത്.. Great Himalayan National Park ( GHNP ) ൽ പെടുന്ന പ്രദേശം. അവിടുന്ന് നമുക്ക് തന്നെ കയറിപ്പോകാൻ കഴിയുന്ന പല ട്രെക്കിങ്ങ് പാതകളുമുണ്ട്. അവിടെ ചെന്ന ശേഷം ലോക്കൽ ആളുകളോട് അന്വേഷിച്ച ശേഷം തീരുമാനിക്കാം..

ഈ അടുത്ത് Youtubil ലോ മറ്റോ ഒരു വീഡിയോ കണ്ടിരുന്നു. ഒരു സോളോ യാത്രികൻ ഒറ്റയ്ക്ക് ഏതൊക്കെയോ വഴികൾ കയറി മഞ്ഞു നിറഞ്ഞ ഒരു കിടിലൻ സ്ഥലത്ത് എത്തിയ സ്റ്റോറി. തിർത്താൻ വാലിയിൽ നിന്നാണ് അതും..

അപ്പോ, തിർത്താൻ വാലിയിൽ പോകുക. ഒരു ദിവസം ഏതെങ്കിലും ഹോം സ്റ്റെയിൽ താമസിച്ച ശേഷം, അവിടെയുള്ള ആളുകളോട് അന്വേഷിച്ചറിഞ്ഞ ശേഷം ലോക്കൽ റൂട്ടുകളിലൂടെ ഏതെങ്കിലും വഴികൾ തേടി മനസ്സിന് ഇഷ്ടപ്പെടുന്നത് പോലെ അലയാം.. ( ഇതേ രീതിയിലാണ് നേരത്തെ പറഞ്ഞ ഭുവാ- തന്തവി ഗ്രാമങ്ങൾ കണ്ടു പിടിച്ചത്.. )

വലിയ പ്രതീക്ഷകളില്ലാതെ, കിട്ടുന്ന അനുഭവങ്ങൾ ആസ്വദിച്ചു യാത്ര ചെയ്യുന്നവർ ഈ option തിരഞ്ഞെടുക്കുക..

ശാംഗഡ് ഗ്രാമം, ( Shangarh )
________________________

യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. കിടിലൻ കാഴ്ചകൾ നിറഞ്ഞ ഹിമാലയൻ മലനിരകൾക്കു സമാന്തരമായി, മനോഹരമായ ഒരു പുൽത്തകിടി.. ഇതാണ് ശാംഗഡ്..

ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ഈ സുന്ദരമായ പുൽമേട്. വിന്ററിൽ അവിടം മുഴുവൻ മഞ്ഞു പെയ്തു നിൽക്കും. June july മാസങ്ങളിൽ നല്ല പച്ച പുല്ലും.... ഫാമിലി ആയും, ഹണിമൂണിനും ഒക്കെ പോകാൻ പറ്റിയ സ്ഥലമാണിത്..

ഏറ്റവും വലിയ പ്രത്യേകത ആയി തോന്നിയത്, അവിടുത്തെ ശാന്തത തന്നെയാണ്. പൂർണ്ണ നിശബ്ദമായ അന്തരീക്ഷത്തിൽ കിളികളുടെ ചിലമ്പലും കേട്ട് ഹിമാലയം നോക്കി ഇരിക്കണം.. ന്റെ സാറേ.. ഒന്നും പറയാനില്ല. കിടു..

മനസ്സും ശരീരവും ഒരേ പോലെ refresh ആയ നിമിഷങ്ങളിൽ ഓരോരോ കിനാവും കണ്ട് അവിടെയിരുന്നത് വല്ലാത്തൊരു അനുഭൂതിയായിരുന്നു.. യാതൊരു expectation നുമില്ലാതെയാണ് ഞാൻ അവിടെയെത്തിയത്.. അതിനാൽ കണ്ട കാഴ്ചകൾ മുഴുവൻ എനിക്ക് ബോണസ് ആയിരുന്നു.. അതേ പോലെ തന്നെ നിങ്ങളും over expectations ഇല്ലാതെ പോയി അവിടുത്തെ നിശബ്ദത അനുഭവിക്കുക..

അവിടേക്ക് പോകാനായി,
ബഞ്ചാറിൽ നിന്നും നമ്മൾ ആദ്യം വന്ന ഔട്ടിലേക്ക് (aut) ബസ് കയറുക.

( ഈ യാത്രയുടെ തുടക്കത്തിൽ ആദ്യം ഔട്ടിൽ നിന്ന് ബഞ്ചാറിലേക്കണല്ലോ പോയത്. If, അവിടെ പോകാതെ നേരിട്ട് ശാംഗഡിലേക്ക് പോകാനാണെങ്കിൽ ഇതു പോലെ പോകാം )

ഒന്നുകിൽ ടണലിന്റെ മുന്നിൽ ഇറങ്ങാം, അല്ലെങ്കിൽ അതും കടന്നു നേരെ ഔട്ട് ബസ് സ്റ്റോപ്പിൽ നിന്നാൽ സെയ്ഞ്ച് ( seinch ) ഗ്രാമത്തിലേക്ക് ബസ്സ് കിട്ടും 20 രൂപ ടിക്കറ്റ്. അരമണിക്കൂർ യാത്ര..

