-->
Hot!

അത്ഭുതങ്ങൾ ഒളിപ്പിച്ച് കളക്കാട് മുണ്ടൻതുറ. .

കുളത്തൂപ്പുഴ വനാന്തരങ്ങളിൽ തുടങ്ങി പാലരുവിയുംകണ്ട് തെന്മല - തെങ്കാശി - പാപനാശം വഴി കളക്കാട്‌ മുണ്ടൻതുറ കടുവാ സങ്കേതത്തിലേക്കൊരു യാത്ര. .

കടുവയെ കാണാൻ കഴിഞ്ഞില്ലെങ്കിലും, സഞ്ചാരികളുടെ തിരക്കുകളും ബഹളങ്ങലുമില്ലാത്ത ആ വനവും പരിസരവും ഒരു വ്യത്യസ്ഥ അനുഭവമണ് തന്നത്. ശാന്തമായ ആ വനത്തിൽ ക്യാൻവാസിൽ വരച്ച പോലെയുളള കാഴ്ചയൊരുക്കി നമ്മെ വരവേൽക്കാൻ 2 മനോഹരമായ ഡാമുകളും ഉണ്ടെന്ന് അവിടെയെത്തിയപ്പോഴാണ് മനസ്സിലായത്..






  യാതൊരു മുന്നൊരുക്കവുമില്ലാതെയായിരുന്നു ഈ സഞ്ചാരം. 2016 ജനുവരി 8ആം തിയതി ഉച്ചയ്ക്‌ ഓഫിസിൽ വച്ച്‌ ശ്രീജിത്ത്‌ പറഞ്ഞു ഒരു റൈഡ് പോകാമെന്നു. അവന്റെ കൂട്ടുകാരന്റെ ബുള്ളറ്റ്‌ കയ്യിലുണ്ട്‌. എങ്കിൽ പിന്നെ പോയേക്കാം. യാത്ര മാഗസിൻ സഹ്യപർവ്വതങ്ങളേക്കുറിച്ചുള്ള പ്രത്യേക എഡിഷനിൽ കളക്കാട്‌ മുണ്ടൻതുറയേപ്പറ്റി വായിച്ച തോർത്തു. പോകണമെന്ന് ആഗ്രഹിച്ച സ്ഥലമാണ്‌. അവനോട്‌ പറഞ്ഞപ്പോൾ പൂർണ്ണ സമ്മതം. പിന്നെ വേറൊന്നും ആലോചിച്ചില്ല. 2 ദിവസം അവധിക്ക്‌ റൂമിലെ എല്ലാവരും നാട്ടിൽ പോകാൻ തീരുമാനിച്ചു, ഞാൻ കാട്ടിലേക്കും.

      9ആം തിയതി അതിരാവിലെ കഴക്കൂട്ടത്ത്‌ നിന്നും യാത്രയാരംഭിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ MC റോഡിൽ നിലമേൽ നിന്നും വലത്തേക്ക്‌ തിരിഞ്ഞു. പ്രഭാതം പൊട്ടി വിടരുമ്പോൾ ഞങ്ങൾ മടത്തറ വഴി കുളത്തൂപ്പുഴ റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇടക്കിടെ വലതു ഭാഗത്ത്‌ ഒരു പുഴ കാണാം. അതാണോ കുളത്തൂപ്പുഴ? അങ്ങനെ ആലോചിച്ച്‌ പോകുന്നതിനിടയിൽ ആ പുഴയ്ക്ക്ക്‌ കുറുകേ ഒരു ചെറിയ നടപ്പാലം കണ്ടു. ബൈക്ക്‌ നേരെ ആ പാലത്തിൽ കയറ്റി.



 റോഡിൽ നിന്നു കാണുന്ന വ്യൂ അല്ല പാലത്തിൽ നിൽക്കുമ്പോൾ. മനോഹരമായ ഒരു ആറും അതിനപ്പുറം കാടും. ഞങ്ങൾ നേരെ ബൈക്ക്‌ ആ കാട്ടുവഴിയിലേക്ക്‌ ഇറക്കി കുറച്ച്‌ മുന്നോട്ട്‌ ഓടിച്ചു. വഴി എങ്ങോട്ടാണെന്ന് ഒരു ഐഡിയയും ഇല്ലാത്തതിനാൽ ഞങ്ങൾ അവിടെ നിർത്തി.



