-->
Hot!

Other News

More news for your entertainment

ഒരു മുഹബ്ബത്തിന്റെ കഥ പറയുന്ന ഹിമാലയം യാത്ര: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസിലേക്ക് ..




  എന്റെ പ്രണയത്തിന്റെ ഉയരങ്ങളിൽ ഞാൻ കാത്തു വച്ചൊരു സ്വപ്നമുണ്ടായിരുന്നു.. ഇഷ്കിന്റെ മൈലാഞ്ചിയണിഞ്ഞ്, എന്നെയും സ്വപ്നം കണ്ട്, നിക്കാഹിന് തയാറെടുക്കുന്ന എന്റെ പാത്തൂന് ഒരു സമ്മാനം കൊടുക്കണം. ഇതു വരെ ഒരാളും തന്റെ പ്രതിശ്രുത വധുവിന് കൊടുക്കാത്ത സമ്മാനം..

  അങ്ങു ദൂരെ, ചൈനാ അതിർത്തിയിൽ ഒരു ഗ്രാമമുണ്ട്. ഹിമാലയൻ മലനിരകളുടെ ഉച്ചിയിലായി, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തപാലാപ്പീസ് സ്ഥിതി ചെയ്യുന്ന ഹിക്കിം ഗ്രാമം..

 എനിക്കവിടെ പോകണം. അവിടുന്ന് അവൾക്കൊരു കത്തെഴുത്തണം. ഇന്ത്യൻ തപാൽ സർവ്വീസ് വഴി, ഇണക്കുരുവിയുടെ കയ്യിലേക്കത് പറന്നിറങ്ങണം. കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സർപ്രൈസ്. ഹൃദയാന്തരത്തിൽ ഒരു കുഞ്ഞു പൂവു പോലെ വിടർന്ന ഈ സ്വപ്നം എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ ഞാൻ യാത്രയ്ക്കു തയാറെടുത്തു..




 പറയാൻ എളുപ്പമാണെങ്കിലും തടസ്സങ്ങൾ പലതുണ്ടായിരുന്നു. പണവും സമയവുമായിരുന്നു പ്രധാന വെല്ലുവിളി. പലതവണ പിന്തിരിയാൻ ഒരുങ്ങിയപ്പോഴും, 'ചിലത് നഷ്ടപ്പെടുത്താതെ ഒന്നും നേടാൻ കഴിയില്ലെന്ന ചിന്ത' എന്നെ വീണ്ടും വീണ്ടും യാത്രയ്ക്കു പ്രേരിപ്പിച്ചു..

 പ്രണയ കഥകളിലെന്നും യാത്രയ്ക്കൊരു സ്ഥാനമുണ്ടായിരുന്നു. ലൈലയെ തേടി തന്റെ കുതിരപ്പുറത്ത് ഭ്രാന്തനായി അലഞ്ഞ ഖൈസിന്റെ കഥകൾ ചെറുപ്പത്തിലേ എന്നിൽ സ്വാധീനം ചെലുത്തിയിരുന്നു. അന്നൊന്നും എനിക്ക് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത, ഒരു കാര്യമായിരുന്നു. പ്രണയവും യാത്രയും സംഗമിക്കുന്ന, ഇത്തരം അലച്ചിൽ..


  കാലം കടന്നു പോയി. പഠനം, ജോലി, തിരക്കുകൾ, യാത്രകൾ... അതിനിടയിൽ കല്യാണ നിശ്ചയവും. ഇന്നിപ്പോ നിക്കാഹുറപ്പിച്ച ഫാത്തിമയെ ഞാൻ പ്രണയിക്കുകയാണ്..


അവൾക്കു വേണ്ടി ഒരു യാത്ര ചെയ്യണമെന്ന ആഗ്രഹത്തിൽ ഞാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ പോയി അവക്കൊരു കത്തെഴുത്തണം. നിലാവുള്ളൊരു രാത്രിയിൽ ചന്ദ്രനെ സാക്ഷിയാക്കി ഞാനിതു മനസ്സിൽ കൊത്തി വച്ചു...


 അങ്ങനെ പലതരം പേടിപ്പെടുത്തലുകളും, നിരുത്സാഹ തൊഴിലാളികളുടെ ആക്രമണവും തരണം ചെയ്തു ഞാൻ യാത്ര തുടങ്ങി ഡൽഹിയിൽ എത്തിയിരിക്കുന്നു.


 കൂട്ടിനൊരു ബാഗും കുറേ സാധനങ്ങളും.. പിന്നെ ഇതിങ്ങനെ കുത്തി കുറിക്കാൻ ഒരു ഡയറിയും പേനയും. ഞാനതിൽ ആദ്യമെഴുതിയ വരികൾ ഇതായിരുന്നു. ഒരു വല്ലാത്ത ഊർജ്ജം തരുന്ന വാക്കുകൾ..


It is not DEATH, most people are afraid of..

It is getting to the end of life, only to realise
That you
          NEVER... TRULY... LIVED...!!!


06/07/2017

സമയം രാത്രി 12:30:

  ഓൾഡ് ഡൽഹിയിലെ ഏതോ തെരുവിലാണിപ്പോ. വിശന്നിട്ടു വയറു കത്തുന്നു. എന്തെങ്കിലും കഴിക്കാൻ നല്ലൊരു ഹോട്ടൽ നോക്കി കുറേ നടന്ന് അവസാനം നിരാശനായി വരുന്ന വഴിയാ.


 തെരുവുനായ്ക്കൾ അലയുന്ന, മുഷിഞ്ഞ ഗന്ധമുള്ള വീഥി. റോഡിനു നടുവിലും, അരികിലും സൈക്കിൾ റിക്ഷകൾ അലക്ഷ്യമായി നിർത്തി ഇട്ടിരിക്കുന്നു. ഒറ്റപെട്ട മൂലകളിൽ കുനിഞ്ഞിരുന്ന് ബീഡി വലിക്കുന്ന ആളുകളുടെ നോട്ടം കണ്ടപ്പോ എന്റെ സിരകളിൽ വല്ലാത്ത ഭീതി പടരുന്നത് ഞാനറിയുന്നു. അവരിലാരോ ഒരാൾ എന്റെ പുറകേ വരുന്നുണ്ടോ എന്ന സംശയത്തിൽ പല തവണ പിന്നിലേക്ക് തിരിഞ്ഞു നോക്കി. അർദ്ധ രാത്രിയുടെ നിശബ്ദതയിൽ സ്വന്തം കാലൊച്ചകൾ പോലും എന്നെ ഭയപ്പെടുത്തുന്നുവോ ?


