-->
Hot!

ഒറ്റയ്ക്കൊരു യാത്ര

സോളോറൈഡിന്റെ എല്ലാ രസങ്ങളും അറിഞ്ഞൊരു യാത്ര. അട്ടപ്പാടി ചുരത്തിലൂടെയുളള രാത്രി യാത്രയും, താവളം പള്ളിയും, വിജനമായ മുള്ളി വനവും, 3 ചുരങ്ങളിലായി എണ്ണിത്തീർത്ത 113 ഹെയർപിൻ വളവുകളും, അത്ഭുതങ്ങളുടെ താഴ്വരയായ അവലാഞ്ചിയും, അവിടെ നിന്ന് കിട്ടിയ സൗഹൃദങ്ങളും, കൂനൂർ, വെല്ല്ലിംഗ്ട്ടൺ, മസിനഗുടി, ഗൂഡല്ലൂർ. . . . ഇങ്ങനെ 3 ദിവസങ്ങളിലായി വ്യത്യസ്ഥ തരത്തിലുളള അനുഭവങ്ങൾ തന്നൊരു സഞ്ചാരമായിരുന്നു ഇത്.


  പുതിയ അനുഭവങ്ങൾ തേടി ഒറ്റയ്ക്കൊരു ദൂരയാത്ര, ഏറെ നാളായി മനസ്സിലുള്ളൊരു ആഗ്രഹമായിരുന്നു അത്. അങ്ങനെ 2015ലെ ക്രിസ്തുമസ് സമയത്തെ അവധികൾ മുന്നിൽ കണ്ട് ഞാനാ ആഗ്രഹം നിറവേറ്റാൻ തീരുമാനിച്ചു. എങ്ങോട്ട് യാത്ര തിരിക്കണമെന്നായി പിന്നീടുളള ചിന്തകൾ. ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം ലഡാക്കും ലേയും കാശ്മീരുമൊക്കെയാണെങ്കിലും കുട്ടിക്കാലത്തെ സ്വപ്നമായ മസിനഗുടി വഴിയൊരു യാത്ര പോകാൻ തീരുമാനിച്ചു. ചെറിയ ചെറിയ ആഗ്രഹങ്ങൾ തീർത്തിട്ട് വലുതിലേക്ക് ചാടുന്നതല്ലേ അതിന്റെയൊരു ശരി. വരും നാളുകളിൽ എല്ലാ ആഗ്രഹങ്ങളും നടക്കുമെന്നാണ് എന്റെ വിശ്വാസം. അങ്ങനെ ആരോടും പറയാതെ ഞാനീ യാത്രയ്ക്കുളള മുന്നൊരുക്കങ്ങൾ തുടങ്ങി. അട്ടപ്പാടി, മുള്ളി വഴി ഊട്ടി, കൂനൂർ, അവലാഞ്ചി... മനസ്സിലുളള ലിസ്റ്റ് ഇങ്ങനെ നീളുന്നു. ഫേസ്ബുക്കിൽ പരിചയമുളള സഞ്ചാരികളോടൊക്കെ ചോദിച്ച് ഈ പറഞ്ഞ സ്ഥലങ്ങളെക്കുറിച്ചുളള കാര്യങ്ങളൊക്കെ മനസ്സിലാക്കി. സമയവും സന്ദർഭവും അനുസരിച്ച് മസിനഗുടിയിൽ നിന്ന് വയനാട് - തിരുനെല്ലി വഴി നാഗർഹോള - കുടഗ് വരേയുളള വഴികൾ നോക്കി വച്ചു. മനസ്സ് പറയുന്നിടം വരെ യാത്ര ചെയ്യണമെന്നുറപ്പിച്ചായിരുന്നു ഈ പ്ളാനിംഗ് അത്രയും. ആദ്യ ദിനം താമസത്തിന് ഊട്ടി യൂത്ത് ഹോസ്റ്റലിൽ ഡോർമിറ്ററി ബുക്ക്‌ ചെയ്തു. 200 രൂപയേ ആയുള്ളൂ. ചെലവ് ചുരുക്കി യാത്ര ചെയ്യുന്നവർക്ക് വലിയൊരാശ്രയമാണ് ഇത്തരം സൗകര്യങ്ങൾ.