പരിപൂർണ്ണ നിശ്ശബ്ദത. പുലരിയിലെ പക്ഷികളുടെ ചിലമ്പൽ കാതിന്‌ വല്ലാത്തൊരു ആനന്ദം തരുന്നുണ്ടായിരുന്നു. അങ്ങനെ നിൽക്കുന്നതിനിടയിൽ ഒന്നു രണ്ടു പേർ അതുവഴി നടന്ന് വന്നു. ചതുപ്പിലേക്കുള്ള വഴിയാണത്‌. ബൈക്ക്‌ പോകും, പക്ഷേ നടന്ന് പോകലാണ്‌ നല്ലത്‌, ഇവിടെ ആനയുണ്ട്‌. അവർ പറഞ്ഞ്‌ നിർത്തി. ചതുപ്പ്‌ എന്നത്‌ സ്ഥലപ്പേരായിരിക്കണം. അവരുടെ സംസാരത്തിൽ അവിടെ ആൾതാമസം ഉണ്ടെന്നും അറിയാൻ കഴിഞ്ഞു. സ്വന്തം ബൈക്കായിരുന്നെങ്കിൽ അതവിടെ വച്ച്‌ ഞങ്ങൾ കാട്ടിലേക്ക്‌ നടക്കുമായിരുന്നു. വേറൊരാളുടെ വണ്ടിയായതിനാൽ ഞങ്ങൾക്കതിനു ധൈര്യം വന്നില്ല. തിരിച്ച്‌ വരുമ്പോൾ ആറ്റിൽ ഇറങ്ങി മുഖം കഴുകി കുറച്ച്‌ ഫോട്ടോസ്‌ എടുത്ത്‌ ഞങ്ങൾ യാത്ര പുനരാരംഭിച്ചു.



      കുളത്തൂപ്പുഴ കഴിഞ്ഞ് കുറച്ചങ്ങു ചെന്നപ്പോൾ വലത് വശത്ത് ഒരു പാലം കണ്ടു. ശ്രീജിത്ത് ബൈക്ക് അങ്ങോട്ടേക്ക് തിരിച്ചു. ടാറിട്ട വഴി കണ്ടപ്പോൾ കൗതുകം തോന്നി മുന്നോട്ട് തന്നെ നീങ്ങി. ഇരുവശവും മരങ്ങൾ മാത്രം. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ തെന്മല ഡാമിന്റെ ഏതോ ഒരു ഭാഗത്തേക്കാണീ വഴി. വനത്തിലേക്കാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്ന് അറിയാതെയായിരുന്നു പോയത്. ഇടക്ക് കുറച്ച് വീടുകൾ കണ്ടു. കുറച്ചങ്ങു ചെന്നതും വഴി മൂന്നായി പോകുന്നു. അവിടെ കണ്ടവരോട് ഡാമിന്റെ കരയിലേക്കുളള വഴി ചോദിച്ചപ്പോൾ അവർ ഞങ്ങളോടങ്ങോട്ട് പോകണ്ടാ എന്ന് പറഞ്ഞു. ആന തന്നെ ഇവിടെയും പ്രശ്നം.ആ ചേച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ 'ഓടി ഓടി നിങ്ങളുടെ ഊപ്പാട് ഇളകും...' . ഈറ്റ വെട്ടാൻ പോകുന്ന നാരായണൻ ചേട്ടനും സംഘവും ആയിരുന്നു അത്.




 എന്തായാലും പരീക്ഷിക്കാൻ നിന്നില്ല. വണ്ടി തിരിച്ച് വന്ന വഴി പോന്നു. പോയപ്പോൾ വലത് സൈഡിൽ ഒരു ഓഫ്‌ റോഡ്‌ കണ്ടിരുന്നു. തിരിച്ച് വന്നപ്പോൾ ഞങ്ങൾ ആ വഴി കയറി. കാടല്ലേ, ചുമ്മാ പോയി നോക്കാമെന്നു കരുതി കയറിയതാ... കല്ലുകൾ നിറഞ്ഞ അസ്സൽ കാട്ടുവഴി. അങ്ങനെ പ്രതീക്ഷിക്കാതെ ഓഫ്‌റോഡും കിട്ടി.

ഒരു ഒരു10 മിനിറ്റ് അങ്ങനെ പോയിക്കാണും. മുന്നിൽ ചൂട് പറക്കുന്ന ആനപ്പിണ്ടം കണ്ടപ്പോൾ ശ്രീജിത്ത് ബൈക്ക്‌ നിർത്തി.

 ഇനിയും മുന്നോട്ട് പോകുന്നത് പന്തിയല്ലെന്നു മനസ്സിലായപ്പോൾ വണ്ടി തിരിച്ചു. അങ്ങനെ ഒരു മണിക്കൂറിനു ശേഷം വീണ്ടും ഞങ്ങൾ റോഡിലെത്തി. ആദ്യം കയറി വന്ന പാലം കടന്ന് ഞങ്ങൾ തെന്മല റൂട്ടിൽ യാത്ര തുടർന്നു.

     കുറച്ചങ്ങു ചെന്നപ്പോൾ തെന്മല ഡാമിന്റെ അരികിലെത്തി. റോഡിൽ നിന്നും അൽപ്പം മുകളിലേക്ക് കയറിയാൽ ഡാം കാണാം. കായലിലെന്ന പോലെ ഓളങ്ങൾ ഉളള ഡാമിലേക്ക് നോക്കി കുറേ നേരമിരുന്നു.



