-->
Hot!

കവിത മൂളും വനം . .

  കാട്ടുമരങ്ങളും കോടമഞ്ഞും തമ്മിലുളള അനശ്വരമായൊരു പ്രണയ കാവ്യം രചിക്കുന്നു ഈ ഗവി. . . വന്മരങ്ങളെ പുണർന്നു നിൽക്കുന്ന മൂടൽമഞ്ഞിനെ അതിരറ്റു സ്നേഹിക്കുന്ന ഈ കാനനം,
സൂര്യപ്രകാശത്തെ വെറുക്കുന്നുവോ . . ??

 ആ കാഴ്ച്ചകൾ നേരിട്ടു തന്നെ കാണണം, അല്ല. . അനുഭവിക്കണം.. ഒരു സിനിമ കണ്ട്, അതിലെ കാഴ്ചകൾ പ്രതീക്ഷിച്ച് ഗവിയിലേക്ക്‌ വന്ന പലരും നൽകിയ തെറ്റായ വ്യാഖ്യാനം, ഗവിയെന്ന സ്വപ്നഭൂമിയെ സഞ്ചാരികളിൽ നിന്നും ഏറെ അകറ്റി നിർത്തിയിരിക്കുന്നു.

  ആദ്യമായി ഞാൻ പറയട്ടെ . . സിനിമയിൽ കാണുന്ന കുട്ടിക്കാനവും വാഗമണും പ്രതീക്ഷിച്ച് ഗവിയിലേക്ക് വരരുത്.. ഇത് വേറൊരു ലോകമാണ്..
ഇവിടേക്കുള്ള കാട്ടു വഴികളും, ഡാമുകളും കടന്ന്,
മരച്ചില്ലകളെ വകഞ്ഞു മാറ്റി.. ആടിയുലഞ്ഞ്, വളഞ്ഞു പുളഞ്ഞ്, കയറ്റങ്ങളും ഇറക്കങ്ങളും താണ്ടിയെത്തുന്ന. . .
ഗവി നിവാസികളുടെ എല്ലാമെല്ലാമായ oru ആനവണ്ടി. .
അതിലൊരു സാധാരണ യാത്രക്കാരനായി അങ്ങ് പോകുക. . തീർച്ചയായും അതൊരു വേറിട്ട അനുഭവം തന്നെയായിരിക്കും..


  ഏറെ നാളായുള്ള ആഗ്രഹമായിരുന്നു ഗവി യാത്ര. നേരെത്തെ ഒന്നുരണ്ടു പ്രാവശ്യം പലരോടും അന്വേഷിച്ചപ്പോൾ 85% മറുപടികളും ഇങ്ങനെയൊക്കെയായിരുന്നു.
"ഓ . . ഗവിയിലെന്താ കാണാൻ . . ??
ഒന്നുമില്ലാന്നേ, ചുമ്മാ പോകണ്ട . . വേസ്റ്റാ..." അങ്ങനെ പലരും നിരുത്സാഹപ്പെടുത്തി വൈകിച്ച യാത്ര ഒടുവിലൊരു ഹർത്താൽ ദിവസം യാഥാർഥ്യമായ കഥ പറയാം..

  ഉമ്മയുടെ വീടുള്ള ഏന്തയാറിൽ ഒരു കല്യാണത്തിനു പോകേണ്ട ആവശ്യം വന്നു. ഞാൻ ജോലി ചെയ്യുന്ന തിരുവനന്തപുരത്തു നിന്നും ഏന്തയാറ്റിലേക്ക് പത്തനംതിട്ട വഴിയാണ് എളുപ്പം. അപ്പോഴാണ് ഗവി മനസ്സിലേക്ക് ഓടിയെത്തുന്നത്. അങ്ങനെ പെട്ടെന്നൊരു തീരുമാനത്തിൽ അതങ്ങ് ഉറപ്പിച്ചു. വെള്ളിയാഴ്ച രാത്രി 1:30ന്റെ പത്തനംതിട്ട ബസ്സു പിടിക്കാനായിരുന്നു പ്ളാൻ. പക്ഷെ അന്ന് വൈകുന്നേരമായതും അതിയായ പനി പിടിച്ചു. ശരീരം വേദനയും തലവേദനയും, എല്ലാം കൂടി ആകെ വല്ലായ്മ.. എന്തു ചെയ്യും? ആകെ വിഷമമായി. ഈ അവസ്ഥയിൽ പോകാൻ കഴിയുമോ എന്ന് പോലും ചിന്തിച്ചു. എന്റെ സ്വഭാവം വച്ച്, എന്തെങ്കിലും ഒരു കാര്യം തീരുമാനിച്ചാൽ ഒരു തവണ മനസ്സിനോട് തന്നെ ചോദിക്കും. . 'അളിയാ.. നീ ഓക്കെയാണോ..'
മനസ്സു പറഞ്ഞാൽ പിന്നെ ശരീരത്തിന്റെ ക്ഷീണം പമ്പ കടക്കും. അങ്ങനെ ഞാൻ ചോദിച്ചു !!!!! തീരുമാനിച്ചു !!!  പോകാൻ തന്നെ..

  രാത്രിയോടെ ബാഗിന്റെ അവസാന ക്ലിപ്പും ഇട്ട ശേഷം വെറുതെ ഒന്ന് വാട്ട്സാപ് ഓണാക്കിയപ്പോഴാ അറിഞ്ഞത്, എന്തോ കാരണത്താൽ പിറ്റേന്ന് ഇടുക്കി ജില്ലയിൽ ഹർത്താലാണെന്ന്. പടച്ചോനേ.. വീണ്ടും പണിയാണല്ലോ.. എന്തു ചെയ്യും ? പോകണോ വേണ്ടയോ എന്നായി വീണ്ടും ആലോചന. . കാരണം ഗവിയിൽ നിന്ന് നേരെ വണ്ടിപ്പെരിയാർ വന്ന് അവിടുന്ന് മുണ്ടക്കയം വഴി ഏന്തയാർ എത്തണമെങ്കിൽ ഇടുക്കി ജില്ല കയറാതെ പറ്റില്ല..

 എന്തായാലും ഞാൻ ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ബാക്കി വരുന്നിടത്ത് വച്ചു കാണാം എന്ന് മനസ്സിലുറപ്പിച്ചു തിരുനവന്തപുരത്തു നിന്നു വണ്ടി കയറി. ആ ഒരു തീരുമാനമായിരുന്നു ഈ യാത്രയെ വ്യത്യസ്ഥമാക്കിയത്. അതിനെ കുറിച്ചു വഴിയേ പറയാം. അങ്ങനെ 1:30ന് ബസ് പുറപ്പെട്ട ഉടനേ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.

"പത്തനംതിട്ട. . . പത്തനംതിട്ട. ."
എന്ന വിളി കേട്ടാണ് കണ്ണു തുറന്നത്. ഇത്ര പെട്ടെന്ന് എത്തിയോന്നു വിചാരിച്ചു സമയം നോക്കിയപ്പോൾ 4:15 ആയിരിക്കുന്നു. അങ്ങനെ അവിടെയിറങ്ങി, വിജനമായ ബസ് സ്റ്റാൻഡിന്റെ ഒരു വശത്തായി ഇരുന്ന് ചെറുതായി മയങ്ങി. അൽപ്പ സമയത്തിനു ശേഷം, എവിടെ നിന്നോ അലയടിച്ചൊരു ബാങ്കു വിളി കേട്ടാണുണർന്നത്. ഉടനെ എഴുന്നേറ്റ് ആ ദിശയിലങ്ങു നടന്നു. പത്തനംതിട്ട ടൗണിലൂടെ.. നടന്നു.. നടന്നു.. ആ പള്ളിയിലെത്തിച്ചേർന്നു.. അങ്ങനെ പ്രഭാത കൃത്യങ്ങൾക്കും പ്രാർത്ഥനയ്ക്കും ശേഷം ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു തിരികെ സ്റ്റാൻഡിലേക്ക് നടന്നു. പനിയൊക്കെ കുറഞ്ഞു.. വല്ലാത്തൊരു ഉന്മേഷവും കിട്ടി. .
ഇനി യാത്ര തുടങ്ങുകയാണ്..

എന്താണ് ഗവിയിൽ ??

എങ്ങനെയൊക്കെയായിരിക്കും ആ വഴികൾ..??

ബസിൽ സീറ്റ് കിട്ടുമോ ??

ഒട്ടേറെ ചോദ്യങ്ങളും മനസ്സിലിട്ട് പത്തനംതിട്ട സ്റ്റാൻഡിൽ അക്ഷമനായി നിന്നു...