  എങ്ങും വല്ലാത്ത മൂകത. ഒരു റിക്ഷാവാല വന്നിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ച നിമിഷങ്ങൾ. ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. സുരക്ഷിതമായി റെയിൽവേ സ്റ്റേഷൻ എത്തിയാൽ മതി എന്ന ചിന്തയാണ് മനസ്സിൽ. വലിയൊരു യാത്രയുടെ തുടക്കത്തിൽ തന്നെ മനം മടുപ്പിക്കുന്ന അനുഭവങ്ങളാണല്ലോ പടച്ചോനേ.


 ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ ? റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വഴി റിക്ഷാവാല നിർത്തിയ ആ വലിയ ഹോട്ടലിൽ ഇറങ്ങി മൂക്കു മുട്ടെ തട്ടി ഒരു റൂമെടുത്ത് അവിടെ കിടന്നു സുഖമായി ഉറങ്ങായിരുന്നു. ഇതിപ്പോ ഭക്ഷണവും കിട്ടിയില്ല. ഒരുപാട് നടക്കുകയും ചെയ്തു..


 ചെലവ് പരമാവധി ചുരുക്കിയാലെ ഞാൻ ലക്ഷ്യത്തിൽ എത്തൂ എന്ന ബോധം നന്നായി ഉള്ളതിനാൽ സുഖ സൗകര്യങ്ങളോട് വിട പറയുന്നതിന്റെ തുടക്കമായിരുന്നു ഇത്. അതിനിടെ എന്തു ബുദ്ധിമുട്ടു വന്നാലും നാം സഹിച്ചേ പറ്റൂ. അങ്ങനെ ഓരോന്ന് ആലോചിച്ചു നടന്നു നടന്ന് ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലെത്തി. ഭാഗ്യം ഇവിടൊരു തട്ടു കട കാണുന്നു. അരണ്ട വെളിച്ചത്തിൽ, സ്റ്റേഷൻ മതിലിനോട് ചേർന്ന്, പ്ലാസ്റ്റിക് ഷീറ്റു വലിച്ചു കെട്ടിയ ഒരു 'തട്ടു' കട..


  വലിയ വൃത്തിയില്ലെങ്കിലും കഴിക്കാതെ വേറെ വഴിയില്ല. അങ്ങനെ ഇവിടെ ആകെയുള്ള ചപ്പാത്തിയും മീൻകറിയും അകത്താക്കുമ്പോഴാണ് ശ്രദ്ധിച്ചത്. ഞാനിരുന്ന മേശയ്ക്കു താഴെ നിന്നും ഒരു തെരുവുനായ ഇറങ്ങി പോകുന്നു. ഇതു കണ്ടതും പതുക്കെ അവിടുന്ന് എഴുന്നേറ്റ് അവസാനത്തെ മേശയിൽ പോയിരുന്നു കഴിപ്പ് തുടർന്നു. ഇനി നാളെ പുർച്ചെയുള്ള ട്രെയിൻ കയറി 10 മണിയോടെ ചണ്ഡിഗഡ് എത്താതെ കഴിക്കാനൊന്നും കിട്ടില്ലല്ലോ.


  അതിനിടെ വേറൊരു കാര്യം ശ്രദ്ധിച്ചു. ഇടയ്ക്കിടെ കാറ്റു വീശുമ്പോ വല്ലാത്തൊരു മണം വരുന്നു. മുഷിപ്പിക്കുന്ന വാസന. പതുക്കെ വലത്തേക്ക് നോക്കിയപ്പോ ഓക്കാനത്തോട് കൂടി ഞാനത് കണ്ടു. ഒരു മദ്യപാനി കിടന്നു മയങ്ങുകയാണ്. ആ കിടപ്പിൽ  അയാൾ മൂത്രമൊഴിച്ചിരിക്കുന്നു. ആ ദ്രാവകം ഫുട്പാത്തിന്റെ ഓരം പിടിച്ച് ഒഴുകിയൊഴുകി നേരെ എന്റെ നേർക്ക് വരികയാണ്.


 പിന്നെ എങ്ങനെ അവിടുന്ന് എഴുന്നേറ്റ് ഓടി എന്നറിയില്ല. വാങ്ങിയ ഭക്ഷണം പകുതിയും ബാക്കിയാക്കി എങ്ങനെയോ റെയിൽവേ സ്റ്റേഷനെത്തി കുറേ വെള്ളം കുടിച്ചപ്പോഴാണ് സമാധാനമായത്.


 മനസ്സിനെ അസ്വസ്ഥമാക്കുന്ന വേറൊരു കാര്യം കൂടിയുണ്ടായിരുന്നു. ബാഗിന് വല്ലാത്ത കനം തോന്നുന്നു. പാക്ക് ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രയിൽ ഇത് നന്നായി ഇളകി സാധനങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കുന്നു. നല്ലൊരു സ്ഥലം കിട്ടാതെ ഇനിയൊന്നും ചെയ്യാൻ കഴിയില്ല. ഈയവസ്ഥയിലിങ്ങനെ നിൽക്കുമ്പോൾ സ്വപ്നങ്ങളിൽ കണ്ട ഹിമാലയം എന്നിൽ നിന്നും വളരെ അകലെയായി തോന്നുന്നു. അസാധ്യമായ ഒന്നിലേക്ക് വെറുതെ ആവേശത്തിന്റെ പുറത്ത് ഇറങ്ങി വന്നതാണെന്ന തോന്നൽ എന്നെ വല്ലാത്ത വിഷമത്തിൽ എത്തിച്ചു.


  ജനബാഹുല്യം മൂലം നടക്കാൻ പോലും സ്ഥലമില്ലാത്ത, പ്ലാറ്റ്ഫോമിൽ പോലും തെരുവു നായ്ക്കൾ അലഞ്ഞു നടക്കുന്ന ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലെ ഒരു പഴയ ബെഞ്ചിന്റെ അറ്റത്ത് ഞാനിരുന്നു.