സെയ്ഞ്ചിൽ നിന്നും ഞായറാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4:30 ന് ഷാംഗഡിലേക്ക് ബസ്സുണ്ട്. ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് 50 രൂപയിൽ താഴെയാണ് ടിക്കറ്റ്.  അല്ലെങ്കിൽ സെയ്ഞ്ചിൽ നിന്നും ഒരു ബൊലേറോ വിളിക്കാം. 700 രൂപയ്ക്ക് അവർ കൊണ്ടു വിടും..

അന്നത്തെ ആ ദിവസം ഞാൻ മാത്രമായിരുന്നു അവിടെ സന്ദർശിക്കാൻ ഉണ്ടായിരുന്നത്. നേരത്തെ പറഞ്ഞ സുഹൃത്ത് രഞ്ജീത് വഴി അവിടെയുള്ള തേജാ ഭായ്ടെ നമ്പർ കിട്ടിയിരുന്നു..  അങ്ങനെ അദ്ദേഹത്തിന്റെ വീട്ടിൽ അന്നത്തെ രാത്രി താമസിച്ചു.. മണ്ണിൽ ചുട്ടെടുക്കുന്ന ടൂറോ എന്ന ലോക്കൽ വിഭവവും കഴിച്ചുള്ള ഹോം സ്റ്റെയ്ക്ക് 500/- രൂപ ആയി..

അദ്ദേഹത്തിന്റെ വീട്ടിലെ താമസം ഒരുപാട് ഇഷ്ടപ്പെട്ടു. കാരണം, തേജാ ഭായ്ടെ ആദിത്യ മര്യാദ തന്നെ. ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ആ മനുഷ്യൻ ഒരു കൂട്ടുകാരനെ പോലെ എന്നെ പരിഗണിച്ചു.. അവിടുത്തെ കഥകൾ പറഞ്ഞും ഫോട്ടോ എടുക്കാനുൾപ്പെടെ എല്ലാ സഹായത്തിനും കൂടെ നിന്നും, ഒറ്റ ദിവസം കൊണ്ട് നല്ലൊരു സുഹൃത്തായി മാറി..

ഹണിമൂണിനു പറ്റിയ ഒരു വീട് കൂടി മുകളിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതല്ലാതെ വേറെ സ്റ്റേ ഓപ്ഷൻസ് ഉണ്ടോ എന്നറിയില്ല. ഹോട്ടലോ കടകളോ ഒന്നും തന്നെയില്ല. തേജാ ഭായ് തന്നെ ഒരു വീട് പണിയുന്നു എന്നു പറഞ്ഞിരുന്നു. അതിപ്പോ ഏകദേശം പ്രവർത്തനം തുടങ്ങി കാണും..

എന്തായാലും അവിടേക്ക് പോകുന്നെങ്കിൽ അദ്ദേഹത്തിനെ വിളിക്കാം..
+919816731367. ആൾക്ക് ഇംഗ്ലീഷ് കുറച്ചു പ്രശ്നമാണ്.. കേരളത്തിൽ നിന്നാണെന്നോ എന്റെ സുഹൃത്താണെന്നോ പറയുക.. ബാക്കി എല്ലാം ആൾ നോക്കിക്കോളും..

അവിടുന്ന് തന്നെ GHNP യിലെ ഒരുപാട് ട്രെക്കിങ്ങ് റൂട്ടുകൾ ഉണ്ട്. സമയവും സന്ദർഭവും അനുസരിച്ചു, തേജാ ഭായ്ടെ സഹായത്തോടെ ലോക്കൽ പോർട്ടർമാരെ സംഘടിപ്പിച്ചു ട്രെക്ക് ചെയ്യാം..

ശാംഗഡിൽ നിന്നും തിരിച്ചു സെയ്ഞ്ചിലേക്ക് രാവിലെ 9 മണിക്ക് ഒരു പിക്കപ്പ് വാൻ പോകുന്നുണ്ട്. 50 രൂപയാണ് ചാർജ്. വണ്ടി വരുന്ന സ്ഥലം തേജാ ഭായ് പറഞ്ഞു തരും.. അല്ലെങ്കിൽ ആരോടെങ്കിലും ചോദിക്കുക. അങ്ങനെ ആ വണ്ടിയിൽ കയറി സെയ്ഞ്ചിൽ വന്ന ശേഷം അവിടുന്ന് ഔട്ട് ബസ്സ് പിടിക്കുക..

മണാലി ഭാഗത്തേക്ക് പോകാനാണെങ്കിൽ കുളു വഴി ബസ്സ് കിട്ടും, തിരിചു വരാനാണെങ്കിൽ ഔട്ടിൽ നിന്നും മണ്ഡി ബസ്സിൽ കയറുക.. അവിടുന്ന് സമയം പോലെ ഡെൽഹിയോ ചണ്ഡീഗഡോ ബസ്സ് പിടിച്ചു വരാം..