അങ്ങനെ 6:35ഓടെ അവൻ വന്നു. മറ്റു ബസ്സുകൾക്കിടയിൽ ഒരു കുട്ടിയാനയെ പോലെ വന്നു നിർത്തിയ ഉടനെ അതിൽ ചാടിക്കയറി മുൻസീറ്റ് ഉറപ്പിച്ചു. ഒടുവിൽ യാതൊരു പ്രതീക്ഷയും വെക്കാതെ ആ യാത്ര തുടങ്ങി. ഇടുക്കി ജില്ലയിൽ ഹർത്താലായതിനാൽ ബസ് ഗവി വരെ പോകുന്നുള്ളൂ. അങ്ങനെ അവിടെ വരെ 93 രൂപയുടെ ടിക്കറ്റെടുത്തു. വിരലിലെണ്ണാവുന്ന ആളുകളേ ബസ്സിൽ ഉണ്ടായുന്നുള്ളു. കയറിയ ഉടനേ ആദ്യം ശ്രദ്ധിച്ചത് എൻജിൻ ഭാഗത്തു വച്ചിരിക്കുന്ന പത്രക്കെട്ടുകളാണ്. അതിലൊരു പത്രം വേർതിരിച്ചും വച്ചിരിക്കുന്നു. ഇതൊക്കെ എങ്ങോട്ടാണാവോ. കണ്ടറിയാം. .

  സാധാരണ ഓർഡിനറി ബസ്സുകളെ അപേക്ഷിച്ച് ഇവന് വേഗം കൂടുതലായിരുന്നു. വടശ്ശേരിക്കരയും പെരുനാടും കടന്നു അതിവേഗം 7:30 ഓടെ ചിറ്റാറിലും, 7:45 ന് സീതത്തോടും എത്തിച്ചേർന്നു. അതു വരെ ഇടയ്ക്കിടെ ആളുകൾ കയറുന്നതും ഇറങ്ങുന്നതും കാണാമായിരുന്നു. ഇവിടെയെത്തിയതും ഒട്ടുമിക്ക ആളുകളും ഇറങ്ങിപ്പോയി.. ഒട്ടേറെ പുരാണ കഥകൾ ഉറങ്ങുന്ന സ്ഥലമാണിതെന്നു, ബസ്സിലിരിക്കുന്ന ആരോ പറയുന്നതു കേട്ടു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.

അങ്ങനെ സീതത്തോട് കഴിഞ്ഞതും വഴിയുടെ സ്വഭാവം മാറിത്തുടങ്ങി. അതുവരെ വഴിക്കിരുവശവും കണ്ടിരുന്ന വീടുകൾ കുറഞ്ഞും, റബ്ബർ മരങ്ങൾ കൂടിയും വന്നു. വരാനിരിക്കുന്ന വേലിയേറ്റത്തിന്റെ ചെറിയ അലയൊടികളായിരുന്നു ആ കാഴ്ചകൾ.. 8:10ഓടെ ചെറിയൊരു കവലയിൽ ബസ് നിർത്തി. ആങ്ങാമുഴി ജംഗ്ഷൻ എത്തിയിരിക്കുന്നു.
''ഇതാണ് അവസാനത്തെ ഹോട്ടൽ, ഞങ്ങൾ ചായ കുടിച്ചിട്ടേ പോകൂ.. ഉച്ചഭക്ഷണം വാങ്ങി വച്ചോളൂ.. ഗവിയിൽ ഒന്നും കിട്ടില്ല...'' കണ്ടക്ടർ എല്ലാവരോടുമായി പറഞ്ഞു. അങ്ങനെ അവിടെയിറങ്ങി ലഘുവായി കഴിച്ചു, ഉച്ചയ്ക്കു കഴിക്കാനുള്ളതും വാങ്ങി ബസിൽ കയറി. ചെറിയൊരു ഇടവേളയ്ക്കു ശേഷം യാത്ര പുനരാരംഭിച്ചു..
  അവിടുന്നങ്ങോട്ട് 'സവാരി' തുടങ്ങുകയായിരുന്നു. അത്രയും നേരം ബാഗും പിടിച്ചു നിന്ന കണ്ടക്ടർ ചേട്ടൻ അതെല്ലാം എടുത്ത് വച്ച് മുന്നിൽ വന്നിരുന്നു. നേരത്തേ പറഞ്ഞ, ആ കെട്ടാത്ത പത്രം എടുത്ത് വീടിന്റെ ഉമ്മറത്തിരിക്കുന്ന ലാഘവത്തോടെ വിരിച്ചു പിടിച്ചു വായിക്കുന്ന കാഴ്ച്ച രസകരമായിരുന്നു.
    അതു വരെ മിണ്ടാതിരുന്ന ഡ്രൈവറും സംസാരം തുടങ്ങി. അതിനിടയിലെപ്പോഴോ കാട്ടുവഴിയിൽ പ്രവേശിച്ച ബസ്സ്, അൽപ്പ സമയത്തിനു ശേഷം കൊച്ചാണ്ടി ചെക്പോസ്റ്റിൽ എത്തിച്ചേർന്നു. ആനവണ്ടി വരുന്നത് കണ്ട ഉദ്യോഗസ്ഥൻ ഗേറ്റ് നേരത്തെ പൊക്കി കഴിഞ്ഞു. ഇവിടെ പരിശോധനയില്ലാതെ കടത്തി വിടുന്ന ഒരേയൊരു വാഹനം ഈ ബസാണ്. അങ്ങനെ ചെക്ക് പോസ്റ്റും കഴിഞ്ഞു നല്ല അസ്സൽ വനത്തിലേക്കു പ്രവേശിച്ചു. അതുവരെ തെളിഞ്ഞു കാണാമായിരുന്ന നീലാകാശം മരച്ചില്ലകൾക്കിടയിൽ മറഞ്ഞു. വന്മരങ്ങളാൽ കവചം തീർത്ത കാട്ടുവഴിയിലെ വള്ളിപ്പടർപ്പുകളും ചെറിയ മരക്കൊമ്പുകളും വകഞ്ഞു മാറ്റികൊണ്ടായിരുന്നു 'ആനയുടെ' മുന്നേറ്റം.


    അതിനിടയിൽ ബസ് ജീവനക്കാരെ പരിചയപ്പെട്ടു. ഡ്രൈവർ രാജു ചേട്ടനും കണ്ടക്ടർ സന്തോഷേട്ടനും. രണ്ടു പേരും വാതോരാതെ സംസാരിക്കുകയാണ്. വഴിയിൽ ആനയെ കാണാൻ കഴിയുമോയെന്ന ചോദ്യത്തിന് മറുപടിയായി, രാജുച്ചേട്ടൻ കഴിഞ്ഞ ബുധനാഴ്ച്ച ഒരേ സമയം 23 ആനകളെ കണ്ട അനുഭവം പങ്കുവച്ചു. ബസിലിരുന്ന ആരോ എടുത്ത ഫോട്ടോയിൽ നോക്കിയാണത്രെ എണ്ണം തിട്ടപ്പെടുത്തിയത്. ഈ യാത്രയിൽ അങ്ങനെ എന്തെങ്കിലും കാഴ്ച കാണണേ എന്ന് അതിയായി ആഗ്രഹിച്ചു. അതിനിടെ ഞാനവരോട് സംസാരിച്ചും, ഫോട്ടോ എടുത്തും അറിയാതെ സീറ്റിൽ നിന്നെഴുന്നേറ്റ് മുന്നിൽ എത്തിയിരുന്നു. ആ സമയം ബസ്സിൽ യാത്രക്കാരായി എന്നെ കൂടാതെ 6 പേരുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റതും, ബാക്കിയുള്ളവരും ഉഷാറായി. അതുവരെ ഒരു സാധാരണ ബസ്‌യാത്രികർ മാത്രമായിരുന്ന ഞങ്ങൾ ആ സമയം മുതൽ ഒരു വീട്ടിലെ അംഗങ്ങളെ പോലെയായി.
  പരസ്പരം സംസാരിച്ചും, പുറത്തെ കാഴ്ചകൾ ആസ്വദിച്ചും, മൊത്തത്തിൽ ഉഷാറായി. ഇതോടെ രാജു ചേട്ടനും സന്തോഷേട്ടനും അവരുടെ ഗവി അനുഭവങ്ങളുടെ ചെപ്പു തുറന്നു. ആറു വർഷത്തോളമായി ഈ വഴിയിലൂടെ വളയം പിടിക്കുന്ന രാജുചേട്ടന് പറയാൻ കഥകൾ ഏറെയായിരുന്നു. കാതോർക്കാൻ ആളുണ്ടെങ്കിൽ പറയാൻ ഞങ്ങളുണ്ട് എന്ന പോലെ, കാട്ടുവിശേഷങ്ങൾ പങ്കുവെക്കാൻ അവർ ആവേശം കൊണ്ടു. ആന, കാട്ടുപോത്ത്, മയിൽ, മാൻ എന്നിവയൊക്കെ ഈ വഴിയിലെ സ്ഥിരം കാഴ്ചയാണ്‌. അവസാനമായി, ഒന്നുരണ്ടു മാസം മുൻപ് വഴിയിൽ പുള്ളിപ്പുലിയെ കണ്ടത്രേ. ചെറിയ കുഞ്ഞായിരുന്നു. ബസ് വന്നിട്ടും റോഡിൽ തന്നെ നിന്ന അവൻ കുറച്ചു സമയം കഴിഞ്ഞാണ് മാറിയത്. രാജു ചേട്ടന്റെ അഭിപ്രായത്തിൽ ദൂരെ നിന്ന് ഈ ബസിന്റെ ശബ്ദം കേട്ടാൽ മൃഗങ്ങൾ ഓടി മാറും. പിന്നെ ഭാഗ്യം പോലിരിക്കും കാണുന്ന കാര്യം.
  അങ്ങനെ സംസാരിച്ച് നേരെ ചെന്നു നിന്നത് മൂഴിയാർ ഡാമിനു മുന്നിലായിരുന്നു. അടഞ്ഞു കിടന്ന ഗേറ്റ് ഒരു ഉദ്യോഗസ്ഥൻ വന്നു തുറന്നു തന്നു. ബസ് സാവധാനം ഡാമിനു മുകളിലെ വഴിയിലൂടെ മുന്നോട്ടു നീങ്ങുന്നേരം, ഇടത്തോട്ടു നോക്കണോ . .
അതോ വലത്തോട്ടു നോക്കണോ. . എന്നു സംശയമായിപ്പോയി. അത്ര മനോഹരമായിരുന്നു ഇരു വശവും. ഇടത്തേക്ക് നോക്കിയാൽ തിങ്ങി നിൽക്കുന്ന വനത്തിൽ മഞ്ഞിറങ്ങി നിൽക്കുന്ന കുളിർകാഴ്ച. വലതു വശത്താണെങ്കിൽ കടും പച്ച നിറത്തിലുളള വെള്ളവും അതിനപ്പുറം നിബിഡ വനവും. ഞങ്ങൾക്ക് കാഴ്ചകൾ കാണാനായി, ഡാം കഴിയുന്നത് വരെ രാജുച്ചേട്ടൻ വണ്ടി പതുക്കെ ഓടിച്ചു. അവിടുന്ന് ഒന്നുരണ്ടു വളവു കഴിഞ്ഞതും വലതു വശത്തായി മൂഴിയാർ ഡാമിന്റെ മനോഹരമായ തീരങ്ങൾ കാണാമായിരുന്നു.
   ഒരു വട്ടമെങ്കിലും അവിടെയൊന്ന് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ. .
''ആ തീരത്തിരുന്ന് കാടിനോട് സംസാരിക്കണം, പാട്ടു പാടണം, ആഗ്രഹിക്കുന്ന ഓർമ്മകൾ താലോലിച്ച്, അതും‌ സ്വപ്നം കണ്ട്, ,
അവിടെ കിടന്നുറങ്ങണം...''