 കുറേ സമയത്തിനു ശേഷം ബെഞ്ചിൽ തന്നെ സ്ഥലം കിട്ടിയപ്പോ കിടന്നു മയങ്ങാൻ ശ്രമിച്ചു. മുഖത്തു പോലും കൊതുകു കടിക്കുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ല. ഇടക്കിടെ പോലീസ് എമാന്മാർ വന്ന് ചെവി പൊട്ടുന്ന ശബ്ദത്തിൽ വിസിലടിക്കുന്നു. താഴെ കിടന്നുറങ്ങുന്നവരെ എഴുന്നേല്പിക്കാനാണ്. തറയിൽ കിടക്കുന്ന നൂറിലധികം ആളുകളെ ഒഴിപ്പിക്കുക എന്ന ശ്രമം വിഫലമാണെങ്കിലും വെറുതേ വിസിൽ അടിച്ചു കൊണ്ടിരിക്കുന്നു..


 അങ്ങനെ ഉറങ്ങാതെ ഉറങ്ങിയ രണ്ടു മണിക്കൂറിനു ശേഷം അലാറം അടിച്ചപ്പോൾ എഴുന്നേറ്റു ട്രെയിൻ കാത്തിരിപ്പായി. നാലു മണിക്ക് വരേണ്ട വണ്ടി 4:10 ആയിട്ടും വരാതായപ്പോ train running status എടുത്തു നോക്കിയപ്പോഴാണ് മനസ്സിലായത്. നിലവിൽ ആ ട്രെയിൻ 5 മണിക്കൂർ വൈകിയാണ് ഓടുന്നത്, ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം രാവിലെ 10 മണി. അതായത് എനിക്ക് ചണ്ഡീഗഡ് എത്തേണ്ട സമയം. എന്തു ചെയ്യും ? ആകെ സംശയമായി..


 എന്തായാലും എനിക്കൊരു ലക്ഷ്യമുണ്ട്. എന്തു ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും അതിലേക്ക് ഇറങ്ങിയേ മതിയാവൂ. നെറ്റിൽ നോക്കിയപ്പോ കണ്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുവാൻ തീരുമാനിച്ചു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ കണ്ട മൂന്നര കിലോമീറ്ററിന് ഓട്ടോക്കാർ 250 രൂപ വരെ പറഞ്ഞപ്പോ ഞാൻ നടപ്പ് തുടങ്ങി..


 വീണ്ടും, വിജനമായ തെരുവോരങ്ങളിലൂടെ. ഇത്തവണ എനിക്ക് ഭയം തോന്നിയില്ല. എങ്ങനെയും ആ ട്രെയിൻ പിടിക്കണമെന്ന വാശിയിൽ ഞാൻ മുന്നോട്ട് നീങ്ങുകയാണ്. അങ്ങനെ ഇരുപത്തഞ്ചു മിനിറ്റ് നടപ്പു കൊണ്ട് ന്യൂ ഡൽഹി സ്റ്റേഷനെത്തി. 120 രൂപ ടിക്കറ്റെടുത്തു പ്ലാറ്റ്ഫോമിൽ ചെന്നപ്പോ ഒരു ട്രെയിൻ പോകാൻ റെഡിയായി കിടക്കുന്നു. അതിന്റെ നമ്പർ നെറ്റിൽ അടിച്ചു നോക്കിയപ്പോൾ ചണ്ഡീഗഡിന് മുൻപുള്ള അംബാല വഴി പോകുന്ന വേണ്ടിയാണെന്ന് മനസ്സിലായി. പിന്നെയൊന്നും നോക്കിയില്ല. വരുന്നത് വരട്ടെ എന്ന മട്ടിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പറിൽ കയറി ഒരു ബെർത്തിന്റെ മൂലയിൽ കയറിയിരുന്ന് ഉറക്കമായി. മൂന്നു മണിക്കൂർ സുഖമായ മയക്കം..


 ഉറക്കം കഴിഞ്ഞപ്പോൾ ഞാൻ താഴെയിറങ്ങി പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു..


  എങ്ങും പച്ചപ്പു മാത്രം. പുലരിയിലെ തണുത്ത കാറ്റ് മുഖത്തേക്കടിക്കുമ്പോ വല്ലാത്തൊരു സുഖം തന്നെ. അതേ, ഡൽഹിയുടെ മുഷിപ്പ് കഴിഞ്ഞിരിക്കുന്നു. സുന്ദരമായ ഗ്രാമാന്തരങ്ങളിലൂടെ കുതിച്ചു പായുന്ന ഈ തീവണ്ടിയിൽ ഒരു കുന്ന് സ്വപ്നങ്ങളുമായി ഞാനീ യാത്ര ആസ്വദിക്കുകയാ. ഇഷ്‌കിന്റെ മണമുള്ളൊരു യാത്ര...


  വഴിയിൽ പലതരം വൃക്ഷങ്ങളും നെൽ പാടങ്ങളും കുഞ്ഞു വീടുകളുമുള്ള ഗ്രാമങ്ങൾ കാണുന്നു. അതിനിടയിലൂടെ അരഞ്ഞാണം പോലെ കുഞ്ഞു നടവഴികൾ. അതിലൂടെ നടന്നു നീങ്ങുന്ന ഗ്രാമവാസികൾ, കൂടെ അവരടെ വളർത്തു മൃഗങ്ങൾ. പുറത്തെ ചാറ്റൽ മഴയിൽ മുഖത്തു പതിക്കുന്ന മഴത്തുള്ളികൾ പോലും എന്നോടെന്തോ കഥകൾ പറയുന്നു.


 ഈ ജനൽ കമ്പിയിലൂടെ ഇറ്റുവീഴുന്ന, തണുത്ത മഴത്തുള്ളികൾ കൈയിലേക്ക് പകർന്നു പതിയെ മുഖം തടവിയപ്പോൾ, ഒരു നിമിഷം മനസ്സ് പിന്നിലേക്കു ചലിച്ചു..


 എങ്ങനെയാണ് ഞാനിവിടം വരെയെത്തിയത് ? എല്ലാം ഒരു കിനാവ് പോലെ തോന്നുന്നു..


"എടാ, നമുക്ക് യാത്രകൾ ചെയ്യാനും ആഗ്രഹങ്ങൾ കീഴടക്കാനുമൊക്കെ പണവും സമയവും മാത്രം പോരടാ. അതിലും വലുതാണ് ആരോഗ്യം. അതു പോയിക്കഴിഞ്ഞാൽ പിന്നെ എത്ര പണമുണ്ടെങ്കിലും കാര്യമില്ല..."