  അപ്പുറത്ത് കാറിൽ വന്ന ഒരു കുടുമ്പം എന്തോ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരത് കഴിഞ്ഞ് പോയപ്പോൾ ആ കാർ കിടന്ന സ്ഥലം പൂരം കഴിഞ്ഞ പറമ്പു പോലെയായിരിക്കുന്നു. കഴിച്ചത്തിന്റെ വേസ്റ്റും പ്ലാസ്റ്റിക് പ്ലേറ്റുകളും കവറുകളും അവിടെ തന്നെ നിക്ഷേപിച്ച് അവർ 'ടൂർ' തുടർന്നു. ഇത്തരം ആളുകളുടെ 'സൽപ്രവൃത്തി' കാരണം ആ ഡാമിന്റെ പരിസരമാകെ പ്ലാസ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു. വരും തലമുറയ്ക്ക് വേണ്ടി ഒരു വൃക്ഷത്തൈ വെച്ചില്ലെങ്കിലും, ഉളള പ്രകൃതിയെ നശിപ്പിക്കാതെ നോക്കാനെങ്കിലും ശ്രമിച്ചു കൂടെ ????

  അങ്ങനെ അവിടുന്ന് ഞങ്ങൾ 8 മണിയോടെ തെന്മല ഇകോ-ടൂറിസം ഭാഗത്തെത്തി. 9 മണിയാണ് അവിടെ പ്രവേശന സമയം. അതു കൊണ്ട് ഞങ്ങൾ മുന്നോട്ട് തന്നെ പ്രയാണം തുടർന്നു. അൽപ്പം കഴിഞ്ഞതും ഫോട്ടോകളിലൊക്കെ കണ്ടു പരിചയമുളള ആ റെയിൽവേ മേൽപ്പാലത്തിനു താഴെയെത്തി.



 പഴയകാലത്തെ ബ്രിട്ടീഷ് നിർമിതിയുടെ മനോഹാരിത ഒന്നു വേറെ തന്നെ. പാലം നന്നായി കാണാനായി ഞങ്ങൾ ബൈക്ക് വഴിയിലൊതുക്കി മുകളിലേക്ക് പിടിച്ചു കയറി. നേരത്തേ പറഞ്ഞ പോലെ, താഴെ നിന്ന് കാണുന്ന വ്യൂ അല്ല മുകളിൽ കയറിയാൽ. കണ്ണു കൊണ്ട് ആ പനോരമ വ്യൂ ഞാൻ ആവോളം ആസ്വദിച്ചു.



 അവിടെ  പുതിയ പാളത്തിന്റെ പണികൾ നടക്കുന്നുണ്ട്. ഇത് വഴി ട്രെയിൻ ഓടിത്തുടങ്ങിയാൽ അതിൽ കയറി ഒന്നു വരണമെന്ന് പറഞ്ഞുറപ്പിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.



  അവിടുന്ന് നേരെ പോകുമ്പോൾ വലത്തേക്ക് പാലരുവി വെളളച്ചാട്ടത്തിലേക്കുളള ബോർഡ് കണ്ടു. അതും കണ്ടേക്കാമെന്നു കരുതി ടിക്കറ്റ്‌ എടുത്തു പാലരുവിക്കു സമീപത്തേക്ക് ബൈക്കോടിച്ചു. മനോഹരമായൊരു വെളളച്ചാട്ടമാണത്. കുറച്ചു പടികൾ കയറിയാൽ മുകളിൽ നിന്ന് വെളളം കുത്തിയൊലിച്ച് വരുന്ന കാഴ്ച്ച നന്നായി ആസ്വദിക്കാം.



 പക്ഷേ അതിനു താഴെ നിന്ന് കുളിക്കുന്ന തമിഴന്മാരുടെ ഭാവം കണ്ടാൽ ആദ്യമായിട്ട് വെളളം കാണുന്ന പോലെ. ഒച്ചയും ബഹളവും കൂവലും. പ്രകൃതിയുടെ മായക്കാഴ്ച്ച ഒന്നാസ്വദിക്കാൻ പോലുമവന്മാർ സമ്മതിക്കുന്നില്ല. അതു കൊണ്ട് അധികസമയം അവിടെ നില്ക്കാൻ തോന്നിയില്ല. വേഗം തന്നെ അവിടുന്ന് മടങ്ങി.

  പിന്നെ വേറെയെവിടെയും നിർത്തിയില്ല. തെന്മലയിൽ നിന്നും ചുരമിറങ്ങി തെങ്കാശി ഭാഗത്തേക്ക് നീങ്ങി. റോഡിനിരുവശവും പച്ചപുതച്ച വയലുകൾ കാണാം. അങ്ങിങ്ങായി തെങ്ങിൻതോപ്പുകളും. വയലുകൾക്കപ്പുറം സഹ്യപർവതനിരകളുടെ ദൂരക്കാഴ്ച്ച മനോഹരം തന്നെ.