   ആ സമയം കൊണ്ട് എന്തെല്ലാം കാര്യങ്ങളാണ് മനസ്സിൽ മിന്നി മറഞ്ഞത്. എവിടെയോ ബസ് നിർത്തിയപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്. മൂഴിയാർ എത്തിയിരിക്കുന്നു.
സമയം 9 മണിയായി. ആങ്ങമുഴി കഴിഞ്ഞതിനു ശേഷം വഴിയിൽ ആളുകളെ കണ്ടത് ഇവിടെയാണ്. ബസ്സിലിരുന്ന പത്രക്കെട്ട് ഒരാൾ വന്ന് ഇറക്കി വച്ചു. അതിനിടെ രാജുചേട്ടൻ ആരോടോ ഉച്ചത്തിൽ കുശലം പറയുന്നുണ്ടായിരുന്നു. അധികം വൈകാതെ തന്നെ അവിടുന്ന് യാത്ര തുടർന്നു.

 മൂഴിയാർ പിന്നിട്ടതും റോഡിൻറെ വീതി വീണ്ടും കുറഞ്ഞതു പോലെ തോന്നി. ബസ്സിന്റെ ജനലുകളിലൂടെ മരക്കൊമ്പുകൾ വന്നടിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണു വരെ പോയേക്കാം. ആ കാട്ടുവഴിയിലൂടെയുള്ള രാജുച്ചേട്ടന്റെ ഡ്രൈവിംഗ് കാണാൻ തന്നെ രസമായിരുന്നു.
  പെട്ടെന്നൊരു വളവു തിരിഞ്ഞതും മുന്നിലതാ ഒരാന. കാട്ടാനയല്ലട്ടോ, സർക്കാരിന്റെ ആനവണ്ടി. അതെ, വണ്ടിപ്പെരിയാറിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള ബസാണ്. രണ്ടും മുഖാമുഖം നിൽക്കുകയാ, എങ്ങനെ പോകുമെന്ന് ആലോചിച്ചു നോക്കുന്നതിനിടയിൽ രാജുചേട്ടൻ വിദഗ്ദമായി ബസ് വലത്തേക്ക് എങ്ങനെയോ ഒതുക്കി. വലതു വശത്തേക്ക് നോക്കിയാൽ തല കറങ്ങും, അത്ര വലിയ താഴ്ച്ചയാണ്. ചേട്ടന് ബസ്സിനെ വലിയ വിശ്വാസമാണെന്ന് ആ നീക്കത്തിൽ മനസ്സിലാക്കി. എന്തായാലും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ രണ്ടു വണ്ടിയും കടന്നു പോയി.
   അതു വഴിയുളള ബസ്സോടിക്കൽ ഒരഭ്യാസം തന്നെയാ. വലിയ വളവുകളും കയറ്റങ്ങളും രാജു ചേട്ടൻ പുല്ലു പോലെ കീഴടക്കി. മൂഴിയാറിനു ശേഷം റോഡിലേക്ക് നോക്കിയാൽ അങ്ങിങ്ങായി പൂപ്പൽ പിടിച്ചു കിടക്കുന്നത് കാണാമായിരുന്നു. അൽപ്പം ചെന്നതും കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകളുടെ മുകളിലായി, ഒരു പാലത്തിൽ ബസ് നിർത്തി. ശബരിഗിരി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണവ. കക്കി ഡാമിൽ നിന്ന് മൂഴിയാർ ഡാമിലേക്ക് ഈ പൈപ്പുകൾ വഴി വെള്ളമൊഴുകുന്നു. വർഷങ്ങൾക്കു മുമ്പ്, ഡാം നിർമ്മാണ സമയത്ത് ഇത്ര വലിയ ഇരുമ്പു പൈപ്പുകൾ എങ്ങനെയീ മലമുകളിൽ എത്തിച്ചു. . ??
   ഗവിയിലേക്കുള്ള വഴിയിലെ കാഴ്ചകളിൽ ഇതു പോലെ ഒരുപാട് ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. എന്തായാലും തനിക്കറിയാവുന്ന രീതിയിൽ ഞങ്ങളോട് പല കാര്യങ്ങളും പറഞ്ഞു കൊണ്ട് രാജുച്ചേട്ടൻ ബസ്സ് മുന്നോട്ടെടുത്തു..!! കുറേ വളവുകൾക്കും കയറ്റങ്ങളും കഴിഞ്ഞ്, അൽപ്പം തുറസായയൊരു സ്ഥലത്ത് വീണ്ടും ബസ് നിർത്തിയപ്പോൾ സന്തോഷേട്ടൻ ഇടതു വശത്തെ താഴ്ചയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു,
   'അവിടെയാണ് നമ്മൾ നേരത്തേ കയറിയ മൂഴിയാർ ഡാം, മഞ്ഞുമൂടി കിടക്കുന്നതിനാൽ കാണാത്തതാ...' ആ ഭാഗത്തേക്കു നോക്കിയപ്പോൾ താഴേക്കു നീണ്ടു പോകുന്നൊരു ടവർ ലൈൻ മാത്രമേ കാണുന്നുള്ളൂ. ബാക്കിയെല്ലാം മറഞ്ഞിരുന്നു. മഞ്ഞില്ലെങ്കിൽ അതൊരു മനോഹരമായ കാഴ്ചയാണത്രെ. മൂഴിയാർ ഡാമിനു മുകളിലായി പ്രവർത്തിക്കുന്ന പവർ House നെക്കുറിച്ചും അവർ വിവരിച്ചു. ഇതെല്ലാം പറയാനായി 5 മിനിട്ടോളം ബസ് അവിടെ നിർത്തിയിട്ടു. ആ സമയം കൊണ്ട് വെറുമൊരു ബസ് യാത്രയ്ക്കപ്പുറം വേറേതോ തലത്തിലേക്ക് ആ സവാരി മാറിക്കഴിഞ്ഞു.
   അവിടുന്നങ്ങോട്ട് പല കാഴ്ചകളും മാറി മാറി വന്നു കൊണ്ടേയിരുന്നു. മരങ്ങൾ തിങ്ങി നിറഞ്ഞ വനത്തിനുള്ളിൽ നിന്നും തുറസ്സായ പുല്മേടുകൾക്കു നടുവിലൂടെയായി പിന്നീടുളള വഴികൾ. ഇടതു വശത്തു വലിയ കുന്നുകൾ കാണാം. വലതു വശത്തായി മഞ്ഞു മൂടി കിടക്കുന്ന താഴ്വാരങ്ങളും. അൽപ്പം കൂടി മുന്നിലേക്ക് ചെന്ന ബസ് നല്ലൊരു സ്ഥലത്തങ്ങു നിർത്തി. ഇതാണ് രാജുച്ചേട്ടൻ, യാത്രക്കാരുടെ മനസ്സറിയുന്ന ഡ്രൈവർ. ഇറങ്ങിക്കോട്ടേ എന്നു ചോദിക്കേണ്ടി വന്നില്ല, അതിനു മുമ്പ് ചേട്ടൻ തല കൊണ്ട് ആംഗ്യം കാണിച്ചു. ദൂര സ്ഥലങ്ങളിൽ നിന്നും ഈ ഓർഡിനറിയെ മാത്രം പ്രതീക്ഷിച്ചു വന്ന ഞങ്ങൾക്ക് ഗവിയുടെ പൂർണ്ണ സൗന്ദര്യം ആസ്വദിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും തന്നു അവർ. അങ്ങനെ ഒരു പെൺകുട്ടിയൊഴിച്ച് ബാക്കിയെല്ലാവരും ഇറങ്ങി, അവിടുത്തെ മഞ്ഞും കൊണ്ട് കുറേ ഫോട്ടോസ് ഒക്കെ എടുത്ത്, മനസ്സില്ലാ മനസ്സോടെ വന്ന് ബസിൽ കയറി.