തിർത്താൻ വാലി ഒഴിച്ചുള്ള സ്ഥലങ്ങൾ ഞാൻ നാല് ദിവസങ്ങൾ കൊണ്ടാണ് കണ്ടത്..

_______________________
ലീവില്ല, ഒരുപാട് പൈസ കയ്യിലില്ല.. ഇതൊക്കെയാണ് പലരുടെയും പ്രശ്നങ്ങൾ.. എന്നാൽ, വലിയ ബുദ്ധിമുട്ടില്ലാതെ യാത്ര പ്ലാൻ ചെയ്യാൻ ഒരു ഐഡിയ കൂടി പറയട്ടെ..

ജോലിക്കിടയിലും യാത്രകൾ ചെയ്യാൻ എവിടുന്നാടാ സമയം എന്ന ചോദ്യത്തിന്റെ ഉത്തരമാണിത്....!!!!

ഞാൻ ചെയ്യുന്നത് ഇങ്ങനെയാണ്. ഓരോ മാസവും ഏകദേശം കയ്യിലുള്ളത് പോലെ
1000-1500 രൂപ paytm പോലെയുള്ള ബുക്കിംഗ് app'ൽ ഇടും.

ഏകദേശം 2500-3000 രൂപ ആകുമ്പോ, 3 മാസം മുന്നിൽ possible ആയ ഏതെങ്കിലും ഡേറ്റിൽ ഡൽഹിയിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തിടും.. ഓഫീസിൽ ലീവും പറയും..

( ഈ ഫ്ലൈറ്റ് ഇങ്ങനെ എടുക്കുന്നതിന്റെ ഏറ്റവും ഗുണം, ഒരുപാട് ലീവ് എടുക്കേണ്ട എന്നത് തന്നെയാണ്. ട്രെയിനിൽ യാത്ര ചെയ്യാൻ എടുക്കുന്ന നാലര ദിവസത്തെ LOP/leave value + train ticket & other expenses കണക്കു കൂട്ടിയാൽ ഏകദേശം ഇത് തന്നെ ആയിരിക്കും നല്ലത്.. ലീവും ദിവസവും പ്രശ്നമില്ലാത്തവൻ ട്രെയിനിൽ യാത്ര പ്ലാൻ ചെയ്യുക..)

അടുത്ത രണ്ടു മാസങ്ങളിൽ സേവ് ചെയ്യുന്ന പൈസ കൊണ്ട് റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്യും.. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ പിന്നെ ആശ്വാസമായി..

പിന്നെ നമുക്ക്, വണ്ടിക്കൂലിയും, ബാക്കി ചിലവും മാത്രം നോക്കിയാൽ മതിയല്ലോ.. ഈ ഒരു രീതി  തുടർന്നാൽ 6 മാസത്തിൽ ഒരിക്കൽ ഓരോ യാത്രകൾ ചെയ്യാൻ കഴിയും.. വമ്പൻ സേവിങ്‌സിന്റെ ആവശ്യവും ഇല്ല..

ഈ രീതിയിൽ മൂന്ന് യാത്രകൾ ചെയ്തതിന്റെ അനുഭവത്തിലാണ് ഞാൻ പറയുന്നത്..

"മറ്റുള്ളവരുടെ യാത്രാ പോസ്റ്റുകൾ കണ്ടു കൊതിക്കാനല്ല, സ്വയം യാത്രകൾ ചെയ്യാനാണ് ഇഷ്ടം" എന്ന് നെഞ്ചിൽ കൈ വച്ച് എല്ലാവരും പറയണം..

അപ്പൊ ഇനി മുതൽ വലിയ budget റെഡി ആകില്ല എന്നു കരുതി യാത്ര പോകാതെ ഇരിക്കേണ്ട.. Yes.. it's possible.. നമ്മൾ വിചാരിച്ചാൽ നടക്കും ന്നേ... ഇതേ പോലെ ചെറിയ പൊടികൈകൾ പ്രയോഗിച്ചാൽ സിംപിൾ ആയി യാത്രകൾ ചെയ്യാം..

ഈ പോസ്റ്റ് എല്ലാവർക്കും ഉപകാരമാവും എന്ന വിശ്വാസത്തിൽ നിർത്തുന്നു..
അപ്പൊ എങ്ങനാ... ഇപ്പോ തന്നെ പ്ലാനിങ് തുടങ്ങുവല്ലേ... :)

5 comments:

  1. Nice blog. Thanks for sharing

    ReplyDelete
  2. This is Very very nice article. Everyone should read. Thanks for sharing. Don't miss WORLD'S BEST GAMES

    ReplyDelete
  3. Are you a traveler? If yes and willing to travel Delhi, NCR, then avail fully-furnished Service Apartments in Gurgoan with modular kitchen and other hotel like amenities at prime location of Gurgaon.

    ReplyDelete
  4. Thanks for sharing such valuable information with us. I hope you will share some more information about best software training institute in trivandrum
    best website development company in kerala


    Please Keep Sharing.

    ReplyDelete
  5. Very interesting images & post, we enjoyed each and everything as per written in your post. Thank you for this article because it’s really informative.

    Cab Service in India!
    Taxi Service in india!

    ReplyDelete