ബൈക്കോടിച്ചിരുന്നത് ഞാനായതിനാൽ അവ അധികം ആസ്വദിക്കാൻ കഴിഞ്ഞില്ല. ചെങ്കോട്ട കഴിഞ്ഞു പിറനൂരിൽ നിന്നും വലത്തേക്ക് തിരിഞ്ഞു കുറ്റാലം വഴിയാണ് പോയത്. കുറ്റാലം വെളളച്ചാട്ടത്തിനെ കുറിച്ചു കേട്ടിട്ടുണ്ട്. പക്ഷെ അവിടെയും 'വെളളം കാണാത്തവരുടെ' കുളി കാണേണ്ടി വരുമെന്ന് പേടിച്ച് അങ്ങോട്ട്‌ പോയില്ല. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഞങ്ങൾ പാപനാശം ഭാഗത്തേക്ക് തിരിച്ചു.

    വിജനമായ പാതയിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അവിടുന്നങ്ങോട്ട് കാഴ്ച്ചകളുടെ വേലിയേറ്റമായിരുന്നു. നോക്കെത്താ ദൂരത്തോളം കൃഷിയിറക്കിയ വയലുകൾ, സൂര്യകാന്തി പാടങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, അങ്ങിങ്ങായി തല പൊക്കി നില്ക്കുന്ന കരിമ്പനകൾ, മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. പഴയമയുടെ സംസ്കാരങ്ങൾ ഇന്നും അതേപടി കാത്തു സൂക്ഷിക്കുന്നവരാണാ നാട്ടുകാർ. അതു വഴി ബൈക്കോടിക്കുമ്പോൾ ഇളയരാജ സംഗീതം മനസ്സിൽ വന്നു നിറയുന്നു.






   മുന്നോട്ട് പോകുമ്പോൾ ഇടക്കിടെ ചെറിയ മലനിരകൾ കാണാം. ആ കൂട്ടത്തിലെ നേതാവെന്ന പോലെ വലതു വശത്ത്‌ ഒരു വലിയ മല കണ്ടു. ആ മലയുടെ മുകളിൽ കയറിയാലോ ശ്രീജിത്തേ, ഞാൻ ചോദിച്ചു. അതിനങ്ങോട്ട് വഴിയുണ്ടോ എന്നറിയണ്ടേ. അതിനായി ഞങ്ങൾ അടുത്തു കണ്ട ഒരു കടയിൽ നിർത്തി അന്വേഷിച്ചു. തോരണമല എന്നാണതിന്റെ പേര്. അതിനു മുകളിൽ ഒരു കോവിലുണ്ടത്ത്രെ. എന്തായാലും അയാൾ പറഞ്ഞ വഴിയിലൂടെ ഞങ്ങൾ തോരണമലയിലേക്ക് നീങ്ങി.



 2 കിലോമീറ്റർ കഴിഞ്ഞപ്പോൾ അവിടെയെത്തി. അപ്പോഴാണ്‌ മനസ്സിലായത് ദൂരെ നിന്ന് കാണുന്നതിനേക്കാൾ എത്രയോ വലുതാണാ മലയെന്ന്. 1 മണിക്കൂറോളം നടന്നാൽ മലയുടെ മുകളിലെത്താം. ആ സമയം വെയിൽ നന്നായി കനത്തിരുന്നു, ഇത്ര ഭംഗിയുളള മലയിൽ ആ വെയിലത്ത് കയറിയാൽ അതിന്റെ പൂർണ്ണ സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല എന്നതിനാൽ ഞങ്ങളാ ഉദ്യമം തല്ക്കാലം ഉപേക്ഷിച്ചു. പിന്നീടൊരിക്കൽ (ഉടൻ തന്നെ) അവിടെ വന്ന് സൂര്യോദയം കാണാനായി മനസ്സിലുറപ്പിച്ചു ഞങ്ങൾ കളക്കാടേക്കുളള യാത്ര പുനരാരംഭിച്ചു.