    ഇനി സഹയാത്രികരെ കുറിച്ചു പറയാം. എന്നെ കൂടാതെ, കണ്ണൂരിൽ നിന്നും ഇവിടെക്കായി മാത്രം വന്ന അഖിൽ, തിരുവനന്തപുരത്തു നിന്നു വന്ന അരുൺ, പത്തനംതിട്ടക്കാരായ പ്രിൻസ് ചേട്ടനും ഭാര്യയും, അധികമാരോടും മിണ്ടാതെ വേറോരാൾ (പേരു മറന്നു), പിന്നൊരു പെൺകുട്ടിയും (വഴിയേ പറയാം). എല്ലാവരും ഒരേ മനസ്സോടെയായിരുന്നു ഈ വഴികളത്രയും താണ്ടിയത് എന്നതാണ് ഈ യാത്രയിൽ  എടുത്തു പറയേണ്ടൊരു കാര്യം..
  അങ്ങനെ കോടയെ കീറി മുറിച്ചു കൊണ്ട് നമ്മുടെ KSRTC പ്രയാണം തുടർന്നു. തെളിഞ്ഞ പുൽമേടുകളും കടന്ന് വീണ്ടും കാടിൻറെ ഇരുളിലൂടെയായി യാത്ര. ഇരുണ്ട ആ അന്തരീക്ഷത്തിൽ ഇറ്റു വീഴുന്ന മഴത്തുള്ളികൾ കയ്യിലാക്കി, ഇടയ്ക്കിടെ മുഖം തുടച്ചു, അതിനൊരു വല്ലാത്ത അനുഭൂതിയായിരുന്നു. സംസാരപ്രിയരായ രാജുച്ചേട്ടനും സന്തോഷേട്ടനും വാതോരാതെ കാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ വീണ്ടും അന്തരീക്ഷം തെളിഞ്ഞത് മനോഹരമായൊരു കാഴ്ചയിലേക്കായിരുന്നു.
  കക്കി ഡാമിന്റെ തീരങ്ങളായിരുന്നു അവിടെ. സുന്ദരമായ താഴ്‌വരയിൽ ഡാമിലെ വെളളവും, അതിനപ്പുറം കൊടുംകാടും. ആ കാട്ടിൽ ആദിവാസികൾ വസിക്കുന്നുണ്ടത്രേ. ചില സമയങ്ങളിൽ അവർ ചെറിയ തട്ടിക്കൂട്ടു വള്ളങ്ങളിൽ അങ്ങോട്ടേക്ക് പോകുന്നത് കാണാറുണ്ടെന്നു, സന്തോഷേട്ടൻ പറഞ്ഞു. കാട്ടിൽ നിന്നും ശേഖരിക്കുന്ന തേനും മറ്റും നാട്ടിൽ കൊണ്ടു വന്നു വിൽക്കാനായി അവർ ആശ്രയിക്കുന്നത് നമ്മുടെ ആനവണ്ടിയെ തന്നെയാണ്. അങ്ങനെ കാണുന്ന ഓരോ സ്ഥലത്തെയും പ്രത്യേകതകൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ രാജുച്ചേട്ടനും സന്തോഷേട്ടനും മത്സരിച്ചു.

  സത്യം പറഞ്ഞാൽ ഈ യാത്രയെ ഇത്രയ്ക്കു ആസ്വാദ്യകരമാക്കിയത് ഇവർ തന്നെ. ജീവിതത്തിൽ ആദ്യമായാണ് ഇതു പോലത്തെ രണ്ടു ബസ് ജീവനക്കാരെ കാണുന്നത്. കൂടെ വരുന്നവരുടെ സന്തോഷമാണ് അവരുടെയും സന്തോഷം. റോഡിൽ മരണപ്പാച്ചിൽ നടത്തുന്നവരും, ചെറുവണ്ടിക്കാരെ നോക്കി കണ്ണുരുട്ടുന്നവരും, യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവരുമൊക്കെ ഒരു തവണയെങ്കിലും ഈ റൂട്ടിൽ വരണം. ഇവരെ കാണണം. ഇങ്ങനെയും ബസ്സ്‌ സർവീസ് നടത്താമെന്നു മനസ്സിലാക്കണം. കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള കാനന പാതയാണിത്. ഈ റൂട്ടിൽ ജോലി ചെയ്യുമ്പോഴുള്ള മാനസികാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോഴുളള രാജുച്ചേട്ടന്റെ മറുപടി ഇപ്പോഴും ഓർക്കുന്നു.
 "ശാന്തം... ഒരു പ്രശ്നവുമില്ല.. മത്സരമില്ല.. വളരെ സന്തോഷം.. ഇവിടെ വരുന്നവരെല്ലാം നല്ലവരാ... അങ്ങനെയുള്ളവർക്ക് ഇവിടുത്തെ കാഴ്ചകളൊക്കെ കാണിച്ചു കൊടുക്കാൻ നമുക്കും വലിയ ഇഷ്ടമാ..."
അങ്ങനെ അവരുടെ വിശേഷങ്ങളൊക്കെ പങ്കുവച്ചതിനു ശേഷം എല്ലാവരും വന്ന് ബസ്സിൽ കയറി.
 അവിടുന്ന് നേരെ ചെന്നു കയറിയത്  കക്കി ഡാമിലേക്കായിരുന്നു. വഴിയിലെ ഏറ്റവും മനോഹരമായ ആ ഡാമിനു മുകളിലൂടെ ബസ്സ് സാവധാനം മുന്നോട്ട് നീങ്ങി.
   ഇടതു വശത്തേക്കു നോക്കിയാൽ, അതീവ സുന്ദരമായ കാനനം കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാഴ്ച്ച. ഇതെല്ലാം ബസ്സിലിരുന്നു തന്നെ കണ്ടറിയണം. അതൊരു വല്ലാത്ത അനുഭവം തന്നെ. കാരണം, ബസ്സിൽ നാം ഉയരത്തിലാണല്ലോ ഇരിക്കുന്നത്, അതിനാൽ ഡാമിന്റെ കൈവരികൾ കണ്ണിൽ പെടില്ല. ജനലിലൂടെ തല പുറത്തേക്കിട്ടാൽ, കക്കി ഡാമിനു മുകളിലൂടെ വായുവിൽ പോകുന്ന ഫീൽ.  4Dയല്ല, ഇനി 100D വന്നാൽ പോലും ഈയൊരു അനുഭവം കിട്ടില്ല. ലാഭേച്ഛയില്ലാതെ, വെറും 93 രൂപയ്‌ക്കു ഇത്തരം ഒരു വനയാത്രാ സർവ്വീസ് നടത്തി വരുന്ന KSRTC ക്കു നന്ദി. വിലമതിക്കാനാവാത്ത ഓർമ്മകൾ തരുന്ന ഈ യാത്രയ്ക്ക്, കിലോമീറ്ററിനു ഒരു രൂപയിൽ താഴെ മാത്രമാണ് നമുക്ക് ചിലവ് വരുന്നതെന്നോർക്കണം. ജീവിതത്തിൽ പുതിയ അനുഭവങ്ങൾ തേടി അലഞ്ഞു തിരിയുന്നവർ ഇവിടേക്കു വന്നാൽ ഗവി നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ്.