  അങ്ങനെ ഡിസംബർ 25ആം തിയതി രാത്രി 12 മണിയോടെ ആലുവയിൽ നിന്നും യാത്ര തുടങ്ങി. രാത്രിയിലും തിരക്കിനു കുറവില്ലാത്ത തൃശൂർ ഹൈവേയിലൂടെ സാമാന്യം വേഗത്തിൽ ഞാൻ മുന്നോട്ട് നീങ്ങി. മണ്ണുത്തി കഴിഞ്ഞ് ആദ്യം കണ്ട ചായക്കടയിൽ നിർത്തി കടുപ്പത്തിൽ ഒരു ചായ കുടിച്ചു. രാത്രി യാത്രയിൽ എനിക്കിങ്ങനെയൊരു ശീലമുണ്ട്. ചായ കുടിച്ചതിന് ശേഷം വീണ്ടും റോഡിലേക്കിറങ്ങി. നിര നിരയായി പോകുന്ന വലിയ പാണ്ടി ലോറികൾ നിറഞ്ഞ പാലക്കാടൻ പാതയിലൂടെ വളരെ സൂക്ഷിച്ച് തന്നെ യാത്ര തുടർന്നു. കുറച്ചങ്ങു ചെന്നപ്പോൾ മുന്നിലുളള വാഹനങ്ങൾ നിന്നു. മറു വശത്ത്‌ നിന്നും വണ്ടികൾ വരുന്നുണ്ട്. ഒരു 10 മിനുട്ട് നിന്നിട്ടും അനക്കമൊന്നും കാണാഞ്ഞതിനാൽ ഞാൻ പതിയെ ബൈക്ക് മുന്നോട്ടെടുത്തു. അപ്പോളവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ശബരിമല ഭക്തന്മാർ സഞ്ചരിച്ച ബീറ്റ് കാർ എതിരേ വന്ന ലോറിയിലിടിച്ച് തരിപ്പണമായി കിടക്കുന്നു. സംഭവം നടന്നിട്ട് 15 മിനിറ്റ് ആയതേ ഉള്ളു. റോഡിലാകെ രക്തം തളം കെട്ടി നിൽക്കുന്നു. ആ കാറിന്റെ അവസ്ഥ കണ്ടിട്ട് അതിലുണ്ടായിരുന്ന ആരും രക്ഷപ്പെടുമെന്നു തോന്നുന്നില്ല. അധിക സമയം അവിടെ നിന്നാൽ എനിക്ക് യാത്ര തുടരാൻ കഴിഞ്ഞില്ലെങ്കിലോ എന്നു പേടിച്ച് ഞാൻ വേഗം തന്നെ വണ്ടിയെടുത്തു.
അർദ്ധരാത്രിയിലെ ആ കാഴ്ച്ച ഭീകരമായിരുന്നെങ്കിലും എന്റെ ലക്ഷ്യങ്ങളിലേക്കുളള ചിന്തകൾ എന്നെ മുന്നോട്ട് തന്നെ നയിച്ചു, യാതൊരു പേടിയും കൂടാതെ.

  രാത്രിയുടെ യാമങ്ങളിൽ എല്ലാവരും നിദ്രയിലാണ്ട നേരമത്രയും ഞാൻ പാലക്കാടൻ വഴികളിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇടയ്ക്കിടക്ക് ചായ കുടിക്കാൻ നിർത്തിയും ഓട്ടത്തിനിടയിൽ ഖുറാൻ ഓതിയും ഉച്ചത്തിൽ പാട്ടു പാടിയും ഞാനാ രാത്രിയാത്രയെ പരമാവധി ആസ്വദിച്ചു. ഒരിക്കൽ പോലും മടുപ്പുളവാക്കുന്ന ഒരു നിമിഷം പോലും വന്നില്ലെന്നതാണ് സത്യം. പാലക്കാട് കഴിഞ്ഞതും വിജനമായ വഴികളായിരുന്നു ഏറെയും. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് മണ്ണാർക്കാട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. അങ്ങനെ ഏകദേശം 4 മണിയോടെ മണ്ണാർക്കാട് എത്തിച്ചേർന്നു.