   ഏകദേശം 12 മണിയോടെ സഹ്യപർവതനിരയുടെ തെക്കേയറ്റത്തെത്തി. അവിടുന്നങ്ങോട്ട് കയറ്റം തുടങ്ങി. വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികൾ താണ്ടി 12:30ന് കളക്കാട്‌-മുണ്ടൻതുറ കടുവാ സങ്കേതത്തിന്റെ കവാടത്തിൽ ബൈക്ക് നിർത്തി. 2 പേർക്ക് അകത്തു കടക്കാൻ വെറും 35 രൂപയേ ആയുള്ളൂ. എവിടെയും ബൈക്ക് നിർത്തരുതെന്നു ഉപദേശവും. അങ്ങനെ അതും കൊടുത്ത് ഞങ്ങൾ വനത്തിലേക്കു കടന്നു. വഴിയരികിൽ കടുവയുടെ ചിത്രങ്ങൾ വച്ചിട്ടുണ്ട്. അതൊക്കെ കണ്ടപ്പോൾ ചെറിയ പേടി തോന്നി. കാരണം, ആ പാതയിൽ ഞങ്ങൾ 2 പേർ മാത്രമായിരുന്നു ആ സമയം. താരതമ്യേന സഞ്ചാരികൾ കുറവുളള സ്ഥലമാണ് ഇവിടം. ആളൊഴിഞ്ഞ ആ വഴിക്കിരുവശവും തിങ്ങി നില്ക്കുന്ന കാടിന്റെ ആ നിശബ്ദതയിൽ നിന്നും ഒരു ഗർജ്ജനം പ്രതീക്ഷിച്ചങ്ങനെ മുന്നോട്ട് നീങ്ങി.



   GPS'നെ വിശ്വസിച്ച് പ്രധാന വഴിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സെർവലാർ ഡാമിന്റെ ദിശയിലേക്ക് ബൈക്കോടിച്ചു. അൽപ്പം കഴിഞ്ഞതും റോഡിനു വീതി കുറഞ്ഞു വരുന്ന പോലെ തോന്നി. ഇതുവഴി പോയാൽ എവിടെയെത്തുമെന്നു ഒരെത്തും പിടിയുമില്ല. ആരോടെങ്കിലും ചോദിക്കാനാനെങ്കിൽ ഒരു മനുഷ്യ ജീവിയെപോലും കാണാനുമില്ല. വഴിയരികിലെ മരങ്ങളിലിരിക്കുന്ന സിംഹവാലൻ കുരങ്ങുകൾ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നുന്നു. എപ്പോൾ വേണമെങ്കിലും ബൈക്ക് തിരിക്കാവുന്ന വേഗതയിൽ ഒരു വശം ചേർന്ന് വളരെ പതുക്കെയാണ് ഞങ്ങൾ നീങ്ങിയത്. വല്ല കടുവയോ കാട്ടാനയോ മുന്നിൽ വന്നു പെട്ടാൽ.. ആ ഒരു പേടി മനസ്സിൽ വന്നപ്പോൾ യാത്രയുടെ രസം വർധിച്ചു. ഒരു വളവ് കഴിഞ്ഞതും റോഡിൻറെ ഒത്ത നടുക്ക് എന്തോ നിൽക്കുന്നു. കറുത്ത കടുവയാണോ ?? ഹേയ് അല്ല. അതൊരു കാട്ടുപന്നിയാ, ആശ്വാസമായി. മൂപ്പർ അൽപ്പം ദേഷ്യത്തിലാണെന്നു തോന്നുന്നു. വഴിയിൽ നിന്ന് മാറാതെ നിൽക്കുകയാണ്. ഞങ്ങളവിടെ ബൈക്ക് നിർത്തി ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ആശാൻ വഴി മാറിതന്നത്.



  അവിടുന്ന് നേരെ ചെന്നെത്തിയത് വർഷങ്ങൾ പഴക്കമുള്ളൊരു പാർപ്പിട സമുച്ചയത്തിനരികിലേക്കാണ്. അവിടെയൊരു കാവും, അടുത്തടുത്തായി അടഞ്ഞു കിടക്കുന്ന മുസ്ലിം പളളിയും ക്രിസ്ത്യൻ ദേവാലയവും കാണാൻ കഴിഞ്ഞു. ആൾതാമസമില്ലാത്ത കെട്ടിടങ്ങൾ പലതും  നാശത്തിന്റെ വക്കിലാണ്. അവിടവും കഴിഞ്ഞു വീണ്ടും മരങ്ങള്ക്കിടയിലൂടെയായി വഴി.

  ഒരു വളവ് കഴിഞ്ഞപ്പോൾ അതിമനോഹരവും വിവരണാതീതവുമായ ഒരു കാഴ്ച്ച കണ്ടു. ഇലകള്ക്കിടയിലൂടെ നേരിയ സൂര്യപ്രകാശം ഇറ്റു വീഴുന്നൊരു മരക്കൂട്ടത്തിലിരുന്ന് കഴുത്തുരുമ്മി പ്രണയം പങ്കുവെക്കുന്ന രണ്ട് മയിലിണകൾ. ആ അന്തരീക്ഷത്തിലാ കാഴ്ച്ച മനസ്സിന് വളരെ സന്തോഷം നൽകി. ഞങ്ങളുടെ ബൈക്കിന്റെ ശബ്ദം കേട്ടതും അവ അതിവേഗം ഓടിമറഞ്ഞു. ക്യാമറയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിന്റെ ക്യാൻവാസിൽ എന്നെന്നും ആ ഫ്രെയിം നിറഞ്ഞു നിൽക്കും.