 പ്രിയ സുഹൃത്ത് ശബുവിന്റെ ഈ വാക്കുകളാണ് എന്റെയീ സ്വപ്ന സഞ്ചാരത്തിനു വഴിയൊരുക്കിയത്. അന്നു മുതലാണ് ഞാനീ യാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങിയത്.


  വലിയൊരു യാത്ര പോയി വരാൻ സമയം ആവശ്യമാണല്ലോ. അങ്ങനെ അതിനായി ഓഫീസിൽ ലീവ് ചോദിക്കാൻ ടീം ലീഡർ മജ്നു ചേട്ടന്റെ അടുത്തു ചെന്ന്‌ പതുക്കെ കാര്യം പറഞ്ഞു. ഇതു കേട്ടതും മുഖത്തേക്ക് തറപ്പിച്ചൊരു നോട്ടവും നോക്കി ദേഷ്യത്തോടെ/ചിരിച്ചു കൊണ്ട് തോളിൽ തട്ടി എന്നോട് പറഞ്ഞു..


"പോയി വാടാ മക്കളേ, നമുക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യമല്ലേ, നീ പോയി തകർക്കെടാ. എന്റെ ഫുൾ സപ്പോർട്ടും നിനക്കുണ്ട്..."


 ഇവരുടെയൊക്കെ സ്നേഹത്തിനു പകരം കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. എന്തായാലും എല്ലാവരോടും പറഞ്ഞു ഇറങ്ങിത്തിരിച്ചു. ഇനിയിപ്പോ എന്തു വന്നാലും എനിക്ക് ഹിമാലയം കണ്ടേ മതിയാവൂ..


 എങ്ങനെ ?? അറിയില്ല,


ഈ ട്രെയിനിൽ നിന്നിറങ്ങി ചണ്ഡീഗഡ് ചെന്നാൽ ഷിംല ബസ്സ് കിട്ടുമെന്നും, അവിടുന്ന് റെക്കോങ് പിയോയിലേക്ക് പോകാമെന്നും അറിയാം. അതിനപ്പുറം ഹിമാലയം ഒരു ചോദ്യ ചിഹ്നമായി മനസ്സിൽ കിടക്കുന്നു..


  മുഖത്ത് തട്ടുന്ന മഴയുടെ താളം കൂടിയപ്പോൾ ഞാൻ ചിന്തയിൽ നിന്നുണർന്നു. കണ്ണടയിൽ നിറഞ്ഞ മഴത്തുള്ളികൾ തുടച്ചു വീണ്ടും പുറത്തേക്കു നോക്കിയിരുന്നു..


നെൽ വയലുകളും, മറ്റു കൃഷിയിടങ്ങളും, തോടും വരമ്പും വെള്ളക്കെട്ടുകളും പലതരം മരങ്ങളും കാഴ്ചയൊരുക്കിയ ട്രെയിൻ യാത്ര അവസാനിച്ചത് അമ്പാല സ്റ്റേഷനിലായിരുന്നു.


  ഇവിടെയിറങ്ങി ബാഗൊക്കെ ശരിയാക്കി നേടുവീർപ്പിട്ട ശേഷം, ആംഗ്യ ഭാഷയിൽ ആരോടൊക്കെയോ ചോദിച്ചും പിടിച്ചും അവസാനം റെയിൽവേ സ്റ്റേഷനു മുന്നിലുള്ള റോഡിൽ വന്നു നിൽപ്പായി. ഇനി ചണ്ഡീഗഡ് ബസ്സ് പിടിക്കണം.


  ഭാഷയറിയാതെ, ദേശമേതെന്നറിയാതെ, വലിയൊരു മേൽപാലത്തിന്റെ കീഴെ ഞാൻ നിൽക്കുകയാ. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും ദൃതിയിൽ നടക്കുന്ന ആളുകളും കച്ചവടക്കാരും നിറഞ്ഞ ഇവിടെ ഒരെത്തും പിടിയുമില്ലാതെ കുറേ നേരം നിന്നു. ഒരു വണ്ടിയും ചണ്ഡീഗഡ് പോകുന്നില്ല.


   അവസാനം ഞാൻ പലരോടും ചോദിച്ചു. ആർക്കും ഇംഗ്ലീഷ് അറിയില്ല. എനിക്കാണെങ്കിൽ ഹിന്ദിയും, അങ്ങനെ അവസാനം ഒരു പഞ്ചാബി സുഹൃത്ത് എന്റെ ആംഗ്യ ഭാഷാ പ്രയോഗത്തിൽ കാര്യം മനസ്സിലാക്കി ചണ്ഡീഗഡ് ബസ്സ് കിട്ടുന്ന സ്റ്റോപ്പിൽ കൊണ്ടാക്കി. ജീവിതത്തിൽ ആദ്യമായി ഒരു ഊമയുടെ അവസ്‌ഥ അനുഭവിച്ച നിമിഷം.


  ആദ്യം വന്ന ഹരിയാന ഗവണ്മെന്റ് ബസ്സിൽ എങ്ങനെയോ ചാടിക്കയറി 80 രൂപ ടിക്കേറ്റെടുത്ത് കിട്ടിയ കമ്പിയിൽ പിടിച്ചു നിന്നു. വലിയ ഹൈവേയിലൂടെ കുതിച്ചു പായുന്ന ബസ്സിൽ അര മണിക്കൂറിനു ശേഷം സീറ്റ് കിട്ടി..


 വിശാലമായ കൃഷിയിടങ്ങളിൽ നിന്നും പാറി വരുന്ന കുളിർ കാറ്റും കൊണ്ട് ഞാനിരുന്നു. മനസ്സ് പലതരം ചിന്തയിലേക്ക് വീണിരിക്കുന്നു. നിലാവുള്ള ആ രാത്രിയിൽ ഞാൻ കണ്ട കിനാവുകൾ സത്യമാകുമോ ?


അറിയില്ല..