ആദ്യം കണ്ടൊരു ചായക്കടയിൽ കയറി അട്ടപ്പാടിയിലേക്കുള്ള വഴിയേക്കുറിച്ചന്വേഷിച്ചു. അഫ്‌സൽ എന്നൊരു പയ്യനായിരുന്നു ആ കടക്കാരൻ. അവൻ എനിക്ക്‌ കൃത്യമായ വഴി പറഞ്ഞു തന്നു. എന്റെ സംസാരം ശ്രവിച്ച മറ്റൊരാൾ അഫ്സലിനോട്‌ പറഞ്ഞു, ഈ സമയത്ത്‌ ചുരത്തിൽ ആനയുണ്ടാവുമെന്ന്. പക്ഷേ അഫ്സൽ തറപ്പിച്ചു പറഞ്ഞു, ഒന്നും പേടിക്കാനില്ല.. ധൈര്യമായി പൊയ്‌ക്കോളാൻ. ആ ഒരു വാക്കിന്റെ ബലത്തിൽ ഞാൻ അവിടുന്ന് ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്തു. അപ്പോൾ സമയം 4:30.

  മണ്ണാർക്കാട്‌ ടൗൺ പിന്നിട്ട്‌ അട്ടപ്പാടി വഴിയിൽ കയറി. മുന്നോട്ട്‌ ചെല്ലും തോറും തണുപ്പ്‌ കൂടി വരുന്നു. കുറച്ചങ്ങു ചെന്നപ്പോൾ സൈലന്റ്‌ വാലിയിലേക്ക്‌ സ്വാഗതം എന്ന ബോർഡ്‌ കണ്ടു. ഏകദേശം 4:45നു ഞാൻ വനമേഘലയിലേക്ക്‌ പ്രവേശിച്ചു. ജാക്കറ്റിനുള്ളിലൂടെ അരിച്ചരിച്ചു കയറുന്ന തണുപ്പ്‌ വല്ലാത്ത ഒരു രസം തന്നെയായിരുന്നു. ഒരു വളവു കഴിഞ്ഞതും എതിരേ വരുന്നൊരു ലോറിക്കാരൻ വല്ലാതെ ലൈറ്റ്‌ ഡിം ചെയ്യുന്നു. എന്നോടെന്തോ പറയാനാവണം, ഞാൻ ബൈക്ക്‌ നിർത്തി, അയാളും. മുകളിൽ ആന നിൽക്കുന്നു, ഒറ്റയ്ക്ക്‌ അങ്ങോട്ട്‌ പോകണ്ടാ.. ഏതെങ്കിലും വണ്ടിവരുമ്പോൾ അതിന്റെ കൂടെ പോയാൽ മതിയെന്നു പറഞ്ഞ്‌ അയാൾ വണ്ടിയെടുത്തു. ഞാനാണെങ്കിൽ എന്തു ചെയ്യണമെന്ന അവസ്തയിലായി. പിന്നിലേക്ക്‌ നോക്കിയപ്പോൾ ഒരു വണ്ടി പോലും വരുന്നുമില്ല. ഇരു വശത്ത്‌ നിന്നും പല ശബ്ദങ്ങളും കേൾക്കുന്നു. എന്തായാലും വരുന്നത്‌ വരട്ടെ എന്ന് മനസ്സിൽ കരുതി ഞാൻ അവിടെ തന്നെ നിന്നു. കാറ്റടിക്കുമ്പോൾ മരക്കൊമ്പുകൾ കൂട്ടിയിടിക്കുന്ന ശബ്ദം പോലും ഭയാനകമായി തോന്നി. ഒരു 10 മിനിറ്റ്‌ കഴിഞ്ഞപ്പോൾ പിന്നിൽ നിന്നും ഒരു വെളിച്ചം, ഹാവൂ.. ആശ്വാസമായി. ഒരു കാർ ആയിരുന്നു. ഊട്ടിയിലേക്ക്‌ പോകുന്ന 5 പേർ. അവരും ആനപ്പേടിയിലാണു വരവ്‌. എന്തായാലും ഒരു കൂട്ട്‌ കിട്ടിയ സന്തോഷത്തിൽ അവരുടെ കൂടെ യാത്ര തുടർന്നു. ഈ സമയം കൊണ്ട്‌ ആ ലോറിക്കാരൻ പറഞ്ഞ ആന സ്ഥലം വിട്ടു കാണണം. അങ്ങനെ കോടമഞ്ഞിറങ്ങിയ അട്ടപ്പാടി ചുരത്തിൽ ആ കാറിന്റെ പിന്നാലെ സഞ്ചാരം തുടർന്നു.

  ഏകദേശം 5:30 നു താവളം എന്ന സ്ഥലമെത്തി. അവിടുന്ന് ഒരു മണിക്കൂറിനകം മുള്ളി ചെക്ക്‌ പോസ്റ്റ്‌ എത്തും. 7 മണിക്കേ അതു വഴി പ്രവേശനം അനുവദിക്കൂ എന്നാരോ പറഞ്ഞതോർമ്മ വന്നു. അതിനാൽ താവളം പള്ളിയിൽ കയറി സുബ്‌ഹി നിസ്കരിക്കാൻ തീരുമാനിച്ചു. പ്രഭാതകൃത്യങ്ങൾ ചെയ്ത്‌ ഐസു പോലെ തണുപ്പുള്ള വെള്ളത്തിൽ വുലൂഅ് എടുത്ത്‌ ഞാനും ആ പള്ളിയിലെ ഉസ്താദും ജമാഅത്തായി നിസ്ക്കരിച്ചു. വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു അത്‌. മനസ്സിനും ശരീരത്തിനും നല്ലൊരു വിശ്രമം അതുമൂലം ലഭിച്ചു.

 6:15 ഓടെ ഞാൻ പള്ളിയിൽ നിന്നും ഇറങ്ങി. താവളം ജങ്ക്ഷനിൽ കണ്ട ഹോട്ടലിൽ കയറിയപ്പോൾ പൊറോട്ടയ്ക്കുള്ള മൈദ കുഴയ്ക്കുന്നേ ഉള്ളൂ. പക്ഷേ എന്റെ വരവിന്റെ ഉദ്ദേശം അറിഞ്ഞ ഷെരീഫ്‌ ഇക്ക എനിക്ക്‌ വേണ്ടി അതിവേഗത്തിൽ ഭക്ഷണം റെഡിയാക്കി തന്നു. വീട്ടിൽ കയറി വന്ന അതിഥിയെപ്പോലെയായിരുന്നു അദ്ദേഹം എന്നെ കണ്ടത്‌.


നല്ല സ്വാദുള്ള പൊറോട്ടയും കറിയും കഴിച്ച്‌ ചൂടൻ കട്ടൻ ചായയും കുടിച്ച്‌ ഷെരീഫിക്കായോട്‌ യാത്ര പറഞ്ഞു.


  ഭവാനിപ്പുഴ കടന്ന് വിജനമായ മുള്ളി റോഡിലൂടെ മുന്നോട്ട് നീങ്ങി. വലതു വശത്തൊരു മലയുടെ പിന്നിൽ നിന്ന് സൂര്യനുദിച്ചുയരുന്നത് സുന്ദരമായൊരു കാഴ്ച്ചയായിരുന്നു. അതും നോക്കിയവിടെയങ്ങനെ നിന്നു. സൂര്യൻ പൂർണ്ണമായി ഉദിച്ചുയർന്നതിനു ശേഷമാണ് ഞാൻ യാത്ര തുടർന്നത്.



 വീതി കുറഞ്ഞ ആ പാതയ്ക്കിരുവശവും മരങ്ങളും ചെറിയ കൃഷിയിടങ്ങളും മാത്രം. പ്രഭാത വെയിലിന്റെ സ്വർണ്ണ നിറത്തിൽ ആ കാഴ്ചചകളെല്ലാം തിളങ്ങി നിൽക്കുന്നു. ഏറ്റവും നല്ല സമയത്തു തന്നെയാണ് ഞാനാ വഴി സഞ്ചരിച്ചത്. അങ്ങനെ വളരെ ആവേശപൂർവ്വം മുന്നോട്ട് നീങ്ങി.



അങ്ങിങ്ങായി വഴിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ധാരാളം കഴുതകളെ കണ്ടു. കുറച്ചങ്ങ്‌ ചെന്നതും റോഡ്‌ മോശമായി തുടങ്ങി. ഒരു 2 കിലോമീറ്റർ കഴിഞ്ഞപ്പോൾ ശെരിക്കും ഓഫ്‌റോഡ്‌ ആയി മാറി. റോഡ്‌ പണിയാനുളള ഉദ്ദേശം ആണെന്നു തോന്നുന്നു. വിജനമായ ആ കാട്ടുവഴിയിൽ കുറച്ച് നേരം ചിലവഴിക്കാനായി ഞാൻ ബൈക്ക് നിർത്തി. പരിപൂർണ്ണ നിശബ്ദതയിൽ ഒരു 15 മിനിറ്റ് അവിടെയങ്ങനെ ഇരുന്നു. പലതരം പക്ഷികളുടെ ശബ്ദങ്ങൾ വേർതിരിച്ച് കേള്ക്കാമായിരുന്നു. മനസ്സിന്റെ മറ്റു ചിന്തകളെ ഒരു മൂലയിലൊതുക്കി കണ്ണിൽ കാണുന്ന കാഴ്ച്ചകൾ മാത്രം നോക്കിയിരുന്നു. എവിടുന്നോ അത്ര പന്തിയല്ലാത്ത വേറേതോ ശബ്ദം കേട്ടു തുടങ്ങിയപ്പോൾ ഞാൻ ആ ഇരിപ്പ് മതിയാക്കി ബൈക്കിൽ കയറി.




 മുന്നോട്ട് ചെല്ലും തോറും വഴിയിൽ നിറയെ നായകളെ കാണാൻ തുടങ്ങി. യാത്രയിൽ ആദ്യമായി എനിക്ക് പേടി തോന്നിയ നിമിഷങ്ങൾ. കാരണം അട്ടപ്പാടി ഭാഗത്ത് പേപ്പട്ടികൾ ഒരുപാടുണ്ടെന്ന് കേട്ടിട്ടുണ്ട്. ദിവസത്തിൽ ഒരാളെയെങ്കിലും പേപ്പട്ടി കടിക്കുമത്രേ. കാട്ടിലുളള കുറുക്കൻ, ചെന്നായ്, ഇവയുടെ കടിയേൽക്കുന്ന നായ്ക്കൾക്ക് പേ പിടിക്കും. അങ്ങനെ നാട്ടിലെത്തുന്നവ കണ്ണിൽ കണ്ടവരെയൊക്കെ കടിക്കും. വഴിയിൽ വച്ച് പല തവണ അവറ്റകൾ ബൈക്കിന്റെ പിന്നാലെ ഓടി വരുകയുണ്ടായി. എന്തായാലും ഞാൻ ഒരു കമ്പൊടിച്ച് കയ്യിൽ പിടിച്ച് മുന്നോട്ട് നീങ്ങി. കയ്യിൽ വടി കണ്ടാൽ അവറ്റകൾ അടുത്തേക്ക് വരുന്നില്ലെന്ന് മനസ്സിലായി. അങ്ങനെ പേടിച്ച് പേടിച്ച് എങ്ങനെയോ മുള്ളി ചെക്ക്പോസ്റ്റ് എത്തിച്ചേർന്നു.




 അവിടെ പേരും വണ്ടിനമ്പരും എഴുതി 30 രൂപയും കൊടുത്ത് അപ്പുറം കടന്നു. ചെക്ക്പോസ്റ്റ് തുറന്നു തന്ന അണ്ണന്റെ വക ഉപദേശവും, "പാത്തു പൊങ്ക, 30 കിലാമീറ്റർ ഫാരസ്റ്റ് ഏരിയ.. ചിന്ന രാഡ്, എങ്കെയും സ്റ്റാപ് പണ്ണാതിങ്ക.." ഇതും കൂടി കേട്ടതും വല്ലാത്തൊരു ആകാംക്ഷ രൂപപ്പെട്ടു. അതു മാറാൻ അധികസമയം വേണ്ടി വന്നില്ല. കാടിനു നടുവിലൂടെ ഒന്നിനു പിറകെ മറ്റൊന്നായി ഹെയർപിൻ വളവുകൾ നിറഞ്ഞ ആ വഴിയിലൂടെ ഞാൻ ഒറ്റയ്ക്ക് . എന്തൊരു ഫീലായിരുന്നു അത്. സോളോറൈഡിന്റെ ഏറ്റവും വലിയ സുഖം ഞാൻ അനുഭവിച്ചറിയുകയായിരുന്നു.


 കേരളത്തെ അപേക്ഷിച്ച് തമിഴ്നാട് എത്തിയപ്പോൾ വഴി സാമാന്യം നന്നായിരിക്കുന്നു. വഴിലുടനീളം അപ്പർഭവാനി ജലവൈദ്യുത പദ്ധതികളുടെ ബോർഡുകൾ കാണാം. പില്ലൂർ ഡാമിലേക്കുളള ബോർഡ് കണ്ടെങ്കിലും പോയി നോക്കിയില്ല. ഈ ഡാമിലേക്കുളള വഴിയിൽ പെർളിക്കടവ് എന്നൊരു സ്ഥലമുണ്ട്. കെട്ടുവളളങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഞായറാഴ്ച്ചകളിൽ ചെന്നാൽ കെട്ടുവളളത്തിൽ കയറാം. കുറച്ചങ്ങ്‌ ചെന്നപ്പോൾ ഗദ്ദ ഡാമിന്റെ പവർ ഹൗസ് കണ്ടു. വലതുവശത്തായി പവർഹൗസിലേക്ക് വെളളമെത്തിക്കുന്ന കൂറ്റൻ പെൻസ്റ്റോക്ക്‌ പൈപ്പുകളും കാണാം.



   കയറ്റം തുടങ്ങിയതും ഒരു വശത്ത് മനോഹരമായ കാഴ്ച്ചകൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്കായതിനാൽ എനിക്ക് യാതൊരു ധൃതിയും ഇല്ലായിരുന്നു. നീലഗിരിയുടെ ഭാഗമായ വനമേഘലയിലൂടെ പരമാവധി കാഴ്ച്ചകൾ ആസ്വദിച്ച് തന്നെ മുന്നോട്ട് നീങ്ങി.


ഇടയ്ക്കിടക്ക് ഓരോ വളവുകളിൽ നിർത്തും. വേറെ ക്യാമറമാൻ ഇല്ലാത്തത് കൊണ്ട് സെൽഫിസ്റ്റിക്ക് തന്നെയായിരുന്നു ഫോട്ടോഗ്രാഫർ.



ആവശ്യത്തിന് ഫോട്ടോകൾ എടുത്തും, ദൂരെ മലനിരകളിലേക്ക് നോക്കിയിരുന്നും, ബൈക്ക് സ്റ്റാൻഡിൽ വച്ച് അതിനു മുകളിൽ കിടന്നും, അങ്ങനെ കുറെയേറെ സമയം ആ വഴിയിൽ ചിലവഴിച്ചു.



കൂട്ടുകാരോടൊപ്പമായിരുന്നെങ്കിൽ ആ സമയം കൊണ്ട് ഊട്ടി എത്തിയേനെ. നേരത്തേ പറഞ്ഞ പോലെയുളള അനുഭവങ്ങൾ, അതിനു വേണ്ടിയാണ് ഞാനീ വഴിയിലൂടെ ഒറ്റയ്ക്ക് ഇറങ്ങി തിരിച്ചത്.





  ഇടക്കൊരു വളവിൽ നിർത്തിയപ്പോൾ കുറേ താഴെയായി ഒരു മരത്തിൽ ഒരു തത്തയെ കണ്ടു. ഏതിനമാണെന്നറിയില്ല, ചുവന്ന തലയുളള ഒരു സുന്ദരി. നവീൻ'ന്റെ കാനോൺ ക്യാമറ കടം വാങ്ങിയാണ്‌ വന്നതെങ്കിലും 50mm ലെൻസ്‌ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ആ തത്തയെ ക്യാമറയിലാക്കാൻ കഴിഞ്ഞില്ല. ഒരുപാട് സമയം അവളെ നോക്കിയിരുന്ന ശേഷം ഞാൻ പോകാനായി ബൈക്കിൽ കയറിയപ്പോൾ അവളുടെ ഇണ തത്ത വായിൽ എന്തോ ഭക്ഷണവുമായി പറന്നു വന്നിരുന്നു. കുറച്ചേയുള്ളൂ, എങ്കിലും ഉളളത് അവർ രണ്ടു പേരും പങ്കു വച്ച് കഴിച്ചു. കയ്യിൽ നല്ലൊരു ക്യാമറ ഇരുന്നിട്ടും ആ കാഴ്ച്ച ഒപ്പിയെടുക്കാൻ കഴിയാത്ത ആ അവസ്ഥ ഉണ്ടല്ലോ.. ഹോ. നല്ലൊരു ലെൻസ്‌ കൂടെ കരുതാത്തതിൽ ഞാൻ സ്വയം പരിതപിച്ചു.