  അങ്ങനെ അവസാനം ഞങ്ങൾ സെർവലാർ ഡാമിന്റെ അരികിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് ഓഫീസർമാർ അടുത്തു വന്ന് ഞങ്ങളുടെ വരവിന്റെ ഉദ്ദേശം ആരാഞ്ഞു. ഡാം കാണാനാണെന്നു പറഞ്ഞപ്പോൾ 'ഹോ ഇവിടെന്തിരിക്കുന്നു കാണാൻ' എന്ന ഭാവത്തിൽ ഞങ്ങളെ നോക്കിയ ശേഷം ബൈക്ക് ഒതുക്കി വച്ചിട്ട് ഡാമിലേക്കുളള വഴി കാണിച്ചു തന്നു.. കൂടാതെ ഫോട്ടോ എടുക്കരുതെന്നുളള കർശന നിർദേശവും. അയാൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങൾ ഡാമിലേക്കു നീങ്ങി.

       കണ്മുന്നിൽ കാണുന്നത് സ്വപ്നമോ അതോ സ്വർഗമോ എന്നാലോചിച്ച് ഞങ്ങൾ രണ്ടും അവിടെ മിഴിച്ചു നിന്നു പോയി. കാരണം അത്ര മനോഹരമായിരുന്നു ഡാമിലെ കാഴ്ച്ച. പ്രകൃതിയെന്ന ക്യാൻവാസിന്റെ വിരിമാറിൽ വരച്ചുവച്ചൊരു പെയിന്റിംഗ്, അതിലേക്ക് കണ്ണുംനട്ട് ഞങ്ങളങ്ങനെ നിന്നു. ആ സമയത്ത് ഇമവെട്ടാൻ പോലും മറന്നു പോയെന്നതാണ് സത്യം. നിരനിരയായി നിലകൊള്ളുന്ന പർവ്വതനിരകൾ, ഇടയ്ക്കിടെ അവയെ മറച്ചും തെളിച്ചും കടന്നു പോകുന്ന മേഘങ്ങൾ, ഇടതുവശത്തൊരു പാറക്കെട്ട്, കണ്ണാടി പോലെയുളള വെളളത്തിൽ ഇതിന്റെയെല്ലാം പ്രതിഫലനം കൂടി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ. എത്ര നേരമങ്ങനെ നിന്നുവെന്ന് ഓർമ്മയില്ല. ഞങ്ങൾ ഫോട്ടോ എടുക്കുന്നുണ്ടോയെന്നു നോക്കി ആ ഓഫിസർ മുകളിൽ നിൽക്കുന്നുണ്ടായിരുന്നു. ഇത്രയും നല്ലൊരു സ്ഥലത്ത് വന്നിട്ടൊരു ഫോട്ടോ പോലും എടുക്കാതെ പോകാൻ മനസ്സൊട്ട് അനുവദിക്കുന്നുമില്ല. എന്തു ചെയ്യും ? അങ്ങനെ ഞാനാ അവസാന അടവും പയറ്റി. ഞങ്ങൾ ആനിമേഷൻ ആർട്ടിസ്റ്റുകളാണെന്നും ഈ ഡാമിന്റെ പെയിന്റിംഗ് ചെയ്യാനാണെന്നുമൊക്കെ പറഞ്ഞ് അണ്ണന്റെ കാലു പിടിച്ചു. അവസാനം അയാളതിനു സമ്മതിച്ചു. ഡാമിന്റെ പ്രധാന ഭാഗങ്ങൾ എടുക്കില്ലെന്ന വ്യവസ്ഥയിൽ ഞാൻ മോബൈലെടുത്ത് വേഗത്തിൽ ആ കാഴ്ച്ചകൾ ഒപ്പിയെടുത്തു.




  അണ്ണനോട് നന്ദി പറഞ്ഞ് അവിടുന്ന് ഞങ്ങൾ ബൈക്ക് തിരിച്ചു. വരുന്ന വഴി ഇടതുവശത്ത് കണ്ട ഇരുമ്പുപാലത്തിലേക്ക് ബൈക്ക് കയറ്റി കുറേ ഫോട്ടോസ് എടുത്തു. അവിടെ നിന്നാൽ സെർവലാർ ഡാമിന്റെ ദൂരക്കാഴ്ച്ച കാണാം.

ചെറിയൊരു ഫോട്ടോഷൂട്ടിനു ശേഷം അവിടുന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. കുറച്ചു ചെന്നപ്പോൾ വീണ്ടും വണ്ടി നിർത്തി. റോഡിനരികിലൂടെയൊഴുകുന്ന ആറ്റിലിറങ്ങി കയ്യും മുഖവുമൊക്കെ കഴുകി കുറച്ച് സമയം അവിടെയിരുന്നു. മുകളിലേക്ക് നോക്കിയാൽ ഞങ്ങൾ നേരത്തെ കയറിയ പാലവും അതിനപ്പുറം ഡാമും കാണാം.