കക്കി ഡാമിനു മുകളിൽ ബസ് നിർത്തിയ രാജുച്ചേട്ടൻ ഞങ്ങളോടായി പറഞ്ഞു.
"നിങ്ങൾ നടന്നു കാഴ്ചകളൊക്കെ കണ്ടു വാ, ആരും ഡാമിന്റെ ഫോട്ടോ എടുക്കരുത്. ഞങ്ങൾ ദാ, ആ വളവിൽ കാണും"
അങ്ങനെ അവിടെയിറങ്ങി ഡാമിനു മുകളിലൂടെ നടന്നു. തണുത്തു വിറയ്ക്കുന്ന അന്തരീക്ഷത്തിൽ ശക്തിയായ കാറ്റും വീശിയടിച്ചപ്പോൾ അറിയാതെ പല്ലുകൾ കൂട്ടിയിടിച്ചു. കുറച്ചു കഴിഞ്ഞതും ഡാമിന്റെ അക്കരെ നിന്നും ഒരു ഓഫീസർ കൈ പൊക്കി ഞങ്ങളെ വിളിക്കുന്നത് കണ്ടപ്പോൾ എല്ലാവരും നടപ്പിന്റെ വേഗം കൂട്ടി.
   ചേർത്തലക്കാരൻ ജോസഫ് സാറായിരുന്നു അത്. ഡാമിന്റെ കാവലാണ് സാറിന്റെ ഡ്യൂട്ടി. വന്നയുടെനെ പറഞ്ഞു. "രാജു അണ്ണൻ പറഞ്ഞതു കൊണ്ട് മാത്രമാ നിങ്ങളെ ആദ്യമേ വിളിക്കാതിരുന്നത്.. ഇവിടെയൊന്നും ഇറങ്ങാൻ അനുവാദം കൊടുക്കാത്തതാ . . ഹാ .. വേഗം ബസ്സിൽ കയറിക്കോ.."
അങ്ങനെ, വീണ്ടും യാത്ര തുടർന്നു.
 അവിടുന്ന് സഞ്ചരിച്ച് ഏകദേശം 10:20ഓടു കൂടി അടുത്ത ഡാമിലെത്തി. ഇത് ആനത്തോട് ഡാം. കക്കി ഡാമിന്റെയത്ര വലിപ്പമില്ലെങ്കിലും കാഴ്ചകൾ മനോഹരം തന്നെ. ഷട്ടർ തുറക്കാവുന്ന ഡാമാണിതെന്നു സന്തോഷേട്ടൻ പറഞ്ഞു. ഈ വഴിയിലിപ്പോൾ മൂന്നു ഡാമുകൾ കഴിഞ്ഞു. പുലർച്ചെ ഉറക്കവും കളഞ്ഞു പത്തനംതിട്ട സ്റ്റാൻഡിൽ നിന്നപ്പോൾ, സ്വപ്നത്തിൽ പോലും കരുതിയില്ല ഇത് പോലെയുള്ള കാഴ്ചകൾ കാണാനൊക്കുമെന്ന്. അങ്ങനെ ആനത്തോട് കഴിഞ്ഞതും പൂർണ്ണമായും വഴി മറച്ചും തെളിച്ചും കോടമഞ്ഞിന്റെ മായാജാലം തുടങ്ങി. അതൊന്നും വകവെക്കാതെ നമ്മുടെ ആന മുന്നോട്ടുള്ള പ്രയാണം തുടർന്നു.
  വന്മരങ്ങൾ അതിരിടുന്ന കാട്ടു വഴിയിലൂടെ ഒരു രാജപ്രൗഢിയിൽ അവൻ മുന്നോട്ടു നീങ്ങുകയാണ്. ഇരു വശവും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാടകം. അവിടേക്ക് മിഴി തുറന്നാൽ പല തരത്തിലുള്ള വൃക്ഷങ്ങൾ കാണാം. വള്ളിപ്പടർപ്പുകൾ ആർത്തി പിടിച്ച് അവയെ കെട്ടിപ്പുണർന്നു കിടക്കുന്നു. അതിനെല്ലാം പുറമെ ഒഴുകി നടക്കുന്ന കോടമഞ്ഞും. ഓരോ വളവു കഴിയുമ്പോഴും ഓരോ തരം കാഴ്ചകൾ. ചില ഭാഗങ്ങളിൽ ഉയരം കുറഞ്ഞ വൃക്ഷങ്ങൾ മാത്രം, എന്നാൽ ഇടയ്ക്ക് വന്മരങ്ങൾ, ചിലയിടത്ത് പുൽമേടുകൾ, അതിനപ്പുറം ചോലവനങ്ങൾ. ഇങ്ങനെ പല രീതിയിലുളള കാഴ്ചകളായിരുന്നു വഴി നിറയെ. കോടമഞ്ഞു കാരണം ഈ പറഞ്ഞ മരങ്ങളുടെയൊന്നും ചുവടു ഭാഗം കാണാൻ കഴിയുന്നില്ലായിരുന്നു. മേഘങ്ങൾക്കുള്ളിൽ മരങ്ങൾ കണ്ടാൽ എങ്ങനിരിക്കും, അതു പോലെ. . ഈ വന സൗന്ദര്യം...
   അതിനിടെ റോഡിൻറെ അവസ്ഥ മാറിയിരിക്കുന്നു. ടാറിട്ട വഴികൾ പിന്നിട്ട്  നല്ല അസ്സൽ ഓഫ്റോഡിലായി ബസ്സ്. വലിയ കല്ലുകളും കുഴികളും കയറിയിറങ്ങി, ആടിയാടി, ഒരുപാട് യാതനകൾ സഹിച്ചു കൊണ്ടാണവൻ ഞങ്ങളെയും കൊണ്ട് മുന്നോട്ടു സഞ്ചരിക്കുന്നത്. അവനെ മെരുക്കാൻ രാജുച്ചേട്ടനും നന്നായി കഷ്ടപ്പെടുന്നുണ്ട്. അങ്ങനെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓഫ്റോഡിങ് ഫീലും കിട്ടി. ബൈക്കിൽ ഇതു വഴി പ്രവേശനം ഉണ്ടായിരുന്നെങ്കിൽ... എന്ന് ചിന്തിച്ചു പോയ നിമിഷങ്ങൾ. അങ്ങനെ പല പേരറിയാ വനാന്തരങ്ങളും കടന്ന് പത്തേമുക്കാലോടു കൂടി ബസ്സ്, ഗവി ഫോറസ്റ് സ്റ്റേഷൻ ചെക്ക് പോസ്റ്റിൽ എത്തിച്ചേർന്നു.
  സന്തോഷേട്ടൻ അവിടെ ഇറങ്ങിപ്പോയി ഒപ്പിട്ടിട്ടു വന്നു. വീണ്ടും യാത്ര. വഴിക്കു മാറ്റമൊന്നുമില്ല, ഓഫ്റോഡ് തന്നെ. കാടിന്റെ വന്യതയിൽ നിന്നും പുൽമേടുകളുടെ പച്ചപ്പിലേക്ക് മാറിയ വഴികളിൽ കോടമഞ്ഞിനു മാത്രം ഒരു കുറവുമില്ലായിരുന്നു.

ഗവി എത്താറായെന്നു തോന്നുന്നു. അങ്ങിങ്ങായി കെട്ടിടാവശിഷ്ടങ്ങൾ കാണാമായിരുന്നു. അൽപം ചെന്നതും സന്തോഷേട്ടനും രാജുച്ചേട്ടനും ഏതോ ഒരു അമ്മച്ചിയുടെ കാര്യം പറയുന്നത് കേട്ടു. കഴിഞ്ഞ ദിവസം അവരുടെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകർത്തെന്ന്. ആ വീടും കാണിച്ചു തന്നു. കോടയിൽ മറഞ്ഞിരിക്കുന്നൊരു കുഞ്ഞുവീട്. കുറച്ചങ്ങു ചെന്നാൽ ജീർണ്ണിച്ച ഒന്നു രണ്ടു കെട്ടിടങ്ങൾ കാണാം. കാട്‌ പിടിച്ച്, മേൽക്കൂരയിൽ വരെ പുല്ലു വളർന്നു നിൽക്കുന്ന അവ കണ്ടപ്പോ Hobbit സിനിമ ഓർമ്മ വന്നു.
  അവിടുന്ന് മുന്നോട്ടു പോയി അൽപ്പം കഴിഞ്ഞതും അടുത്ത ഡാമെത്തി. പമ്പ ഡാം. ഇത്തവണ ഡാമിനു മുകളിലൂടെ ആയിരുന്നില്ല വഴി. റോഡിനു വലതു വശത്തായി ഗേറ്റുകൾ അടച്ച നിലയിൽ ഡാം വ്യക്തമായി കാണാം. മറ്റു അണക്കെട്ടുകളെ അപേക്ഷിച്ച് ചെറുതാണിത്. ഡാം കഴിഞ്ഞതും വഴിൽ കുറച്ചാളുകൾ നിൽക്കുന്നു. ആനവണ്ടിയെ പ്രതീക്ഷിച്ചുള്ള നിൽപ്പാണ്. ബസ് നിർത്തിയപ്പോൾ സന്തോഷേട്ടൻ അവരോട്, ഹർത്താലായതിനാൽ വണ്ടിപ്പെരിയാർ പോകുന്നില്ല. ഗവി വരെ ഉള്ളൂ എന്ന് പറഞ്ഞു. കുറച്ചു പേർ കയറി. മറ്റുളളവരുടെ മുഖത്ത് അതിയായ നിരാശ.. എന്തെങ്കിലും പലചരക്കു സാധനങ്ങളും മറ്റും വാങ്ങാനും വിൽക്കാനും ഇവർക്ക് ഏക ആശ്രയമാണ് വണ്ടിപ്പെരിയാറും കുമളിയും. രാവിലെയും വൈകുന്നേരവുമുള്ള ഈ ബസ്സാണ് ഒരേയൊരു ഗതാഗത മാർഗ്ഗം. പിന്നെ വല്ലപ്പോഴും ആളൊഴിഞ്ഞു വരുന്ന ജീപ്പുകളും. അതാവുമ്പോ പറയുന്ന പൈസ കൊടുക്കണം. എന്തായാലും ബസ് വരുമ്പോഴുള്ള ഗവി നിവാസികളുടെ മുഖഭാവം കണ്ടാലറിയാം, എന്തു മാത്രം ഇവരിതിനെ ഇഷ്ടപ്പെടുന്നുവെന്ന്.