 അവിടുന്നങ്ങോട്ട് മുന്നോട്ട് ചെല്ലും തോറും തണുപ്പ് കൂടി കൂടി വരുന്നു. ഇടക്ക് കുറച്ച് ഭാഗത്ത്
പുതിയതും പഴയതും ചെറുതും വലുതുമായ കുറേ ആനപ്പിണ്ടങ്ങൾ കണ്ടു. സ്ഥിരമായി ആനയിറങ്ങുന്ന ഭാഗമായിരിക്കാം. ഞാനെന്തായാലും ആ ഏരിയ കഴിയുന്നത് വരെ സ്പീഡ് കൂട്ടി. ഒറ്റയ്ക്കല്ലേ ഒള്ളൂ. എന്തെങ്കിലും സംഭവിച്ചാൽ ഒരു മനുഷ്യൻ പോലും തിരിഞ്ഞു നോക്കാൻ ഉണ്ടാവില്ല. ഇത്രയും ദൂരം സഞ്ചരിച്ചിട്ടും എതിരെ നിന്ന് വന്ന ഒരു ജീപ്പല്ലാതെ വേറെ ഒരു വാഹനവും അവിടെ കണ്ടില്ല. കുറേയങ്ങ് ചെന്നപ്പോൾ കോഴിക്കോട് നിന്നും വന്ന കുറച്ച് പ്രായമായ സഞ്ചാരികൾ കൂട്ടമായി ബൈക്കിൽ പോകുന്നത് കണ്ടു. കുറച്ച് നേരം അവരുടെ കൂടെ ഓടിച്ച ശേഷം ഞാൻ സ്പീഡ് കൂട്ടി. ഒറ്റയ്ക്ക് പോകുമ്പോളുളള ആ ഫീലിനു വേണ്ടി.

 അങ്ങനെ 43 ഹെയർപിൻ വളവുകൾ താണ്ടി ഊട്ടിയുടെ കവാടമായ മഞ്ചൂരിൽ എത്തിച്ചേർന്നു.



ബ്രിട്ടീഷ് ഭരണകാലത്ത് ജയിൽത്തോട്ടങ്ങളുടെ പേരിലാണ് മഞ്ചൂർ അറിയപ്പെട്ടിരുന്നത്. സമീപ പ്രദേശമായ കിണ്ണക്കരയിലായിരുന്നു അവ. അവിടുത്തെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നത് കുറ്റവാളികളായിരുന്നത്രേ. സത്യം പറഞ്ഞാൽ ഊട്ടിയെക്കാൾ സുന്ദരിയാണ് മഞ്ചൂർ, കാരണം ഊട്ടിയെ അപേക്ഷിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ കുറവാണിവിടെ. റോഡിൽ നിന്ന് നോക്കിയാൽ അതീവ സുന്ദരമായ കാഴ്ച്ചകളാണിരുവശവും.





ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയൊരു കാര്യമുണ്ട്, ക്യാമറ ഓണാക്കി ഏത് ആങ്കിളിലും എങ്ങനെ ഫോട്ടോ എടുത്താലും അതൊരു നല്ല ഫോട്ടോ ആയിരിക്കും. അത്ര സുന്ദരമായിരുന്നു ആ ചുറ്റുപാട്. ആ തണുപ്പിൽ അവിടെ നിന്നൊരു കട്ടൻചായ കുടിച്ച ശേഷമാണ് ഇനിയെങ്ങോട്ടെന്ന് ആലോചിക്കുന്നത്. നേരെ ഊട്ടിയിൽ ചെന്ന് കൂനൂർ, അല്ലെങ്കിൽ കോതഗിരി അങ്ങനെ എവിടെയെങ്കിലും കറങ്ങാനായിരുന്നു പ്ലാൻ. സമയം അപ്പോൾ 10 30. പെട്ടെന്നാണൊരു പ്ലാൻ തെളിഞ്ഞത്. അപ്പർ ഭവാനി വഴി അവലാഞ്ചിക്ക് വിട്ടാലോ ? അത്ഭുതങ്ങളുടെ താഴ്വരയായ അവലാഞ്ചിയിൽ രണ്ടാം ദിവസം രാവിലെ പോകാനായിരുന്നു ആദ്യ പ്ലാൻ. മനസ്സ് പറഞ്ഞതല്ലേ, എങ്കിൽ പോയേക്കാം..
അങ്ങനെ ഞാൻ അവലാഞ്ചിയിലെക്ക് ബൈക്ക് തിരിച്ചു...

     - തുടരും







3 comments:

  1. ബാക്കി വിവരണത്തിന്... കാത്തിരിക്കുന്നു

    ReplyDelete