കാടിന്റെ ശാന്തതയിൽ അലസമായൊഴുകുന്ന ആ ആറിന്റെ കളകള നാദം മനസ്സിന് വല്ലാത്തൊരു സുഖം ചൊരിഞ്ഞു. തെളിഞൊഴുകുന്ന ആറ്റിൻ തീരത്തിരുന്ന് കുറേ ഫോട്ടോസ് എടുത്ത ശേഷം ഞങ്ങളവിടുന്ന്  യാത്ര തുടർന്നു. വന്നപ്പോൾ തോന്നിയ പേടിയൊന്നും തിരിച്ചു പോയപ്പോൾ ഇല്ലായിരുന്നു. നേരത്തെ തിരിഞ്ഞു സഞ്ചരിച്ച വഴിയെത്തിയപ്പോൾ വലത്തേക്ക് തിരിഞ്ഞ്
 കരയാർ ഡാം ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. ആ വഴിയരികിലൊരു 'കാണി സ്കൂൾ' കാണാം. ആദിവാസി ഗോത്രമായ കാണിയായിരിക്കണം അത്. അവിടെ കുട്ടികൾ ഉച്ചക്കഞ്ഞി കഴിക്കാനായി പ്ലേറ്റുമായി പോകുന്നത് കണ്ടു.

  ആ വഴി നേരെ ചെന്നൊരു ചെക്ക്‌ പോസ്റ്റിന്റെ അടുത്താണ് നിന്നത്. അവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത് ഒരു കിലോമീറ്ററോളം നടന്നാൽ കരയാർ ഡാമിലെത്താം. ഇതും വളരെ മനോഹരമായൊരു ഡാമാണ്. അതിനപ്പുറം മഞ്ഞു പുതച്ച് തലയുയർത്തി നിലകൊള്ളുന്ന അഗസ്ത്യമല കാണാം. അഗസ്ത്യാർകൂടം കീഴടക്കിയ സഞ്ചാരികൾ അവരുടെ അനുഭവത്തിൽ പറയുന്നുണ്ട്, മലയുടെ മുകളിൽ നിന്നാൽ ഒരു ഡാം കാണാമെന്ന്. അതാണീ ഡാം. എന്റെ വലിയൊരാഗ്രഹങ്ങളിൽ ഒന്നാണ് അഗസ്ത്യമല കീഴടക്കണം എന്നത്. അടുത്ത് തന്നെ അത് സാധിക്കണമെന്നു മനസ്സിലുറപ്പിച്ചു മലയിൽ നിന്നും ഞാൻ കണ്ണെടുത്തു.







  ഡാമിന്റെ വശത്ത്‌ കൂടി നടന്നെത്തിയത്‌ മനോഹരമായൊരു കാഴ്ച്ചയിലേക്കായിരുന്നു. ഏറെക്കാലമായി കാണാൻ കൊതിച്ചൊരു ഫ്രെയിം. കണ്ണാടി പോലെ പ്രതിഫലിക്കുന്ന വെളളവും, കരയിൽ കെട്ടിയിട്ട വഞ്ചികളും, അങ്ങ് ദൂരെ അഗസ്ത്യമല ഉള്പ്പെടുന്ന പർവ്വതനിരകളും.. എല്ലാം കൂടി ഒറ്റ ഫ്രെയിമിൽ.