   മുന്നോട്ടുള്ള വഴികളിൽ നിന്നും പലരും ബസ്സിൽ കയറി. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമൊക്കെ കൂട്ടത്തിലുണ്ടായിരുന്നു. പല സ്ഥലങ്ങളിലായി കുറച്ചു വീടുകൾ കണ്ടു. ഓല മേഞ്ഞതും, ഷീറ്റിട്ടതും, തട്ടിക്കൂട്ടി ഉണ്ടാക്കിയതുമൊക്കെ. അവിടെയുള്ള ആളുകളൊക്കെ ഈ ബസ്സ് വരുന്നത് കണ്ടാൽ കൺമറയുന്നത് വരെ നോക്കി നിൽക്കുന്നു. അതിനിടെ ഇമ വെട്ടാതെ ബസ്സും നോക്കി നിൽക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയെ കണ്ടു. അവളുടെ ആ നോട്ടത്തിൽ തന്നെ നമുക്ക് വായിച്ചറിയാം, കാനന ബാല്യത്തിന്റെ നിഷ്കളങ്കത. ഒരുപാട് ഉത്തരങ്ങൾ തരുന്നൊരു ഫോട്ടോയും അവിടുന്ന് ലഭിച്ചു.
  അങ്ങനെ ഏകദേശം പതിനൊന്നേകാലോടെ ഗവിയിലെ പോസ്റ്റോഫീസ് സമുച്ചയത്തിനു മുന്നിൽ വണ്ടി നിർത്തി. ഗവി സന്ദർശിക്കാനെത്തിയ ഞങ്ങൾ 5 പേരൊഴിച്ച് ബാക്കിയെല്ലാവരും അവിടെയിറങ്ങി. ഇവരെന്തിനായിരിക്കും വന്നത് എന്നാലോചിച്ചിരിക്കുന്നതിനിടയിൽ ബസ് വീണ്ടും മുന്നോട്ടെടുത്തു. ഒന്നു രണ്ടു വളവുകൾ കഴിഞ്ഞതും ഗവി ഇക്കോ-ടൂറിസം ഭാഗത്തെത്തി. ഞങ്ങളോട് അവിടെയിറങ്ങി നടക്കുന്നോ എന്ന് രാജുച്ചേട്ടൻ ചോദിച്ചെങ്കിലും ആരും ഇറങ്ങിയില്ല. സമയം ആവശ്യത്തിനുണ്ടല്ലോ. എന്തായാലും ബസ് പോകുന്നിടം വരെ ഞങ്ങളുമുണ്ടെന്നു പറഞ്ഞു. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും, അഖിലും, അരുണും, പ്രിൻസ് ചേട്ടനും ഭാര്യയും. അങ്ങനെ മനോഹരമായ ഗവി ഡാമും കഴിഞ്ഞു കുറെയങ്ങു പോയപ്പോൾ ഇടതു വശം താഴ്ച്ചയും വലതു വശത്ത് പുൽമേടുമുള്ളൊരു സ്ഥലത്തെത്തി. സൗകര്യമുള്ളൊരു സ്ഥലം കണ്ടെത്തി രാജുച്ചേട്ടൻ ബസ് തിരിച്ചിട്ടു.

  കോടമഞ്ഞു മൂടിയ ആ അന്തരീക്ഷത്തിൽ എല്ലാവരും ഇറങ്ങി ഇഷ്ടമുള്ളിടത്തേക്കു നടക്കാൻ തുടങ്ങി. പ്രിൻസ് ചേട്ടൻ നടന്ന് ദൂരെയെത്തിയിരിക്കുന്നു. ആ സമയത്ത് ഫോറസ്റ്റുകാരുടെ ഒരു ജീപ്പ് വന്ന് രാജുച്ചേട്ടനോട്, ഈ ഭാഗത്ത് കാട്ടുപോത്ത് ഇറങ്ങിയിട്ടുണ്ടെന്നും ബസ് വേറെങ്ങോട്ടെങ്കിലും മാറ്റിയിടാനും പറഞ്ഞു. ഞങ്ങളെയൊരു രൂക്ഷമായ നോട്ടവും നോക്കി അവരങ്ങു പോയി. അങ്ങനെ നടന്നു പോയവരെ വഴിയിൽ നിന്ന് വിളിച്ചു കയറ്റി ബസ് വീണ്ടും വന്ന വഴിയിലൂടെ തിരിച്ചു.

ഒന്നു രണ്ടു വളവുകൾ കഴിഞ്ഞ് കാടിനു നാടുവിലൊരു ഒഴിഞ്ഞ സ്ഥലത്ത് ബസ് ഒതുക്കിയിട്ടു. ഇനി ഉച്ച കഴിഞ്ഞു രണ്ടേമുക്കാലിനേ ബസ്സെടുക്കൂ. അതു വരെ ഈ കാട്ടിൽ സ്വതന്ത്രം.. വന്യ മൃഗങ്ങളുള്ള കാടാണ്, അധികം ദൂരെ പോകരുതെന്ന രാജുച്ചേട്ടന്റെ സ്നേഹത്തോടെയുള്ള ഉപദേശവും ശ്രവിച്ച് ഞാനും അഖിലും അരുണും ഗവി ഡാം ഭാഗത്തേക്ക് നടന്നു. വലിയ കാഴ്ചകളൊന്നുമില്ലാത്ത ചെറിയൊരു ഡാമാണിത്. ഞങ്ങൾ മൂന്നും ആ ഡാമിന്റെ കൈവരിയിൽ ചാരി നിന്ന് വിശേഷങ്ങൾ പങ്കു വച്ചു.
    അതിനിടെ മൂടി നിന്ന കോടമഞ്ഞു മാറിയതും സ്വപ്നസമാനമായൊരു കാഴ്ചയായിരുന്നു മുന്നിൽ തെളിഞ്ഞത്. ഡാമിനു നടുവിലായി ചെറിയൊരു ദ്വീപ് പോലെ കാണാം. അവിടെ അതിമനോഹരമായ കാഴ്ചയൊരുക്കി കൊണ്ട് ഇരുണ്ട പച്ച നിറത്തിൽ വന്മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. വെള്ളത്തിലെ അതിന്റെ പ്രതിഫലനം കൂടിയായപ്പോൾ, കാണുന്നത് സത്യം തന്നെയാണോ ?? അതോ കണ്ണ് പറ്റിക്കുന്നതാണോ എന്നറിയാനായി ഞങ്ങൾ പരസ്പരം നോക്കിപ്പോയി.  ടാർസൻ സിനിമകളിലെ കാടു പോലെ. ഈ അത്ഭുത ദൃശ്യം. ആ കാഴ്ച എനിക്കു വിവരിക്കാൻ കഴിയുന്നില്ല. അതിനുളള കഴിവില്ല, അതിലുപരി കണ്ണു കൊണ്ടു കാണുന്ന ആ സുഖം ഒരെഴുത്തിലും അനുഭവിക്കാനാവില്ല. ഇത്രയും സമയം മഞ്ഞു മൂടി നിന്നതിനാൽ, അപ്രതീക്ഷിതമായി ആ കാഴ്ച്ച കാണാനുള്ള അവസരമൊത്തു. അതെ, പൂർണ്ണ സൗന്ദര്യത്തിൽ ഗവി ഞങ്ങളുടെ മുന്നിൽ തെളിയുകയായിരുന്നു.
 അതിനിടെ നൂൽമഴ തുടങ്ങിയപ്പോൾ വീണ്ടും മൂടൽ മഞ്ഞിറങ്ങി. ആ സമയത്തങ്ങോട്ടു നോക്കിയാൽ ഒന്നും കാണാൻ വയ്യ. മഴ തോർന്നു കുറേ നേരം കഴിയുമ്പോൾ ആ കാഴ്ചകൾ വീണ്ടും തെളിയുന്നു. ഈ വന്മരങ്ങളെ കോടമഞ്ഞ് തീവ്രമായി പ്രണയിക്കുന്നുണ്ടാവാം. എത്ര തവണ വിട്ടു പിരിഞ്ഞാലും വീണ്ടും വീണ്ടും അവ ഒന്നായി പുണരുന്നു. എന്തു രസമായിരുന്നു ആ നിമിഷങ്ങൾ. കുറേ തവണ മഞ്ഞിന്റെ ഒളിച്ചു കളി കാണാൻ അവസരം ലഭിച്ചു.

  ഈ ഡാമിൽ നിന്നാണ് ഇക്കോ-ടൂറിസം വക ബോട്ടിംഗ് ഉളളത്. മഞ്ഞു മാറിയപ്പോൾ തടാകത്തിലെ ജലയാനങ്ങൾ തെളിഞ്ഞു കണ്ടു. 'ബോട്ടിംഗ്' ഒരത്ഭുതമായി തോന്നിയത് ഇപ്പോഴാണ്. സുന്ദരമായ ഈ കാലാവസ്ഥയിൽ കോടമഞ്ഞിനിടയിലൂടെ നിശബ്ദമായി തുഴഞ്ഞു നീങ്ങുന്ന അവ ഇപ്പോഴും മനസ്സിൽ നിൽക്കുന്നു. പലപ്പോഴും വേഗത്തിൽ മഞ്ഞു വന്നു മൂടുന്നുണ്ടായിരുന്നു. ആ സമയത്ത് എങ്ങനെയാണാവോ അവർ ദിശ മനസ്സിലാകുന്നത്. എന്തായാലും അതൊരു വല്ലാത്ത അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.
  അവിടുന്ന് പോകാൻ മനസ്സുണ്ടായിരുന്നില്ല. എങ്കിലും ഗവിയിലൊന്നു ചുറ്റിത്തിരിയാനായി ഞങ്ങൾ വീണ്ടും ബസ്സു കിടന്ന വഴി തിരിച്ചു നടന്നു. ചെറിയ പേടിയോടെയാണെങ്കിലും കാടിന്റെ വന്യത ആസ്വദിച്ചങ്ങനെ നടന്നു. എത്ര ദൂരം പോയെന്നോർമ്മയില്ല. ഇടതു വശത്തായി നല്ലൊരു കാഴ്ച കണ്ട സ്ഥലത്തായാണ് പോയി നിന്നത്. വലിയ താഴ്ചയാണെങ്കിലും മൂടൽ മഞ്ഞു കാരണം അവ വ്യക്തമല്ലായിരുന്നു. ഇന്നലെ പനി പിടിച്ചു കിടന്ന ഞാൻ ഇന്ന് നൂൽമഴയും കൊണ്ട് ഗവിയിൽ നടക്കുന്നു. എല്ലാം ഒരു നിമിത്തം.
വിശപ്പിന്റെ വിളി വന്നപ്പോൾ ഞങ്ങൾ ബസ്സിലേക്ക് തിരിച്ചു നടന്നു. ഞങ്ങൾ ചെന്നപ്പോഴേക്കും ബാക്കിയുള്ളവരെല്ലാം കഴിച്ചിരുന്നു. അങ്ങനെ കോടമഞ്ഞിറങ്ങിയ ഉച്ച സമയത്ത് ആനവണ്ടിയിലിരുന്നൊരു വിശപ്പടക്കൽ. എങ്ങനെ മറക്കും ഈ അനുഭവങ്ങൾ. കുറഞ്ഞ സമയം കൊണ്ട് തന്നെ സഹയാത്രികരുമായി മാനസികമായ ഒരടുപ്പം കൈവന്നിരുന്നു.

  ഗവിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ രാജുച്ചേട്ടൻ ആയിരിപ്പിൽ പറഞ്ഞു തന്നു. രസകരമായൊരു ബന്ധമുണ്ട്, ഇക്കണ്ട ഡാമുകളിലത്രയും. (ഇനി പറയാൻ പോകുന്ന പല ഡാമുകളും ഞങ്ങൾ കാണാത്തവയാണ്)
അതായത്, ഏറ്റവും മുകളിലുള്ള ഗവി ഡാമിൽ വെളളം നിറഞ്ഞാൽ അത് ഒഴുകി മിനാർ 1 ഡാമിൽ ചെല്ലും. അത് നിറയുമ്പോൾ വെളളം മിനാർ 2 ലെത്തും. അതും നിറഞ്ഞാലാ വെളളം നേരെ കൊച്ചുപമ്പ ഡാമിൽ ചെല്ലും. പമ്പ ഡാമിൽ നിന്നാണ് ശബരിമലയിലേക്ക് ജലമെത്തിക്കുന്നത്.
  അങ്ങനെ ആദ്യ അണക്കെട്ടുകളിൽ നിന്നെത്തുന്ന വെളളം, നാലര കിലോമീറ്ററോളം മല തുരന്നുണ്ടാക്കിയ ടണൽ വഴി പമ്പയിൽ നിന്ന് ആനത്തോട് ഡാമിലെത്തുന്നു. ആനത്തോടും കക്കിയും ഒരേ ജലാശയത്തിന്റെ രണ്ടു മുഖങ്ങളാണെന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. പിന്നീട് ഗൂഗിൾ മാപ് നോക്കിയപ്പോൾ മനസ്സിലായി. അങ്ങനെ  കക്കി ഡാമിന്റെ ഉയരങ്ങളിൽ നിന്നും ഞങ്ങൾ ആദ്യം കണ്ട പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെളളം മൂഴിയാർ അണക്കെട്ടിലെത്തുന്നു. അവിടെ തീർന്നെന്നു കരുതി നെടുവീർപ്പിട്ടപ്പോൾ ദാ വരുന്നു അടുത്തത്. മേലുത്തോട് ഡാം. അങ്ങനെ മൂഴിയാർ ഡാമിൽ നിന്നും മേലുത്തോടെത്തുന്ന വെളളം പാറ കുഴിച്ചുണ്ടാക്കിയ തുരങ്കം വഴി കക്കാട് ഡാമിലെത്തി അവിടുത്തെ വൈദ്യുതി ഉൽപ്പാദനവും കഴിഞ്ഞു മണിയാർ ഡാമിലെത്തുന്നു. മണിയാർ ഡാം കഴിഞ്ഞാൽ നാലു ചെറു ഡാമുകളുമുണ്ടത്രെ.

  കേൾക്കുമ്പോൾ കൗതുകവും, ആലോചിക്കുമ്പോൾ ആശ്ചര്യവും ഉളവാക്കുന്ന കാര്യങ്ങൾ. ഇക്കണ്ട കാടും മലയും കയറി ഇങ്ങനൊരു കൃത്യമായ കണക്കുകൂട്ടലിൽ ഡാമുകൾ നിർമ്മിക്കുക എന്നത് ഇക്കാലത്തും ബുദ്ധിമുട്ടുള്ള കാര്യമാണ്. ബ്രിട്ടീഷുകാർ തുടങ്ങി വച്ച, അര നൂറ്റാണ്ടു മുൻപ് ഉത്ഘാടനം ചെയ്യപ്പെട്ട ഈ നിർമ്മിതികൾ, അതിനും എത്രയോ വർഷങ്ങൾ മുൻപായിരിക്കും പണി തുടങ്ങിയത്. കക്കി ഡാം നിർമ്മാണ കാലത്ത് ആയിരക്കണക്കിന് പണിക്കാരെ അവിടെ പാർപ്പിച്ചിരുന്നുവത്രെ. താമസ സൗകര്യങ്ങളും, സ്‌കൂളും, സിനിമാശാലയുമടക്കം, നിത്യ ജീവിതത്തിനാവശ്യമായ പല കാര്യങ്ങളും പണിക്കാർക്കായി ഒരുക്കിയിരുന്നു. ആ കാലത്താണ് ഗവിയിലേക്കുള്ള റോഡ് പണിതത്. ഡാമിന്റെ പണി കഴിയുന്നത് വരെ അനന്തപുരി - കക്കി ബസ് സർവീസും ഉണ്ടായിരുന്നു. ഗവി എന്ന രണ്ടക്ഷരത്തിനുമപ്പുറം, അധികമാർക്കും അറിയാത്ത ഒട്ടേറെ വിവരങ്ങൾ പറഞ്ഞു തന്ന രാജുച്ചേട്ടനും സന്തോഷേട്ടനും നന്ദി.

  എത്ര പെട്ടെന്നാണ് സമയം കടന്നു പോയത്, സമയമിപ്പോൾ 2:30. തിരികെ പോയേ പറ്റൂ. അതിനാണെങ്കിൽ മനസ്സനുവദിക്കുന്നില്ല. അങ്ങനെ അവസാനമായി ഞാനൊന്നു കൂടി ഗവി ഡാമിലേക്ക് നടന്നു. മൊബൈലിൽ ഏറെയിഷ്ടപ്പെട്ട 'കൽ ഹോ നഹോ' എന്ന പാട്ടും വച്ച്, കോടമഞ്ഞിന്റെ ഒളിച്ചുകളിയും കണ്ടങ്ങനെ നിന്നു. ഇപ്പോഴും ആ പാട്ടു കേൾക്കുമ്പോൾ അതേ നിമിഷങ്ങൾ മനസ്സിൽ നിറയുന്നു. അങ്ങനെ 2:45 ആയപ്പോൾ രാജുച്ചേട്ടൻ ബസ്സുമായി വന്നു. വിഷമത്തോടെ ഗവിക്ക് വിട. വീണ്ടും വരണമെന്ന് മനസ്സു പറയുന്നു. അതെ, ഞാനിനിയും വരും.

 തിരിച്ചു ഗവി പോസ്റ്റോഫീസ് എത്തിയപ്പോൾ, ആദ്യം അവിടെ ഇറങ്ങിയ എല്ലാവരും വലിയ ചാക്കു കെട്ടുകളുമായാണ് തിരിച്ച് ബസ്സിൽ കയറിയത്. റേഷൻ സാധനങ്ങൾ വാങ്ങാനാണവർ വന്നത്. കൂടാതെ ഞങ്ങളോടൊപ്പം ബസിലുണ്ടായിരുന്ന പെൺകുട്ടിയും തിരികെ കയറിയിരുന്നു. അതായിരുന്നു സാക്ഷാൽ ഗവി ഗേൾ. ആദിവാസികൾക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ ഉറപ്പാക്കാനും, ചെറിയ രീതിയിൽ അവർക്ക് വിദ്യാഭ്യാസം കൊടുക്കലുമൊക്കെയാണ് അവളുടെ ജോലി. ആഴ്ചയിൽ രണ്ടു ദിവസം ഈ കാട്ടിലേക്ക് വരുമത്രേ. കാടിന്റെ മക്കൾക്ക് സാന്ത്വനമേകാൻ. ഇതൊക്കെ കാണാനും അറിയാനും ഈ ആനവണ്ടിയിൽ തന്നെ വരണം.

 കനത്ത മഞ്ഞും മഴയും നിറഞ്ഞ മടക്കയാത്രയിൽ വേറൊരാൾ കൂടി ബസ്സിൽ കയറി. കക്കി ഡാമിൽ വച്ച് കണ്ട വാച്ചർ ജോസഫ് സാർ. ഒരാഴ്ച്ചത്തെ ഡ്യൂട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ്. അങ്ങനെ സാറുമായി പരിചയപ്പെട്ടു. യൂണിഫോം ഊരിയതോടെ അദ്ദേഹം ഒരു സുഹൃത്തിനെ പോലെയാണ് ഇടപഴകിയത്. അങ്ങനെ മറക്കാനാവാത്ത പല ബന്ധങ്ങളും സമ്മാനിച്ച ആ കാട്ടുയാത്ര വൈകിട്ട് 7 മണിയോടെ പത്തനംതിട്ടയിൽ അവസാനിച്ചു. വന്യ മൃഗങ്ങളെ കാണാൻ കഴിഞ്ഞില്ല എന്നതാണ് ആകെയുള്ളൊരു വിഷമം. മഞ്ഞായതിനാലാണ് കാണാത്തതെന്നാ രാജുച്ചേട്ടന്റെ അഭിപ്രായം. മഴക്കാലം കഴിഞ്ഞു വന്നാൽ പലതരം മൃഗങ്ങളെ കാണിച്ചു തരാമെന്നു ചേട്ടൻ ഉറപ്പു തന്നു.

 ഒരു പ്രതീക്ഷയുമില്ലാതെ, കടുത്ത പനിയെ വകവെക്കാതെ, ഈ ഹർത്താൽ ദിനത്തിൽ ഇവിടേക്കു വരാൻ തോന്നിയ ആ തീരുമാനമുണ്ടല്ലോ...!! അതായിരുന്നു ഇതിനെല്ലാം കാരണം. അതിനാൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് കാടനുഭവങ്ങൾ ലഭിച്ചു.

ഇനി ഞാൻ പറയട്ടെ,
കാറിൽ കയറിയിരുന്ന് ഉറങ്ങി ഗവിയെത്തുമ്പോൾ ചാടിയെണീറ്റ് കണ്ണും തിരുമ്മി,
"ഹയ്യേ, ഇതാണോ ഗവി. ഇവിടെയെന്താണുള്ളത്..??
സിനിമയിൽ കുഞ്ചാക്കോയും ബിജു മേനോനും ബസ്സോടിക്കുന്ന സ്ഥലമെവിടെ...??"
ഇങ്ങനെ ചോദിക്കുന്നവരേ..

നിങ്ങൾ കൊച്ചാണ്ടിയിലെ മരങ്ങൾ കണ്ടില്ലല്ലോ..!!

മൂഴിയാറിലെ തീരങ്ങൾ കണ്ടിരുന്നെങ്കിൽ നിങ്ങളിങ്ങനെ പറയില്ലായിരുന്നു..

ഒട്ടനേകം ജൈവസമ്പത്തുകൾ ഉൾക്കൊള്ളുന്ന വനന്തരങ്ങളിൽ നിങ്ങൾ കണ്ണടച്ചിരുന്നോ ??

അതിമനോഹരമായ കക്കി, ആനത്തോട് ഡാമുകൾ കാണാതെ പറന്നാണോ ഗവിയിലെത്തിയത് ??

ഇവിടെയുള്ള ഡാമുകളുടെ വിചിത്രമായ ബന്ധം പിടികിട്ടിയോ ???

ഗവി തടാകത്തിലെ മരങ്ങളുടെയും കോടമഞ്ഞിന്റെയും പ്രണയം കണ്ടിട്ടുണ്ടോ ???

 ഇവയൊന്നും കണ്ടിട്ടില്ലെങ്കിൽ ദയവ് ചെയ്ത് ഇനിയാരോടും ഇല്ലാക്കഥ പറഞ്ഞു നടക്കരുത്. ഏതൊരു മലയാളിയും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ഗവി. ഒരു സിനിമാ ടിക്കറ്റിന്റെ വില പോലുമില്ലാത്ത നിരക്കിൽ നമ്മുടെ KSRTC ഇത്തരം അവസരമൊരുക്കുമ്പോൾ നാമെന്തിന് മടിക്കണം, എന്നെങ്കിലും ഈ സർവീസ് നിലച്ചു പോയാൽ ഒരായുസ്സിലെ നഷ്ടമായിരിക്കുമത്. കാരണം കാറിൽ വന്നാൽ ആനവണ്ടിയിലെ ഫീൽ ഒരിക്കലും കിട്ടില്ല. അത് കൊണ്ട്...

 

 "പോന്നോളൂ... ഗവിയിലേക്ക്....."

7 comments:

  1. nice & loving narration. avide pooyathupoole undu.

    ReplyDelete
  2. Beautiful narration.
    At Kakki dam area, you can see a lot of ruined constructions - the settlement of dam construction workers you mentioned. Someone told me that some old Malayalam films (like Ponnapuram Kotta) were shot there; but I'm not sure. Anyway, it is a worth to explore; try it when you go next time.

    A large Guava (Peraykka) plantation is seen nearby. It is actually a naturally grown plantation which covers a large portion by now - another beautiful scene.

    The grass grown heights are very beautiful, gives some stunning views of the hills and dam catchment area if the skies are clear.

    Try to hire a for wheel drive from Seethathode (local teams) and make the trip during summer. They can take you to some least explored (of course illegal), but adventureous routes as well. Climate will be clear and chances of spotting wild is much more.

    Cheers,
    Arun

    ReplyDelete
    Replies
    1. Thank you very much..
      Great infos
      ___ Try to hire a for wheel drive from Seethathode (local teams) ___
      Lovely suggetion..
      i'll try .. thanks buddy :)

      Delete
  3. nannayi... avide povaan sherikkm thonunnu. awsm brother :)

    ReplyDelete
  4. Really inspiring narration. Style of writing is very professional which will drag us with you. Definitely will visit gavi in the same manner. Photo's are average.

    ReplyDelete
  5. ശരിക്കും....ഗവി എന്ന് കേൾക്കുമ്പോ എല്ലാരും പറഞ്ഞു കേട്ടിട്ടുണ്ട്....അവിടെന്താ ഇതിനും മാത്രം കാണാൻ എന്ന് ......കേൾക്കുമ്പോ നിരാശ തോന്നിയിട്ടുണ്ട് എങ്കിലും മനസ്സിൽ ഉറപ്പിച്ചിരുന്നു ,എന്നെങ്കിലും പോകണം എന്ന്.....ആ ആഗ്രഹത്തിന് ഒരുപാടു മാറ്റു കൂട്ടുന്നതാണ് താങ്കളുടെ ഈ വിവരണം......നേരിട്ട് ഗവി ഒരു തവണ കണ്ട ഫീൽ ഉണ്ട് ഇപ്പൊ.....Really very nice.....

    ReplyDelete