 അങ്ങു ദൂരെ, മലയാള നാട്ടിൽ നിക്കാഹും സ്വപ്നം കണ്ട് കാത്തിരിക്കുന്ന എന്റെ ഫാത്തിമായിൽ നിന്നും ഞാൻ അകലുകയാണല്ലോ പടച്ചോനേ. അപകടങ്ങൾ പതിയിരിക്കുന്ന ഹിമാലയൻ പാതകളിൽ ഞാൻ സഞ്ചരിക്കുന്ന നേരം, ഒരു മലയിടിഞ്ഞാൽ...


 ഇല്ല, പാത്തൂ.. അങ്ങനൊന്നും സംഭവിക്കില്ല. നിന്നിലേക്ക് ഞാൻ തിരിച്ചെത്തിയിരിക്കും.


 ഇഷ്‌കിന്റെ അലയൊടികൾ മനസ്സിൽ ചിറകടിക്കുമ്പോൾ, ഭാവി ജീവിതത്തെ കുറിച്ചു കഥകൾ മെനയുമ്പോൾ, സുന്ദരമായ ചിന്തകൾക്ക് പശ്ചാത്തലമെന്നോണം ഒരു ഗസൽ കേൾക്കുന്നു. എനിക്കു വേണ്ടി ആരോ പാടുന്നൊരു ഗാനം പോലെ അതീ ബസ്സിനുള്ളിൽ അലയടിക്കുന്നു. എന്റെ തോന്നലാണോ ?


അല്ല.. അതവനാണ്..


പഴയൊരു പാട്ടും പാടി, കയ്യിലിരിക്കുന്ന ദഫിൽ താളം പിടിച്ച്. ഒരു കുഞ്ഞു പയ്യൻ. ജീവിക്കാൻ വേണ്ടി പാട്ടു പാടുന്നവൻ..


"ഈസേ ലകടീ.. മർത്തെ ലകടീ..

ദേക്കി തമാസാ ലക്കടീ കാ..

ചാന്ത് കേ ചൂനെ... വാലേ നിസാ...

ദേക്കി തമാസാ ലക്കടീ കാ..."

 എന്തൊരു ഫീലാണിത്. യാത്രയ്ക്ക് വല്ലാത്തൊരു താളം ലഭിക്കുന്നത് ഞാനറിയുന്നു. ഹരിയാന റോഡ് വേയ്സിന്റെ പഴയ ബസ്സിനുള്ളിൽ ഏതോ ഹിന്ദി സിനിമയിൽ കണ്ടു മറന്ന കാഴ്ച്ച. എനിക്കു വേണ്ടി, എന്റെ യാത്രയ്ക്കു വേണ്ടി ഒരു പിന്നണി ഗായകൻ. അതും കേട്ട് താളം പിടിക്കുന്ന സഹയാത്രികർ. ഇമ വെട്ടാതെ ഈ നിമിഷം ഞാൻ നെഞ്ചോടു ചേർത്തു..


"ഓ...

ചാന്ത് കേ ചൂനെ... വാലേ നിസാ...
ദേക്കി തമാസാ ലക്കടീ കാ......"

  ശരീരവും മനസ്സും പൂർണ്ണമായും യാത്രയുടെ ലഹരിയിലേക്ക് അലിഞ്ഞിറങ്ങിയ നേരം, വല്ലാത്തൊരു ആത്മവിശ്വാസം എന്നിൽ നിറയുന്നത് ഞാനറിയുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകർന്നു തരാൻ കഴിവുള്ള എന്തോ ഒരു കിസ്മത്ത് അവന്റെയീ പാട്ടിനുള്ളത് പോലെ..


അനന്തമായ ഈ ദുനിയാവിൽ..

ഇശ്ഖിന്റെ ഈരടികൾ പാടി..
മുഹബ്ബത്തിന്റെ മാധുര്യം തേടിയുള്ള യാത്രയിൽ, എന്നോടൊപ്പം ഇവരും കൂടെ നിൽക്കുന്നുവോ ?

 എന്റെ യാത്രാ ലക്ഷ്യം പൂർത്തീകരിക്കുവാൻ ഇവർ ആശീർവദിക്കുന്നുവോ ?


 അറിയില്ല. എന്നാലും എന്റെ മനസ്സിന്റെ തോന്നലുകൾ അതു പോലെയായിരുന്നു. പിന്നീടങ്ങോട്ട് യാത്രയിലെ ഓരോ നിമിഷവും ഞാൻ കൂടുതൽ അനുഭവിക്കുകയായിരുന്നു..


 ആസ്വാദനത്തിന്റെ സകല തലങ്ങളും ആവാഹിച്ച ലോക്കൽ യാത്രയിപ്പോൾ ചണ്ഡീഗഡ് എത്തിയിരിക്കുന്നു. സെക്ഷൻ നാൽപത്തിമൂന്ന് ബസ് സ്റ്റാന്റിലാണ് എനിക്ക് പോകേണ്ടത്. അങ്ങനെ ഒന്നു രണ്ടു പേർ പറഞ്ഞ പ്രകാരം ഒരു ബസ് സ്റ്റോപ്പിൽ ഇറങ്ങി. ഇവിടുന്ന് ബസ് കിട്ടുമെന്നാണ് പറഞ്ഞത്. പക്ഷേ വഴിയോരത്ത് ആളുകളെ കാത്തു കിടക്കുന്ന സൈക്കിൾ റിക്ഷ കണ്ടപ്പോൾ ഒരു മോഹം..


 ബസ്റ്റാന്റ് വരെ 40 പറഞ്ഞെങ്കിലും 30 രൂപയിൽ ഉറപ്പിച്ച ശേഷം രാംപാൽ ഭയ്യയുടെ റിക്ഷയിൽ കയറി യാത്ര തുടരുകയാണ്. ആ ഹരിയാന ബസ്സിൽ നിന്നു കിട്ടിയ താളം എന്റെ യാത്രയെ കൂടുതൽ മനോഹരമാക്കിരിക്കുന്നു. അതു കൈവിടാതെ ഈ സൈക്കിൾ റിക്ഷയിലിരുന്നു ഞാൻ ലോകം കാണുകയാണ്.


 സുന്ദരിയായ നഗരമാണ് ചണ്ഡീഗഡ്. വലിയ തിരക്കില്ലാത്ത വഴിയോരങ്ങൾ. ഇരുവശങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന പലതരം വൃക്ഷങ്ങൾ. വൃത്തിയായി പരിപാലിക്കപ്പെടുന്ന നടപ്പാതകൾ. വന്ദനം സിനിമയിൽ കണ്ടു മറന്ന പോലെയുള്ള മരക്കൂട്ടങ്ങൾ. അതിനിടയിലൂടെ കൈകോർത്തു നടക്കുന്ന യുവ മിഥുനങ്ങൾ..


 ഒരിക്കൽ ഞാനും വരും, ഈ മരക്കൂട്ടത്തിനിടയിൽ. മൈലാഞ്ചിയാണിഞ്ഞ ആ കൈകൾ പിടിച്ചു അവളോടൊപ്പം നടക്കണം. ഈ ദുനിയാവിൽ ഞാൻ കണ്ട കാഴ്ചകൾ കാണിച്ചു കൊടുത്തു വീമ്പിളക്കണം. ഇളം കാറ്റിൽ പാറിപ്പറക്കുന്ന ഈ തളിരിലകൾ ഞങ്ങളുടെ കാൽക്കീഴിൽ വന്നു വീഴണം..


 എന്നെ ജീവിക്കാൻ പഠിപ്പിച്ച യാത്രയും, സ്വപ്നം കാണാൻ പഠിപ്പിച്ച പ്രണയവും കൂടിച്ചേർന്നപ്പോൾ മനസ്സിലെ ചിന്തകൾ കൂടു വിട്ടു പറക്കുകയായിരുന്നു. നടക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന പനിനീർ കിനാവുകൾ.


  യാത്ര തുടരുകയാണ്. സൈക്കിൾ റിക്ഷയുടെ നിശബ്ദതയിൽ രാംപാൽ ഭയ്യയുടെ കിതപ്പ് വേറിട്ടു കേൾക്കുന്നുണ്ട്. പ്രയാസപ്പെട്ടു ചവിട്ടുന്നതിനിടയിലും ചണ്ഡീഗഡ് നഗരത്തെ കുറിച്ച് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു തന്നു കൊണ്ടിരുന്നു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും എല്ലാത്തിനും മൂളിക്കൊടുത്തു.


  അങ്ങനെ ബസ്റ്റാന്റിൽ ഇറങ്ങാൻ നേരം, ഈ പ്രായത്തിലും കഷ്ടപ്പെട്ടു ജീവിക്കുന്ന ഇദ്ദേഹത്തോട് വില പേശിയതിൽ വിഷമം തോന്നി 50 രൂപ കൊടുത്തു, നേരെ ബസ്റ്റാന്റിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഷിംലയിലേക്കുള്ള പഞ്ചാബ് ട്രാൻസ്‌പോർട്ട് ബസ്സിൽ കയറിയിരുന്നു..


 നല്ലൊരു അസ്സൽ പഞ്ചാബി ഭയ്യ ആയിരുന്നു ഡ്രൈവർ. ഉച്ച വെയിൽ വിടവാങ്ങുന്ന നേരം പാതി ആളുകളെയും വഹിച്ചു കൊണ്ട്, ഈ വാഹനം ഷിംല ലക്ഷ്യമാക്കി കുതിക്കുകയാണ്..


"അരേ... സിമ്-ലാ...   സിമ്-ലാ...

സിമ്-ലാ......."

  ഇടക്ക് നിർത്തുമ്പോൾ പഞ്ചാബി ശൈലിയിൽ ആളുകളെ വിളിച്ചു കയറ്റുന്ന കാഴ്ച്ച വളരെ രസകരമായിരുന്നു. പഞ്ചാബികൾ പൊതുവേ സംഗീതം ഇഷ്ടപ്പെടുന്നവരായതിനാൽ ചിലതൊക്കെ അവരുടെ പ്രത്യേക താളത്തിലാണ് പറയാറ്...


അങ്ങനെ എല്ലാം കണ്ടും കേട്ടും, ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഒരു ധാബയിൽ നിർത്തിയപ്പോഴാണ് എഴുന്നേറ്റത്..


 പതുക്കെ പുറത്തിറങ്ങി പരിസരം വീക്ഷിച്ചു. നമ്മുടെ മൂന്നാർ റോഡു പോലെ തോന്നിയ ചുരത്തിലാണിപ്പോൾ. ഈ ബസിൽ കയറും മുൻപ് ഭക്ഷണം കഴിച്ചതിനാൽ തൽക്കാലം ഒരു നാരങ്ങാ വെള്ളം കുടിച്ചു. മാത്രവുമല്ല നാല് നേരം വെട്ടി വിഴുങ്ങി നടന്നാൽ എന്റെ ലക്ഷ്യം പൂർത്തീകരിക്കാനുള്ള പണം ബാക്കിയുണ്ടാവില്ലല്ലോ..


  അങ്ങനെ ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടങ്ങി. ടൂറിസ്റ്റ് ബസ്സുകളും പാണ്ടി ലോറികളും നിറഞ്ഞ റോഡിലൂടെയാണ് യാത്ര. ഷിംലയിലേക്കുള്ള വഴിയോരക്കാഴ്ചകൾ മനോഹമാണ്. ഇടതു വശത്തായി പച്ച പുതച്ച മലനിരകൾ കാണാം. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന മീറ്റർ ഗേജ് റെയിൽപാളവും.


  ഇടതും വലതും മാറി വന്ന കാഴ്ചകളെല്ലാം നമ്മുടെ ഇടുക്കി ഹൈറേഞ്ചിൽ കാണുന്നതു പോലെ തന്നെ. ഹിമാലയൻ റാണിയായ ഷിംലയിലേക്കുള്ള സ്വീകരണം പോലെ, തണുപ്പിന്റെ ആവരണം ബസ്സിനകത്തേക്ക് കടന്നു കയറിയത് വളരെ പെട്ടെന്നായിരുന്നു. അതോടെ ഊരി വച്ചിരുന്ന ജാക്കറ്റും തൊപ്പിയും വച്ചു സുഖമായി ഇരുന്നു..


  അങ്ങനെ അഞ്ചു മണിക്കൂർ നീണ്ട ബസ് യാത്രയ്ക്ക് വിരാമം കുറിച്ചു കൊണ്ട്, ഇപ്പോ ഷിംലയിലേക്ക് എത്തിയിരിക്കുന്നു. വലിയൊരു മലഞ്ചെരിവിൽ പണിത ISBT ബസ്റ്റാന്റിൽ ഇറങ്ങി നേരെ ഇൻഫോർമേഷൻ കൗണ്ടറിൽ ചെന്നു റെക്കോങ് പിയോയിലേക്കുള്ള ബസ് അന്വേഷിച്ചു.


 അൽഹംദുലില്ലാഹ്. ആറേ മുപ്പതിന്റെ ബസിൽ രണ്ടു സീറ്റ് ബാക്കിയുണ്ട്. അപ്പോൾ തന്നെ മുന്നൂറ്റി മുപ്പതു രൂപാ കൊടുത്തു ടിക്കറ്റ് ബുക് ചെയ്ത ശേഷം എന്തെങ്കിലും കഴിക്കാനായി ഒരു കട തേടി നടന്നു..


 ബസ്റ്റാന്റിൽ തന്നെയുള്ള രാംദേവിന്റെ കടയിൽ നിന്ന് ആലു പറാത്ത കഴിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാൻ ഏൽപ്പിച്ച ശേഷം പതിയെ പുറത്തിറങ്ങി. വലിയ തിരക്കില്ലാത്ത ഷിംല ബസ്റ്റാന്റിൽ വലിയൊരു സിംഹവാലൻ കുരങ്ങനെ കണ്ടു. ഒന്നല്ല രണ്ടു പേരുണ്ട്. എന്തായാലും കിട്ടിയ അവസരത്തിന് നല്ല ഫോട്ടോ എടുത്ത ശേഷം പിയോ ബസ്സിനായുള്ള എന്റെ കാത്തിരിപ്പ് തുടരുകയാ..


  ഹിമാചൽ മലനിരകളിലൂടെ ഒരു HRTC ബസ് (Himachal Road Transport corporation) യാത്ര, അതൊരു ആഗ്രഹമാണ്. പണ്ടെങ്ങോ കണ്ട ഒരു യൂട്യൂബ് വീഡിയോ എന്നെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നു. ദുർഘടമായ മലമ്പാതയിലൂടെ നീങ്ങുന്ന HRTC ബസ്. അതിൽ പേടിച്ചിരിക്കുന്ന യാത്രക്കാരും. അന്നത് കണ്ടപ്പോൾ മുതൽ മനസ്സിന്റെ ഉള്ളിൽ കിടന്ന ആഗ്രഹമാണ്. ജോലിയും കൂലിയും ഇല്ലാതെ നടന്ന സമയത്ത് അതെല്ലാം എനിക്ക് നടക്കാത്ത സ്വപ്നങ്ങളായിരുന്നു.


 പക്ഷെ ഞാൻ കണ്ടു, മാനം മുട്ടെ സ്വപ്നങ്ങൾ കണ്ടു. ഒറ്റയ്ക്ക് ഹിമാലയം പോകുന്നതും മഞ്ഞുമലകൾ കാണുന്നതും ടെന്റടിച്ചു കിടക്കുന്നതും കിലോമീറ്ററുകൾ പരന്നു കിടക്കുന്ന പർവ്വത മേഖലയിലൂടെ ഞാൻ ഒറ്റയ്ക്കു നടക്കുന്നതും. എല്ലാം കണ്ടു..


 ആഗ്രഹമുണ്ട് ഇതെല്ലാം നടപ്പിൽ വരുത്താൻ. എങ്ങനെയെന്ന് അറിയില്ല. ഉത്തരേന്ത്യക്കാരായ ചില സഞ്ചാര സുഹൃത്തുക്കൾ കുറിച്ചു തന്ന വിവരം മാത്രം മുന്നിൽ കണ്ട് ഞാനിവിടെ ഷിംലയിൽ വന്നു നിൽക്കുകയാണ്. ദാ എന്റെ മുന്നിൽ കിടക്കുന്ന HRTC ബസ്സിലാണ് ഇന്നത്തെ രാത്രി.


അങ്ങനെ വലിയ ബാഗുമായി അകത്തേക്ക് കയറി. സ്ലീപ്പിങ് ബാഗും, മാറ്റും, അടങ്ങിയ ബാക്ക്പാക്ക് ഡ്രൈവർ സീറ്റിനു പിന്നിൽ വച്ച് ഞാനെന്റെ സീറ്റ് നമ്പർ തേടി ഇരുന്നു. അവിടുന്ന് കൃത്യം ആറു മുപ്പതിന് ഓടി തുടങ്ങിയ ബസ് അര മണിക്കൂറ് കൊണ്ട് ഷിംലയിലെ തിരക്കും ബഹളവും കഴിഞ്ഞു മനോഹരമായ ഹിമാലയൻ പാതയിലേക്ക് കടന്നിരിക്കുന്നു.


  ദേവദാരു മരങ്ങൾ അരങ്ങൊരുക്കിയ വഴിയോരക്കാഴ്ചയും, കോടമഞ്ഞു പുണർന്നു നിൽക്കുന്ന താഴ് വാരങ്ങളും, ഇരുട്ട് വീഴുന്നതിനു മുൻപുള്ള നീല വെളിച്ചത്തിൽ ഒരത്ഭുതമായി ഞാൻ കാണുകയാണ്..


ഈ കാഴ്ചകളും മനസ്സിലെ ആഗ്രഹങ്ങളും കൂടിക്കലർന്ന, പ്രണയാർദ്രമായ ഈ നിമിഷത്തിൽ എല്ലാം മറന്നു ഞാനിരിക്കുകയാ. എന്റെ സ്വപ്നങ്ങൾ തേടിയുള്ള ഈ യാത്രയിൽ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്നു വിചാരിച്ചു പോകുന്നു..


അതേ,

ഇവിടെയും ഞാൻ വന്നിരിക്കും.
നിലാവിന്റെ നീല വെളിച്ചം പോലെ തോന്നിക്കുന്ന സന്ധ്യാനേരം, ദേവദാരു മരങ്ങൾക്കിടയിൽ ഞങ്ങളിരിക്കും..

പണ്ടെങ്ങോ കണ്ടു മറന്നൊരു സ്വപ്നം പോലെ...


_____________________

ബസ്സ് റെക്കോങ് പിയോയിലേക്ക് സഞ്ചരിക്കട്ടെ, ഞാനൊരു സ്വപ്നം കാണുകയാ.. ഇനി നേരം വെളുത്തിട്ട് നമുക്ക് പിയോയിൽ എന്താണുള്ളതെന്നു നോക്കാം...
 ____________________

ഇന്നത്തെ യാത്രയുടെ വീഡിയോ :







               Jabir Dz : 9995259982

മലമുകളിൽ നിന്നൊരു സ്വാതന്ത്ര്യ ദിന സന്ദേശം

 കോടമഞ്ഞു മൂടിയ താഴ് വാരങ്ങളെ സാക്ഷിയാക്കി, മരം കോച്ചുന്ന തണുപ്പ് വകവെക്കാതെ ഞങ്ങൾ അഞ്ചു പേർ ഉറുമ്പിക്കരയുടെ മാറിൽ ത്രിവർണ്ണ പതാകയുയർത്തി..


 തിങ്കളാഴ്ച സന്ധ്യ സമയം ഞങ്ങൾ യാത്ര തുടങ്ങി. ഏന്തയാർ വഴി വെംബ്ലിയുടെ ഉയരങ്ങൾ താണ്ടി...

  പാറക്കല്ലുകൾ തടസ്സം നിൽക്കുന്ന മലമ്പാതയിൽ ഇരുളിനൊപ്പം കോടമഞ്ഞും പടർന്നിരിക്കുന്നു. ഇതിനെയൊന്നും വകവെക്കാതെ നമ്മുടെ റഷീദിക്ക അതി വിദഗ്ദമായി ജീപ്പ് മുകളിലേക്ക് ഓടിക്കുകയാണ്..

ഒരേയൊരു ലക്ഷ്യം മാത്രം..

ഈ മലനിരകളുടെ ഉച്ചിയിൽ ചെല്ലണം. നമ്മുടെ അഭിമാനമായ ത്രിവർണ്ണ പതാക ഉയർത്തി ദേശീയ ഗാനം പാടണം. അതിനു ശേഷം അടുത്ത തലമുറയുടെ നല്ല നാളേക്ക് വേണ്ടി ഒരു പ്രതിജ്ഞയെടുക്കണം. അതു വഴി ഈ യാത്രാ പ്രിയരായ സുഹൃത്തുക്കൾക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ഉൽബോധനം നൽകണം..

 ഈ ദിവസത്തിൽ ബൈക്ക് റാലി നടത്തിയത് കൊണ്ടോ മെസ്സേജുകൾ അയച്ചത് കൊണ്ടോ നമ്മുടെ ഉത്തരവാദിത്തം പൂർത്തിയാവുന്നുണ്ടോ ???

ഇല്ല.. ഒരിക്കലുമില്ല..

മനുഷ്യരെ പോലെ പ്രകൃതിക്കും ഒരു സ്വാതന്ത്ര്യമുണ്ട്. അതിനെ ഇല്ലാതാക്കുന്ന വന നശീകരണം പോലുള്ള വലിയ വിപത്തുകൾക്കെതിരെ ശബ്ദമുയർത്തണം എന്നതായിരുന്നു ഞങ്ങളുടെ ഈ യാത്രയുടെ ലക്ഷ്യം...

അങ്ങനെ കഷ്ടപ്പെട്ട് മുകളിലെത്തി ഭക്ഷണം കഴിച്ചു. രാത്രിയുടെ യാമങ്ങളിൽ കൊടും തണുപ്പും സഹിച്ചു ഞങ്ങളിരുന്നു. ഉറക്കം വന്നവർ അതേ പാറപ്പുറത്തു കിടന്നുറങ്ങി. ഞാനും ഷിയാസിക്കയും 4 മണി വരെ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. എങ്ങനെയും ഒന്നു പ്രഭാതം ആയിരുന്നെങ്കിൽ എന്നു കൊതിച്ചു ഞങ്ങളിരുന്നു...

  അങ്ങനെ കിഴക്കു നിന്നും വെള്ള കീറി തുടങ്ങിയ സമയം ഞങ്ങൾ എഴുന്നേറ്റ് എല്ലാം തയാറാക്കി നിന്നു..

 സൂര്യോദയം കഴിഞ്ഞപ്പോൾ ഉയർത്തിയ ത്രിവർണ്ണ പതാക ഉറുമ്പിക്കരയുടെ ഉയരങ്ങളിൽ പാറിക്കളിക്കുന്ന സമയം അന്തരീക്ഷത്തിൽ ദേശീയ ഗാനത്തിന്റെ ഈരടികൾ മുഴങ്ങുകയാണ്. അതിൽ ലയിച്ചു ഞങ്ങളും..

നമ്മുടെ ദേശീയ പതാകയുടെ പ്രത്യേകതകൾ അറിയാമോ ?

  കുങ്കുമം ത്യാഗത്തെയും നിഷ്പക്ഷതയേയും സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

 നാവിക നീല നിറമുള്ള 24 ആരങ്ങളുള്ള അശോകചക്രം. അശോകചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു.

 ദേശീയ പതാകയുടെ അടിയിലായി പച്ച നിറത്തിൽ സൂചിപ്പിക്കുന്ന, പ്രകൃതിയും സസ്യ ലതാതികളുമായുള്ള ബന്ധം ഇന്ന് കുറഞ്ഞു വരുകയാണ്. വൃക്ഷങ്ങൾ വെട്ടപ്പെടുന്നു, വനങ്ങൾ ഇല്ലാതാവുന്നു, ചൂട് കൂടുന്നു, കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ നാടും മാറുമോ ???

നമ്മളാണ് ഇനി എന്തെങ്കിലും ചെയ്യേണ്ടത്. നമ്മുടെ കയ്യിലാണ് ഈ ഭൂമിയിപ്പോൾ...

അടുത്ത തലമുറയ്ക്കായി ഈ ഭൂമിയെ നാം സംരക്ഷിക്കുക...

ഇതാണ് ഇന്നത്തെ ഞങ്ങളുടെ ആഹ്വാനം. ഇതിൽ എന്തെങ്കിലും സത്യമുണ്ടെന്നു ആർക്കെങ്കിലും തോന്നിയാൽ ഞങ്ങളുടെ പ്രയത്നം പൂർത്തീകരിക്കപ്പെട്ടു...

            - ജയ് ഹിന്ദ്
____________________________
ബാക്കി ഈ വീഡിയോ പറയും ..
"മലമുകളിൽ നിന്നും ഒരു സ്വാതന്ത്ര്യ സന്ദേശം.."