കമ്പ്യൂട്ടർ വാൾപേപ്പർ പോലെയുള്ള
ആ കാഴ്ച്ച ആവോളം ആസ്വദിച്ചു. അവിടെ ഇരുന്നും കിടന്നും മതിവരുവോളം ഫോട്ടോസ്‌ എടുത്തു. പക്ഷികളുടെ ചിലമ്പലും കാറ്റടിക്കുമ്പോളുളള ഇലകളുടെ ശബ്ദവുമൊഴിച്ചാൽ, പരിപൂർണ്ണ നിശ്ശബ്ദതയിൽ അവിടെയങ്ങനെ ഇരുന്നപ്പോൾ മനസ്സിന് വല്ലാത്തൊരു തൃപ്തി തോന്നി. അങ്ങ് ദൂരെ നിന്നും ചൂളക്കാക്കയുടെ പാട്ടു കൂടി കേൾക്കാൻ തുടങ്ങിയപ്പോൾ വേറേതോ ലോകത്ത് ചെന്നൊരു ഫീൽ. നേരത്തെ ഈ വഞ്ചികളിൽ കയറി ഡാം ചുറ്റികാണാൻ സൗകര്യമുണ്ടായിരുന്നത്രേ. ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. അതിനും കൂടി കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ എന്നു മനസ്സിൽ തോന്നി. ആ സുന്ദരമായ അന്തരീക്ഷത്തിൽ രസമുള്ളൊരു കാറ്റും കൊണ്ട് ഓളങ്ങളും നോക്കി എത്ര നേരം അവിടെയിരുന്നെന്ന് ഓർമ്മയില്ല. നോക്കിയപ്പോൾ സമയം 4 മണിയാകുന്നു.. സ്വപ്നതുല്യമായ ഈ സ്ഥലത്തിങ്ങനെ ഇരുന്ന് നേരം പോയതറിഞ്ഞില്ല. എന്തായാലും അധികം വൈകാതെ ഞങ്ങൾ കരയാർ ഡാമിനോട് യാത്ര പറഞ്ഞു.
   തിരിച്ചിറങ്ങുമ്പോൾ പാപനാശം എത്തുന്നതിനു മുൻപ് ഒരു വെളളച്ചാട്ടത്തിന്റെ ബോർഡ് കണ്ട് അവിടേക്ക് പോയി നോക്കി. അത്രയും സമയം പോയത് മിച്ചം. രണ്ടു മീറ്റർ ഉയരത്തിൽ നിന്ന് വീഴുന്ന വെളളത്തിൽ കുളിക്കാൻ പത്തിരുപത് ആളുകൾ. ഞങ്ങൾ വേഗം തന്നെ അവിടുന്നു സ്ഥലം കാലിയാക്കി. പിന്നെ വേറെയെവിടെയും നിർത്തിയില്ല. തെങ്കാശിപ്പട്ടണം കടന്ന് അൽപ്പം ചെന്നതും ഞങ്ങള്ക്ക് വഴി തെറ്റി. ഹൈവേയിൽ കയറാനായി ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് മുന്നിലെ വഴിയിലൂടെ നീങ്ങിയ ഞങ്ങൾ ഏതോ വയലിലൂടെയൊക്കെ കയറി ഇല്ലാ വഴികളിലൂടെ എങ്ങനെയോ മെയിൻ റോഡിൽ കയറി. അവിടുന്ന് വൈകുന്നേരക്കാറ്റും കൊണ്ട് ചെങ്കോട്ട - തെന്മല വഴി തിരിച്ച് തിരുവനന്തപുരത്തേക്ക് വച്ച് പിടിച്ചു.  അങ്ങനെ ജീവിതത്തിൽ മറക്കാനാവാത്ത ഒരേടും സമ്മാനിച്ച് ആ ദിവസം അവസാനിച്ചു.


വഴി
തിരുവനന്തപുരം - തെന്മല - ചെങ്കോട്ട - തെങ്കാശി - പാപനാശം - കളക്കാട്‌ മുണ്ടൻതുറ

NB - കടുവാ സങ്കേതമാണെങ്കിലും സാധാരണ ഉളളത് പോലെ ഫോറെസ്റ്റ് സഫാരിയൊന്നും ഇവിടെയില്ല. സ്വന്തം വാഹനത്തിൽ തന്നെ ഈ രണ്ട് ഡാമുകളും സന്ദർഷിക്കാം. ഒറ്റയ്ക്ക് ബൈക്കിൽ വരാൻ പറ്റിയ സ്ഥലം തന്നെ.




History

The Kalakkad Mundanthurai Tiger Reserve was created in 1988 by combining Kalakad Wildlife Sanctuary (251 km²) and Mundanthurai Wildlife Sanctuary (567 km²), both established in 1962. Notification of 77 km² of parts of Veerapuli and Kilamalai Reserve Forests in adjacent Kanyakumari district, added to the reserve in April 1996, is pending. A 400 km2 (150 sq mi) core area of this reserve has been proposed as a national park.

The continuation of "Project Tiger" in Kalakkad Mundanthurai Tiger Reserve for fiscal year 2010-2011, at the cost of Rs. 19433,000, was approved by the National Tiger Conservation Authority on 28 August 2010.

Geography

The reserve is located between latitude 8° 25' and 8° 53' N and longitude 77° 10' and 77° 35' E, about 45 km west of Tirunelveli Town, and forms the catchment area for 14 rivers and streams. Among these rivers and streams, the Ganga, Tambraparani, Ramanadi, Karayar, Servalar, Manimuthar, Pachayar, Kodaiyar,Gadananathi River, and Kallar form the backbone of the irrigation network and drinking water for the people of Tirunelveli, Turicorin and part of Kanyakumari District. Seven major dams—Karaiyar, Lower Dam, Servalar, Manimuthar, Ramanadi, Gadananathi River and Kodaiyar—owe their existence to these rivers.

The reserve spans a range of 40 to 1,800 m in elevation. Agasthiyamalai (1681 m.) is in the core zone of the reserve.



1 comments: